This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിക്ഷേപ ഗ്രന്ഥശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിക്ഷേപ ഗ്രന്ഥശാല

Depository Library

ഒരു രാജ്യത്ത് പ്രസിദ്ധപ്പെടുത്തുന്ന മുഴുവന്‍ പ്രസിദ്ധീകരണങ്ങളുടെയും ഓരോ പ്രതി നിയമപരമായി ലഭിക്കാന്‍ അര്‍ഹതയുള്ളതും ഭാവിതലമുറയ്ക്കുവേണ്ടി അവ സൂക്ഷിച്ചുവയ്ക്കുന്നതുമായ സ്ഥാപനം. പുസ്തക നിക്ഷേപകേന്ദ്രം അഥവാ ഡെപ്പോസിറ്ററി ലൈബ്രറി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. മുദ്രണം ചെയ്യപ്പെടുന്ന എല്ലാ പുസ്തകങ്ങളുടെയും നിര്‍ദിഷ്ടമായ പ്രതികള്‍ ഒരു നിശ്ചിത കേന്ദ്രത്തില്‍ എത്തിക്കാനുള്ള നിയമപരമായ ബാധ്യത പ്രസാധകര്‍ക്ക് ഉണ്ടായാല്‍ മാത്രമേ പുസ്തക നിക്ഷേപകേന്ദ്രം എന്ന ആശയം പൂര്‍ണമാവുകയുള്ളൂ. അതിനുവേണ്ടി നിര്‍മിക്കുന്ന നിയമത്തെ പുസ്ത നിക്ഷേപനിയമം എന്നു പൊതുവേ പറയാം.

[നാഷണല്‍‌ ലൈബ്രറി-കൊല്‍ക്കത്ത]

Image:National Library, Calcutta.png

പുസ്തക നിക്ഷേപനിയമം ലോകത്താദ്യമായി ഏര്‍പ്പെടുത്തുന്നത് 1537-ല്‍ ഫ്രാന്‍സിലെ ഫ്രാന്‍സിസ് ഒന്നാമന്‍ എന്ന രാജാവാണ്. വിവിധ രാജ്യങ്ങളിലായി പില്ക്കാലത്ത് ഇത്തരം നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഇന്ത്യയില്‍ ഇത്തരത്തില്‍ ഉണ്ടായ ആദ്യത്തെ നിയമം 1867-ലെ പ്രസ്സ് ആന്‍ഡ് രജിസ്ട്രേഷന്‍ ഒഫ് ബുക്സ് ആകറ്റ് ആണ്. ഈ നിയമത്തിന് ആറ് അധ്യായങ്ങളുണ്ട്. അതില്‍ മൂന്നാം അധ്യായം പുസ്തകനിക്ഷേപ (ഡെലിവറി ഒഫ് ബുക്സ്)ത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. അതനുസരിച്ച് മുദ്രണം ചെയ്യപ്പെടുന്ന മുഴുവന്‍ പുസ്തകങ്ങളുടെയും മൂന്നു പ്രതികള്‍ വീതം സംസ്ഥാനസര്‍ക്കാരിനു സമര്‍പ്പിക്കാന്‍ പ്രസ്സുടമ ബാധ്യസ്ഥനാണ്. അവയില്‍ ഒരു പ്രതി ഗവേഷകര്‍ക്കു വേണ്ടി ബ്രിട്ടണിലെ ഇന്ത്യാ ഹൌസ് ലൈബ്രറിയില്‍ അയച്ചുകൊടുക്കണമായിരുന്നു (ഇപ്പോള്‍ അത്തരം ഒരു ബാധ്യത നിലവിലില്ല). 1954-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് മേല്പറഞ്ഞ മൂന്നാം അധ്യായം വിപുലീകരിച്ച് 'ഡെലിവറി ഒഫ് ബുക്സ് ആന്‍ഡ് ന്യൂസ്പേപ്പേഴ്സ് (പബ്ലിക് ലൈബ്രറീസ്) ആക്റ്റ്, 1954' എന്ന പേരില്‍ ഒരു പ്രത്യേക നിയമം നിര്‍മിക്കുകയുണ്ടായി. ഇതനുസരിച്ച് ഓരോ പ്രസാധകനും പ്രസിദ്ധീകരിക്കുന്ന പുസ്തകം, പത്രമാസികകള്‍ ഇവയുടെ ഓരോ പ്രതിവീതം നാഷണല്‍ ലൈബ്രറി-കൊല്‍ക്കത്ത, സെന്‍ട്രല്‍ ലൈബ്രറി-ബോംബെ, കണ്ണിമാറാ പബ്ലിക് ലൈബ്രറി-മദ്രാസ്, ഡല്‍ഹി പബ്ളിക് ലൈബ്രറി എന്നീ നാലു സ്ഥാപനങ്ങള്‍ക്ക് അയച്ചുകൊടുക്കണം. 1867-ല്‍ നിലവില്‍ വന്ന നിയമം നടപ്പിലാക്കേണ്ട ബാധ്യത അതതു സംസ്ഥാനസര്‍ക്കാരുകളിലും 1954-ലേതു കേന്ദ്രസര്‍ക്കാരിലും നിക്ഷിപ്തമാണ്.

[കണ്ണിമാറാ പബ്ലിക് ലൈബ്രറി-ചെന്നൈ]

Image:Connemara Public library, chennai.png

പുസ്തക നിക്ഷേപ നിയമത്തിന്റെ പിന്‍ബലത്തില്‍ ഇതുവരെ കേരളത്തില്‍ ഒരു പുസ്തകനിക്ഷേപകേന്ദ്രം തുടങ്ങിയിട്ടില്ല. 1989-ല്‍ തിരുവനന്തപുരം പബ്ലിക് ലൈബ്രറി (സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി)യില്‍ ഒരു മലയാള പുസ്തകനിക്ഷേപ കേന്ദ്രം ആരംഭിച്ചുവെങ്കിലും നിയമത്തിന്റെ പരിരക്ഷ ഉറപ്പാക്കാത്തതിനാല്‍ പ്രസ്തുത കേന്ദ്രം ക്രമേണ പ്രവര്‍ത്തനരഹിതമായിത്തീര്‍ന്നു. അതേസമയം തൃശ്ശൂരിലെ കേരള സാഹിത്യഅക്കാദമിയില്‍ മലയാള പുസ്തകങ്ങളുടെ ഒരു നിക്ഷേപകേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നു. കേരള സംസ്ഥാനത്തു പ്രസിദ്ധപ്പെടുത്തുന്ന മലയാള പുസ്തകങ്ങളില്‍ സൗജന്യമായി ലഭിക്കുന്നവയൊഴികെ ബാക്കി പുസ്തകങ്ങള്‍ വിലകൊടുത്തു വാങ്ങിയാണ് പ്രസ്തുത നിക്ഷേപകേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

നിക്ഷേപകേന്ദ്രത്തിന്റെ മറ്റൊരു പ്രധാന ഉപയോഗം ഗ്രന്ഥസൂചി നിര്‍മാണത്തിന് അതു വളരെയേറെ സഹായിക്കുന്നു എന്നതാണ്. കൊല്‍ക്കത്ത നാഷണല്‍ ലൈബ്രറിയില്‍, ഡെലിവറി ഓഫ് ബുക്സ് ആക്റ്റ് അനുസരിച്ച് ലഭിക്കുന്ന പുസ്തകങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യയുടെ ദേശീയ ഗ്രന്ഥസൂചി നിര്‍മിക്കുന്നത്.

(എന്‍. സുകുമാരന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍