This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിയോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിയോണ്‍

Neon

ഒരു നിഷ്ക്രിയ വാതകമൂലകം. സിംബല്‍ Ne, അ.സ. 10, അ.ഭാ. 20.183. ആവര്‍ത്തനപ്പട്ടികയിലെ 'പൂജ്യം' ഗ്രൂപ്പിലെ ശ്രേഷ്ഠ വാതകങ്ങളിലൊരംഗമാണ് നിയോണ്‍. ഭൗമാന്തരീക്ഷത്തില്‍ നിന്നാണ് നിയോണ്‍ കൂടുതലായും ലഭിക്കുന്നത്. പ്രകൃതി വാതകങ്ങള്‍, ഖനിജങ്ങള്‍, ഉല്‍ക്കാ പിണ്ഡങ്ങള്‍ എന്നിവയില്‍ വളരെ നേരിയ അളവില്‍ നിയോണ്‍ അടങ്ങിയിട്ടുണ്ട്.

ഇംഗ്ലീഷ് ശാസ്ത്രജ്ഞരായ വില്യം റാംസേ, എം.ഡബ്ള്യൂ. ട്രാവേഴ്സ് എന്നിവരാണ് ഈ മൂലകം കണ്ടെത്തിയത് (1898). ഓക്സിജനും നൈട്രജനും രാസികമായി നീക്കം ചെയ്ത വായുവില്‍ നിന്ന് വേര്‍തിരിച്ച ബാഷ്പശീലമായ നിഷ്ക്രിയ വാതക മിശ്രിതത്തില്‍ നിന്നാണ് ഇവര്‍ നിയോണ്‍ കണ്ടെത്തിയത്. ഈ വാതക മിശ്രിതത്തിന്റെ ഉത്സര്‍ജന വര്‍ണരാജിയിലുള്ള പുതിയ രേഖകള്‍ ഒരു നവീന മൂലകത്തിന്റെ സാന്നിധ്യം ഉറപ്പിക്കുന്നതായിരുന്നു.

ഗുണധര്‍മങ്ങള്‍. സാധാരണ അവസ്ഥയില്‍ നിയോണ്‍ നിറവും മണവും സ്വാദും ഇല്ലാത്ത ഒരു വാതകമാണ്. നിയോണിന്റെ ഗുണധര്‍മങ്ങള്‍ പട്ടിക 1-ല്‍ കാണിച്ചിരിക്കുന്നു.

മറ്റു വാതകങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിയോണ്‍ അപസാമാന്യ സ്വഭാവം പ്രദര്‍ശിപ്പിക്കുന്നത് അതിന്റെ വാതക-ദ്രവ അനുപാതത്തിലാണ്. മിക്ക അതിശൈത്യദ്രവീകൃത വാതകങ്ങളും അന്തരീക്ഷ ഊഷ്മാവില്‍ 500 മുതല്‍ 800 വരെ വാതകവ്യാപ്തം ലഭ്യമാക്കുമ്പോള്‍ നിയോണിന് 1400-ലേറെ വാതകവ്യാപ്തമുണ്ടായിരിക്കും. ഇക്കാരണത്താലാണ് ദ്രവരൂപത്തില്‍ സംഭരിക്കുന്നതിനും അതുവഴി അന്തരീക്ഷ-ബഹിരാകാശ ആവശ്യങ്ങള്‍ക്കും നിയോണ്‍ അഭിലഷണീയമാകുന്നത്.

18Ne, 19Ne, 23Ne, 24Ne എന്നിവയാണ് റേഡിയോ ആക്ടിവതയുള്ള സമസ്ഥാനീയങ്ങള്‍. ഇവയൊന്നും തന്നെ പ്രകൃതിയില്‍ ലഭ്യമല്ല. കണികകളുടെ വേഗത വര്‍ധിപ്പിക്കുന്ന സൈക്ളോട്രോണ്‍ പോലെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചും, മറ്റ് അണുകങ്ങളെ ന്യൂട്രോണുകളുപയോഗിച്ച് ഭേദിച്ചുമാണ് ഈ സമസ്ഥാനീയങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നത്. റേഡിയോ ആക്ടീവ് സമസ്ഥാനീയങ്ങളുടെയെല്ലാം ആയുര്‍ദൈര്‍ഘ്യം കുറവാണ്. ഇവയില്‍ ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യം24Ne -നാണ്. (T 1/2=3.38 മിനുട്ട്).

മാസ് സ്പെക്ട്രോമീറ്റര്‍, വാതക ക്രോമറ്റോഗ്രാഫി എന്നീ പ്രവിധികളുപയോഗിച്ചാണ് നിയോണിന്റെ സാന്നിധ്യം നിര്‍ണയിക്കുന്നത്.

ഭൗമാന്തരീക്ഷത്തിന്റെ 18.18 പി.പി.എം. (വ്യാപ്തം) നിയോണാണ്. സ്ഥിരതയുള്ള മൂന്ന് സമസ്ഥാനീയങ്ങളുടെ ഒരു മിശ്രിതമാണിത്. 90.92 ശ.മാ. 20Ne , 0.26 ശ.മാ. 21Ne , 8.82 ശ.മാ. 22Ne എന്നാണ് മിശ്രിതത്തിന്റെ രാസയോഗം. ഭൂമിയുടെ ഭാരത്തിന്റെ 5x10-7 ശ.മാ. നിയോണാണ്.

നിയോണ്‍ വേര്‍തിരിച്ചെടുക്കുന്നതിന്റെ ആദ്യപടി വായു ദ്രവീകരിക്കുകയാണ്. വായുവിന്റെ വളരെ ചെറിയ ഒരു ഭാഗം ദ്രവീകൃതമാകാതെ ശേഷിക്കും. ഹൈഡ്രജന്‍, ഹീലിയം, നിയോണ്‍ എന്നീ വാതകങ്ങളുടെ മിശ്രിതമാണിത്. വളരെ നേരിയ അളവില്‍ നൈട്രജനും ഉണ്ടായിരിക്കും. താഴ്ന്ന ഊഷ്മാവില്‍ അധിശോഷണം ചെയ്ത് നൈട്രജന്‍ നീക്കം ചെയ്യാവുന്നതാണ്. മിശ്രിതം ചൂടാക്കി ഹൈഡ്രജനെ ജലമാക്കി നീക്കം ചെയ്തശേഷം അവശേഷിക്കുന്ന വാതകമിശ്രിതം ഉണക്കിയെടുത്ത്, താപ-മര്‍ദ പരിതഃസ്ഥിതികള്‍ വേണ്ടവിധത്തില്‍ സമീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കിയ കരിയില്‍ (activated carbon) ഹീലിയവും നിയോണും അധിശോഷണം ചെയ്ത് വേര്‍തിരിക്കാം.

ഉപയോഗങ്ങള്‍. ഊര്‍ജതന്ത്ര ഗവേഷണ പഠനങ്ങള്‍ക്കാണ് നിയോണ്‍ വന്‍തോതില്‍ ഉപയോഗപ്പെടുത്തി വരുന്നത്. അണുകേന്ദ്ര കണികകളുടെ പാത നിര്‍ണയിക്കുന്നതിനുള്ള സ്പാര്‍ക്ക് ചേംബറില്‍ നിയോണ്‍ ആണ് നിറയ്ക്കുന്നത്. കണികകള്‍ അറയിലൂടെ കടന്നുപോകുമ്പോള്‍ നിയോണ്‍ അയോണീകൃതമാവുകയും സ്ഫുലിംഗങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നതിനാല്‍ സ്ഫുലിംഗങ്ങളുടെ ഗതിയില്‍ നിന്ന് കണികകളുടെ പാത നിര്‍ണയിക്കാനാകും. ദ്രവഹൈഡ്രജന്‍ നിറച്ച ബബിള്‍ ചേംബര്‍ ആണ് കണികകളുടെ പാത നിര്‍ണയിക്കാനുപയോഗിക്കുന്ന മറ്റൊരു പ്രവിധി. ദ്രവഹൈഡ്രജന്റെ വളരെകുറഞ്ഞ സാന്ദ്രത മൂലം പഠനവിധേയമാകേണ്ട കണികകളുമായി പ്രതിപ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിനായി ദ്രവനിയോണ്‍ കൂടി അറയ്ക്കുള്ളില്‍ സന്നിവേശിപ്പിക്കുന്നു. ഇതില്‍ പാത നിര്‍ണയിക്കുന്ന ധര്‍മം ദ്രവഹൈഡ്രജന്റേതുതന്നെ ആയിരിക്കും.

ആഴക്കടല്‍-ബഹിരാകാശ യാത്രകള്‍ക്ക് വായു ലഭ്യമല്ലാത്തതിനാല്‍ ഉപയോഗിക്കുന്ന ശ്വസന മിശ്രിതങ്ങളില്‍ നിയോണ്‍ ഒരു പ്രധാന ഘടകമാണ്. ഹീലിയത്തിനു സമാനമായ പ്രയോജനങ്ങളുള്ളപ്പോള്‍ത്തന്നെ നിയോണ്‍ ശബ്ദതരംഗ വിനിമയത്തെ തടസ്സപ്പെടുത്തുന്നില്ല എന്ന സവിശേഷതയുമുണ്ട്. കൂടാതെ നിയോണ്‍ താപചാലകമല്ലാത്തതിനാല്‍ ശരീരത്തില്‍ നിന്ന് ചുറ്റുമുള്ള ജലത്തിലേക്കുള്ള താപവിനിമയം കുറയുന്നു. അതിനാല്‍ കടലിനടിയില്‍ വച്ച് ശരീരം തണുക്കാനിടയാകുന്നില്ല.

-248°C മുതല്‍ -233°C വരെയുള്ള ഊഷ്മാവില്‍ നിയോണ്‍ ഒരു നല്ല ശീതീകാരിയാണ്. ഉയര്‍ന്ന ബാഷ്പീകരണ ലീനതാപം ശീതികാരി എന്ന നിലയില്‍ നിയോണിനെ കൂടുതല്‍ ഫലപ്രദമാക്കുന്നു. വളരെ താഴ്ന്ന താപനിലകളും കൂടുതല്‍ ശീതീകരണക്ഷമതയും ആവശ്യമാകുമ്പോള്‍ ഖര നിയോണ്‍ ഉപയോഗിക്കാറുണ്ട്.

മിന്നല്‍രോധ കമ്പികളിലാണ് നിയോണിന്റെ മറ്റൊരു ഉപയോഗം. സാധാരണഗതിയില്‍ ബ്രേക്ക് ഡൌണ്‍ പൊട്ടന്‍ഷ്യലിന് താഴെയുള്ള വോള്‍ട്ടതകളിലൊന്നുംതന്നെ നിയോണ്‍ വൈദ്യുത വാഹിയല്ല. എന്നാല്‍ മിന്നലുണ്ടാകുമ്പോള്‍ നിയോണ്‍ അയോണീകൃതമാകുകയും ഭൂമിയിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കുകയും ചെയ്യുന്നു. പെട്ടെന്നുണ്ടാകുന്ന വൈദ്യുതി പ്രവാഹ വ്യതിയാനങ്ങളില്‍ നിന്ന് മോട്ടോറുകളെ സംരക്ഷിക്കുന്നതിനും നിയോണ്‍ ഡിസ്ചാര്‍ജ് ട്യൂബുകള്‍ ഉപയോഗിക്കാറുണ്ട്.

ഗീഗര്‍മുള്ളര്‍ കൗണ്ടറുകള്‍, സ്പാര്‍ക്ക് പ്ലഗ് വിളക്കുകള്‍, ഉയര്‍ന്ന വോള്‍ട്ടതാ വൈദ്യുതകമ്പികളിലെ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയിലെ ഇലക്ട്രോണ്‍ ട്യൂബുകളില്‍ നിയോണാണ് ഉപയോഗിക്കുന്നത്. നിയോണ്‍ നിറച്ച ബള്‍ബുകളും മറ്റും വളരെ ചെറിയ വോള്‍ട്ടതകളില്‍ത്തന്നെ നല്ല പ്രകാശം (ചുവപ്പു കലര്‍ന്ന ഓറഞ്ചുനിറം) പരത്തുന്നതിനാല്‍ വഴിവിളക്കുകളിലും സേഫ്റ്റിലാമ്പുകളിലും ഉപയോഗിച്ചുവരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%A3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍