This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിക്കരാഗ്വ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിക്കരാഗ്വ

മധ്യഅമേരിക്കയിലെ ഏറ്റവും വലിയ രാജ്യം. പസിഫിക് സമുദ്രം മുതല്‍ കരീബിയന്‍ കടല്‍ വരെ വ്യാപിച്ചിരിക്കുന്ന നിക്കരാഗ്വയുടെ വിസ്തൃതി 1,30,000 ച.കി.മീ. ആണ്. രാജ്യത്തെ ജനസംഖ്യയുടെ അഞ്ചില്‍ മൂന്നുഭാഗവും പസിഫിക് സമുദ്ര തീരത്തോടടുത്തുള്ള പ്രദേശങ്ങളില്‍ നിവസിക്കുന്നു. നിക്കരാഗ്വയിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവുമായ മനാഗ്വ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. ജനസംഖ്യ: 51,48,098 (2005), ഔദ്യോഗികഭാഷ: സ്പാനിഷ്.

ഭൂപ്രകൃതിയും കാലാവസ്ഥയും. ഭൂപ്രകൃതിയനുസരിച്ച് നിക്കരാഗ്വയെ മൂന്നു പ്രധാന മേഖലകളായി വിഭജിച്ചിരിക്കുന്നു. 1. പസിഫിക് മേഖല, 2. മധ്യ ഉന്നതതടങ്ങള്‍, 3. കരീബിയന്‍ മേഖല. പ്രധാനമായും ഉഷ്ണമേഖലാ കാലാവസ്ഥ അനുഭവപ്പെടുന്ന ഭൂപ്രദേശമാണ് നിക്കരാഗ്വ.

1. പസിഫിക് മേഖല. ഹോണ്ടുറാസ് മുതല്‍ കോസ്റ്ററിക്ക വരെ വ്യാപിച്ചിരിക്കുന്ന താരതമ്യേന ഉയരം കുറഞ്ഞ ഭൂപ്രദേശമാണ് പസിഫിക് മേഖല. സജീവമായവ ഉള്‍പ്പെടെ നിരവധി അഗ്നിപര്‍വതങ്ങളുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമാണിവിടം. ഈ മേഖലയുടെ മധ്യ, ദക്ഷിണ പ്രദേശങ്ങളില്‍ യഥാക്രമം മനാഗ്വതടാകവും നിക്കരാഗ്വതടാകവും സ്ഥിതി ചെയ്യുന്നു. പസിഫിക് തീരത്തോടടുത്ത പ്രദേശങ്ങളില്‍ 910 മീ. വരെ ഉയരമുള്ള ചെറുപര്‍വതങ്ങള്‍ കാണാം. രാജ്യത്തെ ഒട്ടുമിക്ക വന്‍നഗരങ്ങളും, വിസ്തൃത കൃഷിപ്പാടങ്ങളും ഈ മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

ഈ പ്രദേശത്ത്, വര്‍ഷത്തില്‍ 150 സെ.മീ. വരെ മഴ ലഭിക്കുന്നു. മേയ് മുതല്‍ നവംബര്‍ വരെയാണ് മഴക്കാലം. 27°C. ആണ് താപനിലയുടെ ശരാശരി.

2. മധ്യ ഉന്നതതടങ്ങള്‍. നിക്കരാഗ്വയിലെ ഏറ്റവും ഉയരം കൂടിയതും ഏറ്റവും തണുപ്പ് അനുഭവപ്പെടുന്നതുമായ പ്രദേശമാണിത്. സു. 2,107 മീ. വരെ ഉയരമുള്ള, രാജ്യത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടി, പികോ മൊഗോട്ടൊണ്‍ (Pico mogoton) സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. മധ്യ ഉന്നതതടപ്രദേശത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും, പ്രത്യേകിച്ച് പര്‍വതചരിവുകളില്‍ വനങ്ങള്‍ സമൃദ്ധമാണ്. പര്‍വതങ്ങള്‍ക്കു മധ്യേ താഴ്വരകളും സര്‍വസാധാരണമാണ്.

മധ്യഉന്നത തടങ്ങളുടെ മിക്കപ്രദേശങ്ങളിലും വര്‍ഷത്തില്‍ 250 സെ.മീ. വരെ ശരാശരി മഴ ലഭിക്കുന്നു. കൃഷിയാണ് ഈമേഖലയിലെ മുഖ്യ ഉപജീവനമാര്‍ഗം. പസിഫിക് മേഖലയെപ്പോലെ മേയ്-നവംബര്‍ കാലയളവിലാണ് ഇവിടെയും നല്ല മഴ ലഭിക്കുന്നത്. 16°C-നും. 21°C-നും, മധ്യേയാണ് താപനിലയുടെ ശരാശരി.

3. കരിബീയന്‍ മേഖല. ഭൂരിഭാഗവും നിരപ്പാര്‍ന്ന ഭൂപ്രകൃതി പ്രദര്‍ശിപ്പിക്കുന്ന കരീബിയന്‍ മേഖല പടിഞ്ഞാറേക്ക് ചരിഞ്ഞിറങ്ങുന്ന ചുരുക്കം ചില ഉന്നതതടങ്ങളാല്‍ സവിശേഷമാണ്. മധ്യ ഉന്നതതടങ്ങളില്‍ നിന്നും ഉദ്ഭവിച്ചൊഴുകുന്ന നദികളില്‍ ഭൂരിഭാഗവും കരീബിയന്‍ മേഖലയെ ജലസിക്തമാക്കിക്കൊണ്ടു പ്രവഹിക്കുന്നതിനാല്‍ ഈ പ്രദേശം ജലസമൃദ്ധിയാല്‍ അനുഗൃഹീതമാണ്. നദീതടങ്ങള്‍ മിക്കവയും കൃഷിയിടങ്ങളായി വികസിച്ചിരിക്കുന്നു. മിക്കയിടങ്ങളിലും ഹരിതസാന്ദ്രമായ മഴക്കാടുകള്‍ കാണാം. ഈ പ്രദേശത്തിന്റെ വടക്കോട്ട് വരുന്തോറും, മഴക്കാടുകള്‍ പുല്‍മേടുകള്‍ക്കും പാം, പൈന്‍ വനങ്ങള്‍ക്കും വഴിമാറുന്നു. തീരത്തോടടുത്ത് നിരവധി ചെറുദ്വീപുകളും സ്ഥിതി ചെയ്യുന്നുണ്ട്.

വാണിജ്യവാതങ്ങളില്‍ നിന്നാണ് പ്രധാനമായും കരീബിയന്‍ മേഖലയില്‍ മഴ ലഭിക്കുന്നത്. മിക്കപ്പോഴും വര്‍ഷകാലത്തുടനീളം മഴലഭിക്കുന്ന ഈ മേഖലയുടെ ശ.ശ. വര്‍ഷപാതം 420 സെ.മീ. ആണ്, താപനിലയുടെ ശ.ശ. 27°Cഉം.

ജനങ്ങളും ജീവിതരീതിയും. സങ്കരവര്‍ഗത്തില്‍പ്പെടുന്ന മെസ്റ്റിസോ വംശജരാണ് നിക്കരാഗ്വ ജനസംഖ്യയിലെ ഭൂരിപക്ഷവും. മധ്യ-അമേരിക്കന്‍ രാഷ്ട്രങ്ങളിലെ സ്പാനിഷ്-അമേരിക്കന്‍ വംശജരുടേതിന് ഏറെക്കുറെ സമാനമാണ് മെസ്റ്റിസോ വംശജരുടെ ജീവിതരീതി, ജനസംഖ്യയുടെ ഭൂരിഭാഗത്തിലധികവും റോമന്‍ കത്തോലിക്കവിശ്വാസികളും മാതൃഭാഷയായി സ്പാനിഷ് സംസാരിക്കുന്നവരുമാണ്. ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്ന വളറെ ചെറിയൊരു ശതമാനം ഇന്ത്യന്‍ വംശജരും നിക്കരാഗ്വയിലുണ്ട്. കരീബിയന്‍ തീരത്തോടടുത്ത പ്രദേശങ്ങളെയാണ് ഇവര്‍ അധിവസിക്കുന്നത്. 1980-കളില്‍ ഉണ്ടായ ചില ഗവണ്‍മെന്റ് വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഇവരില്‍ ചില വിഭാഗങ്ങള്‍ പങ്കെടുത്തിരുന്നതിനാല്‍, ഗവണ്‍മെന്റ് ഈ വിഭാഗങ്ങളെ രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും 1985-ല്‍ ഇവരില്‍ ചില വിഭാഗങ്ങളെ ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ അനുവദിക്കുകയും ചെയ്യുകയുണ്ടായി. കറുത്തവര്‍, കറുത്തവരുടെയും ഇന്ത്യന്‍ വംശജരുടെയും സങ്കരവംശജര്‍ തുടങ്ങിയ വിഭാഗങ്ങളും കരീബിയന്‍ പ്രദേശത്ത് നിവസിക്കുന്നുണ്ട്.

Image:nic 5.png

[നിക്കരാഗ്വായിലെ ഒരു പരമ്പരാഗത കലാരൂപം]

നിക്കരാഗ്വന്‍ ജനസംഖ്യയുടെ മൂന്നില്‍ ഒന്നും ദരിദ്രകര്‍ഷകരാണ്. പസിഫിക് മേഖലയിലെ കര്‍ഷകര്‍ അധികവും സ്വന്തം ഭൂമിയില്‍ കൃഷിചെയ്യുന്നവരോ, സഹകരണ-ഗവണ്‍മെന്റ് കൃഷിയിടങ്ങളില്‍ തൊഴില്‍ ചെയ്യുന്നവരോ ആകുന്നു. ഉയര്‍ന്ന താപനില അനുഭവപ്പെടുന്ന പ്രദേശങ്ങളിലെ തദ്ദേശവാസികളധികവും, പനയോലകൊണ്ടോ ലോഹത്തകിടുകള്‍ കൊണ്ടോ നിര്‍മിച്ചിട്ടുള്ള മേല്‍ക്കൂരയോടുകൂടിയ വീടുകളില്‍ താമസിക്കുന്നു. എന്നാല്‍ തണുപ്പനുഭവപ്പെടുന്ന മേഖലയില്‍, പ്രത്യേകിച്ചും മധ്യഉന്നതതടങ്ങളിലെ കര്‍ഷകരും മറ്റു ജനവിഭാഗങ്ങളും പ്രധാനമായും കളിമണ്ണും ഓടും കൊണ്ടുനിര്‍മിച്ച വീടുകളിലാണ് താമസിക്കുന്നത്. ഈ കരീബിയന്‍ മേഖലയില്‍ അധിവസിക്കുന്ന കറുത്തവരും, ഇന്ത്യന്‍ വംശജരും കൃഷി, മത്സ്യബന്ധനം, ഖനനം, എന്നിവയെ പ്രധാന ഉപജീവനമാര്‍ഗങ്ങളായി സ്വീകരിച്ചിരിക്കുന്നു.

വിദ്യാഭ്യാസം. ആറിനും പന്ത്രണ്ടിനും മധ്യേപ്രായമുള്ള എല്ലാ കുട്ടികള്‍ക്കും നിക്കരാഗ്വ ഭരണഘടന നിര്‍ബന്ധിത വിദ്യാഭ്യാസം അനുശാസിക്കുന്നു. എന്നാല്‍ 1980-നുശേഷം മാത്രമേ വിദ്യാഭ്യാസരംഗത്ത് രാജ്യത്തിന് നിര്‍ണായകമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞുള്ളൂ. ഗ്രാമീണമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തത രാജ്യത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കു ഇപ്പോഴും വെല്ലുവിളി സൃഷ്ടിക്കുന്നു. ഗ്രാമീണതലത്തില്‍ വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിനും സാക്ഷരതാ നിരക്ക് വര്‍ധിപ്പിക്കുന്നതിനും ഗവണ്‍മെന്റ് പ്രത്യേക പദ്ധതികള്‍ തന്നെ ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്നു. മൂന്നു സര്‍വകലാശാലകള്‍ രാജ്യത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് സേവനമനുഷ്ഠിക്കുന്നു. 1812-ല്‍ സ്ഥാപിതമായ നിക്കരാഗ്വ ദേശീയ സര്‍വകലാശാലയാണ് ആദ്യത്തെ സര്‍വകലാശാല. 22,000-ത്തിലധികം വിദ്യാര്‍ഥികള്‍ ഈ സര്‍വകലാശാലയുടെ കീഴില്‍ പഠിക്കുന്നുണ്ട്.

സമ്പദ്വ്യവസ്ഥ. പസിഫിക് മേഖലയിലെ സമൃദ്ധമായ വളക്കൂറുള്ള മണ്ണാണ് നിക്കരാഗ്വയുടെ പ്രധാന പ്രകൃതിവിഭവം. ഈ മേഖലയിലെ സജീവമായ അഗ്നിപര്‍വതങ്ങളില്‍നിന്നും അടിഞ്ഞുകൂടിയ ചാരനിക്ഷേപം ഇവിടത്തെ മണ്ണിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. മൊത്തം ഭൂനികുതിയുടെ പത്തുശതമാനം മാത്രമേ കൃഷിക്ക് ഉപയുക്തമാക്കിട്ടുള്ളുവെങ്കിലും കൃഷിയാണ് രാജ്യത്തെ മുഖ്യ ധനാഗമമാര്‍ഗം. നിക്കരാഗ്വയുടെ സമ്പദ്ഘടനയുടെ അടിത്തറയും കൃഷിതന്നെ. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ചെമ്പ്, സ്വര്‍ണം, വെള്ളി എന്നിവയും ചെറിയ തോതില്‍ ഖനനം ചെയ്യുന്നുണ്ട്. ഭൂവിസ്തൃതിയുടെ പകുതിയോളം ഭാഗത്തായി വ്യാപിച്ചിരിക്കുന്ന വനങ്ങളും, രാജ്യത്തിന്റെ ധനാഗമമാര്‍ഗങ്ങളില്‍ സുപ്രധാന പങ്കുവഹിക്കുന്നു. 1979 വരെ രാജ്യത്തെ ഭൂരിഭാഗം ഖനികളുടെയും വനപ്രദേശത്തിന്റെയും ഉടമസ്ഥാവകാശം വിദേശ കമ്പിനികള്‍ക്കായിരുന്നു. എന്നാല്‍ 1979-ഓടെ ഇവയുടെ നിയന്ത്രണം ഗവണ്‍മെന്റ് ഏറ്റെടുത്തു.

പരുത്തിയും കാപ്പിയുമാണ് നിക്കരാഗ്വയിലെ മുഖ്യ വാണിജ്യവിളകള്‍. പസിഫിക് മേഖലയിലെ താഴ്ന്ന പ്രദേശങ്ങളാണ് പരുത്തിക്കൃഷിയില്‍ മുന്നില്‍. മധ്യ ഉന്നതതടങ്ങള്‍ കാപ്പിക്കൃഷിയില്‍ മുന്നിട്ടുനില്‍ക്കുന്നു. പസിഫിക് മേഖലയിലെ ചില പ്രദേശങ്ങളിലും കാപ്പിക്കൃഷിയുണ്ട്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന പരുത്തിയുടെയും കാപ്പിയുടെയും ഭൂരിഭാഗവും കയറ്റുമതി ചെയ്യുന്നു. പസിഫിക് മേഖലയിലെ മറ്റൊരു വിളയാണ് കരിമ്പ്. വാഴപ്പഴം, നെല്ല് എന്നിവയും വ്യാവസായികാടിസ്ഥാനത്തില്‍ രാജ്യത്ത് കൃഷി ചെയ്യുന്നുണ്ട്. നിക്കരാഗ്വയിലെ മുഖ്യ ഭക്ഷ്യവിളയായ നെല്ലിനു പുറമേ ചോളം, ബീന്‍സ് എന്നിവയും വ്യാപകമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും മധ്യ ഉന്നതതടപ്രദേശങ്ങളിലാണ് ഇവയുടെ കൃഷി പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.

ഉത്പാദനം. തലസ്ഥാനനഗരമായ മനാഗ്വയാണ് നിക്കരാഗ്വയുടെ വ്യാവസായികകേന്ദ്രം. രാജ്യത്തെ ഭൂരിഭാഗം വൈദ്യുതോത്പാദന പദ്ധതികളും ഇവിടെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. സംസ്കരിച്ച ആഹാരപദാര്‍ഥങ്ങള്‍, പാനീയങ്ങള്‍, വസ്ത്രങ്ങള്‍, സിമെന്റ്, സിഗററ്റ്, തുകല്‍ ഉത്പന്നങ്ങള്‍, പെട്രോളിയം ശുദ്ധീകരണം തുടങ്ങിയവയാണ് ഉത്പാദന വ്യവസായങ്ങളില്‍ മുന്നില്‍. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ മൂന്നിലൊന്നും ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലാണ്; ശേഷിക്കുന്നവ സ്വകാര്യ-വിദേശ കമ്പിനികളുടെ നിയന്ത്രണത്തിലും.

Image:nic 9.png

ജപ്പാനും, മെക്സിക്കോയുമാണ് നിക്കരാഗ്വയുടെ പ്രധാന വാണിജ്യ പങ്കാളികള്‍. ഏതാനും പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളും നിക്കരാഗ്വയുമായി വിദേശ വാണിജ്യത്തില്‍ പങ്കാളികളായിട്ടുണ്ട്. സെന്‍ട്രല്‍ അമേരിക്കന്‍ കോമണ്‍ മാര്‍ക്കറ്റിലെ അംഗം കൂടിയാണ് നിക്കരാഗ്വ.

Image:nic 10.png

റോഡുകളാണ് നിക്കരാഗ്വയിലെ പ്രധാന ഗതാഗതോപാധികള്‍. പസിഫിക് മേഖല റോഡുഗതാഗതത്തില്‍ മുന്നില്‍ നില്‍ക്കുന്നു. പാന്‍ അമേരിക്കന്‍ ഹൈവേയാണ് രാജ്യത്തെ പ്രധാന ഹൈവേ. റോഡുകളില്ലാത്ത ഗ്രാമപ്രദേശങ്ങളിലെ തദ്ദേശവാസികള്‍ പ്രധാനമായും കോവര്‍കഴുതകളെയും കാളവണ്ടികളെയുമാണ് ഗതാഗതത്തിനുവേണ്ടി ആശ്രയിക്കുന്നത്. ജനങ്ങളില്‍ നൂറില്‍ ഒരാള്‍ക്ക് എന്ന നിരക്കില്‍ സഞ്ചരിക്കാന്‍ സ്വന്തമായി കാറുള്ളതായി കണക്കാക്കപ്പെടുന്നു. പസിഫിക് മേഖലയില്‍ മാത്രമേ ചുരുങ്ങിയ തോതിലെങ്കിലും റെയില്‍ ഗതാഗതം വികിസിച്ചിട്ടുള്ളൂ. മനാഗ്വയില്‍ ഒരു അന്തര്‍ദേശീയ വിമാനത്താവളവും പ്രവര്‍ത്തിക്കുന്നുണ്ട്.

ചരിത്രം. 16-ാം ശതകത്തിലെ സ്പാനിഷ് കുടിയേറ്റത്തിനു മുമ്പ് അമേരിന്ത്യന്‍ ഗോത്രങ്ങളുടെ ആവാസഭൂമിയായിരുന്നു നിക്കരാഗ്വ. ബി.സി. 4000 മുതല്‍ അമേരിന്ത്യന്‍ ഗോത്രങ്ങളുടെ വാസകേന്ദ്രങ്ങള്‍ നിക്കരാഗ്വയില്‍ നിലനിന്നിരുന്നതായി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അമേരിന്ത്യന്‍ ഗോത്രങ്ങളിലെ ഏറ്റവും വലിയ വിഭാഗം നിക്കരാവോ എന്ന പേരിലാണ് അറിയപ്പെട്ടത്.

ഇറ്റലിക്കാരനായ കൊളംബസ് ആണ് നിക്കരാഗ്വയില്‍ എത്തിയ ആദ്യത്തെ യൂറോപ്യന്‍ (1502). ഈ മേഖലയില്‍ പര്യവേക്ഷണം നടത്തിയ ഗില്‍ഗൊണ്‍സാലസ് ദാവില എന്ന സ്പാനിഷുകാരന്‍ 'നിക്കരാവോ' എന്ന പ്രാദേശിക നാമത്തോട് വെള്ളം എന്നര്‍ഥമുള്ള 'ആഗുവ' എന്ന സ്പാനിഷ് വാക്കുകൂടിച്ചേര്‍ത്ത് നിക്കരാഗ്വ എന്ന പേരു നല്കി. നിക്കരാഗ്വയിലെ സമ്പത്തും കാലാവസ്ഥയുമായിരുന്നു ദാവില അടക്കമുള്ള സ്പാനിഷുകാരെ ആകര്‍ഷിച്ചത്. നിക്കരാഗ്വ പൂര്‍ണമായി അധീനപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ഫ്രാന്‍സിസ്കോ ഹെര്‍ണാന്‍ദെസ് ദി കൊര്‍ദോബ (സ്പാനിഷ് പര്യവേക്ഷകന്‍) ഗ്രാനഡ, ലിയോണ്‍ എന്നീ രണ്ട് പട്ടണങ്ങള്‍ ഇവിടെ സ്ഥാപിച്ചു (1524). സ്പെയിന്‍ മധ്യഅമേരിക്കയില്‍ സ്ഥാപിച്ച ആദ്യകോളനികളില്‍ ഒന്നായിരുന്നു നിക്കരാഗ്വ.

Image:nic 6.png

നിക്കരാഗ്വയിലെ സ്പാനിഷ് ഗവര്‍ണറായിരുന്ന പെദ്രാറിയസിന്റെ (Pedrarias) കാലഘട്ടം (1526-31) നിക്കരാഗ്വന്‍ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായിരുന്നു. ബലപ്രയോഗത്തിലൂടെ തദ്ദേശീയരെ കീഴടക്കിയ ഇദ്ദേഹം സ്പാനിഷ് നിയമങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പുറമേ റോമന്‍ കാത്തോലിക്ക മതവും അവര്‍ക്കുമേല്‍ അടിച്ചേല്പിക്കുകയുണ്ടായി. അധിനിവേശകര്‍ വലിയൊരു വിഭാഗം തദ്ദേശീയരെ കൊന്നൊടുക്കുകയും അടിമകളാക്കുകയും ചെയ്തതിനാല്‍ 17-ാം ശതകത്തോടെ തദ്ദേശീയര്‍ അവിടത്തെ ന്യൂനപക്ഷമായി മാറി.

Image:nic 3.png

ചരിത്രപരമായി പല ഘട്ടങ്ങളിലൂടെ കടന്നുപോയതിനു ശേഷമാണ് നിക്കരാഗ്വ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറിയത്. 1821-ല്‍ മറ്റ് മധ്യ അമേരിക്കന്‍ രാജ്യങ്ങളോടൊപ്പം സ്പെയിനില്‍ നിന്നും സ്വാതന്ത്യ്രം പ്രഖ്യാപിച്ച നിക്കരാഗ്വ അവരോടൊപ്പം ചേര്‍ന്ന് 'യുണൈറ്റഡ് പ്രോവിന്‍സസ് ഒഫ് സെന്‍ട്രല്‍ അമേരിക്ക' എന്ന യൂണിയനു രൂപം നല്കി. എന്നാല്‍ ഈ യൂണിയനിലെ മറ്റ് അംഗങ്ങളുമായി ഒത്തുപോകുന്നതില്‍ പ്രയാസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് യൂണിയനിലെ അംഗത്വം പിന്‍വലിച്ച നിക്കരാഗ്വ 1835-ല്‍ സ്വതന്ത്ര റിപ്പബ്ലിക്കായി.

Image:nic 8 museum.png

സ്വതന്ത്ര റിപ്പബ്ലിക്കായെങ്കിലും അധികാരത്തില്‍ മാറിമാറി വന്ന ലിബറല്‍-യാഥാസ്ഥിതിക പാര്‍ട്ടികളും, അവരുടെ പ്രത്യയശാസ്ത്രത്തിലെ വൈരുധ്യവും രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത ഉളവാക്കി. ഇവരുടെ അധികാരമത്സരം രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്ക് നയിച്ച സാഹചര്യം മുതലെടുത്ത വാക്കര്‍ എന്ന അമേരിക്കക്കാരന്‍ നിക്കരാഗ്വന്‍ പ്രസിഡന്റായി സ്വയം അവരോധിച്ചു (1855). ആഭ്യന്തരയുദ്ധത്തില്‍ ലിബറല്‍ കക്ഷിക്കാര്‍ക്കു വേണ്ടി പൊരുതാന്‍ അവരുടെ ക്ഷണം സ്വീകരിച്ചെത്തിയതായിരുന്നു അദ്ദേഹം. 1856 മേയ് 20-ന് വാക്കറുടെ സര്‍ക്കാരിനെ നിയമാനുസൃത ഭരണകൂടമായി അമേരിക്ക അംഗീകരിച്ചു. എന്നാല്‍ പ്രസിഡന്റ് എന്ന നിലയില്‍ വാക്കറുടെ ഭരണത്തിനു സ്വേച്ഛാധിപത്യ മാനം കൈവന്നതോടെ ഇദ്ദേഹത്തിനെതിരെയുള്ള തദ്ദേശീയരുടെ എതിര്‍പ്പ് രൂക്ഷമായി. ഈ സാഹചര്യത്തില്‍ വിഭാഗീയത മറന്നുകൊണ്ട് ഒന്നിച്ച ലിബറന്‍-യാഥാസ്ഥിതിക കക്ഷികള്‍ അദ്ദേഹത്തെ പുറത്താക്കുന്നതില്‍ വിജയിച്ചു.

ദക്ഷിണനിക്കരാഗ്വയിലൂടെ ഒരു കനാല്‍ നിര്‍മിച്ച് പസിഫിക്-അത്ലാന്തിക് സമുദ്രങ്ങളെ ബന്ധിപ്പിക്കാനുള്ള പദ്ധതി സ്വീകാര്യമായതോടെ യു.എസ്സിനെ സംബന്ധിച്ച് നിക്കരാഗ്വ ഭൂമിശാസ്ത്രപരമായും വാണിജ്യപരമായും തന്ത്രപ്രധാനമായ രാജ്യമായി മാറിയ കാലഘട്ടമായിരുന്നു 1850-കള്‍. നിര്‍ദിഷ്ട കനാലിന്റെ പദ്ധതിപ്രദേശം എന്ന നിലയില്‍ വമ്പന്‍ അമേരിക്കന്‍ കമ്പനികള്‍ നിക്കരാഗ്വയില്‍ മുതല്‍മുടക്ക് നടത്തിയിരുന്നു.

1857 മുതല്‍ 93 വരെ യാഥാസ്ഥിതിക കക്ഷിയാണ് നിക്കരാഗ്വയില്‍ അധികാരത്തിലിരുന്നത്. 36 വര്‍ഷം നീണ്ടുനിന്ന യാഥാസ്ഥിതിക ഭരണത്തിനു വിരാമമിട്ടുകൊണ്ട് 1893-ല്‍ ലിബറല്‍ പാര്‍ട്ടിയിലെ സെലയ പ്രസിഡന്റായി. കനാലിന്റെ നിര്‍മിതിയെക്കുറിച്ചുള്ള പ്രശ്നങ്ങള്‍ യു.എസ്.-നിക്കരാഗ്വ ബന്ധത്തില്‍ അസ്വാരസ്യം സൃഷ്ടിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്; കനാല്‍ നിര്‍മിതിക്കുള്ള അനിയന്ത്രിത അവകാശങ്ങള്‍ യു.എസ്സിന് നല്കാന്‍ വിസമ്മതിച്ചത് സെലയയെ അനഭിമതനാക്കി. ഈ സാഹചര്യത്തില്‍ അമേരിക്ക സെലയയ്ക്കെതിരെ പ്രതിപക്ഷത്തെ കലാപത്തിനു പ്രേരിപ്പിച്ചത് രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്ക് നയിക്കുകയുണ്ടായി (1909). 1911-ല്‍ യാഥാസ്ഥിതിക പ്രസിഡന്റ് ഡയസ് അധികാരത്തില്‍ വരുന്നതുവരെ ഇത് തുടര്‍ന്നു. നിക്കരാഗ്വയിലെ ഏറ്റവും വലിയ അമേരിക്കന്‍ കമ്പനിയായ യുണൈറ്റഡ് സ്റ്റേറ്റ്സ്-നിക്കരാഗ്വന്‍ കണ്‍സെഷനിലെ മുന്‍ ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന്റെ ഗവണ്‍മെന്റിനെ അമേരിക്കന്‍ ഭരണകൂടവും അംഗീകരിച്ചു. ആഭ്യന്തര യുദ്ധകാലത്ത് അമേരിക്കന്‍ ബിസിനസ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി യു.എസ്. സേനാംഗങ്ങളെ (Marines) നിക്കരാഗ്വയിലേക്ക് അയച്ചിരുന്നു (1909).

Image:nic 2.png

ഡയസിനെതിരെ 1912-ല്‍ വീണ്ടും ഒരു കലാപം ഉയര്‍ന്നുവന്ന പശ്ചാത്തലത്തില്‍ ഇദ്ദേഹം യു.എസ്സിന്റെ സഹായം തേടിയതിനെത്തുടര്‍ന്ന് കലാപത്തെ അടിച്ചമര്‍ത്താന്‍ മറീനുകള്‍ വീണ്ടും നിക്കരാഗ്വയില്‍ എത്തി (1912). 1909 നും 33-നുമിടയ്ക്ക് ക്രമസമാധാനപാലനത്തിനായി മൂന്നു തവണ (1909-11, 1912-25, 1926-33) മറീനുകളെ യു.എസ്. നിക്കരാഗ്വയിലേക്ക് അയയ്ക്കുകയുണ്ടായി. നിര്‍ദിഷ്ട കനാലിന്റെ നിര്‍മിതിക്കായി യു.എസ്സില്‍ നിന്നും നിക്കരാഗ്വന്‍ സര്‍ക്കാര്‍ എടുത്ത ലോണ്‍ വീണ്ടെടുക്കുന്നതിനായി നിക്കരാഗ്വയിലെ കസ്റ്റംസ് ഡ്യൂട്ടി ശേഖരിക്കാനുള്ള പദ്ധതിക്കു യു.എസ്. രൂപം നല്കിയത് ഭൂരിപക്ഷം തദ്ദേശീയരിലും വന്‍ പ്രതിഷേധമുളവാക്കി; ഈ എതിര്‍പ്പിനെ നേരിടാനാണ് 1926-ല്‍ മറീനുകള്‍ വീണ്ടും ഇവിടെ എത്തിയത്. (1925-ലെ ഒരു ചെറിയ ഇടവേള ഒഴിച്ചാല്‍ 21 വര്‍ഷം അന്താരാഷ്ട്ര പൊലീസിന്റെ ചുമതല ഇവര്‍ നിര്‍വഹിച്ചു). യു.എസ്സിന്റെ ഇടപെടലിന് ന്യായീകരണമായി വര്‍ത്തിച്ചത് മണ്‍റോ സിദ്ധാന്തത്തിന് അനുബന്ധമായി പ്രസിഡന്റ് റൂസ്വെല്‍റ്റ് ഉന്നയിച്ച വാദമുഖമാണ്. പരിഷ്കൃത രാജ്യമെന്ന നിലയില്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ തെറ്റായ ചെയ്തികളെ ചെറുക്കാന്‍ യു.എസ്സിന് അധികാരമുണ്ട് എന്നായിരുന്നു ഈ വാദഗതിയുടെ അന്തഃസത്ത. നിക്കരാഗ്വ ഏതാണ്ട് അമേരിക്കയുടെ സംരക്ഷിത രാജ്യമായി (protectorate) മാറിയതിലുള്ള പ്രതിഷേധത്തിനു നേതൃത്വം നല്കിയ ജനറല്‍ സാന്‍ഡിനോ ഒന്നുകില്‍ വിദേശ ആധിപത്യത്തില്‍ നിന്നും മാതൃഭൂമിയെ മോചിപ്പിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന ആഹ്വാനമാണ് അണികള്‍ക്കു നല്കിയത്. യു.എസ്. മറീനുകള്‍ക്കെതിരെ ഗറില്ലകളെ വ്യാപകമായി ഇവര്‍ ഉപയോഗിച്ചിരുന്നു. നീണ്ടുനിന്ന ഒളിപ്പോരാട്ടത്തിനൊടുവില്‍ നിക്കരാഗ്വയില്‍ സമാധാനം സ്ഥാപിക്കാനും യു.എസ്സുമായി സൗഹൃദം പുലര്‍ത്താനും കെല്പുള്ള ഏത് വ്യക്തിയെയും പിന്തുണയ്ക്കാന്‍ യു.എസ്. തയ്യാറായി. യു.എസ്. മേല്‍നോട്ടത്തില്‍ നടന്ന 1932-ലെ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് താത്പര്യമുണ്ടായിരുന്ന യാഥാസ്ഥിതിക കക്ഷി പരാജയപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുവാന്‍ യു.എസ്. തയ്യാറായി. ലിബറല്‍ കക്ഷിക്കാരനായ സാകാസയായിരുന്നു പ്രസിഡന്റ്. ഈ തെരഞ്ഞെടുപ്പിനുശേഷമാണ് നിക്കരാഗ്വയില്‍ നിന്നും മറീനുകളെ യു.എസ്. പിന്‍വലിച്ചത്; അതേസമയം മറീനുകളുടെ സ്ഥാനത്ത് നിക്കരാഗ്വന്‍ നാഷണല്‍ ഗാര്‍ഡ് എന്ന പുതിയ സേനയെ സജ്ജമാക്കിയിട്ടാണ് മറീനുകള്‍ നാട്ടിലേക്ക് മടങ്ങിയത്. 1934-ല്‍ സാന്‍ഡിനോയെ വധിച്ച നാഷണല്‍ ഗാര്‍ഡ് തലവന്‍ ജനറല്‍ അനസ്താസിയോ സൊമോസ സാകാസയെ പുറത്താക്കിക്കൊണ്ട് (1936) സ്വയം പ്രസിഡന്റായി അവരോധിച്ചു. 1979-ല്‍ ഒരു വിപ്ളവത്തിലൂടെ പുറത്താക്കപ്പെടുന്നതുവരെ സൊമോസ കുടുംബമാണ് നിക്കരാഗ്വ ഭരിച്ചത്. പൊതുമുതല്‍ യാതൊരു ദീക്ഷയുമില്ലാതെ കൈക്കലാക്കിയ സൊമോസ ഭരണത്തെ ക്ലെപ്റ്റാക്രസി എന്നാണ് ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചത്. കമ്യൂണിസ്റ്റുകാരനല്ല എന്ന കാരണത്താല്‍ ഈ ഏകാധിപതി യു.എസ്സിനും സ്വീകാര്യനായിരുന്നു. അധികാരത്തിന്റെ സുഖലോലുപതയില്‍ മുഴുകിക്കഴിഞ്ഞ ഇദ്ദേഹത്തെ 1956-ല്‍ പെറസ് എന്ന കവി വധിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പുത്രന്മാരായ ലൂയി, ഡെബോയില്‍ എന്നിവരാണ് തുടര്‍ന്ന് നിക്കരാഗ്വ ഭരിച്ചത്.

Image:nic 12.png

സൊമോസ കുടുംബവാഴ്ചയുടെ ബാക്കിപത്രമായ അഴിമതിയും ക്രമസമാധാനത്തകര്‍ച്ചയും ഇടതുപക്ഷ നിക്കരാഗ്വന്‍ രാഷ്ട്രീയകക്ഷിയായ സാന്‍ഡിനിസ്റ്റ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള ജനകീയ കലാപത്തിന് അനുകൂലമായ സാഹചര്യമാണൊരുക്കിയത്. സൊമോസ ഭരണകൂടത്തിനെതിരെ സായുധപോരാട്ടത്തിന് ആഹ്വാനം ചെയ്ത സാന്‍ഡിനിസ്റ്റുകള്‍ കമ്യൂണിസ്റ്റുകാരായിരുന്നു. 1934-ല്‍ രക്തസാക്ഷിത്വം വരിച്ച സാന്‍ഡിനോ ആയിരുന്നു സൊമോസ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടാന്‍ ഇവരെ പ്രചോദിപ്പിച്ചത്. സാന്‍ഡിനിസ്റ്റുകള്‍ മനാഗ്വ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് രാജ്യത്തുനിന്നു പലായനം ചെയ്യാന്‍ ഡെബോയില്‍ സൊമോസ നിര്‍ബന്ധിതനായി (1978).

                      Image:nic 11.png

[നിക്കരാഗ്വാ മഴക്കാടുകളില്‍ കാണപ്പെടുന്ന ടൗകാന്‍ പക്ഷി]

1979 മുതല്‍ 90 വരെ അധികാരത്തിലിരുന്ന സാന്‍ഡിനിസ്റ്റുകള്‍, പിന്നീട് 16 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം 2006-ല്‍ വീണ്ടും അധികാരത്തില്‍ വന്നു. ആദ്യത്തെ കാലയളവില്‍ ബാങ്കുകളുടെ ദേശസാത്കരണം, ഭൂപരിഷ്കരണം ഉള്‍പ്പെടെയുള്ള പരിഷ്കരണങ്ങള്‍ സാന്‍ഡിനിസ്റ്റ് നേതാവായ ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പിലാക്കിയെങ്കിലും യു.എസ്സിന്റെ പിന്തുണയോടെ നിക്കരാഗ്വയിലെ സാന്‍ഡിനിസ്റ്റ് വിരുദ്ധര്‍ നടത്തിയ കോണ്‍ട്രാ യുദ്ധം നിക്കരാഗ്വന്‍ സമ്പദ്ഘടനയില്‍ ഏല്പിച്ച ആഘാതം കനത്തതായിരുന്നു. നിക്കരാഗ്വ മറ്റൊരു ക്യൂബയാകും എന്ന ആശങ്കയായിരുന്നു സാന്‍ഡിനിസ്റ്റ് ഭരണത്തെ അട്ടിമറിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത്. ഇറാനുമായി അനധികൃതമായി നടത്തിയ ആയുധ ഇടപാടില്‍ നിന്നും ലഭിച്ച തുകയാണ് കോണ്‍ട്രാകളെ സഹായിക്കുന്നതിന് യു.എസ്. ഉപയോഗിച്ചത്. 1990-ല്‍ യു.എസ്. പിന്തുണയുള്ള നാഷണല്‍ ഒപ്പോസിഷന്‍ യൂണിയന്‍ അധികാരത്തില്‍ വരുന്നതുവരെ കോണ്‍ട്രായുദ്ധം തുടര്‍ന്നു. ഈ പാര്‍ട്ടിയിലെ വയലെറ്റ ചമറോയാണ് സാന്‍ഡിനിസ്റ്റ് നേതാവായ ഡാനിയല്‍ ഒര്‍ട്ടേഗയെ പരാജയപ്പെടുത്തിയത്. സാന്‍ഡിനിസ്റ്റുകളുടെ വിപ്ലവമൂല്യങ്ങള്‍ക്ക് തിളക്കം നഷ്ടപ്പെട്ടതായിരുന്നു പാര്‍ട്ടിയെ പരാജയത്തിലേക്ക് നയിച്ചത്.

2001-ലെ തെരഞ്ഞെടുപ്പില്‍ ഡാനിയേല്‍ ഒര്‍ട്ടേഗയെ തോല്പിച്ച് കോണ്‍സ്റ്റിറ്റ്യൂഷണല്‍ ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ഥി എന്റിക് ബൊളാഞോസ് പ്രസിഡന്റായി. 2006 ന.-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പിന്തുണയുള്ള എഡ്വേര്‍ഡോ മോണ്ടിലെപ്രബെയെ പരാജയപ്പെടുത്തിക്കൊണ്ട് ഒര്‍ട്ടേഗയുടെ നേതൃത്വത്തില്‍ സാന്റഡിനിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തി. നോ: സാന്‍ഡിനിസ്റ്റ

ഭരണസംവിധാനം. പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള പ്രാതിനിധ്യ ജനാധിപത്യ സംവിധാനമാണ് നിക്കരാഗ്വയിലേത്. രാഷ്ട്രത്തിന്റെ അധികാരം നിയമനിര്‍മാണസഭ, ഭരണനിര്‍വാഹക സമിതി, നീതിന്യായ ഭരണസമിതി, തെരഞ്ഞെടുപ്പ് സമിതി എന്നിങ്ങനെ നാലായി വിഭജിച്ചിരിക്കുന്നു. പ്രസിഡന്റാണ് ഭരണത്തിന്റെയും രാഷ്ട്രത്തിന്റെയും തലവന്‍. ഭരണനിര്‍വഹണ അധികാരങ്ങള്‍, പ്രസിഡന്റും വൈസ്പ്രസിഡന്റും അടങ്ങുന്ന ഗവണ്‍മെന്റിലും നിയമനിര്‍മാണ അധികാരം ഗവണ്‍മെന്റിലും ദേശീയ അസംബ്ലിയിലും നിക്ഷിപ്തമായിരിക്കുന്നു. പ്രസിഡന്റും ഏകമണ്ഡല ദേശീയ അസംബ്ലി അംഗങ്ങളും അഞ്ചുവര്‍ഷത്തെ കാലാവധിയിലേക്കാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ആകെ 92 അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ദേശീയ അസംബ്ലി. ബഹുകക്ഷി സമ്പ്രദായമാണ് നിക്കരാഗ്വന്‍ രാഷ്ട്രീയത്തിന്റേത്. കോണ്‍സ്റ്റിറ്റ്യൂഷണലിസ്റ്റ് ലിബറല്‍ പാര്‍ട്ടി, സാന്‍ഡിനിസ്റ്റ് റിനവേഷന്‍ മൂവ്മെന്റ്. ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ചേഞ്ച് തുടങ്ങിയവയാണ് ഇതര പ്രമുഖ രാഷ്ട്രീയ സംഘടനകള്‍. നീതിന്യായ നിര്‍വഹണത്തിന്റെ ചുമതല സുപ്രീംകോടതിക്കാണ്. അഞ്ചുവര്‍ഷത്തെ കാലാവധിയിലേക്ക് ദേശീയ അസംബ്ളിയാണ് ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത്. നീതിന്യായ വ്യവസ്ഥ എക്സിക്യൂട്ടീവില്‍ നിന്നും ലെജിസ്ലേറ്റീവില്‍ നിന്നും സ്വതന്ത്രമാണ്. ഏഴു മജിസ്ട്രേറ്റുമാര്‍ ഉള്‍പ്പെടുന്ന സുപ്രീം ഇലക്ടറല്‍ കൗണ്‍സിലാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നത്. 15 മേഖലകളായി ഭരണമേഖലയെ വിഭജിച്ചിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍