This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിമറ്റോഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിമറ്റോഡ

Nematoda

അഖണ്ഡ ശരീരത്തോടുകൂടിയ വിരകള്‍ ഉള്‍പ്പെട്ട ഫൈലം. നിമറ്റോഡയുടെ വര്‍ഗീകരണത്തെപ്പറ്റി ജന്തുശാസ്ത്രജ്ഞര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലവിലുണ്ട്. ചിലര്‍ നിമറ്റോഡയെ വര്‍ഗമായും, ഗോത്രമായും പരിഗണിക്കുമ്പോള്‍ കൂടുതല്‍ പേരും ഒരു പ്രത്യേക ഫൈലം ആയാണ് പരിഗണിക്കുന്നത്. 'നൂല്‍ പോലുള്ളത്' എന്നര്‍ഥമുള്ള നിമറ്റോയിഡിയ (Nematoidea) എന്ന ഗ്രീക്കു പദത്തില്‍നിന്നാണ് 'നിമറ്റോഡ' എന്ന ആംഗലേയപദം നിഷ്പന്നമായിട്ടുള്ളത്. മെലിഞ്ഞ നേര്‍ത്ത ശരീരത്തോടുകൂടിയ ഈ വിരകള്‍ നൂലിനെ അനുസ്മരിപ്പിക്കുന്നതിനാല്‍ ഇവ നൂല്‍പ്പുഴുക്കള്‍ എന്ന പേരിലും അറിയപ്പെടുന്നു.

അകശേരുകികളില്‍ മൊളസ്ക, ആര്‍ത്രോപോഡ എന്നിവ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഫൈലമാണ് നിമറ്റോഡ. ഇതില്‍ ഏകദേശം 15,000-20,000 സ്പീഷീസ് ഉള്‍പ്പെടുന്നു. നിമാറ്റ (Nemata) എന്നും ഈ ഫൈലത്തിന് പേരുണ്ട്. സ്വതന്ത്രമായി ജീവിക്കുന്നതോ സസ്യങ്ങളിലും ജന്തുക്കളിലും പരാദമായി വളരുന്നതോ ആയ വിരകളാണ് നിമാറ്റയിലെ അംഗങ്ങള്‍. ഉരുളന്‍ വിരകള്‍ (round worms), ചാട്ടവിരകള്‍ (whip worms), കൊളുത്തുവിരകള്‍ (hook worms), ഗിനിപ്പുഴുക്കള്‍, കൊക്കോപ്പുഴുക്കള്‍ എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന ചില നിമറ്റോഡ് വിരകള്‍. ശുദ്ധജലം, ഉപ്പുചതുപ്പ്, ജീര്‍ണിച്ച ജൈവ പദാര്‍ഥങ്ങള്‍, ധ്രുവപ്രദേശം തുടങ്ങി ഏത് ചുറ്റുപാടിലും നിമറ്റോഡുകള്‍ വളരും. ഉയര്‍ന്ന താപനിലയിലും, അമ്ളം നിറഞ്ഞ മണ്ണിലും നിമറ്റോഡുകള്‍ വളരുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

Image:Roundworm.png

ഏതാനും മി.മീ. മുതല്‍ എട്ട് മീ. വരെ നീളമുള്ളവയാണ് നിമറ്റോഡ് വിരകള്‍. (എങ്കിലും ഭൂരിഭാഗത്തിനും നീളം വളരെ കുറവാണ്). ഇവയുടെ വലിപ്പത്തില്‍ പ്രകടമായ വ്യത്യാസമുണ്ടെങ്കിലും ശരീരഘടനയില്‍ ഐകരൂപ്യം കാണാം. മെലിഞ്ഞു കൂര്‍ത്ത രണ്ട് അഗ്രങ്ങളോടുകൂടിയ ഇവയുടെ ശരീരത്തിന് പൊതുവേ വെളുത്ത നിറമാണ്. ശരീരത്തിന്റെ തിരശ്ചീന (horizontal) ഛേദത്തിന് വൃത്താകൃതിയാണ്. അതിനാല്‍ നിമറ്റോഡ് വിരകള്‍ റൌണ്ട് വേം (round worm) എന്ന പൊതുനാമത്തിലും അറിയപ്പെടുന്നു. ശരീരത്തെ തല, കഴുത്ത്, വാല്‍ എന്നിങ്ങനെ വേര്‍തിരിച്ച് മനസ്സിലാക്കുക ദുഷ്കരമാണ്. ദ്വിപാര്‍ശ്വ സമമിതി(bilaterally)യോട് കൂടിയ ശരീരമാണ് നിമറ്റോഡ് വിരകളുടെ മറ്റൊരു സവിശേഷത.

Image:Nematode.png

നിമറ്റോഡ് വിരകളുടെ ശരീരം, സ്ക്ളീറോ പ്രോട്ടീനുകള്‍ കൊണ്ട് നിര്‍മിതമായ ക്യൂട്ടിക്കിള്‍ എന്ന ആവരണത്താല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ക്യൂട്ടിക്കിളിന്, നാല് പാളികളുണ്ട്. എപ്പിക്യൂട്ടിക്കിള്‍, എക്സോക്യൂട്ടിക്കിള്‍, മീസോ ക്യൂട്ടിക്കിള്‍, എന്‍ഡോക്യൂട്ടിക്കിള്‍ എന്നിവയാണവ. ഇതിനും താഴെയാണ് അധശ്ചര്‍മം (hypodermis) സ്ഥിതി ചെയ്യുന്നത്. ഹൈപ്പോഡെര്‍മിസിനു താഴെയായി ദീര്‍ഘഅക്ഷനിലയില്‍ സ്ഥിതി ചെയ്യുന്ന പേശീകലകള്‍ കാണപ്പെടുന്നു. ഈ പേശീകലകളില്‍ നിന്നും സവിശേഷരീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ചില പ്രക്ഷേപങ്ങള്‍ (projection) കാണാം. ഇത്തരം ക്രമീകരണം ജന്തുലോകത്തില്‍ നിമറ്റോഡ ഫൈലത്തിന്റെ മാത്രം പ്രത്യേകതയാണ്. പേശീകലകള്‍ എല്ലാംതന്നെ ശരീരഅറയെ ചുറ്റിയ നിലയിലാണ് കാണപ്പെടുന്നത്. സ്യൂഡോസീലം എന്നറിയപ്പെടുന്ന ശരീര അറയില്‍ ഒരു പ്രത്യേക ദ്രാവകം നിറഞ്ഞിരിക്കും. ഇതിനുള്ളിലാണ് ആന്തരാവയവങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

നിവര്‍ന്നതും മടക്കുകളില്ലാത്തതുമായ ഒരു കുഴലാണ് (tube) ദഹനവ്യൂഹത്തെ പ്രതിനിധാനം ചെയ്യുന്നത്. ശരീരത്തിന്റെ മുന്‍ഭാഗത്തുള്ള വായ, സ്റ്റോമ എന്ന ഒരു അറയിലേക്ക് തുറക്കുന്നു. സ്റ്റോമയ്ക്കുള്ളില്‍ പല്ലുകള്‍, ശൂകിക (stylet) എന്നിവ ക്രമീകരിച്ചിരിക്കുന്നു. എന്നാല്‍ സസ്യഭോജികളില്‍ പല്ലുകള്‍ കാണപ്പെടുന്നില്ല. ഇവയിലെ പൊള്ളയായ ശൂകികകള്‍ സസ്യങ്ങളില്‍ നിന്നുള്ള ദ്രവം വലിച്ചെടുക്കാന്‍ സഹായിക്കുന്നു. പൊതുവേ ജലത്തിന്റെ രൂപത്തിലോ പകുതി ദഹിച്ച ആഹാരത്തിന്റെ രൂപത്തിലോ ആണ് ആഹാരം ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നത്. രക്തം, സസ്യദ്രവം, അഴുകിയ ജൈവപദാര്‍ഥം, കുടലില്‍നിന്നുമുള്ള ദഹിച്ച ആഹാരപദാര്‍ഥം തുടങ്ങിയവയാണ് നിമറ്റോഡ് വിരകളുടെ സാധാരണ ഭക്ഷണം. സ്റ്റോമയില്‍നിന്നും ഭക്ഷണം നേരെ ഗ്രസനി (pharynx) യിലെത്തുന്നു. ഗ്രസനിയില്‍നിന്നും ചെറുകുടലിലെത്തുന്ന ഭക്ഷണം, എന്‍സൈമുകളുടെ സഹായത്താല്‍ ദഹിക്കപ്പെടുന്നു. ചെറുകുടലിന്റെ അഗ്രഭാഗത്താണ് മലാശയം സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്നും വിസര്‍ജ്യവസ്തുക്കള്‍ ശരീരത്തിന്റെ പിന്‍ഭാഗത്തായുള്ള ഒരു സുഷിരത്തിലൂടെയോ കുഴലിലൂടെയോ പുറന്തള്ളപ്പെടുന്നു. എന്നാല്‍ ശരീരത്തിലെ നൈട്രോസംയുക്തങ്ങള്‍ അമോണിയയുടെ രൂപത്തില്‍ ശരീരഭിത്തിയിലൂടെയാണ് പുറന്തള്ളപ്പെടുന്നത്. വിശേഷവല്‍ക്കരിക്കപ്പെട്ട ശ്വസനവ്യൂഹത്തിന്റെ അഭാവമാണ് നിമറ്റോഡുകളുടെ മറ്റൊരു പ്രത്യേകത. മിക്കവാറും ഇനങ്ങളിലും ശരീരസ്രവമാണ് ശ്വസനത്തെ സഹായിക്കുന്നത്. ക്യൂട്ടിക്കിളിലൂടെ ആഗിരണം ചെയ്യപ്പെടുന്ന ഓക്സിജന്‍ ശരീരദ്രവത്തിലൂടെ ആന്തരാവയവങ്ങളിലേക്ക് വിസരണം ചെയ്യപ്പെടുകയാണ് പതിവ്.

ഒരു നാഡീവളയവും അതിനോടനുബന്ധിച്ചുള്ള നാഡികളും ചേര്‍ന്നതാണ് നാഡീവ്യൂഹം. ശരീരത്തിന്റെയത്ര നീളമുള്ള നാല് നാഡികളാണ് കാണപ്പെടുക. ഇവ ശരീരത്തില്‍ അപാക്ഷം (dorsal), അധരം (ventral), പാര്‍ശ്വ (lateral) മേഖലകളിലായി വിന്യസിച്ചിരിക്കുന്നു. ശരീരം മുഴുവന്‍ സംവേദക ലോമങ്ങളും പാപ്പില്ലകളുംകൊണ്ട് ആവണം ചെയ്തിരിക്കുന്നു. ഇവ സ്പര്‍ശം പോലുള്ള സംവേദനങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്നു. ഇതിനുപുറമേ തലയില്‍ ആംഫിഡ് എന്ന ഒരു ജോടി രന്ധ്രങ്ങളുണ്ട്. നാഡീകോശങ്ങളാല്‍ സമ്പന്നമായ ഇവ രാസസംവേദക അവയങ്ങളാണ്.

Image:elephantiasis.png

മിക്ക നിമറ്റോഡുകളും ഏകലിംഗികളാണ്. ഹെര്‍മാഫ്രൊഡൈറ്റുകളും വിരളമല്ല. ലൈംഗിക പ്രജനനമാണ് സാധാരണം. എന്നാല്‍ ചില സ്പീഷീസുകള്‍ പാര്‍ത്തനോജനസിലൂടെയും പ്രജനനം നടത്താറുണ്ട്. പൊതുവേ ആണ്‍ വിരകള്‍, പെണ്‍ വിരകളെ അപേക്ഷിച്ച് വലുപ്പം കുറഞ്ഞവയാണ്. ബീജസങ്കലനത്തിനുശേഷം, ഉണ്ടാകുന്ന മുട്ടകള്‍ക്ക് ചുറ്റും ഒരു നേരിയ കവചം (shell) രൂപം കൊള്ളുന്നു. വിരകളുടെ സ്വഭാവ(സ്വതന്ത്ര ജീവിയാണോ, പരാദമാണോ)മനുസരിച്ച് മുട്ടകള്‍ വിരിയുന്ന സമയവും സന്ദര്‍ഭവും വ്യത്യാസപ്പെട്ടിരിക്കുന്നു.

സ്വതന്ത്രമായി ജീവിക്കുന്ന വിരകളുടെ മുട്ടകള്‍ വിരിഞ്ഞുണ്ടാകുന്ന ലാര്‍വകള്‍, തികച്ചും മുതിര്‍ന്ന വിരയെപ്പോലെയായിരിക്കും. എന്നാല്‍ ഇവയില്‍ പ്രത്യുത്പാദനവ്യൂഹം പക്വമാകില്ല എന്നതാണ് വ്യത്യാസം. ലാര്‍വ, പൂര്‍ണ വളര്‍ച്ചയെത്തിയ വിരയാകുമ്പോഴേക്കും ക്യൂട്ടിക്കിള്‍ നാല് തവണ കൊഴിഞ്ഞിട്ടുണ്ടാകും. ഓരോ സ്പീഷീസിലെയും ലാര്‍വകളുടെ ആഹാരം തികച്ചും വ്യത്യസ്തമാണ്. ലാര്‍വകളുടെ വളര്‍ച്ചാഘട്ടം പരിസ്ഥിതിയിലെ ചൂട്, പ്രകാശം, ആര്‍ദ്രത എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

പരാദമായി ജീവിക്കുന്ന നിമറ്റോഡ് വിരകളുടെ ജീവിതചക്രം തികച്ചും സങ്കീര്‍ണമാണ്. ആതിഥേയ ജന്തു അല്ലെങ്കില്‍ സസ്യത്തിന്റെ ശരീരത്തിനുള്ളില്‍ എത്തിയതിനുശേഷമാണ് ലാര്‍വകളുടെ വളര്‍ച്ചാഘട്ടം ആരംഭിക്കുന്നത്. ആതിഥേയരുടെ ശരീരനിലയാണ് ഈ ലാര്‍വകളുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നത്. അനുയോജ്യമായ സാഹചര്യം എത്തുന്നതുവരെ സുഷുപ്താവസ്ഥയില്‍ തുടരാനും മിക്ക നിമറ്റോഡ് ലാര്‍വകള്‍ക്കും കഴിയും. ഏത് പരിതസ്ഥിതിയും അതിജീവിക്കാന്‍ കഴിയുന്ന ശരീരഘടന ഈ വിരകള്‍ ആര്‍ജ്ജിച്ച മറ്റൊരു അനുകൂലനമാണ്.

നിമറ്റോഡുകളില്‍ പരാദമായി വര്‍ത്തിക്കുന്നവയെയും സ്വതന്ത്രമായി ജീവിക്കുന്നവയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സംക്രമഘട്ടത്തിലുള്ള ചിലതുണ്ട്. ഇവ, ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ പരാദമായും മറ്റൊരു ഘട്ടത്തില്‍ സ്വതന്ത്രമായും ജീവിക്കുന്നു. ഉദാ. ഹെയര്‍ വേം എന്ന പേരില്‍ അറിയപ്പെടുന്ന മെര്‍മിസ് (Mermis) ലാര്‍വാ ഘട്ടത്തില്‍ പരാദമായും പക്വമാകുമ്പോള്‍ സ്വതന്ത്രമായും ജീവിക്കുന്ന നിമറ്റോഡ് വിരയാണ്. എന്നാല്‍ ആണ്‍കൈലോസ്റ്റോമ, സ്ട്രോന്‍ഗൈലസ് എന്നിവയാകട്ടെ ലാര്‍വാഘട്ടത്തില്‍ സ്വതന്ത്രമായും പക്വമാകുമ്പോള്‍ പരാദമായും വളരുന്നവയുമാണ്.

വര്‍ഗീകരണം. നിമറ്റോഡയെ അവയവങ്ങളുടെ എണ്ണം, സ്ഥാനം എന്നിവയെ അടിസ്ഥാനമാക്കി പ്രധാനമായും അഡിനോഫോറിയ, സെസെര്‍നെന്റിയ എന്നിങ്ങനെ രണ്ട് വര്‍ഗങ്ങളായി തിരിച്ചിരിക്കുന്നു. ഭൂരിഭാഗവും സ്വതന്ത്രമായി ജീവിക്കുന്ന വിരകളുടെ വര്‍ഗമാണ് അഡിനോഫോറിയ. അഡിനോഫോറിയയിലെ അംഗങ്ങളില്‍ നാല് പാളി ക്യൂട്ടിക്കിള്‍ കാണപ്പെടുന്നു. ക്യൂട്ടിക്കിളിന്റെ ഉപരിഭാഗം മൃദുവായിരിക്കും. എന്നാല്‍ ക്രൊമാഡോറിയ ഉപവര്‍ഗത്തിലെ അംഗങ്ങളില്‍ ക്യൂട്ടിക്കിളിന് നിരവധി അലങ്കാരങ്ങള്‍ ഉണ്ടായിരിക്കും. ഇവയുടെ കുഴലിന്റെ ആകൃതിയിലുള്ള അന്നനാളത്തില്‍ മൂന്നോ (ഉദാ. ക്രോമഡോറിയ) അഞ്ചോ (ഉദാ. എനോപ്ലിയ) ഗ്രന്ഥികളും ഉണ്ടായിരിക്കും. സാധാരണയായി വിസര്‍ജനവ്യൂഹത്തില്‍ ഒരു സുഷിരം മാത്രമേ ഉണ്ടാകൂ.

സസ്യങ്ങളിലും ജന്തുക്കളിലും പരാദമായി വളരുന്നവയാണ് സെസെര്‍നെന്റിയയിലെ വിരകള്‍. സെസെര്‍നെന്റിയയിലെ അംഗങ്ങളില്‍ നാല് പാളി ക്യൂട്ടിക്കളോടുകൂടിയവയും രണ്ട് പാളി ക്യൂട്ടിക്കിളോടുകൂടിയവയും ഉണ്ടായിരിക്കും (ഉദാ. ഡിപ്ലോഗാസ്റ്റെറിയ). ക്യൂട്ടിക്കിളിന്റെ ഉപരിഭാഗത്ത് തിരശ്ചീന ദിശയില്‍ നിരവധി വരകളും കാണാം. അന്നനാളം ഓരോ ഗോത്രത്തിലും വ്യത്യസ്തമായ ആകൃതില്‍ കാണപ്പെടുന്നു. സാധാരണയായി അന്നനാളത്തില്‍ മൂന്ന് ഗ്രന്ഥികള്‍ ഉണ്ടായിരിക്കും. ജോടികളായോ അല്ലാതെയോ കാണപ്പെടുന്ന കുഴലുകളാണ് വിസര്‍ജനവ്യൂഹത്തെ പ്രതിനിധാനം ചെയ്യുന്നത്.

Image:tomatorootknot.png Image:nematode 1.png

നിമറ്റോഡ് ഫൈലത്തിലെ പരാദവിരകള്‍ സസ്യങ്ങളെയും ജന്തുക്കളെയും ഒരുപോലെ ബാധിക്കുന്നു. ത്വക്കില്‍ക്കൂടി നേരിട്ടോ, ഭക്ഷണത്തില്‍ക്കൂടിയോ, മറ്റു ജീവികളുടെ സഹായത്താലോ ആണ് ഇവ ആതിഥേയ ജന്തുവിന്റെ/സസ്യത്തിന്റെ ശരീരത്തില്‍ പ്രവേശിക്കുന്നത്.

നിമറ്റോഡ് വിരകള്‍ മനുഷ്യരില്‍ സൃഷ്ടിക്കുന്ന ഒരു സാധാരണ രോഗമാണ് അസ്കാരിയാസിസ്. അസ്കാരിസ് ലുംബ്രിക്കോയ്ഡെസ് (Ascaris lumbricaides) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന വിരകളാണ് രോഗഹേതു. കുടലില്‍ പറ്റിപ്പിടിച്ചു വളരുന്ന ഈ വിരകള്‍ കാലക്രമത്തില്‍ ശ്വാസകോശം, ശ്വസനപഥം എന്നിവയിലേക്ക് വ്യാപിക്കുന്നു. പനി, വയറിളക്കം എന്നിവയാണ് അസ്കാരിയാസിസിന്റെ പ്രധാന രോഗലക്ഷണങ്ങള്‍.

ട്രിക്കിനെല്ല സ്പൈറാലിസ് (Trichinella spiralis) എന്ന നിമറ്റോഡ് വിരബാധമൂലം മനുഷ്യരിലുണ്ടാകുന്ന രോഗമാണ് ട്രിക്കിനോസിസ്. ശരിയായി പാകംചെയ്യാത്ത മാംസം കഴിക്കുന്നതിലൂടെയാണ് വിര ശരീരത്തില്‍ പ്രവേശിക്കുന്നത്. പൊതുവേ നൂല്‍പ്പുഴുക്കള്‍ എന്നറിയപ്പെടുന്ന പിന്‍വേം ആണ് മനുഷ്യരെ ബാധിക്കുന്ന മറ്റൊരു പ്രധാന നിമറ്റോഡ് വിര. എന്ററോബിയസ് വെര്‍മിക്കുലാറിസ് (Enterobius vermicularis) എന്ന ഇനം നൂല്‍പ്പുഴുക്കള്‍ പ്രധാനമായും കുട്ടികളില്‍ കാണപ്പെടുന്ന നിമറ്റോഡാണ്. വെളുത്ത നൂലുപോലുള്ള ശരീരത്തോടുകൂടിയ ഈയിനം വിരകള്‍ക്ക് ഒരു സെ.മീ. മാത്രമേ നീളമുള്ളൂ. ശുചിത്വമില്ലാത്ത ഭക്ഷണത്തിലൂടെ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്ന ഇവ മലാശയത്തില്‍ എത്തുന്നതോടെ ദിവസവും 15,000-ലധികം മുട്ടകള്‍ ഇടുന്നു. മലദ്വാരത്തിനു ചുറ്റുമുണ്ടാകുന്ന ചൊറിച്ചില്‍ ആണ് ഈ വിരബാധയുടെ പ്രധാന ലക്ഷണം. കുട്ടികളെ ബാധിക്കുന്ന മറ്റൊരു നിമറ്റോഡ് വിരയാണ് നെകേറ്റര്‍ അമേരിക്കാനസ്. കൊളുത്തുവിര(hook worm)കളുടെ ഗണത്തില്‍പ്പെട്ട ഇവയുടെ ലാര്‍വകള്‍, ത്വക്കിനുള്ളിലൂടെയാണ് ശരീരത്തില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് രക്തത്തിലൂടെ സഞ്ചരിച്ച് ചെറുകുടലിലെത്തി അവിടെ വളരുന്നു. വയറുവേദന, വിളര്‍ച്ച, വയറിളക്കം തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.

ചാട്ടവിര (whip worm) ഇനത്തില്‍പ്പെട്ട ട്രിക്കുറിസ് ട്രിക്ക്രിയുറ (Trichuris trichiura), സ്ട്രോണ്‍ഗൈലോയിഡെസ് സ്റ്റെര്‍ക്കോറാലിസ് (Strongyloides sterocoralis) എന്നിവയാണ് മനുഷ്യരെ ബാധിക്കുന്ന മറ്റു പ്രധാന നിമറ്റോഡ് വിരകള്‍.

ഫൈലേറിയോയിഡെ സൂപ്പര്‍ കുടുംബത്തില്‍പ്പെട്ട നിമറ്റോഡ് വിരകളാണ് മന്തുരോഗ(Elephantiasis)ത്തിനു ഹേതു. ഫൈലേറിയ ബാങ്ക്രോഫ്റ്റി (Filaria bancrofti) ആണ് ഈ രോഗത്തിനു ഹേതുവായ പ്രധാന നിമറ്റോഡ് വിര. ഇവ മനുഷ്യരുടെ ലിംഫ് ഗ്രന്ഥികളിലും ലിംഫ് കുഴലുകളിലുമാണ് വസിക്കുന്നത്. വിരകളുടെ ആധിക്യം ലിംഫിന്റെ പ്രവാഹത്തിനു തടസ്സം സൃഷ്ടിക്കുന്നതിനാല്‍ പ്രസ്തുത ഗ്രന്ഥികളും കുഴലുകളും വീര്‍ക്കുന്നു. തത്ഫലമായി ഈ ഗ്രന്ഥികളോട് ബന്ധപ്പെട്ട പേശികള്‍ക്കും വീക്കമുണ്ടാക്കുന്നു. ഈ അവസ്ഥയാണ് മന്ത്. മന്തുരോഗത്തിന് കാരണമാവുന്ന ഈ വിരയുടെ ലാര്‍വ മനുഷ്യശരീരത്തിനുള്ളില്‍ വെച്ചല്ല, മറിച്ച് ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളിലാണ് വളരുന്നത്. ഇവ കൊതുകിന്റെ ഉമിനീരിലായിരിക്കും കാണപ്പെടുക. കൊതുക് മനുഷ്യരക്തം കുടിക്കുന്നതിനുമുമ്പ് ഉമിനീര് കുത്തിവയ്ക്കുന്നതോടെ ഇവ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നു.

ഡൈറോഫൈലേറിയ ഇമ്മിറ്റസ്, ടോക്സോകാര കാനിസ് എന്നിവ നായ, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെ ബാധിക്കുന്ന നിമറ്റോഡുകളാണ്. ഹീമോണ്‍കസ് കോണ്‍ടോര്‍ട്ടസ് എന്ന നിമറ്റോഡ് വിരയുടെ ആതിഥേയര്‍ ചെമ്മരിയാടുകളാണ്.

നിമറ്റോഡ് വിരകള്‍ കാര്‍ഷികവിളകളെ ബാധിച്ച് വന്‍തോതില്‍ കൃഷിനാശം വരുത്താറുണ്ട്. ഉദാ. സിറ്റിലെന്‍കസ്, ഗ്ലോബോഡെറ എന്നിവ. ഇവ പ്രധാനമായും ഉരുളക്കിഴങ്ങിനെയാണ് ബാധിക്കുക. സോയാബീനിനെ ബാധിക്കുന്ന നിമറ്റോഡ് വിരയാണ് ഹെറ്ററോഡെറ ടൈലെന്‍കസ്. ഡെവാസ്റ്റാട്രിക്സ് (ഓട്സ്), ടൈ.ട്രിറ്റിക്കി (ഗോതമ്പ്) എന്നിവയാണ് കര്‍ഷിക വിളകളെ ബാധിക്കുന്ന മറ്റുചില നിമറ്റോഡ് വിരകള്‍. മിക്ക വിരകളും സസ്യങ്ങളുടെ വേരുകളെയാണ് ബാധിക്കുന്നത്. രോഗകാരികളായ വൈറസുകളുടെ വ്യാപനത്തിനും നിമറ്റോഡുകള്‍ കാരണമാകാറുണ്ട്. ഉദാഹരണമായി മുന്തിരിയുടെ മുരടിപ്പിന് കാരണമാകുന്ന ജി.എഫ്.എല്‍.വി. എന്ന വൈറസിനെ വഹിക്കുന്നത് ക്സിഫിനെമ ഇന്‍ഡെക്സ് എന്ന ഇനം നിമറ്റോഡാണ്. എന്നാല്‍ ചിലയിനം നിമറ്റോഡുകള്‍ കര്‍ഷകമിത്രങ്ങളാണ്. ഇവ വിളകളെ തിന്നുനശിപ്പിക്കുന്ന കീടങ്ങളെ ആഹാരമാക്കുകവഴിയാണ് കര്‍ഷകര്‍ക്ക് പ്രയോജനകാരികളാകുന്നത്. നോ: അസ്കാരിയാസിസ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍