This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിയോഡിമിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിയോഡിമിയം

Neodymium

ഒരു രാസമൂലകം. സിം. Nd. അ.സ. 60, അ.ഭാ. 144.24. ലാന്‍ഥനൈഡ് അഥവാ അപൂര്‍വ മൃത്തി(Rare earth)ലെ ഒരംഗമായ നിയോഡിമിയം ആവര്‍ത്തനപട്ടികയില്‍ 3-ാമത്തെ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. (Xe) 4f3 5d1 6s2 എന്ന ഇലക്ട്രോണ്‍ വിന്യാസമുള്ള നിയോഡിമിയം + 3 സംയോജകത പ്രദര്‍ശിപ്പിക്കുന്നു. നിയോഡിമിയത്തിന്റെ 7 സമസ്ഥാനീയങ്ങള്‍ പ്രകൃതിയില്‍ ലഭ്യമാണ്.

Nd144 റേഡിയോ ആക്ടിവത പ്രദര്‍ശിപ്പിക്കുന്നു. ഇതിന്റെ അര്‍ധായുസ്സ് 5x1015 വര്‍ഷമാണ്. സി.എഫ്. ഓയ്ര്‍ ഫോന്‍ വെല്‍ഷ്ബാക്ക് (F.Auer Von Welsbach) ആണ് ഈ മൂലകം കണ്ടെത്തിയത്. മുന്‍കാലങ്ങളില്‍ ഒരൊറ്റ മൂലകമാണെന്ന് കരുതപ്പെട്ടിരുന്ന ഡൈഡിമിയത്തിനെ രണ്ട് ഘടക മൂലകങ്ങളായി [ഒന്ന് നിയോഡിമിയവും മറ്റൊന്ന് പ്രസിയോഡിമിയ(Praseodymium)വും] വേര്‍തിരിക്കുകയാണ് ഓയര്‍ ചെയ്തത്. പുതിയ ഇരട്ട (new win)എന്നര്‍ഥമുള്ള നിയോസ് ഡിഡിമോസ് (neos didymos) എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഈ പേര് നിഷ്പന്നമായിട്ടുള്ളത്. ആപേക്ഷികഘനത്വം 7.008, ഉരുകല്‍ നില 1016°C, തിളനില 3066°C എന്നിങ്ങനെയാണ് നിയോഡിമിയത്തിന്റെ ഭൗതിക ഗുണാങ്കങ്ങള്‍. ക്രൂഡ് ഓയിലിന്റെ ക്രാക്കിങ്ങിനുപയോഗിക്കുന്ന രാസത്വരകമായി പ്രയോജനപ്പെടുത്തുന്ന അപൂര്‍വമൃത്തുക്കളുടെ മിശ്രിതത്തില്‍ നിയോഡിമിയവും അടങ്ങിയിട്ടുണ്ട്. ശുദ്ധമായ ലോഹം അന്തരീക്ഷവുമായുള്ള സമ്പര്‍ക്കത്തില്‍ തീ പിടിക്കുന്നു. സീറിയത്തിനും ലാന്‍ഥനത്തിനുമൊപ്പം ഉരുക്കുനിര്‍മാണത്തിന് ഇതുപയോഗപ്രദമാണ്. നിയോഡിമിയം ഓക്സൈഡ് (Nd2O3) ഗ്ലാസ്സിനും കളിമണ്‍ പാത്രങ്ങള്‍ക്കും നിറം നല്കാന്‍ ഫലപ്രദമാണ്. ഇളം നീല നിറമുള്ള ഈ പൊടി ധാതുഅമ്ലങ്ങളില്‍ ലയിച്ച് ചുവപ്പു കലര്‍ന്ന വയലറ്റ് നിറമുള്ള ലായനികളുണ്ടാക്കുന്നു. സാധാരണ ഊഷ്മാവില്‍ ലോഹം സാവധാനം ഓക്സീകൃതമാവുകയും ജലവുമായി സാവധാനം പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നിയോഡിമിയം ഉപയോഗിച്ചുണ്ടാക്കുന്ന ഗ്ലാസ്, ഗ്ലാസ്സൂതുന്ന തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവരുടെ കണ്ണടകള്‍ ഉണ്ടാക്കുവാന്‍ പ്രത്യേകിച്ച് ഉപയോഗപ്രദമാണ്. ഗ്ലാസ്സൂതുന്ന ജ്വാലയിലടങ്ങിയിട്ടുള്ള സോഡിയത്തിന്റെ വര്‍ണരാജിയിലെ മഞ്ഞവര (Yellow D line) ആഗിരണം ചെയ്യുന്നതിനാലാണ് ഈ ഉപയോഗം. ലേസറുകളുടെ നിര്‍മാണത്തിലുള്ള ഉപയോഗമാണ് നിയോഡിമിയത്തിനു വ്യാവസായിക പ്രാധാന്യം നേടിക്കൊടുത്തിട്ടുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍