This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിഡുലേറിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിഡുലേറിയ

Nidularia

നിഡുലേറിയേസിയേ (Nidulariaceae) സസ്യകുടുംബത്തിലെ ഒരു പൂപ്പല്‍ അഥവാ ശീലീന്ധ്രം (fungus). പൂപ്പല്‍ വര്‍ഗത്തിലെ ബസീഡിയൊമൈസീറ്റസ് (Basidiomycetes) എന്ന വിഭാഗത്തിലെ ഒരു ഉപവിഭാഗമാണ് ഗാസ്റ്റെറോമൈസീറ്റുകള്‍ (Gasteromycetes). ഗാസ്റ്റെറോമൈസീറ്റ് എന്ന വാക്കിന് ഉദരപൂപ്പല്‍ (Stomach fungus) എന്നാണ് അര്‍ഥം. ഇവയുടെ പ്രത്യുത്പാദനരേണുക്കള്‍ (spores) പുറംചട്ടയോടുകൂടിയ ഒരു രേണുഭാണ്ഡത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നതിനാലാണ് ഇവയ്ക്ക് ഉദരപൂപ്പല്‍ എന്ന പേരുലഭിച്ചത്.

Image:barron nidula.png

ഗാസ്റ്റെറോമൈസീറ്റുകളെ ഒന്‍പതു ഉപസമൂഹ(order)ങ്ങളായി വിഭജിച്ചിരിക്കുന്നു. ഇവയില്‍ ഒരു സമൂഹമാണ് നിഡുലേറിയേല്‍സ് (Nidulariales). ഇവ സാധാരണ 'കിളിക്കൂടു' പൂപ്പല്‍ (Birds-Nest Fungus) എന്നറിയപ്പെടുന്നു. ഉള്ളില്‍ മുട്ടകളോടുകൂടിയ കപ്പിന്റെ ആകൃതിയിലുള്ള കിളിക്കൂടിനെപ്പോലെ നിഡുലേറിയ പൂപ്പലുകള്‍ കാണപ്പെടുന്നതിനാലാണ് ഇവയ്ക്ക് പ്രസ്തുത പേരുലഭിച്ചത്. നിഡുലേറിയേല്‍സിലെ നിഡുലേറിയേസിയേ കുടുംബത്തില്‍പ്പെട്ട നിഡുലേറിയ ജനുസ്സിലെ അംഗങ്ങളാണ് പൊതുവേ നിഡുലേറിയകള്‍ എന്നറിയപ്പെടുന്നത്.

ഗാസ്റ്റെറോമൈസീറ്റ് എന്ന പൂപ്പല്‍ വര്‍ഗം മറ്റുള്ളവയില്‍ നിന്നും വളരെ വ്യത്യസ്തമാണ്. ഇവയുടെ പ്രത്യുത്പാദനരേണുക്കളുടെ ഉത്പാദനരീതിയും രേണുഭാണ്ഡത്തിന്റെ ആകൃതിയും മറ്റും വൈവിധ്യമാര്‍ന്നതും മറ്റുള്ളവയില്‍നിന്നു വ്യത്യസ്തവുമാണ്. എല്ലാ ഗാസ്റ്റെറോമൈസീറ്റുകളിലും രേണുക്കള്‍ തവിട്ടുനിറത്തിലോ കറുപ്പുകലര്‍ന്ന തവിട്ടുനിറത്തിലോ കാണപ്പെടുന്നു. എന്നാല്‍ നിഡുലേറിയകളില്‍ രേണുക്കള്‍ വെള്ളനിറത്തില്‍ കാണപ്പെടുന്നു.

1902-ല്‍ റൈറ്റ് (Write) അമേരിക്കയില്‍ നടത്തിയ പഠനമാണ് നിഡുലേറിയേ കുടുംബത്തെപ്പറ്റിയുള്ള ആദ്യകാല പഠനങ്ങളില്‍ പ്രധാനപ്പെട്ടത്. തുടര്‍ന്ന്, 1906-ല്‍ ലോയിഡ് (Loyd) എന്ന ശാസ്ത്രജ്ഞന്‍ നിഡുലേറിയ ജനുസ്സുകളെപ്പറ്റി ബ്രസ്സീലില്‍ പഠനങ്ങള്‍ നടത്തിയിരുന്നതായി കാണുന്നു. 1910-ല്‍ ഫ്രൈസ് (Fries) നടത്തിയ പഠനശേഖരത്തിലും നിഡുലേറിയകളുടെ പല ഇനങ്ങളും ഉള്‍പ്പെട്ടിരുന്നു. നിഡുലേറിയ ജനുസ്സില്‍ നി. പള്‍വിനേറ്റ (N.pulvinata), നി. കോണ്‍ഫ്ളുയെന്‍സ് (N.confluens) എന്നിങ്ങനെ രണ്ടു സ്പീഷിസുകളാണ് സുലഭമായി കാണപ്പെടുന്നത്. മറ്റൊരു പ്രധാന സ്പീഷീസാണ് നി. ഫാര്‍ക്റ്റാ (N.farcta). നിഡുലേറിയ കോണ്‍ഫ്ളുയെന്‍സിന്റെ മറ്റൊരു പേരാണ് നി. ഫ്രാക്റ്റാ എന്ന് ബ്രോഡി (Brodie) അഭിപ്രായപ്പെടുമ്പോള്‍ അവ രണ്ടും വ്യത്യസ്ത സ്പീഷീസുകളാണെന്നാണ് ഡ്രിങ്ഗ് (Dring), ഹാക്സ്വര്‍ത്ത് (Hawksworth) എന്നിവരും കൂട്ടരും അവകാശപ്പെടുന്നത്. ഈ രണ്ടു സ്പീഷീസിന്റെയും പുറംചട്ട ഏകപാളിയും (one-layered) ഉപരിതലം ക്രമരഹിതവും പരുഷവും മൃദുവായ മുള്ളോടുകൂടിയതുമാണ്.

നിഡുലേറിയ കുടുംബത്തെപ്പറ്റി ശരിയായ ഒരു പഠനം ശാസ്ത്രജ്ഞര്‍ നടത്തിയതായി രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഈ കുടംബത്തില്‍പ്പെട്ട ക്രൂസിബുലം (Crucibulum), സയാത്തസ് (Cyathus) എന്നീ ജനുസ്സുകള്‍ ബ്രസ്സീലിലെ സാവോപോളോയില്‍ നിന്നും റിക് (Rick), ബോണോനി (Bononi) എന്നിവര്‍ ശേഖരിച്ചിട്ടുള്ളതായി കാണുന്നു. ബ്രസ്സീലിലെ സസ്യശേഖരത്തില്‍ കുറെ നിഡുലേറിയ സ്പീഷീസ് ഉണ്ടെങ്കിലും അവയെപ്പറ്റിയുള്ള വിവരണങ്ങള്‍ പൂര്‍ണമല്ല. ഈ അടുത്തകാലത്ത് ബാസിയ, മിലാനസ് എന്നിവര്‍ (Baseia and Milanez) ബ്രസ്സീലില്‍ നടത്തിയ പഠനങ്ങളില്‍ സാവോപോളോ സംസ്ഥാനത്തെ സിറാഡോ മേഖലയില്‍ നിന്നും ഒരു അപൂര്‍വ സ്പീഷീസ് ലഭ്യമായി. അതാണ് നിഡുലേറിയ പള്‍വിനേറ്റ (Nidularia pulvinata). എന്നാല്‍ ബ്രോഡിയുടെ അഭിപ്രായത്തില്‍ ഇത് നിഡുലേറിയ അലബാമെന്‍സിസ് (Nidularia alabamensis) എന്നറിയപ്പെട്ടിരുന്ന ഇനം തന്നെയാണ്. ദ്രവിച്ചുകൊണ്ടിരിക്കുന്ന തടികളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്.

നിഡുലേറിയ പള്‍വിനേറ്റയുടെ ഉപരിതലം ചെറിയ മുഴകളോടുകൂടിയതും പരുപരുത്തതും പെട്ടെന്നു പൊട്ടിപ്പോകുന്നതുമാണ്. ഇതിന്റെ പെരിഡിയം ഏകദേശം ഉരുണ്ടതും കറുപ്പുകലര്‍ന്ന തവിട്ടുനിറത്തോടുകൂടിയതുമാണ്. ഇവയുടെ രേണുക്കള്‍ മുട്ടയുടെ ആകൃതിയോടുകൂടിയതും ഉപരിതലം മൃദുലവുമാണ്. ബ്രസ്സീല്‍ കൂടാതെ അര്‍ജന്റീന, ചൈന, ഫ്രാന്‍സ്, ഐസ്ലാന്‍ഡ്, നോര്‍വെ, സ്പെയിന്‍, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നീ രാജ്യങ്ങളിലും നിഡുലേറിയ പള്‍വിനേറ്റ കാണപ്പെടുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ നിഡുലേറിയ കോണ്‍ഫ്ളുയെന്‍സ് എന്ന ഒറ്റയിനം മാത്രമേ യൂറോപ്പില്‍ കാണപ്പെടുന്നുള്ളൂ വെന്നാണ് ബ്രോഡി അവകാശപ്പെടുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍