This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിന്‍, അനെയ്സ് (1903 - 77)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിന്‍, അനെയ്സ് (1903 - 77)

Nin,Anais

ഫ്രഞ്ച് സാഹിത്യകാരി. പാരിസിനടുത്ത് ന്യുലിയില്‍ ജനിച്ചു. സ്പാനിഷ് സംഗീതജ്ഞനായ ജൊവാക്വിന്‍ നിന്‍ ആണ് പിതാവ്. അനെയ്സിന് പതിനൊന്നു വയസ്സ് പ്രായമായപ്പോള്‍ പിതാവ് കുടുംബം ഉപേക്ഷിച്ചുപോയതു കാരണം മാതാവായ റോസാ കള്‍മെല്‍ കുട്ടികളുമായി ന്യൂയോര്‍ക്കിലെത്തി. യൂറോപ്പില്‍ നിന്നും സ്വന്തം പിതാവില്‍നിന്നും അകന്നപ്പോഴാണ് അനെയ്സ് ഡയറിക്കുറിപ്പുകള്‍ എഴുതാനാരംഭിച്ചത്. 1923-ല്‍ യൂഗോ ഗ്വിലറെ വിവാഹം ചെയ്തശേഷം പാരീസിലേക്കു താമസം മാറ്റി. അവിടത്തെ അനേകം ചിത്രകാരന്മാരുമായി സൌഹാര്‍ദം സ്ഥാപിച്ച അനെയ്സ്, ഹെന്റി മില്ലറുമായി പ്രേമബന്ധത്തിലാകുകയും നൂറുകണക്കിനു കത്തുകള്‍ കൈമാറുകയും ചെയ്തു. എ ലിറ്റററി പാഷന്‍ എന്ന കൃതിയില്‍ ഇവരുടെ കത്തുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രേമത്തെക്കാളുപരി സാഹിത്യമണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളാണ് ഈ കത്തുകളില്‍ കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്നത്.

Image:Nin,anais.png

രണ്ടാം ലോകയുദ്ധത്തിനു മുമ്പ് അനെയ്സ് ന്യൂയോര്‍ക്കിലേക്കു തിരിച്ചുവന്നു. ന്യൂയോര്‍ക്കിലും ലോസ് ആഞ്ചലസിലുമായി മാറിമാറി താമസിച്ച അനെയ്സ് റുപെര്‍ട്ട് എന്ന ചെറുപ്പക്കാരനുമായി പ്രേമത്തിലായി. സ്ത്രീസ്വാതന്ത്യ്രവാദ പ്രസ്ഥാനത്തിന്റെ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന അനെയ്സ് പില്ക്കാലത്ത് സാഹിത്യകാരി എന്ന നിലയില്‍ ലോകപ്രശസ്തി നേടി. അനെയ്സിന്റെ ഡയറിക്കുറിപ്പുകളാണ് ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചത്. കൂടാതെ നോവലുകളും ചെറുകഥകളും ഇവര്‍ രചിക്കുകയുണ്ടായി. ഇവരുടെ രതിപ്രധാനമായ ചെറുകഥകള്‍ മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ടു.

1973-ല്‍ ഫിലാഡല്‍ഫിയ കോളജ് ഒഫ് ആര്‍ട്ടില്‍ നിന്ന് അനെയ്സിന് ഓണററി ഡോക്ടറേറ്റ് ബിരുദം ലഭിക്കുകയുണ്ടായി. 1974-ല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അസുഖമില്ലാത്ത അവസ്ഥയാണ് സന്തോഷമെന്ന പ്രൂസ്റ്റിന്റെ അഭിപ്രായം ശരിയാണെങ്കില്‍ താനൊരിക്കലും സന്തോഷവതിയായിരിക്കില്ലെന്നും വിജ്ഞാനത്തിനും അനുഭവത്തിനും സൃഷ്ടിക്കുംവേണ്ടിയുള്ള അസുഖം തന്നെ സദാ ബാധിച്ചിരിക്കുകയാണെന്നും വിജ്ഞാനദാഹിയായ അനെയ്സ് നിന്‍ ഒരിക്കല്‍ കുറിച്ചിടുകയുണ്ടായി. മാനസികാപഗ്രഥനം പഠിച്ച അനെയ്സ് കുറച്ചുകാലം ന്യൂയോര്‍ക്കില്‍ മാനസികരോഗ ചികിത്സ നടത്തിയിരുന്നു. അതേകാലത്ത് പ്രസിദ്ധ മനഃശാസ്ത്രജ്ഞനായ കാള്‍ യുങ്ങിന്റെ ചികിത്സയ്ക്കും ഇവര്‍ വിധേയയായി.

അനെയ്സിന്റെ രതിപ്രധാനമായ കഥകള്‍ അമേരിക്കയില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാതെവന്നപ്പോള്‍ 1935-ല്‍ അവര്‍ ഫ്രാന്‍സിലെത്തി സിയാനാ പ്രസിദ്ധീകരണക്കാരുമായി കരാറിലേര്‍പ്പെട്ടു. മഹായുദ്ധം ആരംഭിച്ചപ്പോള്‍ അമേരിക്കയിലേക്കു മടങ്ങുകയും ചെയ്തു. അവിടെ 'ഗ്രീനിച്ച് വില്ലേജ്' സമൂഹത്തില്‍ സജീവ പ്രവര്‍ത്തകയായി. അനെയ്സിന്റെ ജേര്‍ണലുകള്‍ 1966-ലാണ് പ്രസിദ്ധീകരിക്കാന്‍ അനുവദിച്ചത്. ദ് ഡയറി ഒഫ് അനെയ്സ് നിന്‍ എന്ന പേരില്‍ പത്തുവാല്യങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അനുവാചകരെ വളരെയേറെ ആകര്‍ഷിച്ച കുറിപ്പുകളാണിവ. ഓരോ വാക്യത്തിലും ഓരോ പ്രമേയം കൈകാര്യം ചെയ്യപ്പെടുന്നുണ്ട്. ഹെന്റി മില്ലറുമായും മറ്റുമുള്ള അനെയ്സ് നിന്നിന്റെ കത്തിടപാടുകളും ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡയറിക്കുറിപ്പുകള്‍ പ്രചാരത്തിലായതോടെയാണ് അനെയ്സിന്റെ നോവലുകളും ഏറെ ശ്രദ്ധേയമായത്. ദ് ഡല്‍റ്റ ഒഫ് വീനസ്, ലിറ്റില്‍ ബേഡ്സ് എന്നീ കൃതികള്‍ 1940-കളിലാണ് രചിച്ചതെങ്കിലും മരണശേഷം 1970-കളിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

പുരുഷത്വത്തെയും സ്ത്രീത്വത്തെയും സംബന്ധിച്ച അനെയ്സിന്റെ വീക്ഷണം അന്നത്തെ സ്ത്രീസ്വാതന്ത്യ്രപ്രസ്ഥാനത്തെ ഏറെ സ്വാധീനിച്ചിരുന്നു. എങ്കിലും പ്രസ്ഥാനങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി വിജ്ഞാന സമ്പാദനത്തിലൂടെ വ്യക്തിസ്വാതന്ത്ര്യം നേടാനായിരുന്നു അനെയ്സിന്റെ ശ്രമം. 1977-ല്‍ അനെയ്സ് അന്തരിച്ചു.

(കെ. പ്രകാശ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍