This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി

മലയാളനാടകം. തോപ്പില്‍ഭാസിയാണ് രചയിതാവ്. മലയാള നാടകവേദിയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിലെ സുപ്രധാനമായൊരു നാഴികക്കല്ലാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി.

1952 മുതല്‍ അവതരിപ്പിച്ചു തുടങ്ങിയ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി അര നൂറ്റാണ്ടു പിന്നിട്ടു കഴിഞ്ഞും അവതരണം തുടരുകയും ആസ്വാദനത്തിനുണ്ടാകുന്ന തടസ്സം ചെറിയ മിനുക്കു പണികള്‍കൊണ്ട് പരിഹരിക്കാവുന്നതേയുള്ളു എന്നു തെളിയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഏറെ പരിമിതികള്‍ ഉണ്ടായിരുന്നെങ്കിലും മലയാളികളെ വ്യാപകമായി നാടകം കാണാന്‍ പരിശീലിപ്പിച്ച, തമിഴ് സംഗീതനാടകങ്ങളുടെ തായ്വഴിയില്‍ പിറന്ന ഒന്നാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം.

Image:Ningalenne 11.png

അവതരണസമയത്തിന്റെ ദൈര്‍ഘ്യം, ഗാനങ്ങളുടെ ആധിക്യം, നൃത്തം എന്നിങ്ങനെ ചില അംശങ്ങളില്‍ സംഗീതനാടകത്തിന്റെ പാരമ്പര്യം അനുവര്‍ത്തിക്കുമ്പോഴും മറ്റു ചില അംശങ്ങളില്‍ അതില്‍നിന്നു വ്യതിചലിക്കാനുള്ള പ്രവണതയും നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി പ്രകടിപ്പിച്ചു.

അവതരിപ്പിച്ചു തുടങ്ങിയ കാലത്ത് രണ്ടു ഡസനിലേറെ ഗാനങ്ങള്‍ അതിലുണ്ടായിരുന്നു. കര്‍ണാടക സംഗീതത്തില്‍നിന്നു കാവ്യഗുണമുള്ള ലളിതഗാനങ്ങളിലേക്കുള്ള മാറ്റം പ്രകടമായി. നാടകത്തിന്റെ പ്രമേയത്തിലും കഥാപാത്രങ്ങളുടെ പെരുമാറ്റത്തിലും ശ്രദ്ധേയമായ പല പുതുമകളം ഇവിടെ ദൃശ്യമായി. കൃഷിക്കാരും തൊഴിലാളികളും ഇടത്തരക്കാരും അടങ്ങുന്ന ഗ്രാമീണ സമൂഹത്തിന്റെ പ്രതിസന്ധികളും പ്രത്യാശകളും വിജയപരാജയങ്ങളും പ്രതിപാദിക്കപ്പെടുന്ന ഒരു നാടകം, സ്വാതന്ത്യ്രലബ്ധിയുടെ ആദ്യനാളുകളിലെ രാഷ്ട്രീയ സന്ദിഗ്ധതകളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം എടുത്ത ഉറച്ച നിലപാടും ജനഹൃദയങ്ങളില്‍ അതിനു ആര്‍ജിക്കാന്‍ കഴിഞ്ഞ വിശ്വാസ്യതയും അടങ്ങുന്ന സാമൂഹിക പരിതോവസ്ഥയില്‍ ശരിക്കും സ്വീകരിക്കപ്പെടുകയായിരുന്നു. തന്റെ രാഷ്ട്രീയ സ്വപ്നത്തിന്റെ ബീജാവാപം ജനഹൃദയങ്ങളില്‍ നിര്‍വഹിക്കാന്‍ നാടകത്തെ ഉപാധിയാക്കുകയായിരുന്നു തോപ്പില്‍ഭാസി.

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എഴുതുന്ന കാലത്ത് തോപ്പില്‍ഭാസി ഒളിവുജീവിതം നയിക്കുകയാണ്. പുസ്തകം പ്രസിദ്ധപ്പെടുത്തിയപ്പോള്‍ സോമന്‍ എന്ന തൂലികാനാമമാണ് ഗ്രന്ഥകാരന്റേതായി ചേര്‍ത്തത്.

മധ്യതിരുവിതാംകൂറിലെ കാര്‍ഷിക ജീവിതഘടനയിലെ ജന്മിയും കൃഷിക്കാരനും കര്‍ഷകത്തൊഴിലാളിയും - സമ്പന്നനും ഇടത്തരക്കാരനും പാവപ്പെട്ടവനും - അടങ്ങുന്നതാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ പ്രമേയം. ആഴത്തില്‍ വേരോടിയ വര്‍ഗ ബന്ധങ്ങളില്‍ സംഭവിക്കുന്ന മുറുക്കവും അയവും കഥാപരിണാമത്തിലെ കൌതുകകരമായ കാഴ്ചയാകുന്നു. ജന്മിയുടെ മനുഷ്യപ്പറ്റില്ലായ്മയും മിഥ്യാഭിമാനവും (വലിയവീട്ടില്‍ കേശവന്‍നായര്‍) അനുഭവങ്ങളിലൂടെ തിരിച്ചറിയുന്ന ഇടത്തരക്കാരനായ കൃഷിക്കാരന്‍ (പരമുപിള്ള) വഞ്ചിക്കപ്പെട്ടും കടത്തില്‍ മുങ്ങിയും നിസ്വനായിത്തീരുന്നത് സ്വാഭാവികതയോടെ അവതരിപ്പിക്കുന്നു. സാമ്പത്തിക കാര്യത്തിലെ അന്തരവും സാമുദായികകാര്യത്തിലെ ഐക്യവും ജന്മിയുടെയും ഇടത്തരക്കാരന്റെയും വിയോജിപ്പിന്റെയും യോജിപ്പിന്റെയും മണ്ഡലങ്ങളാകുന്നു. രാഷ്ട്രീയ രംഗത്തു വീശുന്ന പുതിയകാറ്റ് സ്വന്തം മകന്‍ അനുഭവിക്കുമ്പോള്‍ അത് പരമുപിള്ളയ്ക്ക് ആദ്യം അപ്രിയമായിത്തീരുന്നു. മകന്റെ രാഷ്ട്രീയത്തില്‍ കേശവന്‍ നായര്‍ക്ക് എന്തുതോന്നുമെന്നാണ് പരമുപിള്ളയുടെ ശങ്ക. തന്റെ സ്ഥാനം കേശവന്‍നായരുടെ ചേരിയിലല്ലെന്നും പപ്പുവിന്റെയും കറമ്പന്റെയും ഗോപാലന്റെയും മാത്യുവിന്റെയും ചേരിയിലാണെന്നും കേശവന്‍നായരുടെ വിരുദ്ധചേരിയിലാണെന്നും - പരമുപിള്ളയ്ക്കു ബോധ്യമാവുന്നിടത്ത് നാടകം അവസാനിക്കുന്നു. ആ ബോധ്യം പുതിയ രാഷ്ട്രീയ ബോധ്യമായി പ്രേക്ഷകഹൃദയങ്ങളിലേക്കു സംക്രമിപ്പിക്കുന്നതില്‍ നേടിയ വിജയമാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിന്റെ വിജയം. രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങളില്‍പ്പെട്ടുഴലുന്ന മനുഷ്യര്‍ എന്ന നിലയ്ക്ക് സഹജമായ വികാരങ്ങളും വ്യക്തിഗതമായ അഭിലാഷങ്ങളും അതിന്റെ തകര്‍ച്ചയും അടക്കിപ്പിടിച്ച വേദനകളും കഥാപാത്രവ്യക്തിത്വങ്ങള്‍ക്കു നല്കുന്ന സ്വഭാവികത എടുത്തു പറയേണ്ടതുതന്നെ. പൊതുപ്രാധാന്യമുള്ള ലക്ഷ്യങ്ങള്‍ക്കു മുന്നില്‍ വ്യക്തിനിഷ്ഠമായ അഭിലാഷങ്ങളെ സ്വയം അടക്കുന്ന കഥാപാത്രങ്ങളുടെ അന്തസ്സംഘര്‍ഷങ്ങളും വേദനകളും അതിശയോക്തിസ്പര്‍ശമേല്‍ക്കാതെതന്നെ തോപ്പില്‍ഭാസി ആവിഷ്കരിച്ചു. ഇതിലൂടെ ആ നാടകകൃത്തിലെ വലിയ സാധ്യത ആസ്വാദകലോകം തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിനെ പില്ക്കാല രചനകളിലൂടെ തോപ്പില്‍ഭാസി സാക്ഷാത്കരിക്കുകയും ചെയ്തു.

(വിശ്വമംഗലം സുന്ദരേശന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍