This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിക്കോള്‍സ്, മൈക്ക് (1931 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിക്കോള്‍സ്, മൈക്ക് (1931 - )

Nicols,Mike

അമേരിക്കന്‍ നാടക-ചലച്ചിത്രനിര്‍മാതാവും സംവിധായകനും. നാല് ദശാബ്ദക്കാലത്തോളം നാടകത്തിലും ചലച്ചിത്രത്തിലും ഒരുപോലെ നിറഞ്ഞുനിന്ന ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമധേയം മൈക്കിള്‍ ഇഗോര്‍ പെഷോവ്സ്കി എന്നാണ്.

Image:Nicols, mike1.png

1931 ന. 6-ന് ജര്‍മനിയിലെ ബെര്‍ലിനില്‍ ഒരു ജൂതകുടുംബത്തില്‍ ജനിച്ചു. നാസിപട്ടാളത്തിന്റെ ക്രൂരതകളെത്തുടര്‍ന്ന് 1939-ല്‍ കുടുംബം യു.എസ്സിലേക്കു പലായനം ചെയ്തു. 1944-ല്‍ അമേരിക്കന്‍ പൗരത്വം ലഭിച്ചു. അവിടെ പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം അഭിനയപഠനത്തിനായി ഷിക്കാഗോയിലെ 'കോംപാസ് പ്ലെയേഴ്സ്' എന്ന നാടകസംഘത്തില്‍ ചേര്‍ന്നു. 1955-61 കാലത്ത് യു.എസ്സിലെ ശ്രദ്ധേയനായ റേഡിയോ അവതാരകനാവുകയും അക്കാലത്ത് പല രംഗപരിപാടികളുടെയും (Stage Events) സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് നാടകസംവിധാനത്തിലേക്കും ചലച്ചിത്ര മേഖലയിലേക്കും കടന്നു.

പ്രശസ്ത അമേരിക്കന്‍ നാടകകൃത്തായ നീല്‍ സൈമണ്‍സിന്റെ ബെയര്‍ഫൂട്ട് ഇന്‍ ദ് പാര്‍ക്ക് ആണ് സംവിധാനം ചെയ്ത ആദ്യനാടകം. ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നാടകവും ഇതുതന്നെയായിരുന്നു. 1500-ലധികം വേദികളില്‍ ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്. ഇതിനുശേഷം, നീല്‍ സൈമണ്‍സിന്റെ തന്നെ പല നാടകങ്ങള്‍ക്കും രംഗാവിഷ്കാരം നല്കുകയുണ്ടായി. ലവ് (1964), ദി ഓഡ് കപ്പിള്‍ (1965), ദി ആപ്പിള്‍ ട്രീ (1966), ദ് ലിറ്റില്‍ ഫോക്സസ് (1967), പ്ലാസാ സ്യൂട്ട് (1968), ദ് പ്രിസണ്‍ ഒഫ് സെക്കണ്ട് അവന്യൂ (1971), സ്ട്രീമേര്‍സ് (1976), കൊമേഡിയന്‍സ് (1976), ദ് റിയല്‍ തിംഗം (1984), സോഷ്യല്‍ സെക്യൂരിറ്റി (1986), ഡെത്ത് ആന്‍ഡ് മെയ്ഡന്‍ (1992), സപാംലോട്ട് (2005), കണ്‍ട്രീ ഗേള്‍ (2008) തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന നാടകങ്ങള്‍. മുപ്പതിലധികം ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത നിക്കോള്‍സിന്റെ പ്രഥമ ചിത്രം ഹു ഇസ് അഫ്രൈഡ് ഒഫ് വെര്‍ജീനിയ വൂള്‍ഫ്? (who is Afraid of Virginia Woulf? 1966) ആയിരുന്നു. അത് 13 വിഭാഗങ്ങളിലായി ഓസ്കാര്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെടുകയും അതില്‍ അഞ്ചെണ്ണം കരസ്ഥമാക്കുകയും ചെയ്തു. പ്രശസ്ത അമേരിക്കന്‍ നോവലിസ്റ്റായ ചാള്‍സ് വെബിന്റെ നോവലിനെ (Graduate) ആസ്പദമാക്കി, 1967-ല്‍ നിര്‍മിച്ച രണ്ടാമത്തെ ചിത്രമായ ദി ഗ്രാജ്യുവേറ്റ് മികച്ച സംവിധായകനുള്ള ഓസ്കാര്‍ പുരസ്കാരം ഇദ്ദേഹത്തിന് നേടിക്കൊടുത്തു. ടീച്ച് മീ! (1968), ക്യാച്ച് 22 (1970), കാര്‍ണല്‍-നോളജ് (1971), ദ് ഡെ ഒഫ് ദ് ഡോള്‍ഫിന്‍ (1973), ദി ഫോര്‍ച്യൂണ്‍ (1975) സില്‍ക്വുഡ് (1983), ഹെര്‍ട്ട് ബേണ്‍ (1986), വര്‍ക്കിങ് ഗേള്‍ (1988), വോള്‍ഫ് (1994), ദ് ബോര്‍ഡ് കേജ് (1996), പ്രൈമറി കളേര്‍സ് (1998), വാട്ട് പ്ലാനറ്റ് ആര്‍ യു ഫ്രം? (2000), ഏയ്ഞ്ചല്‍സ് ഇന്‍ അമേരിക്ക (2003), ചാര്‍ളി വില്‍സണ്‍സ് വാര്‍ (2007) തുടങ്ങിയവയാണ് ഇദ്ദേഹം സംവിധാനം നിര്‍വഹിച്ച പ്രധാന ചിത്രങ്ങള്‍.

മികച്ച സംവിധായകനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം (1968) തുടങ്ങി ഒട്ടേറെ ചലച്ചിത്രപുരസ്കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നാടകരംഗത്തെ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഇദ്ദേഹത്തിന് ഏറെയും അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ളത്. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവ ഗ്രാമി അവാര്‍ഡ് (1961) ടോണി (64, 72, 77, 84, 2005) എന്നിവയാണ്. വിവിധ വര്‍ഷങ്ങളിലായി എമ്മി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. നാടകരംഗത്തെ സമഗ്രസംഭാവനകളെ മുന്‍നിര്‍ത്തി 2003-ല്‍ ഇദ്ദേഹത്തെ കെന്നഡി സെന്റര്‍ ആദരിക്കുകയുമുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍