This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിക്കാഹ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിക്കാഹ്

ഇസ്ലാമികാചാരപ്രകാരമുള്ള വിവാഹ കര്‍മം. വധുവിന്റെ രക്ഷിതാവും പ്രതിശ്രുത വരനും തമ്മിലുള്ള വിവാഹ ഉടമ്പടിയാണ് നിക്കാഹ്. ബന്ധം, ഐക്യം, സംയോജനം, സന്ധി എന്നൊക്കെയാണ് ഈ അറബി വാക്കിനര്‍ഥം.

ഇസ്ലാമിക വിശ്വാസപ്രമാണങ്ങളുടെ മൗലികസ്രോതസ്സായ ഖുര്‍ആനില്‍ വിവാഹത്തെക്കുറിച്ച് ഇപ്രകാരം കാണാം:

'നിങ്ങള്‍ വിവാഹജീവിതം ആഗ്രഹിക്കുന്നവരാ-

കണം; അവിഹിതവേഴ്ച കാംക്ഷിക്കുന്നവരാക

രുത്. അങ്ങനെ അവരുമായി ദാമ്പത്യസുഖ-

മാസ്വദിക്കാന്‍ നിര്‍ബന്ധമായും നിങ്ങളവര്‍ക്ക്

വിവാഹമൂല്യം നല്‍കണം. വിവാഹമൂല്യം തീരു-

മാനിച്ചശേഷം നിങ്ങള്‍ പരസ്പരം

സമ്മതത്തോടെ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നു

വെങ്കില്‍ അതില്‍ തെറ്റില്ല. അല്ലാഹു

എല്ലാം അറിയുന്നവനും യുക്തിമാനുമാണ്'.

                           (4 : 24)

ഉപര്യുക്ത സൂക്തം വിവാഹത്തെ സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാടിലേക്കും വിവാഹ നിയമത്തിലേക്കുമാണ് സൂചന നല്‍കുന്നത്. സമൂഹത്തിന്റെ ഏറ്റവും ചെറിയ ഘടകമായ കുടുംബം രൂപപ്പെടുന്നത് വിവാഹത്തിലൂടെയാണ്. ഇണകളുടെ കുടുംബജീവിതത്തിനും ലൈംഗികവേഴ്ചയ്ക്കും സാമൂഹികാംഗീകാരവും വ്യവസ്ഥാപിതത്വവും നല്‍കുന്ന മഹത്കൃത്യമായാണ് ഇസ്ലാം വിവാഹത്തെ വിഭാവന ചെയ്യുന്നത്; ഒപ്പംതന്നെ, ലൈംഗിക വികാരങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള വ്യക്തമായ നിയന്ത്രണമായും ക്രമമായും ഇസ്ലാം വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നു. 'നിങ്ങള്‍ വിവാഹിതരാകുന്നതോടെ ജീവിത ലക്ഷ്യത്തില്‍ മൂന്നില്‍ രണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നു'വെന്ന പ്രവാചക വചനം ഇതാണ് സൂചിപ്പിക്കുന്നത്.

ഇസ്ലാമിക വിശ്വാസപ്രകാരം മനുഷ്യന്‍ പാലിക്കാന്‍ ഏറ്റവുമേറെ കടപ്പെട്ട ഉടമ്പടിയാണ് വിവാഹം. 'സ്ത്രീകള്‍ നിങ്ങളില്‍ നിന്നും ഏറ്റവും ബലിഷ്ഠമായ കരാറാണ് വാങ്ങിയിരിക്കുന്നത്.' (4:21) എന്ന ഖുര്‍ആന്‍ സൂക്തവും 'സ്ത്രീ പുരുഷബന്ധം നിയമവിധേയമാക്കാന്‍ നിങ്ങള്‍ ചെയ്ത കരാറാണ് ഉടമ്പടികളില്‍ നിറവേറ്റാന്‍ ഏറ്റവും ബാധ്യസ്ഥമായത്' എന്ന പ്രവാചക വചനവും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഇസ്ലാമില്‍ വിവാഹം ലളിതമായ ഒരു ചടങ്ങാണ്. രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ വധുവിന്റെ രക്ഷിതാവ് പ്രതിശ്രുത വരനോട്' - '...സ്ത്രീയെ ഞാന്‍ നിങ്ങള്‍ക്ക് വിവാഹം ചെയ്തു തന്നിരിക്കുന്നു' എന്നും വരന്‍ 'ഞാനത് സ്വീകരിച്ചിരിക്കുന്നു' വെന്നും പറയുന്നതോടെ ഇസ്ലാമികാചാരപ്രകാരമുള്ള വിവാഹകര്‍മം പൂര്‍ത്തിയാകുന്നു. വധുവിന്റെ രക്ഷിതാവിനെ 'വലിയ്യ്' എന്നാണ് പറയുക. സാധാരണയായി വലിയ്യ് പെണ്‍കുട്ടിയുടെ പിതാവോ അല്ലെങ്കില്‍ സംരക്ഷണോത്തരവാദിത്വമുള്ള അടുത്ത ബന്ധുവോ ആയിരിക്കും. വിവാഹകര്‍മത്തില്‍ വലിയ്യിന്റെ പ്രസ്താവനയെ 'ഈജാബ്' (Declaration) എന്നും വരന്റെ മറുപടിയെ 'വസൂല്‍' (Acceptance) എന്നുമാണ് പറയുക. വലിയ്യിന്റെ അഭാവത്തില്‍ പ്രദേശത്തെ ഖാദിക്കാണ് ഇതിനുള്ള ബാധ്യത.

വിവാഹത്തിന് പുരോഹിതന്മാരുടെയോ ഖാദിമാരുടെയോ സാന്നിധ്യം ആവശ്യമില്ലെങ്കിലും, ഒരു ഖാദിയുടെയോ പണ്ഡിതന്റെയോ കാര്‍മികത്വത്തിലാണ് സാധാരണയായി വിവാഹ കര്‍മം നടക്കാറുള്ളത്. തദ്ദേശത്തെ ഉത്തരവാദപ്പെട്ടവരുടെ സാന്നിധ്യവും, വിവാഹവേളയില്‍ ദാമ്പത്യധര്‍മങ്ങളെയും മര്യാദകളെയും ഓര്‍മിപ്പിക്കുന്ന ഒരു പ്രഭാഷണം നടത്തുന്നതും ഉത്തമചര്യയായി ആചരിച്ചുവരുന്നു.

വിവാഹവേളയില്‍ വരന്‍ വധുവിന് വിവാഹമൂല്യം നല്‍കണമെന്നാണ് ഇസ്ലാമിക നിയമം. 'മഹ്റ്' എന്നാണ് വിവാഹമൂല്യത്തിന് പറയുന്ന സാങ്കേതിക പദം. സ്വര്‍ണാഭരണമായിട്ടാണ് ഇത് സാധാരണയായി നല്‍കാറുളളത്. ഇസ്ലാമില്‍ വിവാഹം 'ബലിഷ്ഠമായ ഒരു ഉടമ്പടി' എന്ന സങ്കല്പത്തെ അന്വര്‍ഥമാക്കുന്നതാണ് മഹ്റ് സമ്പ്രദായം. സ്ത്രീധന സമ്പ്രദായം ഇന്ന് ചില നാടുകളില്‍ മുസ്ലിങ്ങളും ആചരിച്ചു വരുന്നുണ്ടെങ്കിലും അത് അനിസ്ലാമികവും 'മഹ്റ്' എന്ന സങ്കല്പത്തിന് വിരുദ്ധവുമാകുന്നു. ഇതിന് ഇസ്ലാമിന്റെ പ്രമാണസ്രോതസ്സുകള്‍ യാതൊരു സാധുതയും കല്പിക്കുന്നില്ല. ഇതര വിശ്വാസികളുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നത് സംബന്ധിച്ച് കൃത്യമായ നിയമങ്ങള്‍ ഇസ്ലാമിക പ്രമാണങ്ങള്‍ അനുശാസിക്കുന്നു. ഒരു മുസ്ലിം പുരുഷന്, ഇസ്ലാം വിശ്വാസിനിയെയോ വേദക്കാരായ (Kitabia- യഹൂദ, ക്രിസ്ത്യാനികള്‍) സ്ത്രീകളെയോ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കാം. എന്നാല്‍, വിഗ്രഹാരാധകരെയോ ബഹുദൈവ വിശ്വാസികളെയോ വിവാഹം ചെയ്യാന്‍ പാടില്ല. മുസ്ലിം സ്ത്രീകള്‍ക്ക് ഇതര വിശ്വാസികളുമായുള്ള വിവാഹബന്ധം ഇസ്ലാം അനുവദിക്കുന്നില്ല. സുന്നീ-ശിയ വിഭാഗങ്ങള്‍ തമ്മിലുള്ള പരസ്പര വിവാഹത്തിന് ഇസ്ലാമില്‍ യാതൊരു തടസ്സവും ഇല്ല.

മുസ്ലിം വിവാഹനിയമത്തിന് പൊതുവേ ഏകീകൃത രൂപമാണുള്ളതെങ്കിലും ചില പ്രാദേശിക വകഭേദങ്ങള്‍ ദര്‍ശിക്കാവുന്നതാണ്. വിവാഹകര്‍മത്തിന് സാക്ഷികളുടെ ആവശ്യമില്ലെന്നാണ് ശിയാ വിഭാഗങ്ങളുടെ പക്ഷം. അതുപോലെ, ശിയാക്കള്‍ക്കിടയില്‍, ശുഷ്ക്കമെങ്കിലും, നടന്നുവരാറുള്ള 'മുത്ആ' വിവാഹത്തെ (Temperory Marriage) സുന്നികള്‍ ഇസ്ലാമിക വിരുദ്ധമായാണ് കണക്കാക്കുന്നത്. വിവിധ മുസ്ലിം രാജ്യങ്ങള്‍ തന്നെ വിവാഹനിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തിയതായും കാണാം. ഉദാഹരണമായി, സിറിയന്‍ പേഴ്സണല്‍ സ്റ്റാറ്റസ് കോഡിന്റെ 1953-ലെ ഭേദഗതി ചെയ്ത നിയമമനുസരിച്ച് വലിയ്യിന്റെ അധികാരത്തെ പരിമിതപ്പെടുത്തിയിട്ടുണ്ട്. 1956-ലെ ടുനീഷ്യന്‍ നിയമത്തിന്റെ ഭേദഗതിയിലും '57-ലെ മൊറോക്കന്‍ വ്യക്തി നിയമത്തിലും മുസ്ലിം വിവാഹനിയമം കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമായതായി കാണാം. സോപാധികമായി ഇസ്ലാം അനുവദിച്ചിട്ടുള്ള ബഹുഭാര്യാത്വത്തെ ടുനിഷ്യയില്‍ നിരോധിച്ചിട്ടുണ്ട്. നിയമ നിര്‍ധാരണങ്ങള്‍ക്കായി വിവിധ ഇസ്ലാമിക ചിന്താസരണികളെ അവലംബിക്കുന്നതും, പ്രാദേശികമായി ഇസ്ലാമിക പ്രചരണരംഗത്ത് ചരിത്രപരമായി സംഭവിച്ച ചില അപചയങ്ങളുമൊക്കെയാണ് ഇത്തരം വ്യതിയാനങ്ങള്‍ക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്കപ്പുറം പാരമ്പര്യത്തെ ആശ്രയിക്കുന്നതും ഇതിന്റെ മറ്റൊരു കാരണമാണ്.

ഇന്ത്യയില്‍ മുസ്ലിം വിവാഹനിയമം, ഭരണഘടനയില്‍ മുസ്ലിം വ്യക്തി നിയമത്തിന്റെ പരിധിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ആദ്യകാലത്ത് പെണ്‍കുട്ടിയുടെ വിവാഹപ്രായം 15 ആയിരുന്നു. പിന്നീട്, 1978-ലെ ഭേദഗതി വരുത്തിയ ശൈശവ വിവാഹ നിരോധന നിയമത്തിലെ വ്യവസ്ഥയനുസരിച്ച് പുരുഷന് 21-ഉം സ്ത്രീക്ക് 18-ഉം കുറഞ്ഞ വിവാഹപ്രായമായി നിശ്ചയിച്ചിരിക്കുന്നു. 'മുത്ആ' വിവാഹത്തിന് ഇന്ത്യയില്‍ സാധുതയില്ല. വര്‍ധിച്ചുവരുന്ന വിവാഹതട്ടിപ്പു കേസ്സുകളുടെയും മറ്റും പശ്ചാത്തലത്തില്‍ പ്രാദേശിക ജനസംഖ്യയുടെ കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്നതിനുവേണ്ടി 2008 മുതല്‍ വിവാഹം അതതു പഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിയമവും ഇവിടെ നിലവിലുണ്ട്. ഇതോടൊപ്പം വിവാഹം അതതു പ്രദേശത്തെ പള്ളികളിലും രജിസ്റ്റര്‍ ചെയ്യാറുണ്ട്. ഈ രേഖകള്‍ക്കും നിയമ പ്രാബല്യമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍