This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിയമനിര്‍മാണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിയമനിര്‍മാണം

Legislation

നിയമ-നീതിശാസ്ത്ര അനുശാസനപ്രകാരം നിയമപ്രക്രിയ(ലീഗല്‍ പ്രോസസ്)യിലുള്ള മൂന്ന് അടിസ്ഥാനഘടകങ്ങളില്‍ ഒന്ന്. നിയമനിര്‍മാണപ്രക്രിയ, നിയമനിര്‍വഹണപ്രക്രിയ; നീതിന്യായപ്രക്രിയ എന്നിവയാണ് മൂന്ന് അടിസ്ഥാന പ്രക്രിയകള്‍.

Image:henry-ii.png

നിയമനിര്‍മാണപ്രക്രിയ എന്നത് വ്യത്യസ്തതലത്തില്‍ പ്രയോഗിക്കാവുന്നതാണ്. ഏറ്റവും വിശാലമായ അര്‍ഥത്തില്‍ ഏതൊരു മാര്‍ഗത്തിലുള്ള നിയമരൂപീകരണവും ഈ പദത്താല്‍ സൂചിപ്പിക്കപ്പെടുന്നു. നിയമജ്ഞരാലോ ന്യായാധിപന്മാരാലോ നിര്‍മിക്കപ്പെട്ട നിയമങ്ങളും ഇതില്‍പ്പെടും. പരിമിത അര്‍ഥത്തില്‍ പരമോന്നതനിയമനിര്‍മാണ സ്ഥാപനമോ അത് നിയുക്തമാക്കുന്നതോ അധികൃതമാക്കുന്നതോ ആയ അധികാരസ്ഥരോ രൂപപ്പെടുത്തുന്ന നിയമനിര്‍മാണം എന്ന് സൂചിപ്പിക്കാം. നിയന്ത്രിത അര്‍ഥത്തില്‍ ഏതെങ്കിലും ഒരു നിയമനിര്‍മാണസഭയുടെ ഇച്ഛാശക്തിയുടെ പ്രതിഫലനമായി രൂപപ്പെടുത്തപ്പെടുന്ന നിര്‍മിതനിയമമെന്നോ ലിഖിതനിയമമെന്നോ സൂചിപ്പിക്കപ്പെടുന്നു.

ആംഗ്ലോ സാക്സണ്‍ നിയമപഠനസമ്പ്രദായത്തില്‍ നിയമനിര്‍മാണത്തെ വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

നിയുക്ത നിയമനിര്‍മാണസഭകള്‍ തയ്യാറാക്കി, ചര്‍ച്ച ചെയ്ത് അംഗീകരിച്ച്, പ്രസിദ്ധീകരിച്ച് പ്രാബല്യം നല്കുന്നതായ നിയമങ്ങള്‍ (നിര്‍മിതനിയമങ്ങള്‍); കോളനി സമൂഹങ്ങള്‍ക്കുവേണ്ടി സാമ്രാജ്യത്വരാഷ്ട്രം രൂപപ്പെടുത്തുന്ന നിയമങ്ങള്‍ (കൊളോണിയല്‍ നിയമങ്ങള്‍); കാര്യനിര്‍വഹണാര്‍ഥം സര്‍ക്കാരിന്റെ ഭരണകാര്യവകുപ്പുകള്‍ രൂപംനല്കുന്ന നിയമങ്ങള്‍ (കാര്യനിര്‍വഹണനിയമം); ന്യായാധികാരസഭകള്‍ അഥവാ ന്യായാധിപന്മാര്‍ വ്യാഖ്യാനിച്ച് പ്രഖ്യാപിക്കുന്ന നിയമങ്ങള്‍ (നീതിന്യായനിയമങ്ങള്‍); തദ്ദേശഭരണസ്ഥാപനങ്ങള്‍ രൂപപ്പെടുത്തുന്ന ഉപനിയമാവലികള്‍ (പ്രാദേശികനിയമങ്ങള്‍); സ്വയംഭരണ സ്ഥാപനങ്ങള്‍ നിയുക്താധികാരമോ നിക്ഷിപ്താധികാരമോ വിനിയോഗിച്ച് രൂപപ്പെടുത്തുന്ന നിയമങ്ങള്‍ (സ്വയം ഭരണനിയമങ്ങള്‍) തുടങ്ങിയവയാണ് ഈ വിഭാഗങ്ങള്‍.

ചരിത്രം. പ്രാചീനസമൂഹത്തില്‍ നിര്‍മിതനിയമങ്ങളെക്കാള്‍ സ്വാഭാവികനീതിക്കും ഗോത്ര നിയമങ്ങള്‍ക്കുമായിരുന്നു സ്വാധീനം. പിന്നീട് അംഗീകൃത ആചാരങ്ങളും വഴക്കങ്ങളും ഉടലെടുത്തു. രാജാധികാരകാലമെത്തുമ്പോഴേക്കും സാമാന്യനീതിക്കും പ്രമാണങ്ങള്‍ക്കും പ്രസക്തി കൈവന്നു. എന്നാല്‍ രാജശാസനയെ പിന്തുണയ്ക്കാനും കുറ്റമറ്റതാക്കാനുമായി വിവിധരംഗങ്ങളില്‍ വൈദഗ്ധ്യം നേടിയവരുടെ സഭ രൂപീകരിക്കപ്പെട്ടിരുന്നതായി കാണാം. അത്തരം രാജസഭകള്‍ രാജനീതിയുടെ അടിത്തറയായ തത്ത്വങ്ങള്‍ക്കും അവയുടെ പ്രയോഗത്തിനും രൂപംനല്കിയിരുന്നതായും കാണാം. നികുതി നിരക്ക്, നിര്‍മിതികള്‍, മരാമത്ത്, ഭരണപരിഷ്കാരങ്ങള്‍, ശിക്ഷാക്രമങ്ങള്‍ മുതലായവയുടെ കാര്യത്തില്‍ ഈ ഇടപെടല്‍ ദര്‍ശിക്കാം. രാജശാസനങ്ങളുടെ പരിപാലനകര്‍ത്താക്കളും ഉപദേശകരും എന്നതിനപ്പുറം സ്വതന്ത്രവും സ്വയംനിര്‍ണയക്ഷമവുമായ നിയമനിര്‍മാണാധികാരം ഇത്തരം സഭകള്‍ക്കുണ്ടായിരുന്നില്ല. ഗ്രീസ്, റോം, ഇംഗ്ളണ്ട്, ഇന്ത്യ, ബാബിലോണിയ, മെസൊപ്പൊട്ടേമിയ എന്നിവിടങ്ങളിലെല്ലാം ഇത്തരം സഭകള്‍ നിലനിന്നിരുന്നു. ക്രമേണ ഭരണാധികാരിയും ഭരണവിധേയരും തമ്മിലുള്ള ആശയവിനിമയ വേദികള്‍ ഉടലെടുത്തു. നഗരപ്രമാണിമാര്‍, നാട്ടുപ്രമാണിമാര്‍, പൌരജനങ്ങള്‍ തുടങ്ങിയവരുമായി സംവദിക്കുന്നതിനായുള്ള ഇത്തരം സദസ്സുകളാണ് പില്ക്കാല നിയമനിര്‍മാണസഭകളുടെ പ്രാഗ്രൂപം. 16-ാം നൂറ്റാണ്ടാകുമ്പോഴേക്കും ബ്രിട്ടനില്‍ പ്രഭുസഭയും പ്രജാസഭയും ഉള്‍ക്കൊള്ളുന്ന പാര്‍ലമെന്റും, 18-ാം നൂറ്റാണ്ടിലെത്തിയപ്പോഴേക്കും അമേരിക്കയില്‍ ഉപരിസഭയും അധോമണ്ഡലസഭയും ഉള്‍പ്പെടുന്ന പാര്‍ലമെന്റും രൂപപ്പെട്ടു. ഇക്കാലയളവില്‍ത്തന്നെ ന്യായാധികാര്യസ്ഥര്‍ പ്രഖ്യാപിക്കുന്ന വിധിപ്രസ്താവങ്ങളും പ്രാമാണികമായി നിലനിന്നതായി കാണാം. നിയമനിര്‍മാണത്തിന്റെ മൂന്നാമത്തെ ശ്രേണിയായി മതാചാര്യന്മാരുടെയും തിരുസഭകളുടെയും കല്പനളും അനുവര്‍ത്തിച്ചു പോന്നിട്ടുണ്ട്. രാജാധികാരി, ന്യായാധികാരി, മതാധികാരി എന്നിങ്ങനെ മൂന്ന് ഉറവിടങ്ങളില്‍ നിന്നായി നിയമ-നീതി തത്ത്വങ്ങള്‍ രൂപപ്പെടുകയും പലപ്പോഴും ഇവ സമാന്തരമായി നിലനില്ക്കുകയും ചിലപ്പോഴൊക്കെ പരസ്പരം വിരുദ്ധമായിമാറുകയും ചെയ്തിട്ടുണ്ട്. ഇംഗ്ളണ്ടില്‍ 1154-89 കാലയളവില്‍ ഹെന്റി കകന്റെ ഭരണത്തില്‍ നിലവിലിരുന്ന അസീസ്സെയും അതിന്റെ കൂടിയിരുപ്പും തീരുമാനവും ഈ സംവിധാനത്തിന്റെ മികച്ച ഉദാഹരണമാണ്. സ്വത്തവകാശസംബന്ധിയായ നിയമങ്ങള്‍, അവയുടെ പ്രാബല്യം, തത്സംബന്ധമായ തര്‍ക്കങ്ങളില്‍ ന്യായവിചാരണയും പരിഹാരത്തീര്‍പ്പും, പ്രാദേശികവിഷയങ്ങളില്‍ ക്ളര്‍ജിയുടെ തീരുമാനവും ഇവയെല്ലാം ഒന്നിച്ച് നിലനില്ക്കുന്ന ഘട്ടമായി ഇതിനെ കാണാം. ക്രമേണ ഫ്യൂഡല്‍ഭൂപ്രഭുക്കള്‍ക്കുമേല്‍ കൈവശഭൂമിക്ക് നികുതിനിരക്ക് ഏര്‍പ്പെടുത്തുന്ന നിയമനിര്‍ദേശം ചക്രവര്‍ത്തിസഭയില്‍ രൂപപ്പെടുന്നു. അതുമായി ബന്ധപ്പെട്ട സംവാദം തിരുസഭയുടെ ചര്‍ച്ചാരേഖയായി സമാഹൃതമാകുന്നു. ഇന്നു കാണുന്ന നിയമനിര്‍മാണപ്രക്രിയയുടെ പ്രാഥമികരൂപമായി ഇതിനെ മനസ്സിലാക്കാം.

1215-ല്‍ നിര്‍ദേശിക്കപ്പെടുകയും തുടര്‍ന്ന് 1216, 1217, 1225 എന്നീ ഘട്ടങ്ങളില്‍ പരിഷ്കരിക്കപ്പെടുകയും ചെയ്ത വിശ്വപ്രസിദ്ധമായ 'മാഗ്നാകാര്‍ട്ട'യുടെ രൂപീകരണമാണ് ഈ ചരിത്രവികാസത്തിലെ മറ്റൊരേട്. എന്നാല്‍ ന്യായാധിപരുടെ ന്യായവിധി പ്രസ്താവങ്ങള്‍ തുടര്‍ന്നും നിയമനിര്‍മാണത്തിന്റെ ഒരു സ്രോതസ്സായി (വഴക്കങ്ങള്‍) നിലനിന്നുപോന്നു.

ത്രിഭാഗസിദ്ധാന്തത്തിന്റെ പ്രസക്തി. സമൂഹം-ജനത-രാഷ്ട്രം എന്ന നിയതമായ അതിരുകള്‍ക്കുള്ളില്‍ മനുഷ്യരാശി ക്രമീകൃതമായതിനെത്തുടര്‍ന്ന് ഒട്ടേറെ വ്യതിയാനങ്ങള്‍ സംഭവിച്ചു. കേവല നിയമക്രമപാലകരാഷ്ട്രം എന്നതില്‍നിന്ന് മത്സരാധിഷ്ഠിത സ്വതന്ത്രരാഷ്ട്രം എന്ന നിലയിലേക്കും അതില്‍ നിന്ന് പൊലീസ് സ്റ്റേറ്റിലേക്കും വീണ്ടും സമ്പൂര്‍ണസ്വാതന്ത്ര്യതലത്തിലേക്കും ഒടുവില്‍ ക്ഷേമരാഷ്ട്ര ഘടനയിലേക്കും രാഷ്ട്രസംവിധാനം പരിണമിക്കുന്നുണ്ട്. ഇതനുസരിച്ച് നിയമനിര്‍മിതിയുടെ അധികാരകേന്ദ്രങ്ങളും മാറിവരുന്നുണ്ട്.

Image:Magna Carta.png

ആധുനിക ക്ഷേമരാഷ്ട്രസമ്പ്രദായത്തിന്റെ ഘട്ടത്തില്‍ ഏതെങ്കിലും ഒരു ബിന്ദുവിലോ ഘടകത്തിലോ അധികാരങ്ങള്‍ കേന്ദ്രീകരിക്കപ്പെടുന്നത് അപകടകരവും അനുചിതവും ആയിരിക്കുമെന്ന നിരീക്ഷണം ശക്തമായി. മൊണ്‍ടെസ്ക്യുവും സഹചാരികളും ഈ ഘട്ടത്തില്‍ മുന്നോട്ടുവച്ചതാണ് അധികാരത്തിന്റെ ത്രിഭാഗസിദ്ധാന്തം. ഇതിന്റെ ഫലമായി രാഷ്ട്രത്തില്‍ നിക്ഷിപ്തമായ അധികാരം മൂന്ന് മുഖ്യസ്തംഭങ്ങളിലേക്കായി വിഭജിക്കപ്പെട്ടു. ഒന്ന് നിയമനിര്‍മാണം, രണ്ട് കാര്യനിര്‍വഹണം, മൂന്ന് നീതിന്യായം. ഇതില്‍ നിയമനിര്‍മാണസഭ തയ്യാറാക്കുന്ന നിയമങ്ങള്‍ മുഖ്യസ്രോതസ്സായും നിയമനിര്‍മാണസഭ തയ്യാറാക്കുന്ന നിയമങ്ങളെ നിയമവിധേയമായ അധികാരമുപയോഗിച്ച് വ്യാഖ്യാനിച്ച് കാര്യനിര്‍വഹണവിഭാഗം തയ്യാറാക്കി വിജഞാപനം ചെയ്യുന്ന നിയമ-ചട്ടങ്ങളെ ഉപനിയമങ്ങള്‍ എന്നും പരിഗണിച്ചുതുടങ്ങി.


നിയമനിര്‍മാണത്തിന്റെ മേന്മ. ഇതര നിയമസ്രോതസ്സുകളെ അപേക്ഷിച്ച് ഇതുവഴി രൂപപ്പെടുന്ന നിയമങ്ങള്‍ക്ക് മേന്മകളേറെയുണ്ട്-നിരന്തരം പരിഷ്കരിക്കാനും ഭേദഗതിചെയ്യാനും തെറ്റുകുറ്റങ്ങള്‍ തിരുത്താനുമുള്ള അവസരം, കാര്യക്ഷമവും പ്രയോഗക്ഷമവും ആയ നിയമവ്യവസ്ഥകള്‍ രൂപപ്പെടുത്താനുള്ള സന്ദര്‍ഭം, ആവശ്യവും സാധ്യതയും തിരിച്ചറിഞ്ഞ് അഭിപ്രായ സമന്വയത്തിലൂടെ നിയമങ്ങള്‍ക്ക് രൂപം നല്കാനുളള അവസരം, നിലവിലുള്ള സ്ഥിതി; ഭൂതകാലസാഹചര്യം; ഭാവി ആവശ്യകത ഇവ മൂന്നും പരിഗണിക്കാനാകുന്നുവെന്നത്, ചട്ടക്കൂടുകളും കേന്ദ്രനയങ്ങളും നിര്‍വചിച്ചുറപ്പാക്കുവാനും മുന്‍കൂട്ടിയുള്ള നിയമ-ചട്ടരൂപീകരണത്തിനുള്ള അവസരം ലഭിക്കുന്നുവെന്നത് എന്നിവയാണവ.

Image:Magna Carta 2.png

ഇക്കാരണങ്ങളാല്‍ സമൂഹഘടന, കാലഘട്ടം, ജീവിതസാഹചര്യം, സ്വഭാവസവിശേഷതകള്‍, ഭാവിമാറ്റങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി നിയമനിര്‍മാണവും പരിഷ്കരണവും ഇതുവഴി സാധ്യമാകുന്നു എന്നതാണ് നിര്‍ണായകസവിശേഷത.

(എ. സുഹൃത്കുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍