This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിക്സണ്‍, റിച്ചാര്‍ഡ് മില്‍ഹസ് (1913 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിക്സണ്‍, റിച്ചാര്‍ഡ് മില്‍ഹസ് (1913 - 94)

Nixon,Richard Milhous

യു.എസ്സിലെ 37-ാമത് പ്രസിഡന്റ്. 1913 ജനു. 9-ന് കാലിഫോര്‍ണിയയിലെ യോര്‍ബ ലിന്‍ഡയില്‍ ഫ്രാന്‍സി-ഹന്ന മില്‍ഹസ് ദമ്പതികളുടെ അഞ്ചുമക്കളില്‍ രണ്ടാമനായി ജനിച്ചു. വിറ്റിയര്‍ കോളജില്‍ നിന്നും 1934-ല്‍ ചരിത്രത്തില്‍ ബിരുദമെടുത്ത ഇദ്ദേഹം തുടര്‍ന്ന് വടക്കന്‍ കാലിഫോര്‍ണിയായിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റി ലാ സ്കൂളില്‍ നിന്നും നിയമത്തില്‍ ബിരുദം (1937) നേടി. 1940 ജൂണ്‍ 21-ന് സ്കൂള്‍ അധ്യാപികയായ തെല്‍മ റിയാനെയെ വിവാഹം ചെയ്തു. രണ്ടാം ലോകയുദ്ധകാലത്ത് നാവികസേനയില്‍ ഏവിയേഷന്‍ ഗ്രൌണ്ട് ഓഫീസര്‍, ലഫ്റ്റനന്റ് കമാണ്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയുണ്ടായി. 1944-ല്‍ റിപ്പബ്ലിക്കന്‍ കക്ഷിയില്‍ അംഗമായിക്കൊണ്ട് രാഷ്ട്രീയപ്രവേശനം നടത്തിയ നിക്സണ്‍ 1946-ല്‍ കാലിഫോര്‍ണിയയില്‍ നിന്നും അമേരിക്കന്‍ പ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

Image:nixon.png

പ്രതിനിധിസഭാംഗമെന്ന നിലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് നിക്സണിന്റെ ഭാഗത്തുനിന്നുണ്ടായത്. രണ്ടാം ലോകയുദ്ധത്തിന്റെ ഫലമായി ദുര്‍ബലമായിത്തീര്‍ന്ന യൂറോപ്യന്‍ സമ്പദ്ഘടനയെ സുശക്തമാക്കുന്നതിനുവേണ്ടി രൂപംകൊണ്ട മാര്‍ഷല്‍ പദ്ധതി, ലേബര്‍ യൂണിയനുകളെ നിയന്ത്രിക്കുന്നതിനുള്ള ടാഫ്റ്റ് ഹാര്‍ട്ട്ലി ആക്റ്റ് എന്നിവ പാസ്സാക്കുന്നതില്‍ ഇദ്ദേഹത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു. 1948-ല്‍ ഇദ്ദേഹം വീണ്ടും പ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് വിരോധം അമേരിക്കയുടെ വിദേശനയത്തിന്റെ മുഖമുദ്രയായി മാറിയ 1940-കളുടെ അന്ത്യത്തില്‍ പ്രതിനിധിസഭയുടെ അണ്‍ അമേരിക്കന്‍ കമ്മിറ്റിയിലെ അംഗമെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ ദേശീയശ്രദ്ധ നേടി. കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ക്കുവേണ്ടി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുക എന്നതായിരുന്നു കമ്മിറ്റിയുടെ ലക്ഷ്യം. കമ്മിറ്റിയംഗം എന്ന നിലയില്‍ ആള്‍ജര്‍ ഹസ് എന്ന മുന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥനെതിരെയുള്ള അന്വേഷണത്തിന് മുന്‍കൈയെടുത്തത് നിക്സണാണ്. ഹസ്സിന്റെ കമ്യൂണിസ്റ്റ് ബന്ധങ്ങള്‍ കോടതിക്കുമുന്നില്‍ തുറന്നുകാട്ടിയ നിക്സന്റെ പ്രവര്‍ത്തനങ്ങള്‍ 1950-ല്‍ കാലിഫോര്‍ണിയയില്‍ നിന്നും അമേരിക്കന്‍ സെനറ്റിലേക്കുള്ള ഇദ്ദേഹത്തിന്റെ പ്രവേശനം അനായാസമാക്കി.

Image:nixon in china.png

1952-ല്‍ കേവലം 37 വയസ്സുമാത്രമുള്ള ശ്രദ്ധേയനായ സെനറ്റര്‍ എന്ന നിലയില്‍ നിന്നും രാജ്യത്തെ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട നിക്സണ്‍ 1956-ല്‍ രണ്ടാമതും വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ്പ്രസിഡന്റ് എന്ന നിലയില്‍ ആ പദവിക്ക് പുതിയ അര്‍ഥവും വ്യാപ്തിയും നല്കുന്നതില്‍ നിക്സണ്‍ സുപ്രധാനമായ പങ്കു വഹിച്ചു. പ്രസിഡന്റ് ഐസനോവര്‍ രോഗബാധിതനായ അവസരത്തില്‍ 19 ക്യാബിനറ്റ് സമ്മേളനങ്ങളില്‍ ആധ്യക്ഷം വഹിച്ചത് ഇദ്ദേഹമാണ്. അനാരോഗ്യം മൂലം പ്രസിഡന്റിന് ഭരണനിര്‍വഹണം അസാധ്യമാകുന്ന സാഹചര്യത്തില്‍ ആക്റ്റിങ് പ്രസിഡന്റിന്റെ പദവി സൃഷ്ടിക്കാനുള്ള പദ്ധതിക്ക് ഐസനോവറും നിക്സണും രൂപംനല്കി. ഈ പദ്ധതിയാണ് യു.എസ്സ്. ഭരണഘടനയുടെ 25-ാം ഭേദഗതിയായി പിന്നീട് നിലവില്‍വന്നത്. പ്രസിഡന്റിന് കൃത്യനിര്‍വഹണം അസാധ്യമാകുന്ന സാഹചര്യങ്ങളില്‍ അധികാരം പൂര്‍ണമായും വൈസ്പ്രസിഡന്റിന് കൈമാറണമെന്ന് ഈ ഭേദഗതി അനുശാസിക്കുന്നു. വൈസ്പ്രസിഡന്റ് എന്ന നിലയില്‍ യൂറോപ്പ്, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ സന്ദര്‍ശനം നയതന്ത്രജ്ഞന്മാരും രാഷ്ട്രീയ നേതാക്കളുമായും അടുക്കാന്‍ ഇദ്ദേഹത്തിന് അവസരം നല്കി.

സമര്‍ഥനായ വൈസ്പ്രസിഡന്റ്, പാര്‍ട്ടിയുടെ വിനീതനായ പ്രവര്‍ത്തകന്‍ എന്നീ അനുകൂലഘടകങ്ങളാല്‍ 1960-ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം നിക്സണ് ലഭിച്ചു; ശക്തമായ മത്സരത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ജോണ്‍ എഫ്. കെന്നഡി ഇദ്ദേഹത്തെ പരാജയപ്പെടുത്തി.

തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്ന് അഭിഭാഷകവൃത്തിയിലേക്ക് തിരിഞ്ഞ നിക്സണ്‍ തന്റെ ആത്മകഥയായ സിക്സ് ക്രൈസിസ് (Six Crisis, 1962) രചിക്കുകയുണ്ടായി. 1962-ല്‍ കാലിഫോര്‍ണിയയില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 1963-ല്‍ ന്യൂയോര്‍ക്കിലെ പ്രമുഖ നിയമസ്ഥാപനത്തില്‍ ചേര്‍ന്നപ്പോഴും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ ഉന്നതരുമായുള്ള ബന്ധം നിലനിര്‍ത്തി. 1966-ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥികളുടെ വിജയത്തിനു പിന്നില്‍ ഇദ്ദേഹത്തിന്റെ അശ്രാന്തപരിശ്രമമുണ്ടായിരുന്നു. പാര്‍ട്ടിയിലും പൊതുജനങ്ങള്‍ക്കിടയിലും ജനസമ്മതി ക്രമേണ വര്‍ധിച്ചതോടെ 1968-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയുണ്ടായി. വിയറ്റ്നാം യുദ്ധം, ക്രമസമാധാനം തുടങ്ങിയവ പ്രചാരണായുധങ്ങളായ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ഹംഫ്രിയെ 4,99,704 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ട് 1969 ജനു. 20-ന് അമേരിക്കയുടെ 37-ാമത് പ്രസിഡന്റായി അധികാരമേറ്റു.

പ്രസിഡന്റ് പദവിയുടെ തുടക്കത്തില്‍ത്തന്നെ സാമ്പത്തിക മാന്ദ്യവും നാണയപ്പെരുപ്പവും ശക്തമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നിക്സണെ നിര്‍ബന്ധിതനാക്കി. ചരിത്രപ്രധാനമായ ഒട്ടേറെ സംഭവവികാസങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ഭരണകാലമായിരുന്നു ഇദ്ദേഹത്തിന്റേത്. വിദ്യാഭ്യാസമേഖലയിലെ വര്‍ണവിവേചനം അവസാനിപ്പിക്കുന്നതിനും എല്ലാവിഭാഗം കുട്ടികള്‍ക്കും സ്കൂള്‍ പ്രവേശനം ലഭ്യമാക്കുന്നതിനുമായി ഡി-സെഗ്രഗേഷന്‍ നയം പ്രാബല്യത്തില്‍ കൊണ്ടുവന്നു. നിക്സണ്‍ പ്രസിഡന്റായിരിക്കവെയാണ് അമേരിക്കയില്‍ പാരിസ്ഥിതിക ദശാബ്ദം എന്ന ആശയത്തിന് തുടക്കം കുറിക്കപ്പെട്ടത്. നാഷണല്‍ എന്‍വയോണ്‍മെന്റ് പോളിസി ആക്റ്റ്, 1970-ലെ ദി ക്ളീന്‍ എയര്‍ ആക്റ്റ് തുടങ്ങിയവ നടപ്പിലാക്കിയത് ഇദ്ദേഹത്തിന്റെ പ്രത്യേക താത്പര്യപ്രകാരമാണ്. ശീതയുദ്ധകാലത്തെ മൂന്നാമത്തെ പ്രസിഡന്റായ ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് വിയറ്റ്നാം യുദ്ധം അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തുന്നത്. യുദ്ധത്തിനെതിരെ പൊതുഅഭിപ്രായം ശക്തമായ 1960-കളില്‍ വിയറ്റ്നാമിലെ യു.എസ്സ്. ഇടപെടല്‍ അവസാനിപ്പിക്കുമെന്ന ഇദ്ദേഹത്തിന്റെ പ്രഖ്യാപനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ഹാര്‍വാഡ് സര്‍വകലാശാലയിലെ പ്രൊഫസറായിരുന്ന ഹെന്റി എ. കിസ്സിംഗറായിരുന്നു നിക്സന്റെ വിദേശകാര്യ ഉപദേഷ്ടാവ്. വിയറ്റ്നാം യുദ്ധവും അത് അമേരിക്കയുടെ ആഭ്യന്തരരാഷ്ട്രീയത്തില്‍ ഉയര്‍ത്തിയ ഭയാശങ്കകളും തന്ത്രപ്രധാനമായ നിക്സണ്‍ സിദ്ധാന്തത്തിന് സാഹചര്യമൊരുക്കി. അമേരിക്കയുടെ സാര്‍വദേശീയ പ്രതിബദ്ധത കുറയ്ക്കുക എന്നതായിരുന്നു ഇതിന്റെ അന്തഃസത്ത. വിയറ്റ്നാമില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ ഘട്ടംഘട്ടമായി പിന്‍വലിക്കുന്ന പ്രഖ്യാപനമുണ്ടായെങ്കിലും 1973-ലാണ് സൈന്യം പൂര്‍ണമായും പിന്‍വലിക്കപ്പെട്ടത്.

കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുവാനുള്ള നിക്സന്റെ ശ്രമങ്ങള്‍ വിദേശരംഗത്തെ മികച്ച നേട്ടമായി വിലയിരുത്തപ്പെടുന്നു. കമ്യൂണിസ്റ്റുചൈന സന്ദര്‍ശിക്കുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് നിക്സനാണ്. മാവോ, ചൌഎന്‍ലായ് എന്നീ നേതാക്കളുമായും സംഭാഷണങ്ങളില്‍ ഏര്‍പ്പെടുവാന്‍ ഇദ്ദേഹം മുന്‍കൈയെടുത്തു. വിജയകരമായ ചൈനീസ് സന്ദര്‍ശനത്തെത്തുടര്‍ന്ന് 1972 മേയ് 22-ന് മോസ്കോ സന്ദര്‍ശിച്ച് സോവിയറ്റ് യൂണിയന്‍ പ്രസിഡന്റ് ബ്രഷ്നേവുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വര്‍ധിപ്പിക്കുവാനും വന്‍ശക്തികള്‍ എന്ന നിലയില്‍ ആയുധനിയന്ത്രണം, ആണവനിര്‍വ്യാപനക്കരാര്‍ (NPT), ആന്റി ബാലിസ്റ്റിക് മിസൈല്‍ ഉടമ്പടി എന്നിവ സംബന്ധിച്ച് ധാരണയിലെത്തുവാനും നിക്സന്റെ സോവിയറ്റ് സന്ദര്‍ശനത്തിനായി.

ബാംഗ്ലാദേശ് രൂപീകരണത്തെത്തുടര്‍ന്നുള്ള ഇന്ത്യ-പാകിസ്താന്‍ ഭിന്നിപ്പില്‍ പാകിസ്താന്‍ അനുകൂലനിലപാടാണ് നിക്സണ്‍ കൈക്കൊണ്ടത്. ബാംഗ്ലാദേശിന്റെ രൂപീകരണം ദക്ഷിണേഷ്യയില്‍ ഇന്ത്യയ്ക്കു മേല്‍ക്കൈ സൃഷ്ടിക്കുമെന്നും ഒപ്പം സോവിയറ്റനുകൂല രാഷ്ട്രീയ കലാവാസ്ഥ രൂപപ്പെടുമെന്നുമുള്ള ആശങ്കയായിരുന്നു പാക് അനുകൂല നിലപാടെടുക്കാന്‍ യു.എസ്സിനെ പ്രേരിപ്പിച്ചത്. പാകിസ്താനുമായുള്ള യുദ്ധത്തില്‍ നിന്നും ഇന്ത്യയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ നിക്സണ്‍ അന്നത്തെ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിക്കെതിരെ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു.

Image:nixon with idira gandi.png

അമേരിക്കയുടെ ചാന്ദ്രദൌത്യമായ അപ്പോളോയില്‍ ചന്ദ്രനിലിറങ്ങിയ നീല്‍ ആംസ്ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍ എന്നിവരുമായി വൈറ്റ് ഹൗസിലിരുന്ന് ടെലഫോണില്‍ സംസാരിക്കുവാന്‍ സാധിച്ചത് അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ നിക്സന്റെ അഭിമാനകരമായ നേട്ടമാണ്. വൈറ്റ് ഹൗസിലെ 'ചരിത്രപരമായ ടെലിഫോണ്‍ സംഭാഷണം' എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. 1972-ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോര്‍ജ് എസ്. മക്ഗോവനിനെ നിക്സണ്‍ വന്‍ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി രണ്ടാമതും യു,എസ്സ്. പ്രസിഡന്റായി അധികാരത്തില്‍ തിരിച്ചെത്തി; 1973-ലെ യോംകിപ്പൂര്‍ യുദ്ധത്തില്‍ നിക്സണ്‍ അമേരിക്കയുടെ മധ്യേഷ്യന്‍ പങ്കാളിയായ ഇസ്രയേലിന് പിന്തുണ നല്കിയതിനെത്തുടര്‍ന്ന്, അറബ് രാജ്യങ്ങളുടെ കൂട്ടായ്മ എണ്ണവില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് ഇന്ധന ഉപഭോഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. രണ്ടാമതും പ്രസിഡന്റായിരിക്കുമ്പോഴാണ് വിയറ്റ്നാം യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള കരാറില്‍ യു.എസ്സ്. ഒപ്പുവച്ചത് (1973). ഇതേവര്‍ഷം തന്നെ യു.എസ്സില്‍ നിര്‍ബന്ധിത സൈനികസേവനം നിര്‍ത്തലാക്കുകയും ചെയ്തു. ഫെഡറല്‍ ഗവണ്‍മെന്റിന്റെ അധികാരം പരിമിതപ്പെടുത്തുന്നതിനോടൊപ്പം പ്രാദേശിക ഘടകങ്ങള്‍ക്കു കൂടുതല്‍ അധികാരങ്ങള്‍ നല്കുന്ന ന്യൂഫെഡറലിസം എന്ന ആഭ്യന്തരപരിഷ്കരണങ്ങള്‍ക്കു തുടക്കം കുറിച്ചത് നിക്സണാണ്. പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കിയ ഇദ്ദേഹം ഭരണവ്യയം കുറയ്ക്കുകയും വിദേശവിപണിയിലെ അമേരിക്കന്‍ ഉത്പന്നങ്ങളുടെ വില കുറയ്ക്കുകയും ചെയ്തു. എന്നാല്‍ ആഭ്യന്തരരംഗത്തെ ഇദ്ദേഹത്തിന്റെ നേട്ടങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് ഉയര്‍ന്നുവന്ന വാട്ടര്‍ഗേറ്റ് അപവാദം ഒടുവില്‍ നിക്സന്റെ രാജിയിലാണ് അവസാനിച്ചത്.

വാഷിങ്ടണ്‍ ഡി.സി.യിലെ വാട്ടര്‍ഗേറ്റ് സമുച്ചയത്തില്‍ സ്ഥിതിചെയ്ത ഡെമോക്രാറ്റിക് പാര്‍ട്ടി ആസ്ഥാനത്ത് അതിക്രമിച്ചു കടന്ന നിലയില്‍ കണ്ടെത്തിയ അഞ്ചുപേര്‍ക്ക് നിക്സണുമായി അടുത്ത ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടത് യു.എസ്സില്‍ വന്‍കോളിളക്കം സൃഷ്ടിച്ചു. ഒരു മൂന്നാംകിട കവര്‍ച്ചാശ്രമമായി ഇതിനെ വൈറ്റ്ഹൌസ് തള്ളിക്കളഞ്ഞെങ്കിലും സംഭവത്തെ ഒതുക്കാനുള്ള നിക്സന്റെ ശ്രമം പുറത്തുവന്നതോടെ ഇദ്ദേഹത്തിനെതിരെയുള്ള ഇംപീച്ച്മെന്റ് നീക്കങ്ങള്‍ ശക്തമായി. ഈ സാഹചര്യത്തിലാണ് 1974-ല്‍ നിക്സണ്‍ രാജിവയ്ക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവച്ച ആദ്യത്തെ വ്യക്തിയാണ് നിക്സണ്‍. അമേരിക്കയിലെ ഏറ്റവും പ്രമാദമായ അപവാദം എന്നു വിശേഷിപ്പിക്കപ്പെട്ട വാട്ടര്‍ഗേറ്റ് സംഭവത്തില്‍ ഇദ്ദേഹം ഒരിക്കലും കുറ്റസമ്മതം നടത്തുകയുണ്ടായിട്ടില്ല. സജീവരാഷ്ട്രീയത്തോടു വിടപറഞ്ഞശേഷം എഴുത്തും വായനയുമായി കഴിഞ്ഞ ഇദ്ദേഹം 1994 ഏ. 22-ന് അന്തരിച്ചു. നോ: വാട്ടര്‍ഗേറ്റ്, വിയറ്റ്നാം യുദ്ധം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍