This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിബന്ധ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിബന്ധ്

ഗഹനമായ ഉപന്യാസ രചനകളുടെ ഹിന്ദി നാമം. മുന്‍പ് ഹസ്തലിഖിത ഗ്രന്ഥങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയയ്ക്ക് നിബന്ധ് എന്നായിരുന്നു പേര്. ക്രമേണ ഈ പേര് ഗ്രന്ഥങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങി. ഏത് ഗ്രന്ഥത്തിലാണോ ഒരു വിഷയത്തെക്കുറിച്ച് വളരെയധികം വ്യാഖ്യാനങ്ങള്‍ ഉള്ളത്, അതിനെ നിബന്ധ് എന്ന് വിളിക്കുന്നു. ഹിന്ദിയിലെ ഒരു ആധുനിക സാഹിത്യ രൂപമാണ് നിബന്ധ്. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉണ്ടായ നിരവധി സാഹിത്യ രൂപങ്ങളിലൊന്നാണ് നിബന്ധ്. നിബന്ധ് രചനകള്‍ പ്രചരിക്കാന്‍ പ്രധാനമായും രണ്ടുകാരണങ്ങള്‍ ഉണ്ട്. ഒന്ന് ഹിന്ദിയിലെ വിദ്യാഭ്യാസ മുന്നേറ്റം. വര്‍ത്തമാന പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയ്ക്കു നിദാനമായതാണ് മറ്റൊന്ന്.

പാശ്ചാത്യ ദേശത്തെ ആധുനിക നിബന്ധത്തിന്റെ തുടക്കക്കാരനായ 'മൊണ്‍ടേന്‍' പറയുന്നത് ഇപ്രകാരമാണ്. "നിബന്ധ് വിചാരങ്ങളുടെയും ഉദ്ധരണികളുടെയും കഥകളുടെയും മിശ്രണമാണ്. നിബന്ധത്തിന് നിശ്ചിത പരിഭാഷ നല്കിയതുകൊണ്ടോ, കുറെ നിയമങ്ങള്‍ നിര്‍ദേശിച്ചതുകൊണ്ടോ കാര്യമില്ല. പക്ഷേ ഡോ. ഗുലാബ്റായ് നിബന്ധത്തിന് അഞ്ച് ലക്ഷണങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. 1.ഗദ്യത്തിലാണ് എഴുതുന്നത് 2. ലേഖകന്റെ വ്യക്തിത്വത്തിന്റെയും തനിമയുടെയും മിന്നലാട്ടം അതിലുണ്ട്. 3. ഒട്ടൊക്കെ പൂര്‍ണതയും സ്വതന്ത്രകാഴ്ചപ്പാടും ഉണ്ടെങ്കിലും അത് അപൂര്‍ണമാവാം. 4.വ്യക്തിയുടെ പ്രത്യേക കാഴ്ചപ്പാട് പ്രതിഫലിക്കുന്നു. 5. സാധാരണ ഗദ്യത്തെയപേക്ഷിച്ച് ആസ്വാദ്യവും സജീവവുമാണ്. നിബന്ധത്തിന്റെ മഹത്ത്വം വിഷയത്തിലെന്നതിലുപരി അതിന്റെ ആത്മാവിലാണ് കുടികൊള്ളുന്നത്. പൊതുവേ, നിബന്ധ് ഏകദേശം 15-20 പുറങ്ങളുള്ളതാണ്. വലിയ നിബന്ധം പ്രബന്ധമായി മാറും.

വിഷയം, വര്‍ണന, അവതരണം ഇവയുടെ അടിസ്ഥാനത്തില്‍ നിബന്ധത്തെ നാലായി തിരിക്കാം. വര്‍ണനാത്മകം, വിചാരാത്മകം, വിവരണാത്മകം, ഭാവാത്മകം എന്നിങ്ങനെ. വര്‍ണനാത്മക നിബന്ധങ്ങളില്‍ യാത്ര, ചുറ്റുപാട്, ഋതുക്കള്‍, തീര്‍ഥസ്നാനങ്ങള്‍, ദേശാടന സ്ഥലങ്ങള്‍, ഉത്സവങ്ങള്‍, മേളകള്‍, ആഘോഷങ്ങള്‍, സമ്മേളനങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ഇതിവൃത്തമാകുന്നത്. വര്‍ണനാത്മക നിബന്ധങ്ങളില്‍ ദൃശ്യങ്ങളുടെ വര്‍ണനയും വിവരണാത്മകത്തില്‍ സംഭവങ്ങളുടെ വിവരണങ്ങളുമാണുള്ളത്. വര്‍ണനാത്മക നിബന്ധത്തില്‍ പ്രാദേശിക കാര്യങ്ങളാണുള്ളതെങ്കില്‍ വിവരണാത്മകത്തില്‍ കാലാനുസൃതമായ കാര്യങ്ങളാണുള്ളത്. വര്‍ണനാത്മക നിബന്ധത്തില്‍ അധികവും അമൂര്‍ത്തകാര്യങ്ങളുടെ ചിത്രീകരണമാണുള്ളതെങ്കില്‍ വിവരണാത്മകത്തില്‍ സമൂര്‍ത്ത കാര്യങ്ങളാണുള്ളത്. വര്‍ണനാത്മകവും വിവരണാത്മകവും തമ്മിലുള്ള വ്യത്യാസം കഥാപരമാണ്. വിചാരാത്മക നിബന്ധങ്ങളില്‍ ഏതെങ്കിലും സത്യകഥനത്തിന്റെ വിവേചനം, വിശ്ളേഷണം, വിശദീകരണം എന്നിവയുണ്ടായിരിക്കും. ഭാവാത്മക നിബന്ധങ്ങളില്‍ നിബന്ധകാരന്റെ ശൈലിയില്‍ ഭാവുകത്വം അധികമായിരിക്കും. ഈ നാലു തരത്തിലുള്ള നിബന്ധങ്ങളിലും നിബന്ധകാരന്റെ വ്യക്തിത്വം, സംഭവവിവരണം, വിചാരത്തിന്റേയൊ ആശയത്തിന്റേയൊ ചിത്രീകരണം എന്നിവ ഉണ്ടായിരിക്കും.

നിബന്ധ് രചനയ്ക്ക് പല തരത്തിലുള്ള ശൈലികളുണ്ട്. സമാസശൈലി, വ്യാസശൈലി, പ്രവാഹശൈലി എന്നിങ്ങനെ. പലപ്പോഴും വര്‍ണനാത്മകവും വിവരണാത്മകവുമായ നിബന്ധങ്ങളില്‍ വ്യാസശൈലിയും വിചാരാത്മക നിബന്ധത്തില്‍ സമാസ ശൈലിയും ഭാവാത്മകത്തില്‍ പ്രവാഹ ശൈലി, തരംഗ് ശൈലി, വിക്ഷേപശൈലി എന്നിവയും പ്രയോഗിക്കപ്പെടുന്നു.

ഹിന്ദിയില്‍, നിബന്ധത്തിന്റെ തുടക്കം വിചാരപ്രധാനമായ സാഹിത്യം വളരെ കുറവായതോടെയാണുണ്ടായത്. അച്ചടിയന്ത്രം, വര്‍ത്തമാന പത്രം എന്നിവയുടെ വരവോടെ ഗദ്യസാഹിത്യം അതിവേഗം വികസിക്കാന്‍ തുടങ്ങി. ഹിന്ദിയിലെ ആധുനിക കാലത്തെ പ്രഥമ യുഗമായി പരിഗണിക്കപ്പെടുന്ന ഭാരതേന്ദു യുഗത്തില്‍ ഹരിശ്ചന്ദ്ര ചന്ദ്രിക, ബ്രാഹ്മണ്‍, സാര്‍സുധാനിധി, പ്രദീപ് എന്നീ മാസികകളുടെ ആവിര്‍ഭാവം ഉണ്ടായി. നിബന്ധത്തിന്റെ വികാസത്തിന് ഇത് പ്രധാന കാരണമായി. ഭാരതേന്ദു യുഗം മുതലുള്ള നിബന്ധ സാഹിത്യത്തെ നാലു കാലങ്ങളായി തിരിക്കാം-ഭാരതേന്ദു യുഗം, ദ്വിവേദിയുഗം, പ്രസാദ് യുഗം, പ്രഗതിവാദിയുഗം എന്നിങ്ങനെ.

ഭാരതേന്ദു യുഗത്തില്‍ ഭാരതേന്ദു ഹരിശ്ചന്ദ്ര, ബാലകൃഷ്ണഭട്ട്, ബദരിനാരായണന്‍ ചൗധരി പ്രേംഘന്‍, ബാലമുകുന്ദ് ഗുപ്ത, രാധാചരണ്‍ ഗോസ്വാമി എന്നിവര്‍ പ്രമുഖ നിബന്ധകാരന്മാരാണ്. കവിയും നാടകകൃത്തുമായിരുന്ന ഭാരതേന്ദു; രാഷ്ട്രീയം, ചരിത്രം, മതം, അന്വേഷണം, പ്രകൃതിവര്‍ണന, വ്യംഗ്യം, ആത്മചരിത്രം എന്നീ വിഷയങ്ങളിലുള്ള അനേകം നിബന്ധങ്ങള്‍ രചിച്ചു. ഈ യുഗപുരുഷന്റെ സൂക്ഷ്മവും ഐതിഹാസികവുമായ കാഴ്ചപ്പാട് അദ്ദേഹത്തിന്റെ നിബന്ധങ്ങളിലും ദൃശ്യമാണ്.

ബാലമുകുന്ദ് ഗുപ്തയും രാധാചരണ്‍ ഗോസ്വാമിയും ഭാരതേന്ദു യുഗത്തെയും ദ്വിവേദി യുഗത്തെയും പ്രതിനിധീകരിക്കുന്നു. മഹാവീര്‍ പ്രസാദ് ദ്വിവേദി സമകാലിക കവികളുടെയും ഗദ്യകാരന്മാരുടെയും ആചാര്യനായിരുന്നു. ദ്വിവേദി, ബേക്കന്റെ സിദ്ധാന്തങ്ങളെ പിന്‍തുടര്‍ന്ന് 'ബേക്കന്‍ വിചാര്‍ രത്നാവലി' എന്ന പേരില്‍ അദ്ദേഹത്തിന്റെ നിബന്ധങ്ങള്‍ പരിഭാഷപ്പെടുത്തി. ദ്വിവേദിയുടെ കവിയും കവിതയും, സാഹിത്യത്തിന്റെ മഹത്ത്വം, ക്രോധം, ലോഭം എന്നീ വിഷയങ്ങളെ അധികരിച്ച് എഴുതിയ നിബന്ധങ്ങള്‍ അദ്ദേഹത്തിന്റെ വിചാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നു. ദ്വിവേദിയുടെ രസരഞ്ജനില്‍ എല്ലാ ആസ്വാദകരെയും രസിപ്പിക്കാനുള്ള ഘടകങ്ങളുണ്ട്.

ദ്വിവേദിയുഗത്തിലെ മറ്റു ഗദ്യകാരന്മാരില്‍ മാധവ് പ്രസാദ് മിശ്ര, ഗോവിന്ദ് നാരായണ്‍ മിശ്ര, ശ്യാംസുന്ദര്‍ ദാസ്, പദ്മസിംഹ് ശര്‍മകമലേശ്, അധ്യാപക് പൂര്‍ണ് സിംഹ്, ചന്ദ്രധര്‍ശര്‍മ ഗുലേരി എന്നിവര്‍ പ്രമുഖരാണ്. സമകാലിക ജീവിതത്തിന്റെ സ്വാധീനം, രാഷ്ട്രീയം, സാമൂഹികവും മതപരവുമായ പരിതഃസ്ഥിതികളുടെ ചിത്രീകരണം, ഗാംഭീര്യം ഇവ ദ്വിവേദിയുഗത്തിലെ നിബന്ധങ്ങളുടെ പ്രത്യേകതയാണ്.

ഹിന്ദി നിബന്ധ സാഹിത്യത്തിന്റെ മൂന്നാമത്തെ വഴിത്തിരിവ് രാമചന്ദ്ര ശുക്ളയുടെ ചിന്താമണിയിലൂടെ സംഭവിച്ചു. ചിന്താമണിയില്‍ സൂക്ഷ്മവും ഗംഭീരവും മനോവൈജ്ഞാനികവും പ്രൗഢവുമായ ശൈലിയില്‍ നിബന്ധങ്ങള്‍ രചിക്കപ്പെട്ടു. ശുക്ളയുഗത്തിലെ മറ്റ് നിബന്ധകാരന്മാരില്‍ ഡോ. ഗുലാബ് റായ്, പദ്മലാല്‍ പുന്നാലാല്‍ ബക്ഷി, മാഖന്‍ലാല്‍ ചതുര്‍വേദി, വിയോഗി ഹരി, റായ് കൃഷ്ണദാസ്, വാസുദേവശരണ്‍അഗ്രവാള്‍ എന്നിവര്‍ പ്രമുഖരാണ്. ശുക്ളയുഗത്തിലെ നിബന്ധങ്ങളില്‍ ഗഹനതയും സൂക്ഷ്മതയും ഉണ്ടായി. സാഹിത്യം, മനോവിജ്ഞാനീയം, സംസ്കാരം, ചരിത്രം തുടങ്ങിയ വിഷയങ്ങള്‍ പുതിയ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കപ്പെട്ടു.

ആചാര്യ ഹസാരിപ്രസാദ് ദ്വിവേദി, നന്ദദുലാരേ വാജ്പേയി, വാസുദേവ ശരണ്‍ അഗ്രവാള്‍, ശാന്തിപ്രിയ ദ്വിവേദി, ഹരിശങ്കര്‍ പര്‍സായി, ഡോ. നഗേന്ദ്ര, ജൈനേന്ദ്രകുമാര്‍, ഡോ. സത്യേന്ദ്ര, ഡോ. വിനയമോഹന്‍ ശര്‍മ, ഡോ. രാംവിലാസ് ശര്‍മ, പ്രഭാകര്‍ മാച്ച്വേ, ഡോ. വിദ്യാനിവാസ് മിശ്ര, ഡോ. വിജയേന്ദ്രസ്നാതക്, ഇലാചന്ദ്ര ജോഷി, ചന്ദ്രബലി പാണ്ഡേയ്, രാമവൃക്ഷ്ബേനിപുരി, രാംധാരിസിങ് ദിനകര്‍ തുടങ്ങിയ അനേകര്‍ ഹിന്ദി നിബന്ധത്തിന് പുതിയ രൂപവും ഭാവവും നല്‍കി.

ജയശങ്കര്‍ പ്രസാദ്, സുമിത്രാനന്ദന്‍പന്ത്, നിരാല, മഹാദേവി വര്‍മ എന്നിവര്‍ ഹിന്ദിയിലെ മഹാകവികള്‍ ആയിരിക്കെത്തന്നെ ഉന്നത ശീര്‍ഷരായ ഗദ്യരചയിതാക്കള്‍ കൂടിയായിരുന്നു. പ്രഗതിവാദിയുഗത്തിലും പ്രയോഗവാദകാലത്തും ഹിന്ദിയിലെ നിരൂപണ ശാഖ സമ്പന്നമാകുകയും പദ്യത്തോടൊപ്പം ഗദ്യസാഹിത്യവും മുന്നേറുകയും ചെയ്തു. ഇങ്ങനെ നോക്കിയാല്‍ ആധുനിക ഹിന്ദി സാഹിത്യം നിബന്ധ രചനയുടെ രംഗത്ത് മറ്റ് ഭാരതീയ ഭാഷകള്‍ക്കൊപ്പം മുന്നേറിയിട്ടുണ്ടെന്ന് കാണാം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BF%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍