This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിദ്രാരോഗങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിദ്രാരോഗങ്ങള്‍

Sleep Disorders

നിദ്രയുടെ ക്രമം, ദൈര്‍ഘ്യം, സ്വഭാവം എന്നിവയിലെ വ്യതിയാനങ്ങള്‍മൂലമുണ്ടാകുന്ന രോഗങ്ങള്‍. ബാഹ്യചോദനകളോടുള്ള സംവേദനക്ഷമത കുറഞ്ഞ താരതമ്യേന ചലനരഹിതമായ ഒരു സവിശേഷ അവസ്ഥയാണ് ഉറക്കം അഥവാ നിദ്ര. നിദ്രാവസ്ഥയില്‍ ഇച്ഛാപൂര്‍വമായ പ്രവൃത്തികള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കപ്പെടുന്നു. എന്നാല്‍ രക്തചംക്രമണം, ശ്വസനം തുടങ്ങിയ അനൈച്ഛിക ധര്‍മങ്ങള്‍ യാതൊരു മാറ്റവും കൂടാതെ നടക്കുകയും ചെയ്യുന്നു. ശരീരത്തിനാവശ്യമായ വിശ്രമം നല്കുവാനും ഊര്‍ജം വീണ്ടെടുക്കുവാനുമായി മസ്തിഷ്കം നടത്തുന്ന ഒരു സങ്കീര്‍ണപ്രക്രിയയാണ് നിദ്ര. ആയുസ്സിന്റെ മൂന്നിലൊന്ന് സമയവും മനുഷ്യന്‍ ഉറങ്ങുകയാണ് എന്ന വസ്തുത ഉറക്കത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

നിദ്രാവസ്ഥയ്ക്ക് നേത്രം ദ്രുതമായും അല്ലാതെയും ചലിപ്പിക്കുന്ന രണ്ടു ഘട്ടങ്ങള്‍ (Rapid and Non-rapid eye movement) ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഉറക്കത്തിന്റെ പ്രാരംഭദശയിലെ 60-90 മിനിറ്റു വരെയുള്ള സമയമാണ് ആദ്യത്തെ ദ്രുതനേത്രചലനഘട്ടം. ഈ ഘട്ടത്തിലാണ് സ്വപ്നം കാണുന്നത്. ഗാഢനിദ്രാഘട്ടത്തില്‍ നേത്ര ചലനം ദ്രുതഗതിയിലല്ല നടക്കുന്നത്. 90-110 മിനിറ്റുവരെ നീണ്ടുനില്ക്കുന്ന ദ്രുതവും അല്ലാത്തതുമായ 4-5 നേത്രചലനചക്രങ്ങളാണ് സാധാരണഗതിയില്‍ ഉണ്ടാവുക. പ്രായപൂര്‍ത്തിയായ ഒരു സാധാരണ വ്യക്തിക്ക് 7-8 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്.

ഉറക്കമില്ലായ്മ ഒരു മനുഷ്യന്റെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കും. ഉറക്കമില്ലായ്മ അനുഭവിക്കുന്ന ഒരു വ്യക്തിക്ക് ഉറക്കം ആരംഭിക്കുന്നതിനോ നിലനിര്‍ത്തുന്നതിനോ ബുദ്ധിമുട്ടനുഭവപ്പെടാം. ചിലര്‍ കൂടെക്കൂടെ ഞെട്ടിയുണരും. ഇത്തരക്കാര്‍ പ്രഭാതമാകുന്നതിനു മുന്‍പേ ഉറക്കമുണരും. വിഷാദരോഗം, ഉത്കണ്ഠ, മാനസിക സമ്മര്‍ദങ്ങള്‍ എന്നിവ ഉറക്കമില്ലായ്മയുടെ പ്രധാന കാരണങ്ങളാണ്. ഇവ കൂടാതെ ശാരീരികാസ്വസ്ഥതകള്‍, വേദന, നാഡീവ്യൂഹത്തകരാറുകള്‍, ഹോര്‍മോണ്‍ തകരാറുകള്‍ എന്നിവയും ഉറക്കമില്ലായ്മയ്ക്കു കാരണമാകാറുണ്ട്. ചെറിയൊരു കാലത്തേക്ക് കാണപ്പെടുന്ന ഉറക്കമില്ലായ്മയ്ക്ക് ഉറക്കഗുളികകള്‍ ഫലപ്രദമാണ്. എന്നാല്‍ ദീര്‍ഘകാലമായുള്ള ഉറക്കമില്ലായ്മയ്ക്ക് ഇവയുടെ ഉപയോഗം വിപരീത ഫലങ്ങളുളവാക്കും.

വിഷമനിദ്ര (Dyssomnia), ക്രമരഹിതനിദ്ര (Parasomnia), അനിയന്ത്രിതനിദ്ര (Narcolepsy) എന്നിങ്ങനെ നിദ്രാരോഗങ്ങളെ തരംതിരിച്ചിരിക്കുന്നു. ഇവ കൂടാതെ നാഡീസംബന്ധവും മാനസികവുമായ വൈകല്യങ്ങളോടനുബന്ധിച്ചുണ്ടാകുന്ന നിദ്രാവൈകല്യങ്ങളും ഉണ്ട്. വിഷമനിദ്രയെ ആന്തരിക ഘടകങ്ങള്‍മൂലമുണ്ടാകുന്ന അവസ്ഥകളെന്നും ബാഹ്യ ഘടകങ്ങള്‍ മൂലമുണ്ടാകുന്ന വൈകല്യങ്ങളെന്നും ഉറക്കത്തിന്റെയും ഉണര്‍വിന്റെയും താളക്രമത്തിലുണ്ടാകുന്ന വൈകല്യങ്ങളെന്നും മൂന്നായി തിരിക്കാം. ഉറക്കത്തിലുണ്ടാകുന്ന ശ്വാസതടസ്സം (obstructive sleep apnea), അനിയന്ത്രിതനിദ്ര, ഉറക്കത്തിലെ കാലാട്ടല്‍ തുടങ്ങിയവ ആന്തരിക ഘടകങ്ങള്‍ മൂലമുണ്ടാകുന്ന നിദ്രാരോഗങ്ങള്‍ക്ക് ഉദാഹരണമാണ്. ശരീരബാഹ്യമായ പലവിധ കാരണങ്ങള്‍മൂലം ആരോഗ്യകരമായ നിദ്ര ശരിയായ ദൈര്‍ഘ്യത്തില്‍ ലഭ്യമല്ലാതെ വരാം. ഉറക്കഗുളിക, മദ്യം, മയക്കുമരുന്ന് എന്നിവയെ ആശ്രയിച്ചുമാത്രം ഉറക്കം ലഭ്യമാകുന്ന അവസ്ഥയും ഉണ്ടാകാം. ജെറ്റ്ലാഗ് കൊണ്ടും തൊഴിലിന്റെ ഭാഗമായി രാത്രികാലങ്ങളില്‍ ഉറക്കം ലഭ്യമാകാതെ വരുന്നതുകൊണ്ടും സിര്‍കാഡിയന്‍ താളത്തില്‍ വ്യതിയാനം സംഭവിച്ച് നിദ്രാരോഗങ്ങള്‍ ഉണ്ടാകാം.

അനിയന്ത്രിതനിദ്ര (Narcolepsy). പകല്‍സമയങ്ങളില്‍ അനിയന്ത്രിതമായി ഗാഢനിദ്രയിലായിപ്പോകുന്ന അവസ്ഥയാണിത്. 15 മുതല്‍ 30 വരെ മിനിട്ട് ആയിരിക്കും നിദ്രാദൈര്‍ഘ്യം. ഒരു പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കുകയാണെങ്കില്‍ക്കൂടി ഇത്തരക്കാര്‍ ഉറങ്ങിപ്പോവാറുണ്ട്. 15-നും 25-നും ഇടയില്‍ പ്രായമുള്ളവരിലാണ് നാര്‍ക്കോലെപ്സി പ്രധാനമായും കണ്ടുവരുന്നത്. നാര്‍ക്കോലെപ്സി അനുഭവപ്പെടുന്നവര്‍ കൂടുതല്‍ സമയവും ക്ഷീണിതരായിരിക്കും. പേശികള്‍ക്കനുഭവപ്പെടുന്ന ബലക്ഷയം അഥവാ കാറ്റപ്ലെക്സി (cataplexy), നിദ്രാ തളര്‍വാതം (sleep paralysis), ഉറക്കം ആരംഭിക്കുമ്പോഴും ഉറക്കമുണരുന്നതിനുമുമ്പായും കാണുന്ന ഭീകരസ്വപ്നങ്ങള്‍ എന്നിവ അനിയന്ത്രിതനിദ്രയുടെ ലക്ഷണങ്ങളാണ്. നിദ്രാവേളയില്‍ പേശികള്‍ക്ക് ബലക്ഷയമുണ്ടായി രോഗി തറയിലേക്കു വീണുപോവാനും കഴുത്ത് തൂങ്ങിക്കിടക്കുവാനും ഇടയാകാറുണ്ട്. നാര്‍ക്കോലെപ്സി ഒരു ജനിതകവൈകല്യമായും കരുതപ്പെടുന്നു. ഇത് ചികിത്സിച്ചു ഭേദമാക്കാന്‍ സാധ്യമല്ല.

ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ സിന്‍ഡ്രോം (Obstructive Sleep Apnea Syndrome). ഉറക്കത്തില്‍ ശ്വാസോച്ഛ്വാസത്തിന് തടസ്സം നേരിടുന്നതിനെ സ്ളീപ് അപ്നിയ എന്നു പറയുന്നു. വായവഴിയും നാസാദ്വാരംവഴിയുമുള്ള വായു സഞ്ചാരം കുറയുകയും ഡയഫ്രത്തിന്റെ മുകളിലേക്കും താഴേക്കുമുള്ള ചലനങ്ങള്‍ വിഷമകരമാകുകയും ചെയ്യുന്നതിനെ സെന്‍ട്രല്‍ അപ്നിയ എന്ന് പറയുന്നു. ഒബ്സ്ട്രക്റ്റീവ് സ്ളീപ് അപ്നിയയില്‍ ശ്വാസവഴിയിലെ തടസ്സങ്ങള്‍ വായുസഞ്ചാരം ഇല്ലാതാക്കുന്നു. അതേസമയം ഡയഫ്രത്തിന്റെ ചലനങ്ങള്‍ തുടരുകയും ചെയ്യുന്നു. ഇത്തരം ശ്വാസതടസ്സംമൂലം 10-60 സെക്കന്റുവരെ സമയത്തേക്ക് ശ്വാസോച്ഛാസം നിലയ്ക്കുന്നു. തുടര്‍ന്ന് ഉറക്കെയുള്ള കൂര്‍ക്കംവലിയോടെ പെട്ടെന്നു ഞെട്ടി ഉണരുന്നു. സ്ളീപ് അപ്നിയയുള്ളവര്‍ക്ക് ഉണരുമ്പോള്‍ തലവേദനയും ക്ഷീണവുമനുഭവപ്പെടാറുണ്ട്. തുടരെത്തുടരെയുണ്ടാകുന്ന ശ്വാസതടസ്സങ്ങള്‍ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുവാന്‍ ഇടയാക്കുകയും ഇത് ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തകരാറിനും കാരണമാകുകയും ചെയ്യുന്നു. മാത്രമല്ല, മസ്തിഷ്കകോശങ്ങളില്‍ ഓക്സിജനെത്തിച്ചേരാതെ വരുമ്പോള്‍ പക്ഷാഘാതം പോലെയുള്ള ഗുരുതര പ്രത്യാഘാതങ്ങളും ഉണ്ടാകാം.

ശരീരഭാരം കൂടുതലുള്ള മധ്യവയസ്കരിലും പ്രായമേറിയ പുരുഷന്മാരിലുമാണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ സാധാരണയായി കാണപ്പെടുന്നത്. ശ്വസനവുമായി ബന്ധപ്പെട്ട ന്യൂറോണുകളുടെ പ്രവര്‍ത്തനത്തകരാറും ശ്വാസവഴിയിലെ മുകള്‍ഭാഗത്തെ പേശികളുടെ വര്‍ധിച്ച വികാസവുമാണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയയ്ക്ക് കാരണമായിട്ടുള്ളത്. ഇടുങ്ങിയ നാസാദ്വാരങ്ങള്‍, വലുപ്പമേറിയ ടോണ്‍സിലുകള്‍, പൊണ്ണത്തടി എന്നിവയും കാരണങ്ങളാണ്. മദ്യം, പുകയില, ശമനൌഷധങ്ങള്‍ എന്നിവ ഉപയോഗിക്കുന്നവരിലും ഇത് കാണപ്പെടുന്നുണ്ട്.

കാലാട്ടല്‍രോഗം (Restless Leg Syndrome-RLS). നിദ്രാവേളയില്‍, കാലുകള്‍ വിശ്രമത്തിലായിരിക്കുമ്പോള്‍ തീവ്രമായ അസ്വസ്ഥത അനുഭവപ്പെടുകയും അതിനു പ്രതികരണമെന്നോണം കാലാട്ടുവാന്‍ തുടങ്ങുകയും ചെയ്യുന്നു. മധ്യവയസ്കരിലാണിത് കാണപ്പെടുന്നത്. ഉറക്കമില്ലായ്മയുടെ ഒരു പ്രധാന കാരണമായി ഇത് മാറാം. ഇത്തരക്കാരില്‍ അനുബന്ധമായി കാണപ്പെടുന്ന മറ്റൊരു പ്രശ്നമാണ് പീരിയോഡിക് ലിംബ് മൂവ്മെന്റ് ഡിസോര്‍ഡര്‍. ഇവര്‍, ഉറക്കത്തില്‍ ഇടയ്ക്കിടെ കൈകാലുകള്‍ ശക്തമായി ചലിപ്പിച്ചുകൊണ്ടിരിക്കും. ശരീരത്തില്‍ ഇരുമ്പിന്റെ അപര്യാപ്തതകൊണ്ടും വാതത്തിന്റെ പ്രാഥമിക സൂചനയായും ഇത് കാണപ്പെടുന്നു. പാര്‍ക്കിന്‍സണിസം, തൈറോയ്ഡ് രോഗങ്ങള്‍, പ്രമേഹം, വെരിക്കോസ് വെയിന്‍ എന്നിവയുള്ളവരിലും കാലാട്ടല്‍ രോഗം കാണപ്പെടാം.

സിര്‍കാഡിയന്‍ താളത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മൂലം. ഉറക്കവും ഉണര്‍വും പ്രത്യേകക്രമത്തില്‍ പരിപാലിക്കുന്നതിനായി ഓരോ ജീവിയുടെയും ഉള്ളില്‍ ഒരു ജൈവഘടികാരം-സിര്‍കാഡിയന്‍ താളം - ഉണ്ട്. ഉറങ്ങുന്നതിന്റെയും ഉണരുന്നതിന്റെയും സമയക്രമത്തിലുണ്ടാകുന്ന വ്യത്യാസം സിര്‍കാഡിയന്‍ താളത്തിന്റെ തകരാറുകള്‍ക്കു കാരണമാകുന്നു. ഷിഫ്റ്റ് ജോലി ചെയ്യുന്നവരിലും മറ്റും ഇത്തരമൊരവസ്ഥ എളുപ്പത്തില്‍ സംജാതമാകുന്നു. സിര്‍കാഡിയന്‍ താളം സംബന്ധിച്ച നിദ്രാരോഗങ്ങള്‍ ഉറക്കമില്ലായ്മയായോ ഉറക്കക്കൂടുതലായോ കാണപ്പെടാം. നിശ്ചിതനിദ്രാവേളയില്‍ ഉറങ്ങാന്‍ കഴിയാതിരിക്കുകയെന്നതാണ് ഇത്തരം നിദ്രാരോഗങ്ങളുടെ ലക്ഷണം. രണ്ടുതരത്തിലാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്. വളരെ വൈകി ഉറങ്ങാന്‍ തുടങ്ങുകയും വൈകിമാത്രം ഉണരുകയും ചെയ്യുന്നതാണ് ഒന്ന് (delayed sleep phase syndrome). വളരെ മുന്‍പേ ഉറങ്ങാന്‍ തുടങ്ങുകയും പ്രഭാതമാകുന്നതിനു വളരെ മുന്‍പേ ഉണരുകയും ചെയ്യുന്നവര്‍ രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നു (advanced sleep phase disorder).

അമിതനിദ്ര (Hypersomnia). വളരെ അപൂര്‍വമായി മാത്രം കാണപ്പെടുന്ന ഒരു നിദ്രാരോഗമാണിത്. രാത്രിയിലെ ഉറക്കത്തിനു പുറമേ പകല്‍സമയങ്ങളിലും അമിതമായി ഉറങ്ങുന്നവരാണിത്തരക്കാര്‍. ഉത്കണ്ഠ, വൈകാരിക അസ്വസ്ഥതകള്‍, ഉത്സാഹക്കുറവ്, ചിന്താശേഷിക്കുറവ്, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. ക്ളൈന്‍-ലെവിന്‍ സിന്‍ഡ്രോം (Klein-Levin Syndrome) എന്നറിയപ്പെടുന്ന അമിതനിദ്രാരോഗം ഉള്ള വ്യക്തി പതിനെട്ട് മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉറങ്ങിപ്പോകും. എന്നാല്‍ ഉണരുമ്പോള്‍ ഉന്മേഷം തോന്നുകയുമില്ല. മസ്തിഷ്കത്തകരാറുകള്‍, യുറീമിയ (Uremia) എന്നിവ കാരണങ്ങളാണ്. വിഷാദരോഗം, ഉത്കണ്ഠ എന്നിവയ്ക്കുള്ള ഔഷധങ്ങളുടെ പാര്‍ശ്വഫലമായും ഈ രോഗം പിടിപെടാം.

ക്രമരഹിതനിദ്ര (Parasomnia). നിദ്രാവേളയില്‍ കാണപ്പെടുന്ന പെരുമാറ്റ വൈകല്യങ്ങളും ചലനങ്ങളുമാണ് പാരാസോമ്നിയ കൊണ്ടര്‍ഥമാക്കുന്നത്. നിദ്രാടനം (sleep walking), ഉറക്കത്തിനിടയിലുള്ള സംസാരം (sleep talking), പല്ലുകടി (tooth grinding/Bruxism), ഉറക്കത്തില്‍ മൂത്രമൊഴിക്കല്‍ (bed wetting) എന്നിവ ഉദാഹരണങ്ങളാണ്. ബാല്യത്തിലാണ് ഇവ ഏറ്റവും സാധാരണമായി കണ്ടുവരുന്നത്. പ്രായമേറുന്തോറും ഇവയില്‍ പലതും അപ്രത്യക്ഷമാകും. ഉറക്കത്തില്‍ സ്വയമറിയാതെ എഴുന്നേറ്റു നടക്കുന്നതാണ് നിദ്രാടനം. മസ്തിഷ്ക പ്രവര്‍ത്തനത്തിലുണ്ടാകുന്ന ചില തകരാറുകളാണ് നിദ്രാടനത്തിനുകാരണം. ഏറ്റവുമധികമായി കണ്ടുവരുന്ന മറ്റൊരു വൈകല്യമാണ് പല്ലുകടി. പല്ല് ചേര്‍ത്ത് ഇറുമ്മുക, ചവയ്ക്കുന്നതുപോലെ കാണിച്ചുകൊണ്ടിരിക്കുക തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടുന്നു. മാനസിക സമ്മര്‍ദം, ലഘുമനോരോഗങ്ങള്‍, മസ്തിഷ്ക പ്രശ്നങ്ങള്‍ എന്നിവയെല്ലാം പല്ലുകടിക്കു കാരണമാകാം.

മനോരോഗ, നാഡീരോഗ സംബന്ധിയായുണ്ടാകുന്ന നിദ്രാരോഗങ്ങള്‍. സ്കീസോഫ്രീനിയ (schizophrenia) പോലുള്ള കടുത്ത മനോരോഗങ്ങള്‍, വിഷാദരോഗം, ഉത്കണ്ഠ, മദ്യാസക്തി എന്നിവ നിദ്രാരോഗങ്ങള്‍ക്ക് കാരണമാകുന്നു. അപസ്മാരം, തലവേദന, പാര്‍ക്കിന്‍സണിസം, മറവിരോഗം എന്നീ നാഡീരോഗങ്ങളുമായി ബന്ധപ്പെട്ടും നിദ്രാരോഗങ്ങള്‍ ഉണ്ടാകാറുണ്ട്. ഇവയ്ക്കെല്ലാം പുറമേ, പ്രായമാകുന്നതിന്റെ ഒരു ലക്ഷണമായി നിദ്രാരോഗങ്ങളെ കാണാം. അറുപത്തഞ്ചിനു മുകളില്‍ പ്രായമുള്ള അന്‍പത് ശതമാനം പേരിലും നിദ്രാരോഗങ്ങള്‍ കാണപ്പെടുന്നുണ്ട്. ഇവ വാര്‍ധക്യത്തിന്റെ ഭാഗമായാണോ അല്ലെങ്കില്‍ മരുന്നുകളുടെ അനന്തരഫലമായാണോ ഉണ്ടാകുന്നത് എന്നത് ഇനിയും വ്യക്തമല്ല.

രോഗനിര്‍ണയനവും ചികിത്സയും. നിദ്രാരോഗങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് വളരെ വൈകിയാണെങ്കിലും ഉറക്കം എന്ന പ്രക്രിയയെയും ഉറക്കമരുന്നുകളെയും കുറിച്ചുള്ള പഠനങ്ങള്‍ അതിവേഗം പുരോഗതി പ്രാപിക്കുകയുണ്ടായിട്ടുണ്ട്. നിദ്രാരോഗങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രദമായ ചികിത്സാരീതികള്‍ കണ്ടെത്തുവാന്‍ ഇത് സഹായകമായിട്ടുണ്ട്. പോളിസോമ്നോഗ്രഫി, മള്‍ട്ടിപ്പിള്‍ സ്ളീപ് ലേറ്റന്‍സി ടെസ്റ്റ് എന്നിവയാണ് ഇന്ന് പ്രയോഗത്തിലുള്ള നിദ്രാരോഗ നിര്‍ണയനമാര്‍ഗങ്ങള്‍. മസ്തിഷ്ക തരംഗങ്ങള്‍, പേശീപ്രവര്‍ത്തനങ്ങള്‍, കണ്ണിന്റെ ചലനങ്ങള്‍, ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍, വായവഴിയും നാസാദ്വാരം വഴിയുമുള്ള വായുസഞ്ചാരം, ശ്വസനം, ഓക്സിജന്‍ പൂരിതാവസ്ഥ (oxygen saturation) തുടങ്ങിയവ രേഖപ്പെടുത്തിയാണ് രോഗം നിര്‍ണയിക്കുന്നത്.

മാനസികാരോഗ്യം മെച്ചപ്പെടുത്തിയും പെരുമാറ്റത്തില്‍ വ്യതിയാനങ്ങളുളവാക്കിയും ചില നിദ്രാരോഗങ്ങള്‍ ഭേദമാക്കാനാവും. ഉറക്കമില്ലായ്മ ഇത്തരത്തിലൊന്നാണ്. മദ്യം, മയക്കുമരുന്നുകള്‍ എന്നിവ പൂര്‍ണമായി ഒഴിവാക്കിയും ശരീരഭാരം കുറച്ചും ഒബ്സ്ട്രക്റ്റീവ് സ്ളീപ് അപ്നിയ സിന്‍ഡ്രോം ഭേദമാക്കാം. ബെന്‍സോഡയസിപൈന്‍, നോണ്‍ബെന്‍സോ ഡയസിപൈന്‍ വിഭാഗങ്ങളില്‍പ്പെടുന്ന മരുന്നുകള്‍ ഉറക്കമില്ലായ്മക്കെതിരെ ഫലപ്രദമാണ്. മിക്കവാറും എല്ലാ പാരാസോമ്നിയകളും ചികിത്സ അര്‍ഹിക്കാത്തവയാണ്. സിര്‍കാഡിയന്‍ താളക്രമത്തില്‍ വരുന്ന മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന നിദ്രാരോഗങ്ങള്‍ ഫോട്ടോതെറാപ്പിയിലൂടെയും ക്രോണോതെറാപ്പിയിലൂടെയും പരിഹരിക്കാവുന്നതാണ്. നാര്‍ക്കോലെപ്സിക്ക് ഉത്തേജകങ്ങളും പേശീബലക്ഷയത്തിന് ട്രൈസൈക്ളിക് വിഭാഗത്തില്‍പ്പെടുന്ന മരുന്നുകളും ഫലപ്രദമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍