This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിക്കോളാസ് II (1868 - 1918)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിക്കോളാസ് II (1868 - 1918)

Nicholas II

Image:Niccolas II.png

അവസാനത്തെ റഷ്യന്‍ ചക്രവര്‍ത്തി (സാര്‍). ഇദ്ദേഹത്തിന്റെ ജനവിരുദ്ധ നയങ്ങളായിരുന്നു 1917-ലെ ഫെബ്രുവരി വിപ്ലവത്തിനു വഴിയൊരുക്കിയത്; നിക്കോളാസിന്റെ സ്ഥാനത്യാഗത്തിനിടയാക്കിയ ഈ വിപ്ലവത്തിനുശേഷമാണ് ബോള്‍ഷെവിക്കുകള്‍ ലോകത്തെ ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ റഷ്യയില്‍ സ്ഥാപിച്ചത്.

റഷ്യന്‍ ചക്രവര്‍ത്തിയായ അലക്സാണ്ടര്‍ III ന്റെ മൂത്തപുത്രനായി 1868 മേയ് 6-ന് ജനിച്ചു. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് 26-ാമത്തെ വയസ്സില്‍ നിക്കോളാസ് II റഷ്യന്‍ ചക്രവര്‍ത്തിയായി. ഭരണകാര്യങ്ങളില്‍ ഒരു പരാജയമായിരുന്ന ഇദ്ദേഹത്തിന് രാഷ്ട്രീയമണ്ഡലത്തില്‍ ഗുണപരമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല എന്നാണ് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നത്. ഏകാധിപത്യം ദൈവഹിതമാണെന്ന് കരുതിയ നിക്കോളാസിന്റെ വിശ്വാസപ്രമാണങ്ങള്‍ക്കു ശക്തമായ പിന്തുണ നല്കിയത് പത്നിയായ അലക്സാന്ദ്രിയയാണ്.

വിക്ടോറിയ രാജ്ഞിയുടെ പൗത്രിയായ അലക്സാന്ദ്രിയ നിക്കോളാസിന്റെ വ്യക്തിജീവിതത്തിലും ഭരണപരമായ ചുമതലകളിലും നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഏഷ്യന്‍ കാര്യങ്ങളില്‍ സജീവതാത്പര്യം പ്രകടിപ്പിച്ച ആദ്യത്തെ റഷ്യന്‍ ചക്രവര്‍ത്തിയാണ് നിക്കോളാസ്. 189091 വര്‍ഷങ്ങളിലായി ഇന്ത്യ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇദ്ദേഹം ട്രാന്‍സ്-സൈബീരിയന്‍ റെയില്‍പ്പാതയുടെ നിര്‍മിതിയില്‍ പ്രത്യേക താത്പര്യമെടുത്തിരുന്നു.

സംഭവബഹുലമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ഭരണകാലമായിരുന്നു നിക്കോളാസിന്റേത്. കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളില്‍ ആകൃഷ്ടരായ മാര്‍ക്സിസ്റ്റുകളുടെ സാന്നിധ്യം റഷ്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ അനുഭവപ്പെട്ടുതുടങ്ങിയത് ഇദ്ദേഹത്തിന്റെ കാലത്താണ്. റഷ്യയുടെ ചരിത്രത്തെ മാറ്റിമറിച്ച 1905-ലെ റൂസ്സോ-ജപ്പാന്‍ യുദ്ധം, 1905-ലെ റഷ്യന്‍ വിപ്ലവം, 1917-ലെ കമ്യൂണിസ്റ്റ് വിപ്ലവം എന്നിവയ്ക്കു സാക്ഷിയായിരുന്നു ഇദ്ദേഹം.

1905-ലെ റൂസ്സോ-ജപ്പാന്‍ യുദ്ധത്തില്‍ റഷ്യയ്ക്കുണ്ടായ പരാജയം ദൂരവ്യാപകമായ ഫലമുളവാക്കി. സമ്പദ്ഘടനയെ അസ്ഥിരമാക്കിയതിനു പുറമേ രാജ്യത്ത് പ്രതിഷേധത്തിന്റെ വേലിയേറ്റത്തിനും ഈ യുദ്ധം നിമിത്തമായി. സാറിസ്റ്റ് വിരുദ്ധ തരംഗം വിപ്ലവാത്മകമാനം കൈവരിച്ചതോടെ വിട്ടുവീഴ്ചയ്ക്കു തയ്യാറായ നിക്കോളാസ് പാര്‍ലമെന്റ് (ദൂമ) രൂപീകരിക്കാനും റഷ്യയ്ക്കു ആദ്യമായി ഒരു ഭരണഘടന നല്കാനും തയ്യാറായി. എന്നാല്‍ ദൂമയുടെ അധികാരത്തെ പരിമിതപ്പെടുത്തുവാന്‍ നിക്കോളാസ് തുടങ്ങിയതോടെ ഭരണഘടനാധിഷ്ഠിത ഭരണത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തിനു മങ്ങലേറ്റു.

ഒന്നാം ലോകയുദ്ധത്തില്‍ സഖ്യകക്ഷികള്‍ക്കൊപ്പം ജര്‍മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച നിക്കോളാസ് 1915-ല്‍ സേനയുടെ നേതൃത്വം സ്വയം ഏറ്റെടുക്കുകയുണ്ടായി. യുദ്ധമുന്നണിയിലായിരിക്കവേ, ഭരണകാര്യങ്ങള്‍ നിയന്ത്രിച്ചത് അലക്സാന്ദ്രിയയും അവരുടെ വിശ്വസ്തനായ റാസ്പുട്ടിനുമാണ്. 1914-നും 15-നുമിടയ്ക്ക് റഷ്യന്‍ സേനയ്ക്കുണ്ടായ പരാജയം, സാറിനെതിരെ പൊതുജനാഭിപ്രായം തിരിയാന്‍ കാരണമായി. യുദ്ധത്തിന്റെ ബാക്കിപത്രമായ സാമ്പത്തിക ദുരിതവും ഭക്ഷ്യക്ഷാമവും വിപ്ലവത്തിനു വളക്കൂറുള്ള മണ്ണാണ് സൃഷ്ടിച്ചത്. കലാപങ്ങളെ അടിച്ചമര്‍ത്താന്‍ സേനയുടെ സഹായം തേടിയെങ്കിലും പട്ടാളക്കാര്‍ കലാപകാരികളുടെ പക്ഷംചേര്‍ന്നത് സാറിനെ നിസ്സഹായനാക്കി. ഈ സാഹചര്യത്തെ രാഷ്ട്രീയമായി മുതലെടുത്ത പാര്‍ലമെന്റ് ഒരു താത്കാലിക ഗവണ്‍മെന്റിന് രൂപംനല്കി. ഈ ഗവണ്‍മെന്റ് ചെലുത്തിയ സമ്മര്‍ദത്തെത്തുടര്‍ന്ന് 1917-ല്‍ നിക്കോളാസ് സ്ഥാനത്യാഗം ചെയ്യുകയുണ്ടായി. ഇദ്ദേഹത്തിന്റെ സ്ഥാനത്യാഗത്തിലേക്ക് നയിച്ച കലാപം ഫെബ്രുവരി കലാപമെന്നാണ് അറിയപ്പെട്ടത്. താത്കാലിക സര്‍ക്കാരിനെ പുറത്താക്കിക്കൊണ്ട് ലെനിന്റെ നേതൃത്വത്തിലുള്ള ബോള്‍ഷെവിക്കുകള്‍ 1917 ഒ.-ല്‍ അധികാരം പിടിച്ചെടുത്തു. സ്ഥാനത്യാഗം ചെയ്തതിനുശേഷം യെകാറ്റന്‍ബര്‍ഗ് പ്രദേശത്ത് തടങ്കലില്‍ കഴിഞ്ഞ ഇദ്ദേഹത്തെയും കുടുംബത്തെയും ലെനിനിന്റെ നിര്‍ദേശപ്രകാരം ബോള്‍ഷെവിക്കുഅവകള്‍ വധിച്ചു. പാശ്ചാത്യശക്തികള്‍ ചക്രവര്‍ത്തിയെ അധികാരത്തില്‍ പുനഃസ്ഥാപിച്ചേക്കാം എന്ന ഭയമായിരുന്നു അവരെ അതിനു പ്രേരിപ്പിച്ച പ്രധാന ഘടകം. റഷ്യന്‍ വിപ്ലവത്തിലെ ഒരു കറുത്ത ഏടായി ഇത് അവശേഷിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍