This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിരണംകവികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:37, 17 ഫെബ്രുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നിരണംകവികള്‍

മലയാള കവികള്‍. മാധവ, ശങ്കര, രാമകവികള്‍ക്ക് പൊതുവിലുള്ളപേര്. ഇവര്‍ നിരണംകുടുംബത്തിലെ നാലുപേരാണെന്നും അതല്ല മൂന്നുപേരേ ഉള്ളൂ എന്നുമുള്ള വാദപ്രതിവാദങ്ങളാല്‍ വളരെക്കാലം മലയാള സാഹിത്യമണ്ഡലം മുഖരിതമായിരുന്നു. ഭക്തി പ്രസ്ഥാനത്തിനു തുടക്കം കുറിച്ച നിരണം കവികള്‍ മൂന്നുപേരാണെന്നും, അവര്‍ ഒരേ കുടുംബത്തില്‍പ്പെട്ടവരെന്നു പറയുന്നതു ശരിയല്ലെന്നും, ഒരേ പ്രസ്ഥാനത്തില്‍ കവിതകള്‍ ഉള്‍പ്പെട്ടു എന്നതാണു ബന്ധമെന്നും ഗവേഷകര്‍ കണ്ടെത്തി. "അദ്വൈതചിന്താപദ്ധതിയെ മുന്‍നിര്‍ത്തി നിരണത്തു നിന്നും അക്കാലത്ത് ആരംഭിക്കപ്പെട്ട മഹായജ്ഞത്തിന്റെ മധുരഫലങ്ങളാണ് ഭാഷയിലുണ്ടായ ആദ്യത്തെ രാമായണം, ഭാരതം, ഭാഗവതം, ഭഗവദ്ഗീത തുടങ്ങിയ കൃതികള്‍ എന്ന് കണ്ണശ്ശ രാമായണ ഭാഷയെക്കുറിച്ച് ഗവേഷണം നടത്തിയ ഡോക്ടര്‍ പുതുശ്ശേരി രാമചന്ദ്രന്‍ കുറിച്ചിട്ടു. ത്രൈവര്‍ണിക ബാഹ്യരായ 'ഉഭയകവീശ്വരന്മാരാ'ണ് നിരണം കവികള്‍. കേരള ഭാഷയിലും സംസ്കൃതത്തിലും ഒരുപോലെ പാണ്ഡിത്യം ഉള്ളവര്‍ക്കു മാത്രമേ, ഭാഷാഭഗവദ്ഗീതയും ശിവരാത്രിമാഹാത്മ്യവും ഭാരതമാലയുമൊക്കെ രചിക്കാനാവുകയുള്ളു.

എഴുത്തച്ഛനു മാര്‍ഗദര്‍ശികളായിരുന്നു നിരണംകവികള്‍. രാമചരിതത്തില്‍ കണ്ട പാട്ടിന്റെ "ദ്രമിഡസംഘാതാക്ഷരത്വമെന്ന കൃത്രിമരൂപം ഉപേക്ഷിച്ച്, സംസ്കൃതദ്രാവിഡങ്ങളുടെ സങ്കലനമാണ് നിരണംകൃതികളില്‍ ആവിഷ്കരിച്ചത്.

'അദ്ഭുതമായ് അമൃതായ് മറനാലിനും

അറിവായഖിലജഗല്‍പ്പൂര്‍ണവുമായേ

ഉദ്ഭവമരണാദികള്‍ കരണാദികള്‍

ഒന്നിനൊടും കൂടാതൊളിവായേ'

എന്നു തുടങ്ങുന്ന ഭാഷാഭഗവദ്ഗീതയില്‍, വ്യാസഗീതയിലെ തത്ത്വങ്ങള്‍ പുതിയൊരു ദ്രാവിഡവൃത്തത്തില്‍ എഴുതി. പതിനാറു മാത്രകള്‍ വീതമുള്ള രണ്ടു ഖണ്ഡങ്ങളോടു കൂടിയ നാലു പദങ്ങള്‍ അടങ്ങിയ വൃത്തമാണ് പ്രധാനം. ചില പാട്ടുകളില്‍ മുപ്പത്തെട്ടു മാത്രവീതമാണ് ഒരു പാദത്തിന്. മറ്റു ചിലതില്‍ ഒരു പാദത്തില്‍ മാത്ര അന്‍പതാണ്. നാല്പതുമാത്രകള്‍ വീതമുള്ള പാദങ്ങളോടുകൂടിയപാട്ടുകളും കാണുന്നുണ്ട്. രാമായണത്തിലും ഭാരതമാലയിലും എല്ലാം ഇത്തരം മാത്രാ പ്രധാനങ്ങളായ വൃത്തങ്ങള്‍ സ്വീകരിച്ചിരിക്കുന്നു. ഇവയെല്ലാം ചേര്‍ന്ന് നിരണംവൃത്തങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.

ഭാഷ, വൃത്തം, കൃതികളുടെ തുടക്കത്തിലെ പരമാത്മവന്ദനം എന്നിവ നിരണംകവികളുടെ സമാനത കാട്ടിത്തരുന്നു. ഭാഷാ ഭഗവദ്ഗീതയാണ് കാലഗണനയില്‍ പ്രാചീനമെന്നു കരുതിവരുന്നത്. 14-ാം ശതകത്തിന്റെ ഉത്തരാര്‍ധമാകാം മാധവകവിയുടെ കാലം

'ഉരചേര്‍ന്നമരാവതിസമമായേ-

യുറ്റനചെല്‍വമെഴും മലയിക്കീള്‍

തിരുമാതിന്‍ വല്ലഭനരുളാലേ

തെളിവൊടുമാധവനഹമിടര്‍കളവാന്‍'

സാക്ഷാല്‍വേദവ്യാസന്‍ ചൊല്ലിയ ഗീത ആദരവോടെ "ഭാഷാ കവിയില്‍ ചൊല്ലുന്നു എന്നു കവിവാക്യം.

മലയിന്‍കീഴുകാരനായ മാധവന്‍ നിരണംകവികളില്‍ പ്രഥമഗണനീയനായത് ഇതിലെ ഗാനരീതി നിരണത്തിനു ദീപമായവതരിച്ച കരുണേശദേശികന്റെ പിന്‍ഗാമിരാമനും വെള്ളാങ്ങല്ലൂര്‍ ശങ്കരനും അവരുടെ കൃതികളില്‍ സ്വീകരിച്ചതുകൊണ്ടല്ലേ എന്നു സംശയം. പരമാത്മവന്ദനവും വൃത്തവും ഭാഷയും രാമന്റെ കൃതികളില്‍ കാണുന്നതും ഭഗവദ്ഗീതയിലേതും ഒന്നു തന്നെ. "വെള്ളാങ്ങല്ലൂര്‍ ശങ്കരവിരചിതമെന്ന് ഒരു താളിയോലയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഭാരതമാലയും ഇതേ സവിശേഷതകളാല്‍ നിരണംകൃതികളില്‍ ഉള്‍പ്പെടുന്നു.

ഭാഷാഭഗവദ്ഗീത രചിച്ച മലയിന്‍കീഴ് മാധവന്‍, തിരുവല്ലാക്ഷേത്രവും മലയിന്‍കീഴ് ക്ഷേത്രവും പത്തില്ലത്തില്‍ പോറ്റിമാരുടെ വകയായിരുന്നതിനാല്‍ നിരണത്ത് എത്തിയിരിക്കാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ തിരുവല്ലയില്‍ നിന്നു മലയിന്‍കീഴ് വന്ന് ക്ഷേത്രഭരണത്തില്‍ ഏര്‍പ്പെട്ടതാകാം. അപ്പോഴും തിരുവല്ലായ്ക്കടുത്തള്ള നിരണംതന്നെ മാധവന്റെ സ്വദേശമായി പുകള്‍പെറ്റു.

ഇരിങ്ങാലക്കുടയ്ക്കടുത്താണ് വെള്ളാങ്ങല്ലൂര്‍. അവിടെ നിന്ന് സമ്പന്നമായ തിരുവല്ലാ ഗ്രാമത്തിലേക്കു കുടിയേറ്റം നടന്നതായി തിരുഐരാണിക്കുളം ശിലാരേഖകളിലൊന്നില്‍ക്കാണുന്നു. അക്കൂട്ടത്തില്‍ നിരണത്തെ കാവ്യപാരമ്പര്യം സ്വീകരിച്ച് ഭാരതമാല എഴുതുകയായിരുന്നു ശങ്കരകവിയെന്നു കരുതിവരുന്നു.

മൂന്നു നിരണം കവികളില്‍ മാധവനും ശങ്കരനും കഴിഞ്ഞ് മൂന്നാമനായ രാമന്‍, "വാനുലകിനു സമമാകിയ നിരണമഹാദേശത്തു വന്നു പിറന്നു. രാമായണം, ഭാരതം, ഭാഗവതം, ശിവരാത്രിമാഹാത്മ്യം എന്നിവ രചിച്ചു. എഴുത്തച്ഛന്‍ ഈ കൃതികള്‍ കണ്ടിരുന്നു എന്നതിന് ആഭ്യന്തരമായ തെളിവുകള്‍ ലഭ്യമാണ്. പ്രസിദ്ധമായ സീതാസ്വയംവരസന്ദര്‍ഭത്തില്‍ വില്ലുമുറിഞ്ഞ ഒച്ച "നിര്‍ഘാതസമനിസ്വനം എന്നു വാല്മീകി വിശേഷിപ്പിച്ചു. 'നിര്‍ഘാതം' മേഘഗര്‍ജനമാണല്ലോ. അതുകേട്ട് ജനകനും വിശ്വാമിത്രനും രാഘവന്മാരും ഒഴികെ എല്ലാവരും ബോധംകെട്ട് വീണു. "അരവാദികള്‍ക്കു ഭയം ഉളവാക്കുന്ന ഇടിധ്വനിയാല്‍ "നരപാലകര്‍ ചിലര്‍ വിറയ്ക്കുകയും 'നലമുടജാനകി സന്തോഷിക്കുകയും ചെയ്തെന്ന് കണ്ണശ്ശന്‍.

'നടുങ്ങീരാജാക്കന്മാരുരഗങ്ങളെപ്പോലെ

മൈഥിലി മയില്‍പ്പേടപോലെ സന്തോഷം പൂണ്ടാള്‍'

എന്ന് എഴുത്തച്ഛനും. 15-ാം ശതകത്തിലെ കണ്ണശ്ശനില്‍ നിന്ന് 16-ാം ശതകത്തിലെ എഴുത്തച്ഛനില്‍ എത്തിയപ്പോള്‍ ഭാഷയില്‍ വന്ന മാറ്റമേ ശ്രദ്ധിക്കേണ്ടതായുള്ളു. നിരണംകവിയുടെ കല്പന തുഞ്ചത്താചാര്യനു സ്വീകാര്യമായിരുന്നു. കണ്ണശ്ശ ഭാരതവും കണ്ണശ്ശഭാഗവതവും എഴുത്തച്ഛനുമാര്‍ഗദര്‍ശകങ്ങളായിട്ടുണ്ട്. എന്നാലും എഴുത്തച്ഛനു ലഭിച്ച അംഗീകാരത്തിന്റെയും പ്രചാരത്തിന്റെയും ഒരംശം പോലും അടുത്തകാലം വരെ നിരണം കവികള്‍ക്കു കിട്ടിയില്ല. എഴുത്തച്ഛന്റെ കാലത്തുതന്നെ ഭാഷയില്‍ വന്ന മാറ്റം ഒരു മുഖ്യഘടകമാണ്. ഭക്തിപ്രസ്ഥാനം കാലഘട്ടത്തിന്റെ ആവശ്യമായിരുന്നതിനാല്‍ എഴുത്തച്ഛന്റെ കൃതികള്‍ മലയാളനാട്ടിലെങ്ങും പ്രചരിച്ചു.

നിരണംകവികള്‍ രചിച്ച കൃതികള്‍ക്ക് കണ്ണശ്ശഗീത, കണ്ണശ്ശഭാരതമാല, കണ്ണശ്ശരാമായണം എന്നൊക്കെയാണു പ്രശസ്തി. നിരണത്തിനു ദീപമായ കരുണേശന്റെ പേര് കണ്ണശ്ശന്‍ എന്നു രൂപാന്തരപ്പെടുകയും അത് കൃതികള്‍ക്കും ഒരു പ്രസ്ഥാനത്തിനുതന്നെയും മുദ്രയാവുകയും ചെയ്തു. നിരണത്തു പണിക്കര്‍ അല്ലെങ്കില്‍ കണ്ണശ്ശപ്പണിക്കര്‍ എന്ന പ്രയോഗത്തിലെ പണിക്കര്‍ എന്ന സ്ഥാനം എങ്ങനെ വന്നു എന്നതിനു തെളിവു നല്‍കുന്ന രേഖകളില്ല. നിരണംദേശത്ത് ഇന്ന് കണ്ണശ്ശന്‍ പറമ്പും നിരണം കവികള്‍ക്കു സ്മാരകവും ഉണ്ട്.

(പ്രൊഫ. പദ്മകുമാരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍