This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിപൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:33, 11 മാര്‍ച്ച് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നിപൂര്‍

Nippur

ഒരു പുരാതന മെസൊപ്പൊട്ടേമിയന്‍ നഗരം. പുരാതന നിപൂര്‍ നഗരപ്രദേശത്താണ് ഇപ്പോള്‍ ആധുനിക നിഫര്‍ (നൂഫര്‍) [Niffer (Nuffar)] നഗരം സ്ഥിതിചെയ്യുന്നത്. ബാഗ്ദാദിന് 160 കി.മീ. തെക്കു കിഴക്കാണ് നിഫര്‍ നഗരത്തിന്റെ സ്ഥാനം. ബാബിലോണിന് അല്പം തെക്ക് കിഴക്കായി യൂഫ്രട്ടീസ് നദിക്കരയിലായിരുന്നു ഏറെ പരിപാവനത കല്പിക്കപ്പെട്ടിരുന്ന പുരാതന നിപൂര്‍നഗരം സ്ഥിതിചെയ്തിരുന്നത്. പുരാതന മെസൊപ്പൊട്ടേമിയയുടെ മത-സാംസ്കാരിക മേഖലകളിലേക്ക് വെളിച്ചം വീശുന്ന ധാരാളം പുരാവസ്തുക്കള്‍ ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്. നദിയുടെ എക്കല്‍ത്തടത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ചെറുകുന്നുകള്‍ പോലെയാണ് നഗരാവശിഷ്ടങ്ങള്‍ കാണപ്പെടുന്നത്. 1889 മുതല്‍ ഇവിടെ പുരാവസ്തു ഗവേഷണങ്ങള്‍ ആരംഭിച്ചു. പെന്‍സില്‍വാനിയ സര്‍വകലാശാലയും ഷിക്കാഗോ സര്‍വകലാശാലയുമാണ് ഈ ഗവേണഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

Image:nippur.png

മെസൊപ്പൊട്ടേമിയയില്‍ നഗരവത്കരണം ആരംഭിച്ചകാലം മുതല്‍തന്നെ നിപൂര്‍ നഗരത്തിന് ഒരു മതകേന്ദ്രമെന്നനിലയില്‍ പ്രാധാന്യം ലഭിച്ചു തുടങ്ങിയിരുന്നു. ബി.സി. 17-ാം ശ. വരെയും നഗരത്തിന് ഈ പ്രാധാന്യം നിലനിര്‍ത്താനായി എന്നാണ് പുരാരേഖകള്‍ വ്യക്തമാക്കുന്നത്. നഗര രാഷ്ട്രങ്ങള്‍ നിലനിന്നിരുന്ന ഈ കാലഘട്ടത്തില്‍ ഉറുക് (Uruk), ഉര്‍ (Ur), അക്കാദ് (Akkad), ഇസിന്‍ (Isin), ലാര്‍സ (Larsa) തുടങ്ങിയ നഗര രാഷ്ട്രങ്ങളായിരുന്നു മാറി മാറി നിപൂര്‍ നഗരത്തിനുമേല്‍ ആധിപത്യം നേടിയത്. ബി.സി. 14-ാം ശതകത്തില്‍ 'കൊടുങ്കാറ്റിന്റെ ദേവ'നായി സങ്കല്പിക്കപ്പെടുന്ന എന്‍ലിലി(Enlil)ന്റെ ആസ്ഥാനം ഈ നഗരമായിരുന്നു.

പുരാതന നിപൂര്‍ നഗരത്തെ രണ്ടു ഭാഗങ്ങളായി വിഭജിച്ചുകൊണ്ട് ഒഴുകിയിരുന്ന തോടിന്റെ അവശിഷ്ടങ്ങള്‍ ഇന്നും ഈ പ്രദേശത്തുകാണാം. നഗരത്തിന്റെ പൂര്‍വഭാഗമാണ് പുരാവസ്തുഗവേഷകര്‍ കൂടുതല്‍ പഠനവിധേയമാക്കിയത്. ദേവാലയങ്ങളും അനുബന്ധമന്ദിരങ്ങളും ഈ ഭാഗത്തായി സ്ഥിതി ചെയ്തിരുന്നു. ഇതില്‍ എന്‍ലിലിന്റെ ദേവാലയമായ ഇ-കുര്‍ (E-Kur), എന്‍ലിലി(Enlil)ന്റെ സഹചാരിയായിരുന്ന നിന്‍ലിലി(Ninlil)ന്റെ ദേവാലയമായ ഇ-കി-ഉര്‍ (E-Ki-Ur) എന്നിവയാണ് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നത്. നഗരത്തിന്റെ പശ്ചിമ ഭാഗത്തുനിന്നും നിരവധി വാണിജ്യരേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.

ബി.സി. ഏഴാം ശതകത്തില്‍ അസീറിയന്‍ രാജാവായ ആഷുര്‍ബാനിപാല്‍ (Ashurbanipal) എന്‍ലിലിന്റെ ദേവാലയം പുതുക്കിപ്പണിതു. പിന്നീട് ക്രമേണ നിപൂര്‍ നഗരം ക്ഷയിച്ചുതുടങ്ങി. പാര്‍ഥിയന്‍ കാലഘട്ടത്തില്‍ എന്‍ലിന്‍ ദേവാലയപ്രദേശത്ത് ഒരു കോട്ട നിലനിന്നിരുന്നു. 1258-ല്‍ മംഗോളിയര്‍ ഈ പ്രദേശം ആക്രമിച്ചു കൊള്ളയടിച്ചപ്പോഴോ, അതിനു മുന്‍പോ ആകാം ഈ നഗരം പൂര്‍ണമായി ഉപേക്ഷിക്കപ്പെട്ടതെന്നു കരുതപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BF%E0%B4%AA%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍