This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിരഞ്ജനി സമ്പ്രദായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിരഞ്ജനി സമ്പ്രദായം

ഉത്തരേന്ത്യയിലെ ഒരു ആധ്യാത്മികപ്രസ്ഥാനം. ഹരിദാസാണ് (1455-1543) നിരഞ്ജനി പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. രാജസ്ഥാനിലെ കാപ്ഡോഡ് (ദിധ്വാനക്കടുത്തുള്ള നാഗോര്‍) ഗ്രാമത്തിലുള്ള സാംഖ്ള വിഭാഗത്തിലെ രജപുത്രനാണ് ഹരിദാസ്. യൗവനകാലത്ത് ഒരു കവര്‍ച്ചക്കാരനായിരുന്ന ഇദ്ദേഹം 1499-ല്‍ ഒരു സന്ന്യാസിയുടെ ഉപദേശത്താല്‍ മാനസാന്തരപ്പെട്ട് ലൌകികസുഖങ്ങള്‍ ഉപേക്ഷിക്കുകയും ആധ്യാത്മിക ചിന്തയില്‍ വ്യാപൃതനാവുകയും പുതിയ പ്രസ്ഥാനം തുടങ്ങുകയും ചെയ്തു. അരൂപിയായ ഈശ്വരനെയാണ് ആദ്യം ഈ പ്രസ്ഥാനക്കാര്‍ ആരാധിച്ചിരുന്നത്. പില്ക്കാലത്ത് വിഗ്രഹാരാധനയ്ക്കും ഇവര്‍ സ്ഥാനം നല്കി.

യഥാര്‍ഥ ബ്രഹ്മമോ മായയില്‍ നിന്ന് മുക്തമായ ബ്രഹ്മമോ ആണ് നിരഞ്ജന്‍ എന്ന് ഇവര്‍ വിശ്വസിക്കുന്നു. രൂപമില്ലാത്ത നിരഞ്ജനെ മാത്രമേ ഇവര്‍ പ്രാരംഭകാലത്ത് അംഗീകരിച്ചിരുന്നുള്ളൂ. നാമജപത്തിന് ഇവര്‍ പ്രത്യേക പ്രാധാന്യം നല്കിപ്പോന്നു. നിരഞ്ജന്റെ പര്യായശബ്ദം രാം എന്നാണ്. കവിതകളിലെല്ലാം യോഗസാധനയ്ക്കും സ്നേഹത്തിനും തുല്യപ്രാധാന്യമാണുള്ളത്. യോഗയിലെ പ്രാണസാധനയിലൂടെ ലഭ്യമാകുന്ന മനഃശിക്ഷണത്തിലൂടെ മാത്രമേ സിദ്ധി നേടാനാകൂ എന്ന് ഹരിദാസ് കരുതി. നിര്‍ഗുണഭക്തിയും യോഗയുമാണ് ആത്മസാക്ഷാത്കാരത്തിനുള്ള മാര്‍ഗങ്ങള്‍. വിഗ്രഹാരാധനയിലും അവതാരങ്ങളിലും ഇദ്ദേഹം വിശ്വസിച്ചിരുന്നില്ല.

പതിനേഴാം നൂറ്റാണ്ടുവരെ ഈ പ്രസ്ഥാനം അതിന്റെ ആരാധനാക്രമവും ആദര്‍ശങ്ങളും നിലനിര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു വന്നു. എന്നാല്‍ 18-ാം നൂറ്റാണ്ടോടുകൂടി വൈഷ്ണവസഗുണ ഭക്തിയുടെയും വേദാന്തത്തിന്റെയും സ്വാധീനത്താല്‍ നിരഞ്ജനി സമ്പ്രദായത്തിലും മാറ്റങ്ങള്‍ ഉണ്ടായി. ഇവര്‍ ക്ഷേത്രങ്ങള്‍ നിര്‍മിച്ച് കൃഷ്ണന്റെയും രാമന്റെയും വിഗ്രഹങ്ങളെ ആരാധിക്കാന്‍ തുടങ്ങി. സന്ന്യാസിമാര്‍ മാലയും പൊട്ടും അണിയാനും തുടങ്ങി.

ഹരിദാസിനെക്കൂടാതെ തുളസീദാസ്, ജഗ്ജീവന്‍ദാസ്, സവാദാസ്, ഭഗവന്‍ദാസ്, മനോഹര്‍ദാസ് എന്നീ സന്ന്യാസിവര്യന്മാരാണ് ഈ സമ്പ്രദായത്തിലെ പ്രസിദ്ധരായ കവികള്‍. ദാദു സമ്പ്രദായവിശ്വാസിയായ രാഘവ്ദാസ് 1660-ല്‍ രചിച്ച ഭക്തമാലില്‍ നിരഞ്ജനി സമ്പ്രദായത്തിലെ പ്രമുഖരായ 12 സന്ന്യാസിമാരെപ്പറ്റി പറയുന്നുണ്ട്. ഹരിദാസ്, ലപ്ഠ്യോജഗന്നാഥ്, ശ്യാംദാസ്, കാന്‍ഹദ്ദാസ്, നാഥ്ജി, ധ്യാന്‍ദാസ്, ഖേം, ജഗജീവന്‍, തുളസീദാസ്, ആന്‍ദാസ്, പൂര്‍ണദാസ്, മോഹന്‍ദാസ് എന്നിവരാണിവര്‍. ഹരിദാസും അദ്ദേഹത്തിന്റെ സമകാലീനരും പ്രധാനമായി ഉപയോഗിച്ചത് രാജസ്ഥാനി, ബ്രജ്, ഖഡീബോലി എന്നിവയുടെ മിശ്രിതമായ ഭാഷയാണ്.

നിരഞ്ജനി പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഹരിദാസിന്റെ കവിതകള്‍ രണ്ട് വാല്യങ്ങളായി ജോധ്പൂരില്‍ നിന്നും ജയ്പൂരില്‍ നിന്നും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1625-ല്‍ എഴുതിയതായി കരുതുന്ന കൈയെഴുത്തുപ്രതികളില്‍ നിന്ന് ഹരിദാസിന്റെ കൃതികളായ ബ്യവലോ, ചാലിസ്പദി, ചൌദഹ്പദി, പന്ത്രതിഥി, ജോഗ്സമാധി, ഗ്രന്ഥ്വീര്‍രസ്, നിരപഖ്മൂല്‍ജോഗ്, ഹംസ്പ്രമോധ്, ഗ്രന്ഥ്മന്‍ഹഡ്കോ എന്നിവയും ചില മുക്തകങ്ങളും ലഭ്യമായി. കൈയെഴുത്തുപ്രതികളും പ്രസിദ്ധീകൃതമായ കൃതികളും തമ്മിലുള്ള താരതമ്യപഠനത്തില്‍ നിന്ന് ഹരിദാസിന്റെ എല്ലാ കവിതകളും പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് മനസ്സിലാക്കാന്‍ കഴിയും. ഹരിദാസിന്റേതായി വന്നിട്ടുള്ള ചില കൃതികള്‍ ഇദ്ദേഹത്തിന്റെതല്ല എന്ന അഭിപ്രായവുമുണ്ട്. ഭാഷയിലെ വ്യത്യാസത്തില്‍ നിന്ന് ഇതു വ്യക്തമാകുന്നുണ്ട്. എങ്കിലും, ഈ രണ്ടുവിഭാഗം കവിതകളും പിന്നീടുണ്ടായ കൈയെഴുത്തു പ്രതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹരിദാസിന്റെ സമകാലികനായിരുന്നു തുളസീദാസ്. ഇദ്ദേഹത്തിന്റെ രചനകളില്‍ നിരഞ്ജന്‍ ഉപാസനയുമായി ബന്ധപ്പെട്ട നിര്‍ഗുണ ഭക്തിയുടെ വിവിധ ഭാവങ്ങളാണുള്ളത്.

ജഗ്ജീവന്‍ ദാസിനെ ഹരിദാസിന്റെ പ്രധാന ശിഷ്യനായി കരുതുന്നു. നിരഞ്ജന്‍ ഉപാസന, പ്രത്യേക തത്ത്വങ്ങള്‍, സ്നേഹം എന്നിവ പ്രതിപാദിക്കുന്ന പദങ്ങളും ചിതാവനി, പ്രോനാം എന്നീ കൃതികളും ഇദ്ദേഹം രചിച്ചു.

16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ധ്യാന്‍ദാസ് ഗുണമായാസംവാദ്, ഗുണാധിബോധ് എന്നിവ കൂടാതെ നൂറിലധികം മുക്തകങ്ങളും രചിച്ചിട്ടുണ്ട്. രാജസ്ഥാനി ഭാഷയിലുള്ള ഇവ മിക്കതും ഉപദേശാത്മകമാണ്. ഹരിദാസിന്റെ ശിഷ്യനായ ഫത്തേപുരിയിലുള്ള നരഹരിദാസ് രചിച്ച പ്രബോധനപരവും ഭാവാത്മകവുമായ 1200 ലധികം പദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതേപോലെ സേവാദാസിന്റെ (1640-1741) കവിതകള്‍ അനുഭവജ്ഞാനവും മതപരമായ അവബോധവും പ്രകാശിപ്പിക്കുന്നു. സന്ത്കാവ്യത്തിന് ഇദ്ദേഹം നല്കിയ സംഭാവന എടുത്തു പറയേണ്ടതാണ്.

കവിയും പണ്ഡിതനുമായ ഭഗ്വന്‍ദാസ് നിരഞ്ജനിയുടെ കാലം മുതല്‍ ഈ സമ്പ്രദായത്തില്‍ പല പരിണാമങ്ങളും വന്നുതുടങ്ങി. സഗുണഭക്തിയോടും വേദാന്തത്തോടും പ്രതിപത്തിയുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ പ്രധാനകവിതകളാണ് - അമൃതധാര, കാര്‍ത്തിക് മാഹാത്മ്യ (1685), ഗീതാമാഹാത്മ്യ, വൈരാഗ്യവൃന്ദ്, ജെമിനീ അശ്വമേധ്, പ്രേംപദാര്‍ഥ്, അധ്യാത്മരാമായണ്‍, പഞ്ചീകരണ്‍, സിംഹാസന്‍ ബത്തീസി എന്നിവ. അനേകം മുക്തകങ്ങളും ഭഗ്വന്‍ദാസിന്റേതായി ഉണ്ട്. സരളമായ ഭാഷയാണ് ഇദ്ദേഹത്തിന്റെ രചനകളുടെ സവിശേഷത.

ഭഗ്വന്‍ദാസിന്റെ സമകാലികനായ മനോഹര്‍ദാസ് നിരഞ്ജനി പ്രശസ്തനായ വേദാന്തപണ്ഡിതനാണ്. വേദാന്തവുമായി ബന്ധപ്പെട്ട വിഷയമാണ് മനോഹര്‍ദാസിന്റെ മിക്ക രചനകളിലെയും പ്രതിപാദ്യം. ഗ്യാന്‍മഞ്ജരി, വേദാന്ത് പരിഭാഷ, സാത്ത്പ്രശ്നോത്തരി-സത്ത്-പ്രശ്നോത്തരി, ഗ്യാന്‍വചനചൂര്‍ണിക, സപ്തഭൂമിക-ഗ്യാന്‍ മഞ്ജരി തുടങ്ങിയവയാണ് പ്രധാനകൃതികള്‍. 1659-ല്‍ രചിച്ച സപ്തഭൂമികഗ്യാന്‍മഞ്ജരി പദ്യത്തിലുള്ളതാണ്; മറ്റു മിക്ക കൃതികളും ചമ്പൂശൈലിയിലുള്ളതും.

18-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഹരിരാംദാസ് ബഹുമുഖ പ്രതിഭയാണ്. കാവ്യസൗന്ദര്യം കൊണ്ടും ചരിത്രനിരൂപണം കൊണ്ടും ഇദ്ദേഹത്തിന്റെ രചനകള്‍ ശ്രദ്ധേയമായി. കാവ്യാത്മകങ്ങളായ മുക്തകങ്ങളും ചന്ദ് രത്നാവലി, പരമാര്‍ഥ് സത്സയ്, മഹാരാജ് ഹരിദാസ്ജീ കി പരസീ എന്നിവയും പ്രസിദ്ധങ്ങളാണ്. ഇദ്ദേഹത്തിന്റെ ഇഷ്ടവൃത്തം കുണ്ഡലിയയാണ്.

ഈ പരമ്പരയിലെ മറ്റൊരു ശ്രദ്ധേയനായ കവി ആത്മാരാമാണ്. ദോഹാ, ഛുലാനാ, കന്ദ്രയണ്‍ എന്നിവയിലുള്ള അനേകം മുക്തകങ്ങള്‍ അധ്യാത്മവിഷയപ്രതിപാദകങ്ങളാണ്.

രഘുനാഥ്ദാസിന്റേതായി ലഭിച്ച ഏക കൃതി ഹരിദാസിന്റെ ജീവിതത്തെക്കുറിച്ച് 1773-ല്‍ എഴുതിയ സ്വാമിഹരിദാസ്ജി കി പരസിയാണ്. പ്രശസ്ത കവി സേവാദാസിന്റെ ജീവിതത്തെക്കുറിച്ച് രൂപദാസ്ജി 1775-ല്‍ രചിച്ച സേവാദാസ് കി പരസിയും ശ്രദ്ധേയമായ രചനയാണ്. 1826-ല്‍ നിരഞ്ജനി പ്രസ്ഥാനത്തിലെ സന്ന്യാസിമാരെപ്പറ്റി പ്യാരേരാംജി എഴുതിയ ഭക്തമാല്‍ ആണ് പ്രസിദ്ധമായ മറ്റൊരു കൃതി.

സന്ത് സമ്പ്രദായത്തിന്റെ പാരമ്പര്യത്തോടൊപ്പം ചരിത്രമൂല്യങ്ങളുള്ള കവിതകളാണ് 'പരസി'കളും 'ഭക്തമാലു'കളും. സ്വാമി ഉദയ്രാംജി സ്വന്തം കവിതകളോടൊപ്പം നിരഞ്ജനി പ്രസ്ഥാനത്തിലെ മറ്റു കവികളുടെയും രചനകളുള്‍പ്പെടുത്തി തയ്യാറാക്കിയ സമാഹാരമാണ് സാര്‍സംഗ്രഹ്. രജബ്ജിയുടെ സര്‍വാംഗീ, ജഗന്നാഥ്ജിയുടെ ഗുണ്‍ഗംജ് നാമാ, പരമാനന്ദ്ദാസിന്റെ പോതോഗ്രന്ഥ് ഗ്യാന്‍, നവല്‍റാം മണ്‍ത്രീയുടെ സര്‍വാംഗ്സാര്‍ എന്നിവയും നിരഞ്ജനി പ്രസ്ഥാനത്തിലെ പ്രധാന കൃതികളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍