This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിക്കീ ബുങ്കാകു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിക്കീ ബുങ്കാകു

Nikki Bunkagu

ഡയറിക്കുറിപ്പുകളുടെ മാതൃകയിലുള്ള ജാപ്പനീസ് സാഹിത്യകൃതികള്‍. ഉയര്‍ന്ന സാഹിത്യമൂല്യമുള്ള പ്രാചീന ജാപ്പനീസ് ഭാഷയിലെ ഡയറികളും ഡയറിക്കുറിപ്പുകളുടെ രൂപത്തിലുള്ള കഥകളും ഇതിന്റെ പരിധിയില്‍പ്പെടും. 10 മുതല്‍ 14 വരെയുള്ള ശതകങ്ങളാണ് ഇതിന്റെ പുഷ്കലകാലം.

ആദ്യകാലത്ത് ചൈനീസ് ഭാഷയിലാണ് ഇവ എഴുതിത്തുടങ്ങിയത്. തനി ചൈനീസ് ഭാഷയിലോ ജാപ്പനീസ് ഭാഷയുടെ അതിപ്രസരമുള്ള ചൈനീസിലോ ആണ് തുടര്‍ന്ന് ഇവ എഴുതപ്പെട്ടത്. ക്രമേണ ജാപ്പനീസ് പദാംഗങ്ങള്‍ (syllables) തന്നെ ഡയറിക്കുറിപ്പുകളില്‍ ഉപയോഗിച്ചു തുടങ്ങി. ഒരു സാഹിത്യവിഭാഗമായി വികസിച്ചുവന്ന ഇവ കൂടുതലും സ്ത്രീകളാണ് രചിച്ചത്. സാധാരണ ഡയറിക്കുറിപ്പുകള്‍പ്പോലെ ഇവ ദിനംപ്രതി രേഖപ്പെടുത്തുന്നവയല്ല. അതതു സമയത്തു തയ്യാറാക്കി വയ്ക്കുന്ന ചില കുറിപ്പുകളും കവിതകളും പിന്നീടെപ്പോഴെങ്കിലും ഡയറിക്കുറിപ്പുകളുടെ രൂപത്തിലാക്കുകയായിരുന്നു പതിവ്. ഈ വിഭാഗത്തിന്റെ പിതൃസ്ഥാനത്തു നില്ക്കുന്ന കൃതിയാണ് തോസാ നിക്കി (Tosa nikki, 935; വിവര്‍ത്തനം: The Tosa Diary, 1969). കി നൊ ത്സുരായുകി (872?-945) എന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥനാണ് ഇതിന്റെ കര്‍ത്താവ്. ഔദ്യോഗിക പദവിയിലിരുന്നതുകൊണ്ടുള്ള പരിമിതികള്‍ കാരണമാകാം അജ്ഞാതയായ ഏതോ ഒരു സ്ത്രീ എഴുതുന്ന മട്ടിലാണ് അദ്ദേഹം ഇതു തയ്യാറാക്കിയത്. 10, 11 ശതകങ്ങളില്‍ വനിതകള്‍ എഴുതിയ ധാരാളം നിക്കീ ബുങ്കാകു രചനകള്‍ പ്രത്യക്ഷപ്പെട്ടു. രാജസദസ്സിനോടു ബന്ധപ്പെട്ട് ഇവര്‍ എഴുതിയവ 'ഓചോ (ocho) നിക്കി ബുങ്കാകു' (ഏകാധിപത്യകാലയളവിലെ ഡയറി സാഹിത്യം) എന്നറിയപ്പെടുന്നു. ദിനവൃത്താന്തങ്ങള്‍ എന്നതിലുപരി ഓര്‍മക്കുറിപ്പുകള്‍ എന്ന രീതിയിലാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്. തന്മൂലം ഇവയ്ക്ക് ഡയറിക്കുറിപ്പുകളെക്കാളും കഥകളോടാണ് സാദൃശ്യം. കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെ തുറന്നു പറയുന്ന ആത്മാവിഷ്കാരങ്ങളാണ് ഈ ഡയറികള്‍.

974-നോടടുപ്പിച്ച് രചിച്ച കഗെരൊ നിക്കിയുടെ (Kagero nikki:വിവര്‍ത്തനം : The Gossamer Years, 1964) കര്‍ത്താവ് ഫുജിവാര നൊ മിചിത്സുനാ നൊ ഹാഹ ('ഫുജിവാര നൊ മിചിത് സുനായുടെ അമ്മ'; മരണം 995?) ആണ്. ഭാര്യ എന്ന നിലയില്‍ ഒരു സ്ത്രീ അഭിമുഖീകരിക്കേണ്ടിവരുന്ന എല്ലാ കാര്യങ്ങളും ഇതില്‍ പ്രതിപാദിക്കുന്നു; ഭര്‍ത്താവിന്റെ അവഗണനയില്‍ എഴുത്തുകാരിക്കുള്ള രോഷവും ഇവിടെ പ്രകടിപ്പിക്കുന്നുണ്ട്. ഒരു സാമൂഹികാവസ്ഥയുടെ യഥാതഥ ചിത്രീകരണത്തിനുള്ള പ്രഥമ ശ്രമങ്ങളില്‍ ഒന്ന് എന്ന നിലയിലും ഗദ്യസാഹിത്യത്തില്‍ ശക്തി തെളിയിച്ചിട്ടുള്ള ഒട്ടേറെ വനിതാ എഴുത്തുകാരുടെ ആഗമനത്തിന്റെ നാന്ദി എന്ന നിലയിലും ഇതു പ്രാധാന്യം നേടുന്നു.

ഇസുമി ശിക്കിബു നിക്കീയില്‍ സമകാലിക കവയിത്രികളില്‍ ഏറ്റവും പ്രശസ്തയായ ഇസുമി ശിക്കിബുവും അത്സുമിചി രാജകുമാരനും (981-1007) തമ്മിലുള്ള പ്രണയത്തോടു ബന്ധപ്പെട്ട വികാരതീവ്രതയാണ് മുഖ്യപ്രതിപാദ്യവിഷയം.

1000-ാമാണ്ടോടടുപ്പിച്ചു ജീവിച്ചിരുന്ന മുറാസാക്കീ ശിക്കിബു രചിച്ച മുറാസാക്കീ ശിക്കിബു നിക്കിയില്‍ 1008-10 കാലയളവാണ് വിഷയമാക്കുന്നത്. പ്രശസ്തമായ ഗെന്‍ജീ മോണൊഗാതാരീയുടെ (1008-36; ഭ.കാ. 1016-36) കര്‍ത്താവായ ഇവര്‍ ഗൊ ഇചിചൊ ചക്രവര്‍ത്തിയുടെ ജനനത്തോടു ബന്ധപ്പെട്ടു നടത്തിയ പൂജകളുടെ വിവരങ്ങള്‍ വളരെ വിശദമായി പ്രതിപാദിക്കുന്നു. കൊട്ടാരജീവിതത്തിന്റെ വിവിധ വശങ്ങളെ സൂക്ഷ്മമായി പഠിച്ചതില്‍ നിന്നുളവായ നിരീക്ഷണങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. സ്വന്തം വ്യക്തിത്വവും കൊട്ടാരത്തിലെ മറ്റു സ്ത്രീകളുടെ സ്വഭാവവുമെല്ലാം തിരിച്ചറിഞ്ഞ് വിമര്‍ശനാത്മകങ്ങളായ അഭിപ്രായപ്രകടനങ്ങള്‍ ഇതില്‍ നടത്തിയിട്ടുണ്ട്. താനുള്‍പ്പെടെ ആരെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല എന്നതും ശ്രദ്ധേയംതന്നെ.

പില്ക്കാലത്തും വിവിധതരം ഡയറി സാഹിത്യകൃതികള്‍ ഇറങ്ങിയിട്ടുണ്ട്. യാത്രാവിവരണപരമായവ, പ്രവിശ്യകളിലെ വിശേഷങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്നവ, കുമ്പസാരസാഹിത്യപരമായവ, ദൈനംദിന വൃത്താന്തങ്ങള്‍, കേട്ടുകേള്‍വികള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ളവ എന്നിങ്ങനെ പലതായി അവയെ വര്‍ഗീകരിക്കാം. ഇക്കൂട്ടത്തില്‍പ്പെട്ട ഒരു മികച്ച സൃഷ്ടിയാണ് ഏഴുമാസം നീണ്ടുനിന്ന ഒരു യാത്രയെ ആധാരമാക്കി പ്രസിദ്ധ കവി ബാശോ (164494) രചിച്ച ഒകു നൊ ഹോസോമിചി, (1694, The Narrow Road to the Deep; 1966). ആത്മബോധത്തിനും മറ്റും വര്‍ധിച്ച പ്രാധാന്യം സിദ്ധിച്ച ആധുനികകാലത്ത് കുമ്പസാരസാഹിത്യപരമായ ഡയറികള്‍ കൂടുതലായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഹിഗുച്ചി ഇച്ചിയോയുടെ (1872-96) ഇച്ചിയോ നിക്കീയും (1912) കുനിക്കിദാ ദോപ്പോയുടെ (1871-1908) അസാമുകസാരു നൊ കിയും (1893-97) രണ്ട് ഉദാഹരണങ്ങള്‍മാത്രം. നാത്സുമെ സോസെകിയുടെ (1867-1916) ഡയറികളും അദ്ദേഹത്തിന്റെ ശുസെന്‍ജി മോണൊഗാതാരീയുടെ ഒരു ഭാഗവും ഈ 'നിക്കീ' കൃതികളുടെ പട്ടികയില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.

നീണ്ട തലക്കെട്ടോടുകൂടിയ ആത്മനിഷ്ഠമായ കാവ്യസമാഹാരങ്ങളോട് ('ഉതാ മോണൊഗാതാരീ') നല്ല സാമ്യം ഉണ്ടെങ്കിലും അവയോടൊപ്പം ചേര്‍ക്കാതെ 'നിക്കീ' കൃതികളെ ഒരു പ്രത്യേക സാഹിത്യവിഭാഗമായാണ് ജപ്പാനില്‍ പരിഗണിച്ചു വരുന്നത്. 'സുഹിത്സു' (Zuhitsu: 'fugitive writings', 'random notes') എന്നറിയപ്പെടുന്ന ആത്മനിഷ്ഠമായ കുറിപ്പുകളുടെ പരിധിയിലും 'നിക്കീ' പെടുന്നില്ല. സ്വന്തം അനുഭവങ്ങളും വ്യക്തിനിഷ്ഠമായ കാഴ്ചപ്പാടുകളിലൂടെ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളും എഴുത്തുകാര്‍ നിക്കിയിലൂടെ വായനക്കാരുമായി പങ്കുവയ്ക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍