This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നികോല്‍ പ്രിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:08, 23 ഫെബ്രുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നികോല്‍ പ്രിസം

Nicol prism

ധ്രുവിത പ്രകാശം (polarised light) ലഭിക്കാനായി പ്രത്യേക രീതിയില്‍ രൂപകല്പന ചെയ്ത കാല്‍സൈറ്റ് ക്രിസ്റ്റല്‍. സ്കോട്ടിഷ് ശാസ്ത്രജ്ഞനായ വില്യം നികോല്‍ (1770-1851) ആണ് 1828-ല്‍ ഇത്തരമൊരു പ്രിസം ആദ്യമായി നിര്‍മിച്ചത്. കാല്‍സൈറ്റ് ക്രിസ്റ്റലിന്റെ ദ്വിഅപവര്‍ത്തനം (birefringence or double refraction) എന്ന ഗുണവിശേഷമാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്. 'ഐസ്ലന്‍ഡ് സ്പാര്‍' എന്ന പേരില്‍ അറിയപ്പെടുന്ന കാല്‍സൈറ്റ് രാസപരമായി കാല്‍സിയം കാര്‍ബണേറ്റ് (CaCO3) ആണ്.

നികോല്‍ പ്രിസം നിര്‍മിക്കുന്നതിനായി പ്രകൃതിയില്‍നിന്നു ലഭിക്കുന്ന സുതാര്യവും വര്‍ണരഹിതവുമായ കാല്‍സൈറ്റിന്റെ ഒരു റോംബോഹെഡ്രല്‍ ക്രിസ്റ്റല്‍ നിര്‍ദിഷ്ട കോണുകളില്‍ (ചിത്രം 1) മുറിച്ചെടുത്ത് ഉരസി മിനുസപ്പെടുത്തുന്നു. കനത്തിന്റെ മൂന്നിരട്ടിയോളം നീളമുണ്ടായിരിക്കണം ക്രിസ്റ്റലിന്. നീളം കുറഞ്ഞ വികര്‍ണത്തിന്റെ (diagonal) ദിശയില്‍ ഈ ക്രിസ്റ്റലിനെ രണ്ട് തുല്യഭാഗങ്ങളായി പിളര്‍ന്നശേഷം അവയെ കാനഡാ ബാള്‍സംകൊണ്ട് ഒട്ടിച്ചുചേര്‍ക്കുന്നു. സാധാരണ പ്രകാശം ക്രിസ്റ്റലിലൂടെ കടക്കുമ്പോള്‍ അത് ദ്വിഅപവര്‍ത്തനത്തിനു വിധേയമാകുന്നു. അതായത് പ്രകാശരശ്മി രണ്ടായി പിരിഞ്ഞ് ഓരോന്നും വ്യത്യസ്ത തലങ്ങളില്‍ ധ്രുവിതങ്ങളായി മാറുന്നു. സാധാരണ രശ്മി (ordinary ray) എന്നും അസാധാരണ രശ്മി (extra ordinary ray) എന്നുമാണ് ഇവയെ വിളിക്കുന്നത്. ഇവയുടെ അപവര്‍ത്തനാങ്കം (refractive index) യഥാക്രമം 1.658-ഉം 1.486-ഉം ആണ്. അപവര്‍ത്തനാങ്കം 1.55 ആയുള്ള കാനഡാ ബാള്‍സ സ്തരത്തെയും ക്രിസ്റ്റലിനെയും വേര്‍തിരിക്കുന്ന പ്രതലത്തില്‍ പതിക്കുന്ന സാധാരണ രശ്മി പൂര്‍ണ ആന്തര പ്രതിഫലനത്തിനു (total internal reflection) വിധേയമായി ക്രിസ്റ്റലിന്റെ ഒരു വശത്തേക്കു തിരിഞ്ഞ് പുറത്തുപോകുന്നു. (സാധാരണ രശ്മി പുറത്തുവരേണ്ട പ്രതലത്തിനു കറുത്തനിറം കൊടുത്താല്‍ പ്രസ്തുത രശ്മികളെ മുഴുവനായി ആഗിരണം ചെയ്ത് നീക്കാനാവും). അസാധാരണ രശ്മിയാകട്ടെ, പ്രതിഫലനത്തിനു വിധേയമാകാതെ ക്രിസ്റ്റലിന്റെ രണ്ടാം പകുതിയിലൂടെ കടന്ന് സമതലധ്രുവിത പ്രകാശമായി (plane polarized light) പുറത്തുവരുന്നു. ഇപ്രകാരം നികോല്‍ പ്രിസം ഒരു ധ്രുവീകാരി (polarizer) ആയി പ്രവര്‍ത്തിക്കുന്നു.

പോളറൈസര്‍ ആയും അനലൈസര്‍ ആയും നികോല്‍ പ്രിസത്തെ ഉപയോഗപ്പെടുത്താം. ഒരു നികോല്‍ പ്രിസത്തില്‍ നിന്നു പുറത്തുവരുന്ന ധ്രുവിത പ്രകാശത്തിന്റെ പാതയില്‍ രണ്ടാമതൊരു നികോല്‍ പ്രിസം കൂടി അതേ ദിഗ്വിന്യാസത്തില്‍ വച്ചാല്‍ അതില്‍ക്കൂടിയും ആ രശ്മി യാതൊരു മാറ്റവുമില്ലാതെ കടന്നുപോകും. ക്രിസ്റ്റലുകളുടെ മുഖ്യ ഛേദതലങ്ങള്‍ സമാന്തരമായ ഇത്തരം സജ്ജീകരണം 'പാരലല്‍ നികോല്‍സ്' എന്നറിയപ്പെടുന്നു. രണ്ടാമത്തെ പ്രിസം ലംബദിശയില്‍ (907deg; യില്‍) വിന്യസിച്ചാല്‍ പ്രകാശം ഒട്ടും കടന്നുവരില്ല. ഇതിനെയാണ് 'ക്രോസ്ഡ് നികോല്‍സ്' എന്നു വിശേഷിപ്പിക്കുന്നത്. ഓരോ പൂര്‍ണ തിരിയലിനും ഈരണ്ടുതവണ പ്രകാശം ഒട്ടും കടന്നുവരാത്തതിനാല്‍ ഏതു പ്രകാശവും സമതലധ്രുവിതമാണോ എന്നറിയുന്നതിനുള്ള ഒരു പരിശോധനാരീതിയായി ഇത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. രണ്ടാം നികോല്‍ പ്രിസം അല്പാല്മായി കറക്കിയാല്‍, തിരിയുന്ന കോണിന് ആനുപാതികമായി പ്രകാശത്തിന്റെ ഒരു ഘടകം മാത്രം കടന്നുവരുന്നതായി കാണാം.

മൈക്രോസ്കോപ്പി, പൊളാരിമെട്രി എന്നീ മേഖലകളില്‍ നികോല്‍ പ്രിസം വ്യാപകമായി ഉപയോഗിച്ചിരുന്നു. പില്ക്കാലത്ത് പോളറോയ്ഡ് ഫിലിമുകളും മറ്റും ഇതിനു പകരമായി പ്രചാരത്തിലായി. പ്രകാശത്തിന്റെ അപവര്‍ത്തനം, ധ്രുവീകരണം എന്നീ പ്രതിഭാസങ്ങളുടെ പഠനത്തിനും ജൈവസംയുക്തങ്ങളുടെ ഗവേഷണത്തിനും ധാതുക്കളുടെ ആന്തരികഘടന നിരീക്ഷിക്കുന്നതിനും ജ്യോതിശ്ശാസ്ത്രരംഗത്ത് നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനത്തിനും നികോല്‍ പ്രിസം ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍