This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിയോക്ലാസ്സിസിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിയോക്ലാസ്സിസിസം

Neoclassicism

പതിനേഴാം നൂറ്റാണ്ടിലും പതിനെട്ടാം നൂറ്റാണ്ടിലുമായി യൂറോപ്പിലും ഇംഗ്ലണ്ടിലും ശക്തിപ്രാപിച്ച സാഹിത്യപ്രസ്ഥാനം. പ്രഭു സാഹിത്യാനുകരണ പ്രസ്ഥാനമെന്ന നിലയില്‍ അറിയപ്പെടുന്ന നിയോക്ലാസ്സിസിസം ക്ലാസ്സിസിസത്തിന് അനുബന്ധമായാണ് രൂപംകൊണ്ടത്. മുഖ്യമായും പുരാതന ഗ്രീസിലെയും പുരാതന റോമിലെയും പ്രകൃഷ്ടകൃതികളടങ്ങിയ ക്ലാസ്സിസിസത്തിന്റെ ചോദനങ്ങളില്‍ ഉയിര്‍കൊണ്ട്, അതിന്റെ കാവ്യരചനാസ്വഭാവങ്ങളും രീതികളും അനുകരിക്കാനുള്ള ആവേശമായിരുന്നു ഈ പ്രവണതയ്ക്ക് നിയോക്ലാസ്സിസിസമെന്ന് പേരു നല്കിയതിന് അടിസ്ഥാനം. കവിപ്രതിഭ, നൈസര്‍ഗികാനുഭൂതികള്‍ നേരിട്ടു നേടിയെടുത്ത അനുഭവങ്ങള്‍ എന്നിവയെക്കാള്‍ പൌരാണിക കൃതികളോടു കവിക്കുള്ള ആദരവിനും പൗരാണിക കാവ്യനിര്‍മാണ നിയമങ്ങളോട് കവിയുടെ പൂര്‍ണവിധേയത്വത്തിനും പ്രാധാന്യം നല്‍കി നിയോക്ളാസ്സിസിസം. ഇതോടെ ക്ലാസ്സിസിസത്തിന്റെ സൗന്ദര്യവും പ്രൗഢിയും അന്തഃസത്തയും ചോര്‍ന്നുപോകുകയും ബാഹ്യരൂപവിഷയകമായ കുറേ സാങ്കേതിക ചിട്ടകള്‍ മാത്രം സ്രഷ്ടാക്കള്‍ക്കും വിമര്‍ശകര്‍ക്കും അവലംബമാകുകയും ചെയ്തു.

നിയോക്ലാസ്സിക് യുഗത്തില്‍ പരമ്പരാഗത നിയമങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം. വിമര്‍ശകര്‍ മനുഷ്യരെ മുഴുവന്‍ ഒരച്ചില്‍ വാര്‍ത്തെടുത്തതുപോലെ പരിഗണിക്കുകയും കാലദേശങ്ങളെയോ വ്യക്ത്യനുഭവങ്ങളെയോ പരിഗണിക്കാതെ അലംഘനീയങ്ങളായ സാമാന്യ നിയമങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. കലാസൃഷ്ടിയിലെ ഭാവരൂപങ്ങളെക്കുറിച്ച് അവര്‍ വേണ്ടതുപോലെയല്ല ചിന്തിച്ചത്. ഇറ്റലിയിലെയും ഫ്രാന്‍സിലെയും പ്രാമാണിക വിമര്‍ശകന്മാര്‍ ഭാവരൂപങ്ങളെ വേറെവേറെ പരിഗണിക്കുകയും രണ്ടിനും നിയമം നിര്‍മിക്കുകയുമാണ് ചെയ്തത്. സാന്മാര്‍ഗികമൂല്യമുള്ള പ്രതിപാദ്യം വേണമെന്ന് എല്ലാവര്‍ക്കും നിര്‍ബന്ധമുണ്ട്. കഥാപാത്രസൃഷ്ടി, രചനാരീതി തുടങ്ങിയ വിവിധ ഘടകങ്ങളെയെല്ലാം വേര്‍തിരിച്ച് നിരൂപിച്ചവരാണ് അധികവും. സമഗ്രമായ സൗന്ദര്യവും കലാതത്ത്വവും അവരുടെ ശ്രദ്ധയ്ക്ക് വിഷയീഭവിച്ചില്ല. കവിത സന്മാര്‍ഗതത്ത്വപ്രതിപാദനമായും രാഷ്ട്രമീമാംസയുടെ ഭാഗമായും കരുതിയവരാണ് നിയോക്ളാസ്സിസിസ്റ്റുകളില്‍ ഭൂരിഭാഗവും.

മാമൂലുകളോടുള്ള ആത്മബന്ധമാണ് നിയോക്ലാസ്സിസിസത്തിന്റെ അടിത്തറ. പരിവര്‍ത്തനത്തെ പൂര്‍ണമായും നിരാകരിക്കുകയും കാവ്യശിക്ഷണത്തിന് അടിവരയിടുകയും ചെയ്യുന്ന സ്വഭാവവും ഇവരില്‍ കണ്ടു. ക്ലാസ്സിക് സമ്പ്രദായം പൂര്‍ണമായതിനാല്‍ അതില്‍നിന്ന് മാറേണ്ടകാര്യമില്ലെന്നാണ് ഇതിന്റെ പ്രമാണം. പൂര്‍വികമായ സാഹിത്യസമ്പത്ത് ആര്‍ജിക്കുന്നതിനും സ്വാംശീകരിക്കുന്നതിനും കാവ്യശിക്ഷണം കൂടിയേകഴിയൂ. രൂപഭാവങ്ങളുടെ ഐക്യം സൃഷ്ടിക്കാന്‍ ഇത് ആവശ്യവുമാണ്. കാവ്യശിക്ഷണത്തോടുള്ള അതിരുകടന്ന വിധേയത്വം കൊണ്ടാണ് പ്രതിഭയെ ഇവര്‍ ആദരിച്ചില്ലെന്ന പരാതി പില്ക്കാലത്തുയര്‍ന്നത്. നിയോക്ലാസ്സിസിസത്തിന്റെ കേന്ദ്രബിന്ദുവായി അനുകരണത്തെ കാണുന്നവരുണ്ട്. അനുകരണമെന്നാല്‍ കേവലമായ പകര്‍ത്തലല്ല, പ്രകൃത്യനുകരണമെന്നാണു വിവക്ഷ. അരിസ്റ്റോട്ടില്‍ വിഭാവനം ചെയ്ത സുന്ദര പ്രകൃതിയുടെ ആദര്‍ശവത്കരണംതന്നെ.

യഥാര്‍ഥത്തില്‍ മൂന്നാംതലത്തിലുള്ള അനുകര്‍ത്താവാണ് കവിയെന്ന പ്ളേറ്റോയുടെ വിമര്‍ശനത്തിനു പ്രസക്തവും സൂക്ഷ്മവുമായ മറുപടി നല്കിയ അരിസ്റ്റോട്ടില്‍ യഥാര്‍ഥം, സംഭവ്യം, സ്വാഭാവികം എന്ന് മനുഷ്യക്രിയകളെ മൂന്നായി വിഭജിച്ചു. സംഭവിക്കാവുന്നതല്ലെങ്കിലും പ്രകൃതിനിയമങ്ങളനുസരിച്ച് സ്വഭാവികതയുള്ള ക്രിയകളാണ്, യഥാര്‍ഥത്തില്‍ സംഭവിച്ചതെങ്കിലും സ്വാഭാവികതയില്ലാത്തവയെക്കാള്‍ അനുകരണയോഗ്യമെന്നും നിര്‍ദേശിച്ചു. നിയോക്ലാസ്സിക് നിരൂപകന്മാരാകട്ടെ സ്വാഭാവികതയെ വാസ്തവികതയായി കണക്കാക്കുകയും അമാനുഷഘടകങ്ങളെയും മറ്റും കലയില്‍നിന്ന് അകറ്റി നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രകൃതിയെയാണല്ലോ അനുകരിക്കേണ്ടത്. ഈ സിദ്ധാന്തത്തിന്റെ ശരിയായ അര്‍ഥം ധരിക്കാതെ എല്ലാവരും ടൈപ്പുകളെ ചിത്രീകരിക്കാന്‍ തുടങ്ങി. സവിശേഷമായ വ്യക്തിത്വവും, ചുറ്റുപാടുകളും മനുഷ്യര്‍ക്കുണ്ടെന്ന അനിഷേധ്യസത്യം വിസ്മൃതമായി. സാര്‍വലൗകികതയല്ലാതെ ദേശീയതയോ സവിശേഷ വ്യക്തിത്വമോ ഒന്നും ആരും കണക്കിലെടുത്തിരുന്നില്ല. ഉത്തമ മനുഷ്യനെ മാത്രമേ എല്ലാവര്‍ക്കും വേണ്ടൂ. അസുന്ദരമോ തിക്തമോ ആയ ജീവിതാനുഭവങ്ങള്‍ പ്രകാശിപ്പിക്കാന്‍ വയ്യെന്നായി. കവി സ്വീകരിക്കേണ്ട ജീവിത പ്രമേയത്തെ സംബന്ധിക്കുന്ന നിയമമായിരുന്നു ഇത്.

Image:Johnson.png Image:John Driden.png

കല ആദര്‍ശവത്കരണമാണ് എന്ന് നിയോക്ലാസ്സിക് നിരൂപകന്മാര്‍ വിശ്വസിക്കുന്നു. എന്നാല്‍ ആദര്‍ശവസ്തുനിര്‍മിക്കുന്നതിന് പ്രകൃതി കൈക്കൊള്ളുന്ന മാര്‍ഗത്തില്‍ നിന്നും വ്യതിചലിക്കരുതെന്ന് അരിസ്റ്റോട്ടില്‍ ഉപദേശിച്ചത് വിസ്മരിക്കപ്പെട്ടു. സുന്ദരമായ സൃഷ്ടിയില്‍ ആന്തരികമായ ചൈതന്യവും സൗന്ദര്യവുമാണ് ഉണ്ടായിരിക്കുക. ബാഹ്യമായ സൗന്ദര്യം ആദര്‍ശ സൗന്ദര്യമാകുന്നില്ല. ഈശ്വരന്‍ സൃഷ്ടിക്കുന്ന പ്രകൃതിയിലെ അന്തശ്ചൈതന്യം മനുഷ്യസൃഷ്ടിയില്‍ ഉണ്ടാകണമെങ്കില്‍ പ്രകൃതിയുടെ നിയമങ്ങള്‍ അറിഞ്ഞുവേണം അനുകരിക്കാന്‍. ഇല്ലെങ്കില്‍ ജഡമായ ബാഹ്യസൗന്ദര്യമേ കൈവരൂ. രൂപത്തിനുവേണ്ടിയുള്ള രൂപനിര്‍മിതി ഫോര്‍മലിസമാണ്. രൂപോദയം എപ്പോഴും ഭാവത്തില്‍ നിന്നായിരിക്കണം. പ്രതിഭാശക്തിക്കോ ചോദനത്തിനോ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം വരെ അര്‍ഹിക്കുന്ന വില കല്പിച്ചിരുന്നില്ല. അതേ സമയം ഇംഗ്ലണ്ടില്‍ പതിനേഴാം നൂറ്റാണ്ടില്‍ ഡ്രൈഡനും പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഡോ. ജോണ്‍സനും നിയോക്ലാസ്സിസിസത്തില്‍ കാലൂന്നിനിന്നുകൊണ്ടുതന്നെ ക്ലാസ്സിക് നിയമങ്ങള്‍ അവഗണിച്ച് രചന നടത്തിയ ഷെയ്ക്സ്പീയറുടെ പ്രതിഭയെയും ഔന്നത്യത്തെയും കാണുകയും ചെയ്തു.

ശില്പരചനാസാമര്‍ഥ്യം എന്നു വിശേഷിപ്പിക്കുന്ന 'ക്രാഫ്ട് മാന്‍ഷിപ്' നിയോക്ലാസ്സിസിസ്റ്റുകള്‍ക്ക് ആദര്‍ശമായിരുന്നു. സഹജപ്രതിഭയുള്ള കവികളും ചിന്തകന്മാരും കുറയുമെന്നതിനാല്‍ കാവ്യരചനാക്രമങ്ങള്‍ നേരാംവണ്ണം പഠിച്ച് ഉത്കൃഷ്ടങ്ങളും ശാശ്വതങ്ങളുമായ ക്ലാസ്സിക്കുകളെ അനുകരിക്കുന്നതില്‍ തെറ്റില്ലെന്ന് ഇക്കാലത്ത് ഉറച്ച വിശ്വാസമുണ്ടായിരുന്നു. നല്ല അനുകരണങ്ങള്‍ ഉത്തമകൃതികളുടെ പദവിനേടി ശാശ്വതമായി നില്‍ക്കുകതന്നെ ചെയ്യുമെന്നും ഇവര്‍ വിശ്വസിച്ചു. വ്യക്തികളുടെ കഴിവുകള്‍ പരിമിതമാണെന്നബോധം നിയോക്ളാസ്സിസിസത്തിന്റെ അടിസ്ഥാന പ്രമാണമാണ്. ഇവിടെ ജീവിതവീക്ഷണത്തിലും ആ നിലകാണാന്‍ കഴിയും. സമൂഹത്തിലെ വ്യത്യസ്ത സ്വഭാവമുള്ള ജീവികളില്‍ ഒരാള്‍ മാത്രമാണ് വ്യക്തി. ഈ വ്യക്തിക്ക് പരിമിതികള്‍ ഉണ്ടെന്നുള്ള ഉറച്ചബോധം തന്നെയാണ് സാഹിത്യത്തിലും ആവിഷ്കരിക്കപ്പെടുക. അഹന്തയില്‍ ഊറ്റം കൊള്ളുന്നവരോട് പരമമായപുച്ഛം പ്രകടിപ്പിച്ചുകൊണ്ട് മനുഷ്യന്റെ കഴിവുകളില്‍ അഹങ്കരിക്കരുതെന്നും നിയോക്ലാസ്സിസിസ്റ്റുകള്‍ ഉറച്ചു വിശ്വസിക്കുന്നു.

കല കലയ്ക്കുവേണ്ടിയാണെന്നുള്ള വാദത്തോട് നിയോക്ലാസ്സിസിസത്തിനു വിമുഖതയാണുള്ളത്. മനുഷ്യജീവിതത്തെ അപഗ്രഥിക്കുന്ന സാഹിത്യത്തെ ഉത്തമമായി കാണുന്ന നിയോക്ലാസ്സിസിസത്തിനു കുറ്റമറ്റ രചന നിര്‍ബന്ധമുണ്ടായിരുന്നു. ഇതിലെല്ലാമുപരി കലര്‍പ്പില്ലാത്ത യുക്തിഭദ്രത ആദ്യാവസാനം ഉണ്ടാകണമെന്ന ശാഠ്യവും. നിയോക്ലാസ്സിസിസത്തിന്റെ പ്രവണതകളെ ചൊല്ലി ആ പ്രസ്ഥാനത്തില്‍ നിന്നവര്‍തന്നെ ഭിന്നാഭിപ്രായക്കാരായിരുന്നു. കാലദേശാനുസൃതമായി ഈ മാറ്റങ്ങള്‍ പ്രകടമായിരുന്നു. നിയോക്ലാസ്സിസിസ്റ്റുകളുടെ ചിന്തയില്‍ നിയമങ്ങള്‍ പ്രാചീനര്‍ കണ്ടെത്തിയവയാണ്, ഉണ്ടാക്കിയവയല്ല. അത് പ്രകൃതി വ്യവസ്ഥപ്പെടുത്തിയതാണ്. ഈ ചിന്തയില്‍ ഐകരൂപ്യം കാണുന്നുമുണ്ട്. മറ്റൊരര്‍ഥത്തില്‍ അവര്‍ക്ക് നിയമങ്ങള്‍ പ്രകൃതി നിരീക്ഷണങ്ങളാണ്. സാഹിത്യം ആസ്വദിക്കണമെങ്കില്‍ നിയമങ്ങള്‍ പാലിക്കപ്പെടണമെന്ന ചിന്ത പില്ക്കാലത്ത് പിന്തള്ളപ്പെട്ടു. ഉപാധിരഹിതമായ പ്രതിഭാവ്യാപാരത്തിന് പ്രാധാന്യം കൈവന്നു തുടങ്ങിയതും അപ്പോഴാണ്.

Image:antonio-canova-1.png Image:thor.png

സാഹിത്യരൂപങ്ങളുടെ വേര്‍തിരിയല്‍ നിയോക്ളാസ്സിസിസത്തിന്റെ വിലയേറിയ സംഭാവനയാണ്. എപ്പിക്, ട്രാജഡി, കോമഡി, എലിജി, ഓഡ്, സോണറ്റ്, എപ്പിഗ്രാം, സറ്റയര്‍ തുടങ്ങിയ വിഭജനങ്ങള്‍ കാണപ്പെട്ടെങ്കിലും എപ്പിക്, കോമഡി, ട്രാജഡി എന്നിവയാണ് ഇക്കാലത്ത് കൂടുതല്‍ ആദരിക്കപ്പെട്ടവ. എപ്പിക്കിനും ട്രാജഡിക്കുമായിരുന്നു പരമപ്രാധാന്യം കല്പിച്ചിരുന്നത്. നിയോക്ലാസ്സിസിസ്റ്റുകള്‍ക്ക് എപ്പിക്കിനോടായിരുന്നു മമത കൂടുതലും.

മാനസിക ശക്തിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ റെനെ, ദെക്കാര്‍ത്തെ, ക്രിസ്റ്റ്യന്‍ വുള്‍ഫ് തുടങ്ങിയ ചിത്രകാരന്മാരുടെ സംരക്ഷണയില്‍ ഫ്രാന്‍സിലും ജര്‍മനിയിലും നിയോക്ളാസ്സിസിസം കുതിച്ചുകയറ്റം നടത്തി. പൊതുവേ യുക്തിബോധം യൂറോപ്യന്‍ ചിന്താഗതിയില്‍ പ്രാമുഖ്യം നേടി. യുക്തിബോധത്തിന്റെ കാലമായ പതിനേഴാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ നിയോക്ലാസ്സിസിസം പടര്‍ന്നു പന്തലിച്ചു. പ്രപഞ്ച സത്യത്തെ മനസ്സിലാക്കുക, മൂല്യാധിഷ്ഠിതമായ നിലവാരം ഉറപ്പിക്കുക ഇവയായിരുന്നു അവരുടെ ഉന്നം. ഒരു ഘടികാരം നിര്‍മിക്കുന്നതുപോലെയും പ്ലാനനുസരിച്ച് ഒരു കെട്ടിടം നിര്‍മിക്കുന്നതുപോലെയും ഒരു കൃതി രചിക്കാമെന്നാണ് നിയോക്ലാസ്സിസിസ്റ്റുകള്‍ വിശ്വസിച്ചത്. 'കല വസ്തുക്കളുടെ യുക്തിപരമായ അനുകരണം. കലാകാരന്‍ കരവിരുതുകൊണ്ട് അതു കൈകാര്യം ചെയ്യുന്നു. കലയുടെ ലക്ഷ്യം സന്മാര്‍ഗദര്‍ശനവും ബുദ്ധിപരമായ ഉദ്ബോധനവും. കലയിലെ ഒരു മാര്‍ഗം ആനന്ദവും'. ഇതാണ് നിയോക്ളാസ്സിസിസത്തിന്റെ അന്തഃസത്ത. സര്‍ഗവ്യാപാരവും പ്രചോദനവും സംവേദനവുമൊക്കെ ഏറെ അവഗണിക്കപ്പെട്ടു. യുക്തിചിന്തയുടെ അടിത്തറ ഇളക്കുകയും ഭാവന, വികാരം, പാരമ്പര്യം, മതം എന്നിവ ഉണര്‍വിലെത്തുകയും ചെയ്തതോടെ റൊമാന്റിക് ചിന്തകന്മാര്‍ ഭാവനയ്ക്കും വികാരത്തിനും പ്രാമാണ്യം നല്‍കി. മെല്ലെമെല്ലെ, ഭാവനാവ്യാപാരത്തിന്റെ തണലില്‍ വികാരത്തിന്റെ ചൂടേറ്റ് റൊമാന്റിസിസം ചിറകുവിടര്‍ത്തി. അത് നിയോക്ലാസ്സിസിസത്തിന്റെ അപചയത്തിനും ഇടനല്കി.

നിയോക്ലാസ്സിക് സാഹിത്യനിയമങ്ങള്‍ ഒരു നൂറ്റാണ്ടുകാലത്തോളം സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കു പ്രതികൂലമായിത്തീര്‍ന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും സ്വതന്ത്രമായ ചിന്തയും സര്‍ഗാത്മക പ്രവര്‍ത്തനവും സാഹിത്യ ലോകത്തില്‍ ഒരിക്കലും നിലച്ചുപോയിട്ടില്ല. ഇംഗ്ലീഷ് സാഹിത്യനിരൂപണത്തിന്റെ പിതാവെന്ന് ഡോ. ജോണ്‍സന്റെ പ്രശംസയ്ക്കു പാത്രമായ ഡ്രൈഡന്റെ നാടകങ്ങളും സാഹിത്യസിദ്ധാന്തങ്ങളും ഇതിനുസാക്ഷ്യം വഹിക്കുന്നു. ഡ്രൈഡന്‍ നല്‍കിയ നിര്‍വചനത്തില്‍ ആനന്ദത്തിനും ധര്‍മോദ്ബോധനത്തിനും ഒപ്പം പ്രാധാന്യം നല്കിയിട്ടുണ്ട്. ആനന്ദമില്ലെങ്കില്‍ പ്രബോധനവുമില്ലെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞിട്ടുണ്ട്. പ്രബോധനത്തിനു രണ്ടാം സ്ഥാനം നല്കാന്‍ വിരോധമില്ല.

ഇംഗ്ലണ്ടില്‍ നിയോക്ലാസ്സിസിസത്തിന്റെ പ്രബലനായ പ്രതിനിധിയാണ് പണ്ഡിതവിമര്‍ശകനായ ഡോ. ജോണ്‍സണ്‍. ഭാവനയെ യുക്തിവിചാരത്തിന്റെ തുണയാളാക്കി സത്യത്തെ സൗന്ദര്യവുമായി ഇണക്കുന്നതാണ് കവിത എന്നാണ് ജോണ്‍സന്റെ പ്രശസ്ത നിര്‍വചനം. ഭാവനയ്ക്ക് അത്രയേറെ സ്വതന്ത്രവിഹാരം അനുവദിക്കപ്പെടുന്നില്ല. സാര്‍വജനീന സത്യത്തിനും സദാചാര ബോധത്തിനുമാണ് മുന്‍തൂക്കം. അദ്ദേഹം കലയെയും ജീവിതത്തെയും ഒന്നായിക്കാണുന്നു. അതുകൊണ്ടുതന്നെ കലയുടെ സവിശേഷസ്വഭാവം വിസ്മൃതമാകുന്നു. കല്പിതകഥകളെ സന്ദേഹത്തോടുകൂടിയാണ് ജോണ്‍സണ്‍ വീക്ഷിക്കുന്നത്. ജീവിതത്തോട് ഏറ്റവും അടുത്തിരിക്കുന്ന വസ്തുതയാണ് ഏറ്റവും ഹൃദയസ്പര്‍ശകം. ഗംഭീരമായ ട്രാജഡിയെക്കാള്‍ കുടുംബജീവിതം ചിത്രീകരിക്കുന്ന സാധാരണ നാടകങ്ങളോടാണ് ജോണ്‍സന് പ്രീതി. അപരിചിതമായ ജീവിതം അനുവാചകരില്‍ സഹാനുഭൂതി ഉളവാക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. സദാചാരപരതയാണ് രണ്ടാമത്തെ മാനദണ്ഡം. കല നന്മയെ ഉദ്ബോധിപ്പിക്കണം. കവികള്‍ കാവ്യനീതി പാലിക്കണം. യാഥാസ്ഥിതികനായ നിയോക്ളാസ്സിക് നിരൂപകന്റെ നിലപാടില്‍ നിന്ന് ചിലപ്പോഴൊക്കെ ജോണ്‍സന്‍ വ്യതിചലിക്കുന്നുണ്ട്. പ്രാചീനരെ അനുകരിച്ചതുകൊണ്ടുമാത്രം ആരും മഹാന്മാരായിട്ടില്ലെന്നും പഴയസാഹിത്യത്തിന്റെ അനുകരണമല്ല സാധാരണ ജീവിതത്തിന്റെ അനുകരണമാണ് സാഹിത്യമെന്നും അദ്ദേഹം പറയുന്നു.

ചിത്രകലയില്‍. ബോധപൂര്‍വമോ അബോധപൂര്‍വമോ, പ്രാചീന ക്ലാസ്സിക് സങ്കേതങ്ങളുടെ സ്വാധീനം ഏതൊരു കാലത്തേയും കലാസാഹിത്യങ്ങളില്‍ കാലത്തെയും കലാസാഹിത്യങ്ങളില്‍ പ്രതിഫലിക്കാറുണ്ട്. ചിത്രകലയിലും ശില്പകലയിലും ഇത്തരം നിയോക്ലാസ്സിസിസ്റ്റുശൈലികള്‍ വളരെ പ്രകടമാണ്. റോമിലാണ് ഈ അനുകരണക്രമം ഉടലെടുത്തതെങ്കിലും (1750) കാലദേശാന്തരങ്ങള്‍ക്കതീതമായി, കലയും സാഹിത്യവും ക്ലാസ്സിക് അനുകരണ ആരാധനാമാതൃകകളെ നിര്‍മിച്ചെടുത്തിട്ടുണ്ട്. ജെ.ജെ. വിന്‍കല്‍മാനെപ്പോലുള്ള കലാസൈദ്ധാന്തികര്‍ 'വിശുദ്ധവും ലളിതവും ഉദാത്ത'വുമായി ക്ലാസ്സിക് കലയെ നിര്‍വഹിച്ചപ്പോള്‍ വിഷയസ്വീകരണത്തിലും ശൈലിയിലും അതിനെ അനുകരിക്കാനാണ് ഒരു വിഭാഗം ചിത്രകാരന്മാരും ശില്പികളും ശ്രമിച്ചത്. ഇലിയഡ്, ഒഡീസി എന്നീ ഇതിഹാസങ്ങള്‍ക്കുവേണ്ടി ഫ്ളാക്സ്മാന്‍ സ്വീകരിച്ച നിയോക്ലാസ്സിക് ശൈലിയാണ് ഹോമറിന്റെയും പ്ളൂട്ടാര്‍ക്കിന്റെയും ആശയങ്ങള്‍ സ്വീകരിക്കാന്‍ പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരന്മാര്‍ക്ക് പ്രേരണ നല്കിയത്. ഭൂതകാല മാഹാത്മ്യവും ചരിത്രപാരമ്പര്യവുമൊക്കെ പദവിക്കും പരിവേഷത്തിനുമുള്ള മൂല്യബിംബങ്ങളായി മാറിയത് നിയോക്ലാസ്സിസിസ്റ്റ് കലയ്ക്ക് ഉണര്‍വും തെളിച്ചവുമേകി. 'ബറൂക്ക്-റൊകൊക്കോ കല'യുടെ ധാരാളിത്തവും സങ്കീര്‍ണതയും ചിത്രകലയില്‍ നിന്ന് ക്രമേണ നിരസിക്കപ്പെടുകയും ശില്പചാരുതയുടെ മിഴിവുള്ള നിയോ-ക്ലാസ്സിസ്റ്റ് ശൈലി പരക്കെ അംഗീകരിക്കപ്പെടുകയും ചെയ്തു. പുതുമയുടെ നവോത്ഥാനമായിട്ടല്ല ഈ പ്രസ്ഥാനം കലയില്‍ വരവേല്ക്കപ്പെട്ടത്. മറിച്ച്, സദാചാരപരവും തത്ത്വചിന്താപരവും രാഷ്ട്രീയപരവുമായ ചോദനകളാണ് നവക്ളാസ്സിക്വാദത്തെ പ്രോത്സാഹിപ്പിച്ചത്. നിയോക്ലാസ്സിസിസ്റ്റ് ചിത്രകലയുടെ ആത്മാവായി വാഴ്ത്തപ്പെടുന്ന 'ഓത്ത് ഒഫ് ദി ഹെറാത്തി' (Oath of the Horatii) എന്ന രചനയിലൂടെ ജെ.എല്‍. ഡേവിഡ് ക്ലാസിക് പ്രചോദന ഭാവുകത്വത്തിന് മാര്‍ഗം തെളിച്ചു. വീന്‍ (Vien), ഗിരോദേ (Girodet), ഗ്യുറിന്‍ (Gwerin), ബാരി (Barry), ഹാമില്‍ട്ടന്‍ തുടങ്ങിയവരുടെ ചിത്രരചനകള്‍ ആ കാലഘട്ടത്തെ ആവേശഭരിതമാക്കി. ശില്പകലയില്‍ നവക്ളാസ്സിസിസ്റ്റ് ശൈലി പിന്‍തുടര്‍ന്നവരില്‍ പ്രമുഖര്‍ കനോവ, ഷെല്‍ഗല്‍, തോര്‍വാള്‍സെന്‍ എന്നിവരാണ്. വാസ്തുശില്പകലയില്‍ ലിസോക്സ്, റോബര്‍ട്ട് ആദം, ബൌലിദ പിറാനേസി എന്നിവര്‍ മുന്നിട്ടുനിന്നു. ഫ്രാന്‍സില്‍ ഡേവിഡ് തുടക്കമിട്ട ഭാവുകത്വവ്യതിയാനത്തിന് സമാനമായി അമേരിക്കയില്‍ ബെഞ്ചമിന്‍ വെസ്റ്റും ഇംഗ്ളണ്ടില്‍ പ്രോദിഗാള്‍സന്നും ചിത്രകലയെ നിയോ-ക്ളാസ്സിസിസത്തിന്റെ ഭൂമികയാക്കി (1771). യഥാതഥപ്രസ്ഥാനം ചിത്രകലയിലും ശില്പകലയിലും ഉയര്‍ത്തിവിട്ട അലയൊലികള്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെ ചരിത്രദര്‍ശനത്തെയും പുരാവസ്തുശാസ്ത്രത്തെയും പുതിയ രീതിയില്‍ നോക്കിക്കാണാനുള്ള ശിക്ഷണമാണ് നല്കിയത്. ചരിത്രബോധത്തിന്റെ പുനരുജ്ജീവനത്തിനും വികല-ദര്‍ശനത്തിനും ഈ പ്രസ്ഥാനം വഴിയൊരുക്കി. പ്രഭുത്വബോധത്തിലെ സവര്‍ണമാതൃകയുടെ തിരിച്ചുവരയായി നിയോക്ളാസ്സിസിസം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അഭിജാതസങ്കല്പത്തിന്റെ പൂര്‍ത്തീകരണവും സാക്ഷാത്കാരവുമായി നിയോക്ളാസ്സിസിസ്റ്റ് ചിത്രകല വിമര്‍ശിക്കപ്പെട്ടെങ്കിലും കലാവ്യവഹാരരംഗങ്ങളില്‍ സാമൂഹ്യനിഷ്ഠമായൊരു പൊതുബോധം മെനഞ്ഞെടുക്കാന്‍ നവക്ളാസ്സിക്വാദത്തിന് കഴിഞ്ഞു. ക്ലാസ്സിക് കലയുടെ രൂപബിംബമാതൃകകള്‍ ബാഹ്യമായി സൃഷ്ടിച്ചുകൊണ്ട്, മുന്നേറുന്ന ഉത്തരാധുനിക കലാദര്‍ശനത്തിന് പിന്നില്‍ നിയോക്ളാസ്സിസിസത്തിന്റെ ഓര്‍മപ്പെടുത്തല്‍ തന്നെയാണ് തെളിഞ്ഞുകാണുന്നത് എന്നൊരു അഭിപ്രായമുണ്ട്. ചിത്രകലയുടെ മൂശയില്‍ നിന്ന് പിറവികൊണ്ട ആശയങ്ങള്‍ പുത്തന്‍വാസ്തുകലയിലും ശില്പകലയിലും നിയോക്ളാസ്സിസിസത്തിന്റെ ചുവടുപിടിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മ്യൂറല്‍ പെയിന്റിങ്സ്, മുഗള്‍ പെയിന്റിങ് എന്നിവയുടെ അഭൂതപൂര്‍വമായ സ്വീകാര്യത, ഉത്തരാധുനികസമൂഹം അബോധപരമായി ഉള്‍ക്കൊള്ളുന്ന നിയോക്ളാസ്സിക് മനോഭാവത്തെയാണ് തുറന്നു കാട്ടുന്നത്. പഴമയുടെ സാര്‍വജനീനമായ അംഗീകാരവും 'പാരമ്പര്യം' എന്ന ആശയത്തിന്റെ നിലനില്പും ഇന്നും നിലനിര്‍ത്തുന്നതില്‍ നിയോക്ലാസ്സിസ്റ്റ് പ്രസ്ഥാനത്തിന് വലിയ പങ്കുണ്ട്.

Image:oath_of_the_horatii-1784.png

നിയോക്ലാസ്സിസിസത്തിന്റെ യുക്തിപരത, പാരമ്പര്യം, രൂപസമന്വയം എന്നിവയ്ക്ക് പിന്നീട് ഇംഗ്ളണ്ടില്‍ വേരുറപ്പിക്കാനായില്ല. അങ്ങനെയാണ് നിയോക്ലാസ്സിസിസത്തില്‍ നിന്ന് റൊമാന്റിസ്സിസത്തിലേക്കുള്ള സ്വാഭാവികമായ പരിണാമം അവിടെയുണ്ടായത്. ചിട്ടപ്പെടുത്തിയ നിയമങ്ങളില്‍ നിന്നുമോചിതമായ പ്രതിഭാവ്യാപാരത്തെ മാനിച്ച ഷെയ്ക്സ്പിയറെ പോലുള്ളവരുടെ പ്രകൃഷ്ട കൃതികളുടെ സജീവസാന്നിധ്യം സാഹിത്യത്തില്‍ ഏറെ തെളിച്ചമുണ്ടാക്കി. മെല്ലെമെല്ലെസാഹിത്യം തികഞ്ഞ നിയമരാഹിത്യത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും വിശാല വീഥികളിലെത്തുകയും റൊമാന്റിസിസം സര്‍വസ്വതന്ത്രമായി വിഹരിച്ചു തുടങ്ങുകയും ചെയ്തു. ഒരു നൂറ്റാണ്ടിലേറെക്കാലം നിയോക്ളാസ്സിസിസം പടര്‍ന്നു പന്തലിച്ചുനിന്നത് ഉറച്ച വിശ്വാസപ്രമാണങ്ങള്‍ മുറുകെ പിടിച്ചതുകൊണ്ടു മാത്രമാണ്.

(കെ. പ്രകാശ്, എം. സുരേഷ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍