This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിനെവെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിനെവെ

Nineveh

പുരാതന അസ്സിറിയയുടെ തലസ്ഥാനം. ഉത്തര ഇറാഖിലെ മൊസുള്‍ (Mosul) പട്ടണത്തിന് എതിര്‍ഭാഗത്ത്, ടൈഗ്രിസ് നദിയുടെ കിഴക്കന്‍തീരത്താണ് നിനെവെയുടെ അവശിഷ്ടങ്ങളായ മണ്‍തിട്ടകള്‍ സ്ഥിതിചെയ്യുന്നത്. 1820-ലാണ് ഇവിടെ ആദ്യം നിരീക്ഷണ പഠനങ്ങള്‍ നടന്നത്. പിന്നീട് ബ്രിട്ടന്റെ ആഭിമുഖ്യത്തില്‍ നിരവധി ഉത്ഖനനങ്ങള്‍ നടന്നു. ഇറാഖിലെ പുരാവസ്തു വകുപ്പ് അടുത്തകാലത്ത് ഇവിടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. അസ്സിറിയന്‍ ശില്പശാലയുടെ ഉജ്ജ്വലമാതൃകകളും നിരവധി കളിമണ്‍ ഫലകങ്ങളും നിനെവെയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

Image:Nineveh1city gate reconstructed.png

നെബി യുനുസ് (Nebi Yunus). കുയുന്‍ജിക് (Kuyunjik) എന്നറിയപ്പെടുന്ന രണ്ട് മണ്‍തിട്ടകളാണ് നിനെവെയിലുള്ളത്. നെബിയുനുസിലാണ് ജോനാ പ്രവാചകന്റെ ശവകുടീരമുള്ളതെന്നു കരുതപ്പെടുന്നു. നെബി യുനുസില്‍ ഇപ്പോള്‍ ഒരു ആധുനിക ഗ്രാമം സ്ഥിതിചെയ്യുന്നതിനാല്‍ അവിടെ കാര്യമായ ഉത്ഖനനം സാധ്യമായിട്ടില്ല. മെസൊപ്പൊട്ടേമിയയിലെ ഏറ്റവും വലിയ മണ്‍തിട്ടകളില്‍ ഒന്നാണ് കുയുന്‍ജിക്. ഇത് പൂര്‍ണമായി ഉത്ഖനനം ചെയ്യുവാന്‍ ഉദ്ദേശം 14 മില്യണ്‍ ടണ്‍ മണ്ണ് നീക്കം ചെയ്യേണ്ടിവരും എന്ന് കണക്കാക്കപ്പെടുന്നു.

മൂന്ന് രാജകൊട്ടാരങ്ങളും രണ്ട് ക്ഷേത്രങ്ങളുമാണ് നിനെവെയില്‍ പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. സെന്നഷെരിബിന്റെ കൊട്ടാരം തെക്കുഭാഗത്തും അശുര്‍ബനിപാലിന്റെ കൊട്ടാരം വടക്കുഭാഗത്തുമാണുള്ളത്. ഇവയ്ക്കിടയിലായി അശുര്‍നസിര്‍പാല്‍ II-ന്റെ കൊട്ടാരവും, സ്നേഹത്തിന്റെയും യുദ്ധത്തിന്റെയും ദേവതയായ ഇഷ്താര്‍ (Ishtar) ന്റെയും എഴുത്തിന്റെ ദേവനായ നബു (Nabu)വിന്റെയും ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നു. ബ്രിട്ടീഷ് പുരാവസ്തുശാസ്ത്രജ്ഞനായ ഓസ്റ്റിന്‍ ഹെന്റി ലയാര്‍ഡ് (Austen Henry Layard) ആണ് 1847-ല്‍ സെന്നഷെരിബിന്റെ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. എഴുപതില്‍പ്പരം മുറികളും നിരവധി മനോഹരശില്പങ്ങളും കൊത്തുപണികളും ഉള്ളതായിരുന്നു സെന്നഷെരിബിന്റെ കൊട്ടാരം. സെന്നഷെരിബ് നിര്‍മിച്ച പതിനഞ്ച് കവാടങ്ങളുള്ള നഗരഭിത്തിക്ക് 12 കിലോമീറ്ററിലേറെ നീളമുണ്ടായിരുന്നു. വടക്കുഭാഗത്തെ നെര്‍ഗല്‍ കവാടവും അതിന്റെ പാര്‍ശ്വങ്ങളിലെ കാളക്കൂറ്റന്മാരുടെ പ്രതിമകളും പുനരുദ്ധരിക്കപ്പെട്ടിട്ടുണ്ട്. ലയാര്‍ഡിന്റെ പഠനം തുടര്‍ന്ന ഹോര്‍മുസ്ദ് റസം (Hormuzd Russam) ആണ് 1853-ല്‍ അശുര്‍ബനിപാലിന്റെ കൊട്ടാരം കണ്ടെത്തിയത്. അസ്സിറിയന്‍ കലയുടെ പാരമ്യമെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള നിരവധി ശില്പങ്ങള്‍ ഈ കൊട്ടാരത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. മെസൊപ്പൊട്ടേമിയയിലെ തന്നെ ഏറ്റവും വലിയ കളിമണ്‍ഫലകശേഖരമാണ് അശുര്‍ബനിപാലിന്റെ കൊട്ടാരത്തിലുണ്ടായിരുന്നത്. രാജാവിന്റെ ലേഖകര്‍ അസ്സിറിയയിലും ബാബിലോണിലുമുടനീളം സഞ്ചരിച്ച് ശേഖരിച്ച കളിമണ്‍ഫലകങ്ങളാണ് ഇവിടെയുള്ളത്. ചരിത്രം, രാഷ്ട്രീയം, വാണിജ്യം, ശാസ്ത്രങ്ങള്‍, മതങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ചുള്ള ആധികാരിക രേഖകളാണിവ. ഗില്‍ഗാമേഷിന്റെ ഇതിഹാസം, ബാബിലോണിലെ പ്രളയകഥ എന്നിവയും ഈ കളിമണ്‍ഫലകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മെസൊപ്പൊട്ടേമിയന്‍ ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രധാനമായും അശുര്‍ബനിപാലിന്റെ ഫലകശേഖരത്തില്‍ നിന്നാണ് ലഭിച്ചിട്ടുള്ളത്. മറ്റു ചില കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ നിനെവെയില്‍ കണ്ടെത്തിയിട്ടുണ്ട്. ചരിത്രാതീതകാലത്ത് തന്നെ നിനെവെ ഒരു പരിഷ്കൃത നഗരമായിരുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

Image:ninave 1.png

നിനെവെയില്‍ അധിവാസം ആരംഭിച്ചത് ബി.സി. ആറാം സഹസ്രാബ്ദത്തില്‍ നവശിലായുഗ മാതൃകയിലുള്ള ഗ്രാമം സ്ഥാപിക്കപ്പെട്ടപ്പോഴാണ് എന്നാണ് അനുമാനം. മെസൊപ്പൊട്ടേമിയയില്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴക്കംചെന്ന പാത്രങ്ങള്‍ ഇവിടെ നിന്ന് ലഭിച്ച ഹസ്സുന പാത്രങ്ങള്‍ (Hassuna ware) ആണ്. പഴയ ഒരു കൊട്ടാരത്തിന്റെ മുകളിലാണ് താന്‍ കൊട്ടാരം നിര്‍മിച്ചതെന്ന് സെന്നഷെരിബ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അവശിഷ്ടങ്ങള്‍ സെന്നഷെരിബിന്റെ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ഇന്നും കണ്ടേക്കാം. സെന്നഷെരിബിന്റെ പിന്‍ഗാമിയായ എസ്സര്‍ഹദന്‍ നിര്‍മിച്ച ആയുധശാല നെബിയുനുസിലായതിനാല്‍ ഉത്ഖനനം ചെയ്യപ്പെട്ടിട്ടില്ല.

ബി.സി. 18-ാം ശതകത്തില്‍ അസ്സിറിയയിലെ രാജാവായിരുന്ന ഷംഷി-അദാദ് I-ന്റെ കളിമണ്‍ ഫലകങ്ങളിലാണ് നിനെവെയെ കുറിച്ചുള്ള ആദ്യപരാമര്‍ശമുള്ളത്. ഇഷ്താര്‍ ക്ഷേത്രത്തിന്റെ പ്രാന്തത്തിലുള്ള ഒരു ദേവാലയം പുനരുദ്ധരിച്ചതായി ഇദ്ദേഹം അവകാശപ്പെടുന്നു. ഉദ്ദേശം 500 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭരിച്ചിരുന്ന അകാദ് വംശത്തിലെ മനിഷ്നിഷു രാജാവിന്റെ കാലത്താണ് ഈ ദേവാലയം നിര്‍മിക്കപ്പെട്ടതെന്നും ഇദ്ദേഹം പറയുന്നു. ഷംഷിഅദാദ്-I ന്റെ ഭരണത്തിനുശേഷം ഉദ്ദേശം ഇരുപത് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ബാബിലോണിയന്‍ രാജാവായ ഹമുറാബി, അസ്സിറിയയുടെ നിയന്ത്രണമേറ്റെടുക്കുകയും, നിനെവെയില്‍ ഇഷ്താറിന്റെ നാമം വാഴ്ത്തുകയും ചെയ്തു. 14-ാം ശതകത്തില്‍ മിത്താനി രാജാവായ ദശ്രത്ത നിനെവെയിലെ ഇഷ്താര്‍ ദേവതയുടെ ഒരു പ്രതിമ ഈജിപ്തിലെ ഫറവോയുടെ രോഗശാന്തിക്കായി അയച്ചുകൊടുത്തുവെന്നു കളിമണ്‍ഫലകങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നിനെവെയിലെ ഇഷ്താറിനെ പ്രകീര്‍ത്തിക്കുന്ന ഒരു ഗാനം ഹുറിയ ഭാഷയില്‍ ഈ കാലഘട്ടത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്. അതിനുശേഷം നിനെവെയില്‍ വീണ്ടും അസ്സിറിയന്‍ ആധിപത്യം ഉറപ്പിക്കപ്പെട്ടു. അസ്സിറിയന്‍ രാജാവായിരുന്ന അശുര്‍-ഉബല്ലിത്-ക ഇഷ്താര്‍ ക്ഷേത്രം പുനര്‍നിര്‍മിച്ചുവെന്നും, ഷല്‍മനെസര്‍-I ഒരു കൊട്ടാരം നിര്‍മിച്ചുവെന്നും സൂചനകളുണ്ട്. ഷല്‍മനെസര്‍-I ഉം അദ്ദേഹത്തിനുശേഷംവന്ന ഭരണാധികാരികളും നിനെവെയാണ് തങ്ങളുടെ വേനല്‍ക്കാലസങ്കേതമായി തിരഞ്ഞെടുത്തത്. പര്‍വതങ്ങളുടെ സാമീപ്യം മൂലം പുരാതനതലസ്ഥാനമായ അശുര്‍നെക്കാള്‍ തണുപ്പുള്ള പ്രദേശമായിരുന്നു നിനെവെ.

ബി.സി. 704 മുതല്‍ 681 വരെ ഭരിച്ച സെന്നഷെരിബ് രാജാവ് നിനെവെ തന്റെ തലസ്ഥാനമായി തിരഞ്ഞെടുത്തു. നിനെവെയിലെ തരിശുഭൂമി ഫലഭൂയിഷ്ഠമാക്കുന്നതിനായി ഇദ്ദേഹം ടൈഗ്രിസിന്റെ പോഷകനദിയായ കോസ്റിന് ഒരു നീര്‍ച്ചാലും 18 കൈത്തോടുകളും നിര്‍മിച്ച് ഒരു ജലസേചന പദ്ധതി തയ്യാറാക്കി. പദ്ധതിയുടെ ഫലമായി നിനെവെയില്‍ ഉയര്‍ന്നുവന്ന മനോഹരമായ പുഷ്പ-ഫല ഉദ്യാനങ്ങളെക്കുറിച്ച് സെന്നഷെരിബ് ഉജ്ജ്വല പദങ്ങളില്‍ വിവരിച്ചിട്ടുണ്ട്.

അസ്സിറിയന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയില്‍ പാശ്ചാത്യലോകത്ത് വളരെയധികം സ്വാധീനം ചെലുത്തിയ നഗരമാണ് നിനെവെ. ബി.സി. 612-ല്‍ മീഡുകളുടെയും ബാബിലോണിയരുടെയും സംയുക്താക്രമണത്തില്‍ നിനെവെ നിലംപതിച്ചു. അസ്സിറിയയുടെ കരുത്തിന്റെ പ്രതീകമായിരുന്ന നിനെവെയുടെ പതനത്തിന്റെ പ്രകമ്പനം ലോകമെമ്പാടുമനുഭവപ്പെട്ടു. നഹും, സെഫന്യാവ്, യോനാ എന്നീ പ്രവാചകന്മാരുടെ പുസ്തകങ്ങളില്‍ നിനെവെയുടെ പതനം വിവരിച്ചിട്ടുണ്ട്. ബാബിലോണിയന്‍ ചരിത്രകാരനായ ബെറോസസിന്റെ കൃതികളിലും മറ്റു ചില ഗ്രീക്ക് കൃതികളിലും നിനെവെയുടെ പതനത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. 712-നുശേഷം ഏതാനും ഗ്രാമങ്ങള്‍ ഇവിടെ രൂപംകൊണ്ടിരുന്നുവെങ്കിലും പിന്നീടൊരിക്കലും നിനെവെ നാഗരികപ്രൗഢിയിലേക്കുയര്‍ന്നിട്ടില്ല.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BF%E0%B4%A8%E0%B5%86%E0%B4%B5%E0%B5%86" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍