This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിക്കോളോ ദി കോന്‍തീ (15-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിക്കോളോ ദി കോന്‍തീ (15-ാം ശ.)

Niccolo de Conti

ഇറ്റാലിയന്‍ സഞ്ചാരസാഹിത്യകാരനും വ്യാപാരിയും. പതിനഞ്ചാം നൂറ്റാണ്ടിലെ ദക്ഷിണേന്ത്യയെക്കുറിച്ചുള്ള ഒട്ടേറെ അറിവുകള്‍ നിക്കോളോ കോന്‍തീയുടെ യാത്രാവിവരണങ്ങളില്‍നിന്നും ലഭിച്ചിട്ടുണ്ട്.

വിദേശരാജ്യങ്ങളുമായി പരമ്പരാഗതമായിത്തന്നെ വ്യാപാരം നടത്തിപ്പോന്ന വെനീസിലെ ഒരു സമ്പന്നകുടുംബത്തിലായിരുന്നു നിക്കോളോയുടെ ജനനം. ദമാസ്കസില്‍ നിന്നും അറബിഭാഷ സ്വായത്തമാക്കിയ ഇദ്ദേഹം 1419-ല്‍ തന്റെ സമുദ്രസഞ്ചാരത്തിനു തുടക്കംകുറിച്ചു. ബാഗ്ദാദ് വഴി പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ തീരത്തെത്തിയ യാത്രാസംഘത്തില്‍ ഭാര്യ ഉള്‍പ്പെടെ അറുന്നൂറോളം പേരുണ്ടായിരുന്നു. അറേബ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിനുശേഷം ഇന്ത്യയിലെ കാംബെ തീരത്തിറങ്ങിയ ഇദ്ദേഹം തുടര്‍ന്ന് കേരളത്തിലെ ഏഴിമലയിലെത്തി. വിജയനഗരം (ഹംപി), മൈലാപ്പൂര്‍ തുടങ്ങിയ പ്രധാന വാണിജ്യ വ്യാപാര കേന്ദ്രങ്ങളും സന്ദര്‍ശിക്കുകയുണ്ടായി. തുടര്‍ന്ന് ശ്രീലങ്ക, ജാവ, സുമാത്ര എന്നിവിടങ്ങളിലേക്കു യാത്ര ചെയ്ത് സമുദ്രമാര്‍ഗമുള്ള വ്യാപാരത്തിനു സാധ്യതകളൊരുക്കി. മടക്കയാത്രയില്‍ കൊല്ലം, കൊച്ചി, കൊടുങ്ങല്ലൂര്‍, കോഴിക്കോട് എന്നിവിടങ്ങള്‍ നിക്കോളോ സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയുമുണ്ടായി. കൊല്ലം, കോഴിക്കോട് എന്നീ തുറമുഖങ്ങളിലെ കുരുമുളകിന്റെയും ഇഞ്ചിയുടെയും വ്യാപാരം ഇദ്ദേഹത്തെ അത്യധികം ആകര്‍ഷിച്ചിരുന്നു. ചൈനീസ് സഞ്ചാരിയായ മാഹ്വാനുശേഷം കൊച്ചിയെക്കുറിച്ച് എഴുതിയ രണ്ടാമത്തെ വിദേശിയാണ് നിക്കോളോ. കൊച്ചി നഗരത്തിനു എട്ടുകിലോമീറ്റര്‍ വിസ്തീര്‍ണമുണ്ടെന്നും നഗരത്തിന് ആ പേരു വരുവാന്‍ കാരണം അതേപേരിലുള്ള നദീമുഖത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണെന്നും രേഖപ്പെടുത്തിയിരിക്കുന്നു.

മടക്കയാത്രയില്‍ ജിദ്ദ തുറമുഖം, കെയ്റോ, സീനായ് കുന്നുകള്‍, കാംബെ തുടങ്ങിയ നാടുകള്‍ സന്ദര്‍ശിച്ചശേഷം 1444-ല്‍ സ്വദേശമായ വെനീസില്‍ തിരികെയെത്തി. താന്‍ സന്ദര്‍ശിച്ച നാടുകളെക്കുറിച്ചും യാത്രയെക്കുറിച്ചുമുള്ള വിശദമായ വിവരണം പോപ്പിന് സമര്‍പ്പിക്കുകയുണ്ടായി (ഇതിന്റെ പരിഭാഷയാണ് 1857-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഇന്ത്യ ഇന്‍ ദ് ഫിഫ്റ്റീന്‍ത് സെന്‍ച്വറി). 15-ാം ശതകത്തില്‍ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിലനിന്നിരുന്ന സതി സമ്പ്രദായം, കേരളത്തിലെ ബഹുഭര്‍ത്തൃത്വം എന്നിവ ഉള്‍പ്പെടെ വിവിധ സാമൂഹികാവസ്ഥകളെക്കുറിച്ചുള്ള വിവരണങ്ങള്‍ ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്.

(വേലായുധന്‍ പണിക്കശ്ശേരി, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍