This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിക്കല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിക്കല്‍

ഒരു ലോഹമൂലകം. സിം. ചശ, അ.സ. 28, അ.ഭാ. 58.71. ഒരു സംക്രമണമൂലകമായ നിക്കല്‍ ആവര്‍ത്തനപ്പട്ടികയില്‍ നാലാം പീരിയഡിലും പത്താം ഗ്രൂപ്പിലും സ്ഥിതിചെയ്യുന്നു. ആവര്‍ത്തനപ്പട്ടികയില്‍ ഇതേ പീരിഡില്‍ സ്ഥിതിചെയ്യുന്ന ഇരുമ്പ്, കൊബാള്‍ട്ട് എന്നീ മൂലകങ്ങളുമായി നിക്കല്‍ രാസപരമായി നിരവധി സാദൃശ്യങ്ങള്‍ പ്രകടമാക്കുന്നു. പല്ലേഡിയം (Pd), പ്ലാറ്റിനം (Pt) എന്നിവയാണ് നിക്കല്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലെ മറ്റു മൂലകങ്ങള്‍. ഭൗമോപരിതലത്തില്‍ ഏറ്റവുമധികം കാണപ്പെടുന്ന ഇരുപത്തി നാലാമത്തെ മൂലകമാണിത്. സ്വീഡീഷ് രസതന്ത്രജ്ഞനായിരുന്ന ആക്സല്‍ ക്രോണ്‍സ്റ്റെത് (Axel Cronstedt) ആണ് ഈ മൂലകം കണ്ടുപിടിച്ചത് (1751). ചെമ്പിന്റെ അയിരിനോടു സാദൃശ്യമുള്ളതും എന്നാല്‍ അന്നു നിലവിലുണ്ടായിരുന്ന രീതികള്‍ കൊണ്ടു ചെമ്പ് ഉത്പാദിപ്പിക്കാന്‍ സാധ്യമല്ലാതിരുന്നതുമായ ധാതുവിനു ചെമ്പിനെപ്പോലുള്ളത് എന്നര്‍ഥമുള്ള കുപ്പ്ഫെര്‍ നിക്കല്‍ (Kupfer Nickel) അഥവാ നിക്കൊലൈറ്റ് (Nicollitte-NiAs) എന്ന പേര് ജര്‍മന്‍ ഖനിത്തൊഴിലാളികള്‍ നല്കിയിരുന്നു. ഇതില്‍നിന്നുമാണ് ക്രൊണ്‍സ്റ്റെത് പുതിയ ലോഹമായ നിക്കല്‍ വേര്‍തിരിച്ചെടുത്തത്. നിക്കല്‍ കലര്‍ന്ന കൂട്ടുലോഹങ്ങള്‍ പണ്ടുകാലം മുതല്ക്കേ പ്രചാരത്തില്‍ ഉണ്ടായിരുന്നു. ബി.സി. 235-ല്‍ ബാക്ട്രിയയില്‍ (Bactria) കോപ്പര്‍-നിക്കല്‍ നാണയങ്ങള്‍ ഉപയോഗിച്ചുവന്നിരുന്നു. പുരാതന ചൈനാക്കാര്‍ ഉപയോഗിച്ചിരുന്ന ഒരു കൂട്ട് ലോഹമാണ് വൈറ്റ് കോപ്പര്‍ (white copper) അഥവാ 'പാക്ടോങ്'. കോപ്പര്‍, നിക്കല്‍, സിങ്ക് അയിരുകള്‍ പുടംവച്ചാ(smelting)യിരുന്നു ഈ കൂട്ടുലോഹം നിര്‍മിച്ചിരുന്നത്.

കൊബാള്‍ട്ടും നിക്കലും കലര്‍ന്നാണു സാധാരണമായി പ്രകൃതിയില്‍ കാണുന്നത്. ഉല്‍ക്കകളില്‍ രണ്ടിന്റെയും സാന്നിധ്യമുണ്ട്. ആഗ്നേയശിലകളില്‍ നിക്കലിന്റെ സാന്നിധ്യം 0.01 ശ.മാ. ആണ്. സസ്യ-ജന്തു കലകളിലും നിക്കല്‍ ചെറിയ അളവില്‍ അടങ്ങിയിട്ടുണ്ട്.

സള്‍ഫൈഡ്, ഓക്സൈഡ്, സിലിക്കേറ്റ് എന്നീ രൂപങ്ങളിലാണ് നിക്കലിന്റെ അയിരുകള്‍ സ്ഥിതിചെയ്യുന്നത്. കാനഡയിലെ ഒണ്‍ടേറിയോവിലുള്ള സഡ്ബെറിയില്‍ നിന്നു ലഭിക്കുന്ന പെന്‍ലാന്‍ഡൈറ്റ് (Ni, Fe)9S8 ആണ് നിക്കലിന്റെ പ്രധാന സള്‍ഫൈഡ് ധാതു. നിക്കോലൈറ്റ്, നിക്കല്‍ ബ്ലെന്‍ഡ്, നിക്കല്‍ ഗ്ലാന്‍സ് തുടങ്ങിയവയാണ് മറ്റ് സള്‍ഫൈഡ് ധാതുക്കള്‍. ഓക്സൈഡ്, സിലിക്കേറ്റ് ധാതുക്കള്‍ ചെങ്കല്ലില്‍ അവസ്ഥിതമാണ്. 'ലിമോണൈറ്റ്' (Limonite) അഥവാ ജലയോജിത അയണ്‍ ഓക്സൈഡുമായി ചേര്‍ന്നാണ് നിക്കല്‍ ഓക്സൈഡ് ധാതുക്കള്‍ കാണപ്പെടുന്നത്. സിലിക്കേറ്റ് അയിരായ ഗാര്‍ണിയറൈറ്റ് [(Ni, Mg)SiO3 nH2O)]മഗ്നീഷ്യം സിലിക്കേറ്റ് ജാലികയില്‍ മഗ്നീഷ്യത്തെ ഭാഗികമായി നിക്കല്‍ പ്രതിസ്ഥാപിച്ചുണ്ടാകുന്നതാണ്. ലാറ്ററൈറ്റ് വിഭാഗത്തില്‍പ്പെടുന്ന ഈ ധാതു വ്യാവസായികപ്രാധാന്യമര്‍ഹിക്കുന്നു. ഈ ധാതുനിക്ഷേപങ്ങള്‍ മുഖ്യമായും കാണപ്പെടുന്നത് ന്യൂ കാലിഡോണിയ, ക്യൂബ, ഒറിഗോണ്‍ എന്നിവിടങ്ങളിലാണ്.

നിഷ്കര്‍ഷണം. അയിരുകളുടെ ലഭ്യതയും അവയില്‍ അടങ്ങിയിരിക്കുന്ന നിക്കലിന്റെ അളവുമനുസരിച്ചാണ് നിക്കലിന്റെ നിഷ്കര്‍ഷണ പ്രക്രിയ തിരഞ്ഞെടുക്കേണ്ടത്. കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള സള്‍ഫൈഡ് അയിരുകളെ പ്ലവനപ്രക്രിയ(floatation) വഴിയോ കാന്തിക വേര്‍തിരിക്കല്‍ (Magnetic Separation) വഴിയോ സാന്ദ്രീകരിച്ചെടുക്കാം. അതേസമയം ലാറ്ററൈറ്റിക് നിക്ഷേപങ്ങളില്‍ നിക്കലിന്റെ ധാതുയോഗം (composition) വ്യത്യസ്തമായതുകൊണ്ട് മറ്റുപല സാന്ദ്രീകരണപ്രക്രിയകളും ഉപയോഗിക്കാവുന്നതാണ്.

സു. 14 ശ.മാ. പെന്‍ലാന്‍ഡൈറ്റ് അടങ്ങിയിട്ടുള്ള സഡ്ബറി അയിര് സാന്ദ്രീകരിച്ചശേഷം നല്ലപോലെ തപിപ്പിക്കുന്നു (Roasting). എട്ടുമുതല്‍ പത്ത് വരെ ആഴ്ച നീളുന്ന ഈ പ്രക്രിയയില്‍ ഭൂരിഭാഗം അയണ്‍സള്‍ഫൈഡ് അയിരും അയണ്‍ ഓക്സൈഡും സള്‍ഫര്‍ഡൈ ഓക്സൈഡുമായി മാറുന്നു.

2FeS2 + 5O2 →2FeO +4SO2

അയിരിലടങ്ങിയിട്ടുള്ള നിക്കല്‍, കൊബാള്‍ട്ട് സള്‍ഫേറ്റുകള്‍ക്ക് മാറ്റം ഒന്നും സംഭവിക്കാതെ നിലകൊള്ളുകയും ചെയ്യുന്നു. അടുത്തഘട്ടത്തില്‍ തപിപ്പിച്ച സള്‍ഫൈഡ് അയിരിനെ ക്വാര്‍ട്ട്സും കോക്കും ചുണ്ണാമ്പുകല്ലും ചേര്‍ത്ത് ചെറിയ ബ്ലാസ്റ്റ് ഫര്‍ണസില്‍ ഉരുക്കുന്നു (1200°C); ഈ പ്രക്രിയ സ്മെല്‍റ്റിങ് (smelting) എന്നറിയപ്പെടുന്നു. അയണ്‍ സള്‍ഫൈഡിന്റെ അവസാന അവശിഷ്ടങ്ങളെക്കൂടി അയണ്‍ ഓക്സൈഡാക്കി മാറ്റാന്‍ ഈ പ്രക്രിയ വഴി സാധിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന അയണ്‍ ഓക്സൈഡ് ക്വാര്‍ട്ട്സുമായി പ്രവര്‍ത്തിച്ച് അയണ്‍ (II) സിലിക്കേറ്റായി മാറുന്നു.

FeO + SiO2 → FeSiO3

ഈ മിശ്രിതം സ്ലാഗ് എന്നറിയപ്പെടുന്നു. താരതമ്യേന ഭാരം കുറഞ്ഞ സ്ലാഗിനെ നീക്കം ചെയ്യുമ്പോള്‍ കിട്ടുന്ന മിശ്രിതമാണ് മേറ്റ് (matte). ഇരുമ്പും സള്‍ഫറും മാറ്റുന്നതിനായി മേറ്റ് ഒരു ബെസിമര്‍ കണ്‍വെര്‍ട്ടറില്‍ (Bessemer Convertor) ചൂടാക്കുന്നു. അവശേഷിക്കുന്ന മാലിന്യങ്ങളെ നീക്കം ചെയ്യാനായി സിലിക്കാനിര്‍മിതമായ ഫ്ലക്സ് ചേര്‍ക്കുന്നു. മാലിന്യങ്ങള്‍ ഫ്ലക്സുമായി പ്രവര്‍ത്തിച്ച് സ്ലാഗായി വേര്‍തിരിയുകയും നിക്കലിന്റെയും ചെമ്പിന്റെയും ഓക്സൈഡുകള്‍ കൂടുതലായി ലഭിക്കുകയും ചെയ്യുന്നു. ഇപ്രകാരം ലഭിക്കുന്ന 'ബെസിമറൈസ്ഡ് മേറ്റി'ല്‍ (Bessemerised matte) 56 ശ.മാ. നിക്കല്‍, 25-30 ശ.മാ. കോപ്പര്‍, 15-16 ശ.മാ. സള്‍ഫര്‍, 0.2-0.4 ശ.മാ. ഇരുമ്പ് എന്നിവയാണ് അടങ്ങിയിട്ടുള്ളത്.

ബെസിമറൈസ്ഡ് നിക്കല്‍-കോപ്പര്‍ മേറ്റിനെ നിക്കലിന്റെ ശുദ്ധരൂപത്തിലേക്ക് മാറ്റുന്നതാണ് അടുത്തഘട്ടം. ഏറ്റവും കൂടുതലായി പ്രചാരത്തിലിരിക്കുന്ന ഒരു പ്രക്രിയ 'മോണ്ട് പ്രക്രിയ' എന്ന പേരിലറിയപ്പെടുന്നു. ചെമ്പിന്റെയും നിക്കലിന്റെയും സള്‍ഫൈഡുകളുടെ മിശ്രിതം വായുവില്‍ നല്ലപോലെ ചൂടാക്കി ഓക്സൈഡുകളാക്കി മാറ്റിയശേഷം നേര്‍ത്ത സള്‍ഫ്യുരിക്കമ്ലം ഉപയോഗിച്ചു കോപ്പര്‍ ഓക്സൈഡിനെ ഏതാണ്ടു മുഴുവനായും വെള്ളത്തില്‍ ലയിക്കുന്ന കോപ്പര്‍ സള്‍ഫേറ്റാക്കി മാറ്റുന്നു.

CuO + H2 SO4 →Cu SO4 +H2O

അവശേഷിക്കുന്ന നിക്കല്‍ ഓക്സൈഡ്, 300° താപനിലയില്‍ നിലനിര്‍ത്തിയിരിക്കുന്ന, ജലവാതകം (watergas) കടത്തിവിടുന്ന ഒരു റെഡ്യൂസിങ് ടവറി(Reducing tower)നുള്ളില്‍ വച്ച് ചൂടാക്കി ലോഹരൂപത്തിലാക്കുന്നു.

ഈ പരിതഃസ്ഥിതിയില്‍ ഹൈഡ്രജന്‍ നിക്കലിനെ നിരോക്സീകരിക്കുന്നു. ഇരുമ്പിന്റെയും ചെമ്പിന്റെയും മാലിന്യങ്ങള്‍ അടങ്ങിയ അസംസ്കൃത നിക്കല്‍, 50°C താപനിലയിലുള്ള ഒരു ബാഷ്പീകരണ ടവറിലേക്ക് കടത്തിവിടുന്നു. ഇവിടെ വച്ച് നിക്കല്‍, കാര്‍ബണ്‍ മോണോക്സൈഡുമായി (CO) പ്രവര്‍ത്തിച്ചുണ്ടാകുന്ന നിക്കല്‍ കാര്‍ബണൈല്‍ ബാഷ്പം Ni(CO)SO4 180°C യില്‍ വിഘടിച്ച് ശുദ്ധമായ നിക്കല്‍ ലഭ്യമാകുന്നു.

NiO + H2 → Ni + H2O

NiO + CO → Ni + CO2

സ്വതന്ത്രമാക്കപ്പെടുന്ന കാര്‍ബണ്‍മോണോക്സൈഡ് വീണ്ടും ഉപയോഗിക്കാവുന്നതാണ്. മോണ്ട് പ്രക്രിയവഴി ലഭിക്കുന്ന നിക്കല്‍ 92.8 ശ.മാ. ശുദ്ധമായിരിക്കും. നിക്കല്‍ അമോണിയം സള്‍ഫേറ്റ് ലായനിയുടെ വൈദ്യുതി വിശ്ലേഷണം വഴിയും ശുദ്ധമായ നിക്കല്‍ ഉത്പാദിപ്പിക്കാം. ഇവിടെ, നിക്കല്‍മിശ്രിതം ആനോഡായും ഇരുമ്പുതകിട് കാഥോഡായും ഉപയോഗിക്കുക വഴി ശുദ്ധമായ നിക്കല്‍ ഇരുമ്പുതകിടിന്മേല്‍ നിക്ഷേപിക്കപ്പെടുന്നു.

ഭൗതിക-രാസഗുണങ്ങള്‍. ഉയര്‍ന്ന ഉരുകല്‍ നിലയും (1455°C) തിളനിലയും ഉള്ള വെള്ളിനിറമുള്ള ലോഹമൂലകമാണ് നിക്കല്‍. സാന്ദ്രത-8.9. അയസ്കാന്തികത (Ferro Magnetism) പ്രകടമാക്കുന്ന നിക്കല്‍, താരതമ്യേന കൂടുതല്‍ കാന്തശക്തിയുള്ള ഇരുമ്പുമായി, സംയുക്തങ്ങള്‍ ഉണ്ടാക്കുന്നു. നിക്കലിന്റെ താപ-വൈദ്യുത ചാലകത വെളളിയുടെ 15 ശതമാനത്തോളം വരും. നിക്കലിന് രണ്ടു പരല്‍രൂപങ്ങളുണ്ട്. ഷഡ്ഭുജഘടനയുള്ള (Close packed Hexagonal) -രൂപം, ക്യുബിക് (face centered cubic)ഘടനയുള്ള β രൂപം. Ni58 മുതല്‍ Ni64 വരെയുള്ള അഞ്ച് ഐസോടോപ്പുകള്‍ ഇതിനുണ്ട്. പ്രകൃതിയില്‍ ലഭ്യമായ നിക്കലിന്റെ 68 ശ.മാ. Ni58 ആണ്. Ni60, Ni61, Ni52,Ni64 എന്നിവ 26 ശ.മാ., 1 ശ.മാ., 4 ശ.മാ., 1 ശ.മാ., എന്ന തോതിലാണുള്ളത്. റേഡിയോ ആക്ടീവതയുള്ള ഏഴ് സമസ്ഥാനീയങ്ങള്‍ കൂടി നിക്കലിനുണ്ട്. അവയുടെ അര്‍ധായുസ് 50 സെക്കന്റു മുതല്‍ 80,000 വര്‍ഷം വരെയാണ്. 3d84S2 എന്ന ഇലക്ട്രോണ്‍ വിന്യാസമുള്ള നിക്കല്‍ 0, +1, +2, +3, +4 എന്നീ സംയോജകതകള്‍ പ്രദര്‍ശിപ്പിക്കുന്നു. ഇവയില്‍ Ni2+ അവസ്ഥയാണ് ഏറ്റവും സ്ഥിരതയുള്ളത്.

താരതമ്യേന ക്രിയാശേഷി കൂടിയ ഒരു മൂലകമാണ് നിക്കല്‍. അയണ്‍, കൊബാള്‍ട്ട്, നിക്കല്‍ എന്നിവയില്‍ ഏറ്റവും ക്രിയാശേഷി കുറഞ്ഞ നിക്കല്‍, സാധാരണ ഊഷ്മാവില്‍ വായുവുമായി പ്രതിപ്രവര്‍ത്തിച്ച് ഓക്സൈഡിന്റെ ആവരണം രൂപീകരിക്കുന്നു. ലോഹം തുരുമ്പുപിടിക്കുന്നതും ദ്രവിക്കുന്നതും തടയാന്‍ ഈ ആവരണം സഹായകമാണ്. ഉയര്‍ന്ന ഊഷ്മാവില്‍ നിക്കല്‍ നീരാവിയുമായി പ്രതിപ്രവര്‍ത്തിച്ച് ഹൈഡ്രജനെ സ്വതന്ത്രമാക്കുന്നു.

Ni +H2O → NiO + H2

പൊടിരൂപത്തില്‍, നിക്കല്‍ കൂടുതല്‍ ക്രിയാശേഷി പ്രകടിപ്പിക്കുന്നു. സരന്ധ്രകണികകള്‍ (Porous particles ) നിറഞ്ഞ പ്രത്യേകം തയ്യാറാക്കുന്ന നിക്കല്‍ (Pyrophoric nickel) വായുവില്‍ എളുപ്പം കത്തുന്നു. വൈദ്യുത രാസശ്രേണിയില്‍ (electro chemical series) നിക്കലിന്റെ സ്ഥാനം ഹൈഡ്രജനു മുകളിലായതിനാല്‍ നേര്‍ത്ത അമ്ളലായനികളില്‍ എളുപ്പത്തില്‍ ലയിച്ച് ഹൈഡ്രജനെ സ്വതന്ത്രമാക്കുകയും പച്ചനിറത്തിലുള്ള ചശ2+ അയോണുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഓക്സീകാരിയായ ഗാഢ നൈട്രിക് അമ്ളത്തില്‍ നിക്കല്‍ നിഷ്ക്രിയമായിത്തീരുന്നു. ലോഹരൂപത്തില്‍, നിക്കല്‍ ഒരു നിരോക്സീകാരിയായി വര്‍ത്തിക്കുന്നു. ക്ഷാരലായനികളുടെ ആക്രമണത്തെ ചെറുക്കാന്‍ നിക്കലിനു കഴിവുണ്ട്. രാജദ്രാവകത്തില്‍ (Aqua Regia) എളുപ്പം ലയിക്കുന്നു.

നിക്കല്‍ സംയുക്തങ്ങള്‍. സംയുക്തങ്ങളില്‍, നിക്കല്‍ പ്രധാനമായും +2 ഓക്സീകരണാവസ്ഥയാണ് പ്രകടിപ്പിക്കുന്നത്. സംയുക്തങ്ങള്‍ക്കും ലവണങ്ങള്‍ക്കും പുറമേ, നിക്കല്‍ ഒട്ടനവധി സങ്കീര്‍ണ സംയുക്തങ്ങളും (complex) സമന്വയ സംയുക്തങ്ങളും (Co-ordination compounds) ഉണ്ടാക്കുന്നു. ജലവുമായി പ്രവര്‍ത്തിച്ച് നിക്കല്‍ ഉത്പാദിപ്പിക്കുന്ന കോംപ്ളക്സ് [Ni(H2 O)6]2 നിക്കല്‍ സംയുക്തങ്ങള്‍ക്ക് പച്ചയോ നീലയോ നിറങ്ങള്‍ നല്കുന്നു.

i.ഓക്സൈഡുകള്‍. നിക്കല്‍ വിവിധ ഓക്സൈഡുകള്‍ രൂപീകരിക്കാറുണ്ട്. മോണോ ഓക്സൈഡ് NiO, സെസ്ക്യു ഓക്സൈഡ് Ni2O3, ഡൈ ഓക്സൈഡ് NiO2തുടങ്ങിയവയാണ് പ്രധാന നിക്കല്‍ ഓക്സൈഡുകള്‍. നിക്കല്‍ ഓക്സലേറ്റ് വായുവില്‍ തപിപ്പിച്ചുണ്ടാക്കുന്ന പച്ചനിറമുള്ള നിക്കല്‍ മോണോക്സൈഡ് ക്ഷാരഗുണം പ്രകടമാക്കുന്നു. നിക്കല്‍ നൈട്രേറ്റ് താഴ്ന്ന താപനിലകളില്‍ തപിപ്പിക്കുമ്പോള്‍ കറുത്ത നിറത്തിലുള്ള നിക്കല്‍ സെസ്ക്വി ഓക്സൈഡ് ഉണ്ടാകുന്നു.

നിക്കല്‍ ഡൈഓക്സൈഡ് NiO2 ആകട്ടെ, നിക്കല്‍ ഹൈഡ്രോക്സൈഡ് ലായനിയിലൂടെ ക്ലോറിന്‍ കടത്തിവിട്ടാണ് ഉണ്ടാക്കുന്നത്. ഇത് കറുത്ത നിറത്തില്‍ ജലയോജിത സംയുക്തമായി (NiO2H2O) സ്ഥിതിചെയ്യുന്നു. മാങ്ഗനീസ് ഡൈ ഓക്സൈഡുമായി സാദൃശ്യം പുലര്‍ത്തുന്ന ഈ സംയുക്തം ഹൈഡ്രോക്ലോറിക് അമ്ലവുമായി പ്രവര്‍ത്തിച്ച് ക്ലോറിന്‍ വാതകവും സള്‍ഫ്യൂരിക് അമ്ലവുമായി പ്രവര്‍ത്തിച്ച് ഓക്സിജനും സ്വതന്ത്രമാക്കുന്നു.

ii.ഹാലൈഡുകള്‍. നിക്കലിന്റെ ഏറ്റവും പ്രധാനപ്പെട്ട ഹാലൊജന്‍ സംയുക്തം നിക്കല്‍ ക്ലോറൈഡ് ആണ് (NiCl2.6H2O). രാജദ്രാവകത്തില്‍ ലയിപ്പിച്ച നിക്കലിനെ ബാഷ്പീകരിക്കുമ്പോള്‍ ഇതുണ്ടാകുന്നു.

പരല്‍രൂപത്തിലുള്ള നിക്കല്‍ ക്ലോറൈഡിന് പച്ചനിറമാണ്. ഓക്സിജന്റെ സാന്നിധ്യത്തില്‍ ഇത് വിഘടിച്ച് നിക്കല്‍ ഓക്സൈഡും ക്ലോറിനും ഉണ്ടാകുന്നു.

അമോണിയയുമായി ചേര്‍ന്ന് ഹെക്സാ അമീന്‍ സംയുക്തങ്ങള്‍ ഉണ്ടാക്കുന്നു. ഉദാ. നിക്കല്‍ ഹെക്സാമീന്‍ ക്ലോറൈഡ് . നിക്കല്‍ ക്ലോറൈഡിന് അമോണിയം ക്ലോറൈഡുമായി ചേര്‍ന്ന് ദ്വന്ദ്വ ലവണങ്ങള്‍ (double salts) ഉത്പാദിപ്പിക്കാന്‍ കഴിവുണ്ട്. ഉദാ.

iii.സള്‍ഫേറ്റുകള്‍. നിക്കല്‍ സള്‍ഫേറ്റ് . നിക്കല്‍ ലോഹം, ഓക്സൈഡ്, ഹൈഡ്രോക്സൈഡ്, കാര്‍ബണേറ്റ് ഇവയിലേതെങ്കിലും നേര്‍ത്ത സള്‍ഫ്യൂരിക് അമ്ലവുമായി പ്രവര്‍ത്തിച്ച് നിക്കല്‍ സള്‍ഫേറ്റുണ്ടാകുന്നു. 32ബ്ബഇ താപനിലയില്‍ സ്ഥിരതയുള്ള ജലയോജിത നിക്കല്‍ സള്‍ഫേറ്റ് (NiSO4.7H2O) പച്ചനിറത്തിലുള്ള പരലുകളായി കാണപ്പെടുന്നു. ഈ താപനിലയ്ക്കു മുകളില്‍, ബഹുരൂപിയായ(polymorphic) രണ്ട് ജലയോജിത സംയുക്തങ്ങളാണുണ്ടാകുന്നത്. NiSO4.6H2Oപച്ചനിറത്തിലും NiSO4.4H2O നീലനിറത്തിലും കാണപ്പെടുന്നു. അമോണിയയുമായി കൂടിച്ചേര്‍ന്ന് നിക്കല്‍ഹെക്സാമിന്‍ സള്‍ഫേറ്റ് എന്ന കോംപ്ളക്സുണ്ടാകുന്നു. അമോണിയം സള്‍ഫേറ്റുമായി ചേര്‍ന്ന്, നിക്കല്‍ ദ്വന്ദ്വ സള്‍ഫേറ്റുകള്‍ രൂപീകരിക്കുന്നു.

ഉദാ.

iv.നൈട്രേറ്റുകള്‍. നിക്കല്‍ നൈട്രേറ്റ്. . നേര്‍ത്ത നൈട്രിക് അമ്ളവുമായി നിക്കല്‍ പ്രവര്‍ത്തിച്ചുണ്ടാകുന്ന നിക്കല്‍ നൈട്രേറ്റ് പച്ചനിറത്തിലുള്ള പരല്‍ രൂപത്തിലാണ് കാണപ്പെടുന്നത്. നിക്കല്‍ നൈട്രേറ്റ് ചൂടാക്കുമ്പോള്‍ നിക്കല്‍ ഓക്സൈഡ് ഉണ്ടാകുന്നു.

v.സള്‍ഫൈഡുകള്‍. നിക്കല്‍ ലവണങ്ങളുടെ ലായനികളില്‍ ക്ഷാര സള്‍ഫൈഡുകള്‍ (Alkaline Sulphide) ചേര്‍ക്കുമ്പോള്‍ നിക്കല്‍ സള്‍ഫൈഡിന്റെ (NiS) കറുത്ത അവക്ഷിപ്തം ലഭിക്കുന്നു.

vi.സയനൈഡുകള്‍. നിക്കല്‍ ലവണങ്ങളുടെ ലായനികളില്‍ പൊട്ടാസ്യം സയനൈഡ് ചേര്‍ക്കുമ്പോള്‍ കിട്ടുന്ന ഇളംപച്ച നിറത്തിലുള്ള അവക്ഷിപ്തമാണ് നിക്കല്‍ സയനൈഡ്.

പൊട്ടാസ്യം സയനൈഡ് അധികമായി ചേര്‍ക്കുമ്പോള്‍, പൊട്ടാസ്യം ടെട്രാസയനോ നിക്കലേറ്റ് എന്ന കോംപ്ലക്സുണ്ടാകുന്നു.

സാമാന്യം സ്ഥിരതയുള്ള ഈ ക്ലോംപ്ലക്സ്, ലായനികളില്‍ അയോണീകരിച്ച് പൊട്ടാസ്യവും ടെട്രാസയനോ നിക്കലേറ്റ് അയോണുകളും രൂപീകരിക്കുന്നു.

കടും ചുവപ്പുനിറത്തിലുള്ള പരല്‍രൂപമുള്ള ഈ പദാര്‍ഥം സോഡിയം ഹൈപ്പോക്ലോറൈറ്റില്‍ ഓക്സീകരിക്കുമ്പോള്‍ ജലയോജിത നിക്കല്‍ ഓക്സൈഡുണ്ടാകുന്നു. കൊബാള്‍ട്ടിന്റെ ഇതേ പ്രവര്‍ത്തനം നിക്കലിന്റേതില്‍ നിന്നും വ്യത്യസ്തമാണ്. അമ്ലലായനിയിലുള്ള നിക്കലിന്റെ വിഘടനവും കൊബാള്‍ട്ടിന്റേതില്‍ നിന്നും വ്യത്യസ്തമാണ്. ഈ രണ്ടു വസ്തുതകളെ അടിസ്ഥാനമാക്കിയാണ് കൊബാള്‍ട്ടിനെയും നിക്കലിനെയും വേര്‍തിരിക്കുന്നത്.

നിക്കല്‍ കോംപ്ലക്സുകള്‍. നിക്കല്‍ കോംപ്ലക്സുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും സ്ഥിരതയുള്ളതുമായ നിക്കലിന്റെ അവസ്ഥ Ni(ii) ആണ്. സംയോജകത ആറ് ഉള്ള നിക്കലിന്റെ പ്രധാനപ്പെട്ട കോംപ്ലക്സുകള്‍ ഇവയാണ്. ഈ കോംപ്ലക്സുകള്‍ക്ക് അഷ്ട സമതല പാര്‍ശ്വ (octahedral) രൂപമാണ്. പച്ചനിറമുള്ള ഈ കോംപ്ലക്സുകളില്‍ കേന്ദ്രീകൃതമായ ചശ2+ അയോണിനു ചുറ്റും ആറു ലിഗാന്‍ഡുകള്‍ സഹസംയോജകബന്ധനം വഴി ബന്ധിക്കപ്പെട്ടിരിക്കുന്നു. പ്രധാനപ്പെട്ട കോംപ്ലക്സ് സംയുക്തങ്ങള്‍എന്നിവയാണ്.

സംയോജകത നാല് ഉള്ള നിക്കലിന്റെ കോംപ്ലക്സുകള്‍ പ്രധാനമായും ഹാലൈഡുകളും സയനൈഡുകളുമാണ്. ഹാലൈഡ് കോംപ്ലക്സുകള്‍ ചതുസ്തലകങ്ങളും (tetrahedral) സയനൈഡ് കോംപ്ലക്സുകള്‍ സ്ക്വയര്‍ പ്ലാനറുകളും (Square planer) ആണ്. ഉദാ.

അഷ്ടസ്തലക, ചതുസ്തലക കോംപ്ളക്സുകളില്‍ ജോഡി ചേരാത്ത ഇലക്ട്രോണുകളുടെ സാന്നിധ്യം അവയ്ക്ക് അനുകാന്തിക സ്വഭാവം (paramagnetism) പ്രദാനം ചെയ്യുന്നു. സ്ക്വയര്‍ പ്ലാനര്‍ കോംപ്ലക്സുകളിലാവട്ടെ, ഇത്തരം ഇലക്ട്രോണുകളുടെ സാന്നിധ്യം അവയ്ക്ക് പ്രതികാന്തിക സ്വഭാവമാണ് (diamagnetism) പ്രദാനം ചെയ്യുന്നത്. അഷ്ടസ്തലക, ചതുസ്തലക കോംപ്ളക്സുകള്‍ നീല, പച്ച നിറങ്ങളും സ്ക്വയര്‍ പ്ളാനര്‍ കോംപ്ലക്സുകള്‍ ചുവപ്പ്, മഞ്ഞ കലര്‍ന്ന തവിട്ടുനിറം എന്നിവയും പ്രദര്‍ശിപ്പിക്കുന്നു.

ഡൈമീഥൈല്‍ ഗ്ലയോക്സൈം-നിക്കല്‍ കോംപ്ലക്സ്. ഡൈമീഥൈല്‍ ഗ്ലയോക്സൈമുമായി ഉണ്ടാക്കുന്ന ക്ലോംപ്ലക്സാണ് നിക്കലിന്റെ ഏറ്റവും സവിശേഷവും പ്രധാനപ്പെട്ടതുമായ സംയുക്തം. ബിസ്-ഡൈമീഥൈല്‍ ഗ്ലയോക്സൈം (bisdimethyl glyoxime) എന്നറിയപ്പെടുന്ന ചുവപ്പുനിറത്തിലുള്ള ഈ കോംപ്ലക്സ് താപചാലകതയില്ലാത്ത ഒരു പദാര്‍ഥമാണ്. നിക്കല്‍ ലവണങ്ങളുടെ അമോണിയ ലായനികളില്‍ ഡൈമീഥൈല്‍ ഗ്ലയോക്സൈം ചേര്‍ക്കുമ്പോള്‍ ഈ കോംപ്ലക്സ് അവക്ഷിപ്തപ്പെടുന്നു. നിക്കലിന്റെ സ്ഥിരീകരണത്തിന് ഏറ്റവും പ്രയോജനപ്രദമായ ഒരു മാര്‍ഗമായി ഈ പ്രക്രിയയെ കാണാം. ഹൈഡ്രജന്‍ ബന്ധനം ഈ കോംപ്ലക്സിന്റെ സ്ഥിരത വര്‍ധിപ്പിക്കുന്നു.

ഉപയോഗങ്ങള്‍. ഉറപ്പേറിയ ലോഹമായ നിക്കല്‍ പ്രധാനമായും അലോയികള്‍ ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. നിക്കലിന്റെ അലോയികള്‍ കാഠിന്യവും ഉറപ്പും പ്രദാനം ചെയ്യുന്നു. നിക്കല്‍-അടിസ്ഥാനമാക്കിയ അലോയികള്‍ കമ്പി, ദണ്ഡ്, ലോഹതന്തു, ലോഹക്കഷണം (strip), തകിട് (sheet) എന്നീ രൂപങ്ങളില്‍ ലഭ്യമാണ്.

2.5 മുതല്‍ 5 വരെ ശ.മാ. നിക്കലടങ്ങിയ നിക്കല്‍ സ്റ്റീല്‍ അസാമാന്യ ഗാഢതയും കടുപ്പവും ഒപ്പം ഇലാസ്തികതയും പ്രദര്‍ശിപ്പിക്കുന്ന ഒരു അലോയിയാണ്. തുരുമ്പെടുക്കുകയോ ദ്രവിക്കുകയോ ചെയ്യാത്തതുകൊണ്ട് വിമാനങ്ങള്‍, മോട്ടോര്‍ വാഹനഭാഗങ്ങള്‍, കവചഭാഗങ്ങള്‍ എന്നിവയുണ്ടാക്കുന്നതിനും ഭൗമാന്തര്‍ഭാഗ കുഴലുകളെ സംരക്ഷിക്കുന്നതിനും ഇതുപയോഗിക്കുന്നു. പാത്രങ്ങളും മറ്റുപകരണങ്ങളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന സ്റ്റെയിന്‍ലെസ് സ്റ്റീല്‍ നിക്കലിന്റെ മറ്റൊരു അലോയിയാണ്.

35 ശ.മാ. നിക്കല്‍ അടങ്ങിയ നിക്കല്‍-സ്റ്റീല്‍ അലോയിയാണ് ഇന്‍വാര്‍. വളരെ കുറഞ്ഞ താപീയ വികാസം മൂലം ഇന്‍വാര്‍, ഘടികാരങ്ങളുടെ ദോലകക്കട്ടി, കൃത്യത നിര്‍ണയിക്കുന്ന ഉപകരണങ്ങള്‍ എന്നിവയുണ്ടാക്കാന്‍ ഉപയോഗിക്കുന്നു.

മൂന്നില്‍ രണ്ടുഭാഗം നിക്കലും ഒരു ഭാഗം ചെമ്പും അടങ്ങിയ മോണല്‍ അലോയി 400 ആണ് നിക്കല്‍ അടങ്ങിയ അലോയികളില്‍ ഏറ്റവും പുരാതനം. ഈ അലോയി പെട്രോളിയം വ്യവസായത്തിലും രാസപ്രവര്‍ത്തനങ്ങളിലും നാവികോപകരണരംഗത്തും പ്രയോജന പ്രദമാണ്. തിളങ്ങുന്ന പ്രതലമുള്ളതിനാല്‍ അലങ്കാര വസ്തുക്കളിലും ഉപയോഗിക്കാം. നിക്കലിനൊപ്പം അലൂമിനിയം, ടൈറ്റാനിയം എന്നിവ ചേര്‍ത്ത് ദീര്‍ഘകാലം നിലനില്‍ക്കുന്ന മോണല്‍ അലോയി K-500 നിര്‍മിക്കാം. ക്ഷാരണ(Corrosion)ത്തെ ചെറുത്തുനില്‍ക്കുവാനുള്ള കഴിവ് കൂടുതലായതിനാല്‍ കപ്പലുകളുടെ ചുക്കാന്‍ (propeller), ഷാഫ്റ്റ്, വാല്‍വുകള്‍, മറ്റു യന്ത്രഭാഗങ്ങള്‍ എന്നിവ നിര്‍മിക്കാനുപയോഗിക്കുന്നു. നിക്കല്‍-ക്രോമിയം അലോയി അഥവാ നിക്രോം അലോയിയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ താപ-പ്രതിരോധമാണ്. 80 ശ.മാ. നിക്കലും 20 ശ.മാ. ക്രോമിയവും അടങ്ങിയ നിക്രോം അലോയി 1150°C താപം വരെ ഓക്സീകരണത്തെ തടയാന്‍ ശക്തിയുള്ളതാണ്. പ്രധാനമായും വ്യാവസായിക ചൂളകളിലും ഗാര്‍ഹികോപകരണങ്ങളിലും താപഘടക(heating element)മായി ഉപയോഗിക്കുന്നു. വൈദ്യുതരോധക കമ്പികളിലും ഉപയോഗമുണ്ട്.

അലങ്കാരവസ്തുക്കളും വെള്ളിപൂശിയ പാത്രങ്ങളും ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന ജര്‍മന്‍ സില്‍വര്‍ 60 ശ.മാ.Cu, 20 ശ.മാ. Ni, 20 ശ.മാ. Zn എന്നിവ ചേര്‍ന്നതാണ്.

ശക്തിയേറിയ വൈദ്യുത കാന്തങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന, അല്‍നിക്കോ അലുമിനിയം, നിക്കല്‍, കൊബാള്‍ട്ട്, ഇരുമ്പ്, ചെമ്പ് എന്നിവ ചേര്‍ന്ന അലോയ് നാണയങ്ങള്‍ ഉണ്ടാക്കാനുമുപയോഗിക്കുന്നു.

സില്‍വര്‍ കോയ്നേജ് (നിക്കല്‍-5 ശ.മാ., ചെമ്പ്-95 ശ.മാ.), നിക്കല്‍ കോയ്നേജ് (നിക്കല്‍-25 ശ.മാ., ചെമ്പ്-75 ശ.മാ.) എന്നിവയാണ് മറ്റു പ്രധാന നിക്കല്‍ അലോയികള്‍.

നേര്‍മയായി പൊടിച്ച നിക്കല്‍ വനസ്പതി നിര്‍മാണത്തില്‍ ഉത്പ്രേരകമായി ഉപയോഗിക്കുന്നു. പരീക്ഷണശാലകളില്‍ ഉപയോഗപ്രദമായ കുഴലുകള്‍, കരണ്ടി (spatula) എന്നിവയുണ്ടാക്കുന്നതിനും വൈദ്യുതലേപനത്തിനും നിക്കല്‍ ഉപയോഗിക്കുന്നുണ്ട്.

അമോണിയം സള്‍ഫേറ്റും നിക്കല്‍ സള്‍ഫേറ്റും ചേര്‍ത്തുണ്ടാക്കുന്ന നിക്കല്‍ അമോണിയം സള്‍ഫേറ്റ് വൈദ്യുത ലേപനത്തിന് ഉപയോഗിച്ചുവരുന്നു.

നിക്കല്‍ വ്യവസായം. മൂലധാതുക്കളില്‍പ്പെട്ട ഒരു ലോഹമാണ് നിക്കല്‍. അടിച്ചുപരത്തി തകിടുകളാക്കാവുന്നതും, നിരവധി വ്യാവസായിക ഉത്പന്നങ്ങള്‍ക്ക് ഉപയുക്തവുമാണ് ഈ നോണ്‍ഫെറസ് ലോഹം, ഇതിന്റെ പ്രത്യേകതകള്‍ കാരണം ഉയര്‍ന്ന വ്യാവസായിക പ്രാധാന്യം എളുപ്പത്തില്‍ കൈവരിക്കുകയുണ്ടായി. 1970-കള്‍വരെ കുറച്ചുപേര്‍മാത്രം കയ്യാളിയിരുന്ന പ്രഭുത്വഘടനയിലായിരുന്നു ഈ വ്യവസായമെങ്കിലും പിന്നീട് നിരവധിപേര്‍ നിക്കല്‍ വ്യവസായത്തിലേക്ക് കടന്നുവന്നു. എന്നാല്‍ 2004-ഓടെ കമ്പനികള്‍ തമ്മിലുള്ള ലയനവും, ഏറ്റെടുക്കലും മറ്റും നിക്കല്‍ വ്യവസായ ഘടനയെ മാറ്റിമറിച്ചിരിക്കുന്നു. എം.എം.സി. നൊറില്‍സക് നിക്കല്‍ ഗ്രൂപ്പ് (റഷ്യ) ആണ് ലോകത്തിലെ ഏറ്റവും വലിയ നിക്കല്‍ ഉത്പാദനക്കമ്പനി. ഇവര്‍ ചെറുകമ്പനികളെ ഏറ്റെടുത്തതോടെ ആസ്റ്റ്രേലിയ, യൂറോപ്യന്‍ യൂണിയന്‍, വടക്കേ അമേരിക്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിക്കല്‍ ഖനനത്തിലും, ഉത്പാദനത്തിലും ചുവടുറപ്പിച്ചു. 2006-ല്‍ കനഡയിലെ രണ്ടു പ്രമുഖ നിക്കല്‍ വ്യവസായങ്ങളെ - ഫാല്‍ക്കണ്‍ ബ്രിഡ്ജ് ലിമിറ്റഡ്, ഇന്‍കൊ ലിമിറ്റഡ് കൂടി ഏറ്റെടുത്തതോടെ എം.എം.സി. നിക്കല്‍ വ്യവസായ ഭീമനായി മാറി.

റഷ്യയ്ക്കാണ് നിക്കല്‍ ഉത്പാദനത്തില്‍ പ്രമുഖസ്ഥാനം. മറ്റുള്ളവ കാനഡ, ആസ്റ്റ്രേലിയ, ഇന്തോനേഷ്യ തുടങ്ങിയരാജ്യങ്ങളാണ്. ഇന്ത്യയില്‍ നിക്കല്‍ ഉത്പാദനം നടക്കുന്നില്ല. ആവശ്യമായ ലോഹം റഷ്യ, ആസ്റ്റ്രേലിയ, കനഡ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി നടത്തുകയാണ് ചെയ്യുന്നത്. 45000 ടണ്‍ നിക്കലാണ് 2007-ല്‍ ഇവിടെ ഇറക്കുമതി ചെയ്തത്. വിലയിടിവും, ഉരുക്കുത്പന്നങ്ങളുടെ വര്‍ധിച്ച ആവശ്യവുമാണ് ഈ ഉയര്‍ന്ന ഇറക്കുമതി നിരക്കിന് കാരണം. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉരുക്കുത്പന്നങ്ങളില്‍ കുറഞ്ഞ അളവില്‍ മാത്രമേ നിക്കല്‍ അടങ്ങിയിട്ടുള്ളു. 75 ശ.മാ. സ്റ്റെയിന്‍ലെസ് സ്റ്റീലും, അടുക്കളവസ്തുക്കള്‍ നിര്‍മിക്കാനാണ് ഉപയോഗിക്കുന്നത്. നിര്‍മാണ മേഖലയില്‍ നടക്കുന്ന ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കാരണം ഇത് 65 ശ.മാ.-ത്തിലേക്ക് പതിക്കാനിടയുണ്ട്. വാഹനവ്യവസായം, റെയില്‍വെ, യന്ത്രനിര്‍മാണം തുടങ്ങിയ മേഖലകളില്‍ വരുംകാലത്ത് ഉപയോഗനിരക്ക് ഉയരാനാണ് സാധ്യത. ഇത് 11.64 ശ.മാ. വളര്‍ച്ചാനിരക്ക് കാണിക്കുന്നു.

ലോക നിക്കല്‍ ഉത്പാദനം 1999-നെ അപേക്ഷിച്ച് 2007-ല്‍ 1.4 മില്യണ്‍ ടണ്‍ വര്‍ധിച്ചിട്ടുണ്ട്. ഉത്പാദന വളര്‍ച്ച കാര്യമായി ഉണ്ടായിട്ടുള്ളത് യൂറോപ്പിലും (റഷ്യ, നോര്‍വെ), ഏഷ്യ (ചൈന) യിലുമാണ്. ആസ്റ്റ്രേലിയ, ജപ്പാന്‍, ന്യൂകാലിഡോനിയ തുടങ്ങിയ രാജ്യങ്ങളില്‍ ഉത്പാദന ശോഷണമാണ് സംഭവിച്ചിട്ടുള്ളത്.

നിക്കലിന്റെ ഉപയോഗം കുറച്ചും, പകരം മറ്റു വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടും, നിക്കലിന്റെ വര്‍ധിച്ചുവരുന്ന ആവശ്യം ചുരുക്കാന്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. നിക്കല്‍ രഹിത ഉരുക്കുത്പന്നങ്ങളും, കുറഞ്ഞ അളവില്‍ നിക്കലുപയോഗിക്കുന്ന ഉരുക്കുകളും ചൈന ഉത്പാദിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ഇവയൊക്കെ നിക്കലിന്റെ ഉത്പാദന, ഉപഭോഗങ്ങളുടെ ഭാവിയെ കാര്യമായി സ്വാധീനിക്കാന്‍ ഇടയുള്ള കാര്യങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍