This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നികുതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:56, 23 ഫെബ്രുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നികുതി

പൊതുആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സര്‍ക്കാര്‍, പൗരന്മാരില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പിരിച്ചെടുക്കുന്നതാണ് നികുതി. നികുതി നിയമംമൂലം ചുമത്തപ്പെടുന്നതാണ്. "സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കണം എന്ന ബൈബിള്‍ വചനം നികുതികൊടുക്കാനുള്ള മനുഷ്യന്റെ ബാധ്യത വെളിപ്പെടുത്തുന്നതാണ്. നികുതി കൊടുക്കാത്തവരുടെമേല്‍ പിഴചുമത്താനും അവരെ തടവിലിടാനും വരെ നികുതി നിയമങ്ങളില്‍ വ്യവസ്ഥയുണ്ട്. തത്തുല്യമായ ഏതെങ്കിലും പ്രതിഫലം നല്കിക്കൊള്ളാം എന്ന വ്യവസ്ഥയിലല്ല നികുതി ചുമത്തുന്നത്. അതുകൊണ്ട് എന്തെങ്കിലും പ്രയോജനം ലഭിച്ചില്ല എന്നതിന്റെ പേരില്‍ നികുതിയില്‍നിന്നും ആര്‍ക്കും ഒഴിഞ്ഞുനില്ക്കാനാവില്ല. പക്ഷേ, നികുതി താങ്ങാനുള്ള പൗരജനങ്ങളുടെ ക്ഷമതകൂടി കണക്കിലെടുത്തേ നികുതി ചുമത്താനാവൂ. നികുതിക്ഷമതയ്ക്ക് കൃത്യമായ പരിധിയൊന്നും നിശ്ചയിക്കാനാവുകയില്ല. നികുതിയായി പിരിച്ചെടുക്കുന്ന തുക ശരിയായ വിധത്തിലാണ് സര്‍ക്കാര്‍ വിനിയോഗിക്കുന്നതെന്ന് പൗരനു ബോധ്യപ്പെട്ടാല്‍ നികുതിയെക്കുറിച്ച് അവര്‍ പരാതിപ്പെടാന്‍ ഇടയില്ല. നേരേമറിച്ച് പൗരജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റപ്പെടുന്നില്ലെങ്കില്‍ ചെറിയ നികുതികള്‍പോലും എതിര്‍ക്കപ്പെട്ടേക്കാം. ഇന്ത്യയിലെ ആദ്യത്തെ നികുതി അന്വേഷണകമ്മീഷന്റെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്.

"വ്യക്തികളെന്ന നിലയില്‍ മുമ്പ് ചെയ്തുവന്നിരുന്ന കാര്യങ്ങള്‍ സമൂഹവുമായി ഒന്നിച്ചുചേര്‍ന്ന് ചെയ്യാനാണ് നികുതി ചുമത്തപ്പെടുന്നത്. നികുതികളും അതുകൊണ്ടു നടത്തുന്ന ചെലവുകളും തമ്മില്‍ വലിയൊരളവോളം ബന്ധമുണ്ടെങ്കില്‍, നികുതിക്ഷമതയുടെ പരിധി കൂടുതല്‍ ആയിരിക്കും

നികുതി ചുമത്തലിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുന്നത് ചില സാമ്പത്തികശാസ്ത്ര തത്ത്വങ്ങളാണ്. നികുതി ചുമത്തുമ്പോള്‍ സര്‍ക്കാരുകള്‍ ഈ തത്ത്വങ്ങള്‍ കണക്കിലെടുക്കുന്നത് നികുതി വ്യവസ്ഥ ലളിതമായിരിക്കാന്‍ സഹായിക്കും. സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന ആഡം സ്മിത്താണ് ആദ്യമായി ഇത്തരമൊരു തത്ത്വസമുച്ചയം മുന്നോട്ടുവച്ചത്. അദ്ദേഹത്തിന്റെ തത്ത്വങ്ങള്‍ സ്മിത്തിന്റെ കാനോനുകള്‍ എന്ന് അറിയപ്പെടുന്നു. ആഡം സ്മിത്ത് വിഭാവന ചെയ്ത സമ്പദ്വ്യവസ്ഥ സ്വകാര്യമേഖലയ്ക്ക് പരമാവധി പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കുന്നതാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വളര്‍ച്ചയും പുനര്‍വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിനെക്കാള്‍ കാര്യക്ഷമം സ്വകാര്യമേഖലയാണ്. സര്‍ക്കാരിന്റെ പങ്ക് ക്രമസമാധാനപാലനവും വൈദേശികാക്രമണങ്ങളില്‍നിന്നുള്ള സംരക്ഷണവുമാണ് - അദ്ദേഹത്തിന്റെ കാനോനുകള്‍ സമ്പദ് വ്യവസ്ഥയോടുള്ള ഈ സമീപനം പ്രതിഫലിപ്പിക്കുന്നതാണ്.

താഴെപ്പറയുന്നവയാണ് സ്മിത്തിന്റെ കാനോനുകള്‍.

1. സമത്വത്തിന്റെ അഥവാ പ്രയോജനത്തിന്റെ കാനോന്‍: ജനങ്ങളുടെ മേലുള്ള നികുതിഭാരം സര്‍ക്കാരില്‍നിന്നും ലഭിക്കുന്ന പ്രയോജനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നാണ് ഈ കാനോന്‍ അനുശാസിക്കുന്നത്.

2. ക്ലിപ്തതയുടെ കാനോന്‍: നികുതി അടയ്ക്കേണ്ട സമയം, തുക, രീതി എന്നിവയെക്കുറിച്ച് നികുതിദായകന് യാതൊരു വിധത്തിലുള്ള സംശയവും ഉണ്ടാകാത്തവിധം വേണ്ട അറിവ് അവര്‍ക്കു നല്കിയിരിക്കണം എന്ന് ഈ കാനോന്‍ അനുശാസിക്കുന്നു.

3. സൗകര്യത്തിന്റെ കാനോന്‍: നികുതിദായകന് പരമാവധി സൗകര്യം ലഭിക്കത്തവിധമുള്ള രീതിയിലും സമയത്തും നികുതിചുമത്തണമെന്ന് ഇത് അനുശാസിക്കുന്നു.

4. നികുതിപിരിവിന്റെ ചെലവിനെക്കുറിച്ചുള്ള കാനോന്‍: പിരിക്കുന്ന നികുതി പരമാവധി സര്‍ക്കാര്‍ ഖജനാവില്‍ എത്തത്തക്കവിധം നികുതിപിരിവിന്റെ ചെലവ് ഏറ്റവും കുറവായിരിക്കണമെന്നാണ് ഈ കാനോന അനുശാസിക്കുന്നത്.

സ്മിത്തിനെത്തുടര്‍ന്ന് മറ്റു ധനശാസ്ത്രജ്ഞരും വിവിധ കാനോനുകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

നികുതി ചുമത്തുന്നതിന്റെ അടിസ്ഥാനം എന്തായിരിക്കണമെന്നതിനെ സംബന്ധിച്ച് സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെ ഇടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് നികുതിദായകനു ലഭിക്കുന്ന പ്രയോജനമായിരിക്കണം നികുതിയുടെ അടിസ്ഥാനമെന്ന് ഒരു കൂട്ടര്‍ അഭിപ്രായപ്പെടുമ്പോള്‍ ആ സേവനങ്ങള്‍ നല്കാന്‍ സര്‍ക്കാരിനു വേണ്ടിവരുന്ന ചെലവുകളായിരിക്കണം അടിസ്ഥാനമെന്ന് മറ്റൊരുകൂട്ടര്‍ വാദിക്കുന്നു. ഇവ രണ്ടുമല്ല, നികുതി കൊടുക്കാനുള്ള കഴിവായിരിക്കണം അടിസ്ഥാനമെന്ന് മൂന്നാമത് ഒരു കൂട്ടര്‍ വാദിക്കുന്നു. വരുമാനം, സമ്പത്ത്, ഉപഭോഗം എന്നിവയെ നികുതികൊടുക്കാനുള്ള കഴിവായി എടുക്കാമെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു.

നികുതിയുടെ അടിസ്ഥാനമായി ഏതുമാനദണ്ഡമെടുത്താലും അത് പൗരജനങ്ങളുടെ കൈയില്‍നിന്നുംപണം സര്‍ക്കാരിലേക്കു കൈമാറ്റം ചെയ്യപ്പെടലാണ്. ഇതിന്റെ അളവിനെ സംബന്ധിച്ച് രണ്ടുതരം കാഴ്ചപ്പാടുകളുണ്ട്. വരുമാനം എന്തായിരുന്നാലും അതിന്റെ നിശ്ചിത ശതമാനം നികുതിയായി ചുമത്തുന്നതിനെയാണ് ആനുപാതിക നികുതിവ്യവസ്ഥ എന്നു പറയുന്നത്. ഉദാഹരണമായി പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വരുമാനമുള്ള ഒരു പൗരനും പത്തുലക്ഷം രൂപ വരുമാനമുള്ള മറ്റൊരു പൗരനും 10 ശ.മാ. നികുതിയാണ് കൊടുക്കുന്നത് എന്നരിക്കട്ടെ. ആദ്യത്തെയാള്‍ 10,000 രൂ. കൊടുക്കുമ്പോള്‍ രണ്ടാമന്‍ 1,00,000 രൂ. കൊടുക്കുന്നു. നികുതിയായി നല്കുന്ന തുക വ്യത്യസ്തമാണെങ്കിലും നികുതി നിരക്ക് വരുമാനത്തിന് ആനുപാതികമാണ്. വരുമാനം വര്‍ധിക്കുന്നതോടൊപ്പം നികുതിനിരക്കും വര്‍ധിക്കുന്ന സമ്പ്രദായത്തെയാണ് അനുലോമ നികുതിവ്യവസ്ഥ എന്നു വിളിക്കുന്നത്. ഇത്തരം ഒരു നികുതി വ്യവസ്ഥയില്‍ താഴ്ന്ന വരുമാനയുള്ളയാള്‍ 10 ശ.മാ. നിരക്കില്‍ നികുതി നല്കേണ്ടിവരുമ്പോള്‍ ഉയര്‍ന്ന വരുമാനമുള്ളയാള്‍ 15-ഓ അല്ലെങ്കില്‍ 20-ഓ ശ.മാ. നിരക്കിലാവും നികുതി നല്കേണ്ടിവരുന്നത്.

നികുതികളുടെ പ്രാഥമികമായ ലക്ഷ്യം വിഭവസമാഹരണമാണെങ്കിലും മറ്റു സാമൂഹികലക്ഷ്യങ്ങള്‍ നേടാനായും സര്‍ക്കാരുകള്‍ നികുതികളെ ഉപയോഗിക്കുന്നുണ്ട്. പുനര്‍വിതരണത്തിലൂടെ സമൂഹത്തിലെ അസമത്വം കുറയ്ക്കുക എന്നത് ഒരു പ്രധാന സാമൂഹികലക്ഷ്യമാണ്. ദരിദ്രരുടെയും താഴ്ന്ന വരുമാനക്കാരുടെയും മേലുള്ള നികുതിഭാരം കുറഞ്ഞിരിക്കത്തക്കവിധം ആദായനികുതി നിരക്കുകള്‍ കുറച്ചുവയ്ക്കുന്നത് ഇതിന് ഒരു ഉദാഹരണമാണ്. അതുപോലെതന്നെ താഴ്ന്ന വരുമാനക്കാരുടെ മുഖ്യ ഉപഭോഗവസ്തുക്കളുടെ മേലുള്ള എക്സൈസ് തീരുവ, വില്പനനികുതി, മൂല്യവര്‍ധിത നികുതി തുടങ്ങിയവ കുറച്ചുവയ്ക്കാറുണ്ട്.

പൗരജനങ്ങളുടെ ക്ഷേമത്തിന് ദോഷകരമായ സാധനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയാണ് മറ്റൊരു സാമൂഹിക ലക്ഷ്യം. മദ്യം, പുകയില ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് ഉയര്‍ന്ന എക്സൈസ് തീരുവ, വില്പന നികുതി എന്നിവ ചുമത്തുന്നതിന്റെ പിന്നിലുള്ള യുക്തി ഇതാണ്. ഉയര്‍ന്ന നികുതി ഇവയുടെ വില വളരെയധികം വര്‍ധിപ്പിക്കുകയും ഉപഭോഗം കുറയ്ക്കുകയും ചെയ്യും. നേരേമറിച്ച് ചില പ്രത്യേക സാധനങ്ങളുടെ ഉപഭോഗം സമൂഹത്തിന് പൊതുവേ ഗുണകരമാണെങ്കില്‍ അവയുടെമേലുള്ള നികുതികള്‍ കുറച്ചുവച്ചോ നികുതിയില്‍നിന്ന് ഒഴിവാക്കിയോ അവയുടെ ഉപഭോഗം വര്‍ധിപ്പിക്കാന്‍ കഴിയും. പരിസരദൂഷണം സമൂഹത്തെ പൊതുവേ ബാധിക്കുന്ന ഒരു പ്രശ്നമായതുമൂലം പരിസ്ഥിതി സൌഹൃദപരമായ ഉത്പന്നങ്ങളുടെ മേലുള്ള നികുതികള്‍ കുറച്ചുവയ്ക്കുകയോ തീര്‍ത്തും ഒഴിവാക്കുകയോ ചെയ്യുന്ന പതിവുണ്ട്. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ഈ വിധത്തില്‍ നികുതിയെ ഉപയോഗപ്പെടുത്താറുണ്ട്. യന്ത്രങ്ങള്‍ക്കുപകരം കൂടുതല്‍ മനുഷ്യശേഷി ഉപയോഗപ്പെടുത്തുന്ന വ്യവസായ ഉത്പന്നങ്ങളുടെമേല്‍ കുറഞ്ഞനികുതി ചുമത്തുകയോ നികുതിയില്‍നിന്ന് ഒഴിവാക്കുകയോ ചെയ്യാറുണ്ട്. ആഗോളതാപനത്തിന് ഒരു പ്രധാന കാരണം കാര്‍ബണ്‍ഡയോക്സൈഡിന്റെ അമിതമായ പുറത്തുവിടലാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതു കുറയ്ക്കുന്നതിന്റെ ഭാഗമായി കാര്‍ബണ്‍ നികുതി എന്ന പുതിയ ഒരു ആഗോളനികുതി നിലവില്‍ വന്നിട്ടുണ്ട്.

ഇത്തരം നടപടികള്‍ പലപ്പോഴും നികുതിവ്യവസ്ഥ സങ്കീര്‍ണമാകുന്നതിന് കാരണമാകും. വ്യത്യസ്ത ഉത്പന്നങ്ങള്‍ക്ക് വ്യത്യസ്ത നികുതിനിരക്കുകളും നികുതി ഒഴിവുകളുംകൊണ്ട് സങ്കീര്‍ണമായ നികുതിവ്യവസ്ഥ, നികുതിയുടെ അടിസ്ഥാനലക്ഷ്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമാണ്. അത് നികുതി ഒടുക്കുന്നതിനുവേണ്ടിവരുന്ന ചെലവ് വര്‍ധിപ്പിക്കും. നികുതിവെട്ടിപ്പുകാര്‍ക്ക് ധാരാളം പഴുതുകള്‍ ഇത്തരം നികുതിവ്യവസ്ഥകള്‍ ഒരുക്കിക്കൊടുക്കും. സങ്കീര്‍ണമായ നികുതിവ്യവസ്ഥ സമ്പദ്വ്യവസ്ഥയുടെ വികസനത്തിന് വിഘാതം സൃഷ്ടിക്കുന്ന പല കാര്യങ്ങളില്‍ ഒന്നാണ്. വിദേശ നിക്ഷേപകര്‍ പലപ്പോഴും സങ്കീര്‍ണമായ നികുതിവ്യവസ്ഥകളുള്ള രാജ്യങ്ങളെ മറികടന്ന് ലളിതമായ നികുതി വ്യവസ്ഥകളുള്ള രാജ്യങ്ങളിലേക്ക് പോകാന്‍ താത്പര്യം കാണിക്കും. അതുകൊണ്ട് മേല്പറഞ്ഞ ലക്ഷ്യങ്ങള്‍ നേടാന്‍ മറ്റുമാര്‍ഗങ്ങള്‍ അവലംബിക്കുക എന്നതാണ് ആധുനിക സമീപനം.

നികുതിവെട്ടിപ്പും നികുതിയില്‍നിന്ന് ഒഴിവാകലും. നികുതിയില്‍ നിന്നും ഒഴിവാകാന്‍ വ്യക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ചരിത്രത്തോളം പഴക്കമുണ്ട്. നിയമവിരുദ്ധമായി നികുതി നല്കാതിരിക്കുന്നതാണ് നികുതിവെട്ടിപ്പ്. നിയമത്തില്‍ത്തന്നെയുള്ള പഴുതുകള്‍ കണ്ടുപിടിച്ച് നികുതിയില്‍നിന്നും നിയമവിധേമായിത്തന്നെ വിമുക്തമാകത്തക്കവിധം സ്വന്തം കാര്യങ്ങള്‍ ക്രമീകരിക്കുന്നതിനെയാണ് നികുതിയില്‍ നിന്നും ഒഴിവാകല്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. പക്ഷേ രണ്ടുപ്രവൃത്തികളും സര്‍ക്കാരിനു ലഭിക്കേണ്ട നികുതിവരുമാനം കുറയ്ക്കും. ഇതുമൂലം നികുതി കൊടുക്കുന്നവരുടെമേലുള്ള നികുതിഭാരം കൂടാന്‍ ഇടയായേക്കാം. പലരും നികുതി വെട്ടിക്കുന്നു എന്ന അറിവ് സത്യസന്ധമായി നികുതി നല്കുന്നവരുടെ ആത്മവീര്യം കെടുത്തുകയും അവരെ നികുതി വെട്ടിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.

നികുതിവെട്ടിപ്പ് തടയുക എന്നത്, ആധുനിക സര്‍ക്കാരുകളുടെ ഒരു പ്രധാനലക്ഷ്യമാണ്. എന്തുകൊണ്ടാണ് നികുതിവെട്ടിപ്പ് ഉണ്ടാകുന്നത് എന്നതിനെ സംബന്ധിച്ച് ധാരാളം വിശദീകരണങ്ങള്‍ നല്കപ്പെട്ടിട്ടുണ്ട്. പൗരന്മാര്‍ നികുതി അടയ്ക്കുന്നത് പല കാരണങ്ങള്‍കൊണ്ടാകാം. അടയ്ക്കുന്ന നികുതിക്ക് ആനുപാതികമായി പൊതുസേവനങ്ങളുടെ പ്രയോജനം കിട്ടുന്നു എന്ന തോന്നല്‍ സന്നദ്ധരായി നികുതി നല്കാന്‍ പൗരന്മാരെ പ്രേരിപ്പിക്കുന്നു. നികുതി വെട്ടിക്കുന്നത് തെറ്റാണെന്ന തോന്നലും പിടിക്കപ്പെട്ടാലുണ്ടാകുന്ന ധനനഷ്ടവും മാനഹാനിയും നികുതി അടയ്ക്കാന്‍ വ്യക്തികളെ പ്രേരിപ്പിക്കുന്ന കാര്യങ്ങളാണ്. നികുതിവെട്ടിപ്പ് എല്ലായ്പ്പോഴുമോ മനഃപൂര്‍വമോ ആകണമെന്നില്ല. സങ്കീര്‍ണമായ നികുതിവ്യവസ്ഥ, ഉയര്‍ന്ന നികുതിനിരക്കുകള്‍, നികുതിയെക്കുറിച്ചുള്ള അറിവില്ലായ്മ, നികുതി അടയ്ക്കുന്നതിനു വേണ്ടിവരുന്ന ചെലവ് എന്നു തുടങ്ങി ഒട്ടനവധി കാരണങ്ങള്‍ നികുതിവെട്ടിപ്പിനു പിന്നിലുണ്ട്. പിടിക്കപ്പെടാനുള്ള സംഭാവ്യതയും (probability) പിഴയുടെ നിരക്കുമാണ് നികുതിവെട്ടിപ്പിനെ സ്വാധീനിക്കുന്ന രണ്ടു പ്രധാനഘടകങ്ങള്‍ എന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഉയര്‍ന്ന പിഴനിരക്കുകളും പിടിക്കപ്പെടാനുള്ള സംഭാവ്യതയുമുള്ള ഒരു നികുതിവ്യവസ്ഥയില്‍ നികുതിവെട്ടിപ്പ് കുറയും എന്ന് ഗവേഷകര്‍ വാദിക്കുന്നു.

ബഹുഭൂരിപക്ഷം നികുതിദായകരും നികുതി അടയ്ക്കുന്ന ഒരു നികുതിവ്യവസ്ഥയില്‍ നികുതി അടയ്ക്കാത്ത ഒരു ന്യൂനപക്ഷത്തെ ലക്ഷ്യമാക്കി സങ്കീര്‍ണമായ നിയമങ്ങളും ചട്ടങ്ങളുമുണ്ടാക്കുന്നത് ദോഷമേ ചെയ്യൂ എന്നാണ് ആധുനിക കാഴ്ചപ്പാട്. അതുകൊണ്ട് സ്വയം സന്നദ്ധമായ നികുതി ഒടുക്കല്‍ സംസ്കാരം പ്രോത്സാഹിപ്പിക്കാന്‍ നികുതി വകുപ്പുകള്‍ ഒട്ടേറെ പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്. നികുതിവ്യവസ്ഥ ലളിതമാക്കി നിലനിര്‍ത്തുകയും നികുതി ഒടുക്കാന്‍ ആഗ്രഹിക്കുന്ന നികുതിദായകര്‍ക്ക് നിരവധി സേവനങ്ങള്‍ നല്കുകയുമാണ് ഇവയില്‍ പ്രധാനപ്പെട്ടത്. നികുതിയെക്കുറിച്ച് പൌരജനങ്ങളുടെ ഇടയില്‍ അറിവു വര്‍ധിപ്പിക്കാനുദ്ദേശിച്ചുള്ള വിദ്യാഭ്യാസ പരിപാടികള്‍, പ്രസിദ്ധീകരണങ്ങള്‍, ഇന്റര്‍നെറ്റുവഴിയായുള്ള സംശയനിവാരണം തുടങ്ങിയവ ഇത്തരം സേവനങ്ങളില്‍ ചിലതാണ്. ഈവിധ പ്രവര്‍ത്തനങ്ങളിലൂടെ നികുതിവകുപ്പിനെക്കുറിച്ചുള്ള പരമ്പരാഗത പ്രതിച്ഛായ മാറ്റിയെടുക്കാന്‍ ആധുനികനികുതിവ്യവസ്ഥകള്‍ പ്രത്യേക ശ്രദ്ധചെലുത്തുന്നു. നികുതി വകുപ്പ് സഹാനുഭൂതിയും സന്മനോഭാവവും പ്രദര്‍ശിപ്പിക്കുന്നതാണ് എന്ന തോന്നല്‍ സന്നദ്ധമായി നികുതിനല്‍കുന്നതിന് നികുതിദായകരെ പ്രേരിപ്പിക്കുന്നു. വിവരസാങ്കേതികവിദ്യയുടെ പ്രയോഗം നികുതി ഭരണവും നികുതി അടയ്ക്കലും വളരെയധികം ലളിതമാക്കിയിട്ടുണ്ട്. ലോകമാസകലം ഇന്ന് ലളിതവും സുതാര്യവുമായ നികുതി വ്യവസ്ഥകളിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്.

സന്നദ്ധമായ നികുതിനല്‍കല്‍ സമ്പ്രദായം എന്നതുകൊണ്ട് നികുതി അടയ്ക്കാനോ അടയ്ക്കാതിരിക്കാനോ ഉള്ള സ്വാതന്ത്യ്രം എന്നല്ല ഉദ്ദേശിക്കുന്നത്. സന്നദ്ധമായി നികുതി നല്കുക, അല്ലെങ്കില്‍ പിഴയോടുകൂടി നികുതി നല്കാന്‍ നിര്‍ബന്ധിക്കപ്പെടും എന്ന സന്ദേശമാണ് സമൂഹത്തിന് നല്കപ്പെടുന്നത്. തന്റെ എല്ലാവിധ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും നികുതിവകുപ്പിന് അറിവുണ്ട് എന്ന തോന്നല്‍, സന്നദ്ധമായി നികുതിനല്കാന്‍ വ്യക്തികളെ പ്രേരിപ്പിക്കുന്നു. ശക്തമായ ഒരു വിവരശേഖരണ-വിനിമയ സംവിധാനമുള്ള നികുതി വകുപ്പുകള്‍ക്കേ സന്നദ്ധമായ നികുതി നല്കല്‍ സമ്പ്രദായവുമായി മുന്നോട്ടുപോകാനാവൂ.

നികുതിവ്യവസ്ഥ. ഉത്പാദനം, ഉപഭോഗം, കൈമാറ്റം, ഇറക്കുമതി, കയറ്റുമതി തുടങ്ങി സമ്പദ്ഘടനയിലെ വിവിധ തലങ്ങളില്‍ ചുമത്തപ്പെടുത്തുന്ന നികുതികള്‍ ഉള്‍പ്പെടുന്നതാണ് ഒരു നികുതിവ്യവസ്ഥ. നികുതികളെ പൊതുവേ പ്രത്യക്ഷനികുതി, പരോക്ഷനികുതി എന്ന് തരംതിരിക്കാറുണ്ട്. പ്രത്യക്ഷനികുതിയില്‍ നികുതി കൊടുക്കുന്ന ആളും അതിന്റെ ആത്യന്തികഭാരം വഹിക്കുന്ന ആളും ഒന്നായിരിക്കും. നേരെമറിച്ച് പരോക്ഷനികുതിയില്‍ ഇതുരണ്ടും വ്യത്യസ്ത ആളുകളാണ്. ഉദാഹരണമായി ആദായനികുതി കൊടുക്കുന്ന വ്യക്തിതന്നെയാണ് അതിന്റെ ഭാരം വഹിക്കുന്നത്. നേരേമറിച്ച് ഒരു ഉല്പന്നത്തിന്റെ വില്പന നികുതിയുടെ കാര്യത്തില്‍ നികുതിയുടെ ഭാരം ആദ്യം വരുന്നത് വ്യാപാരിയുടെ മേല്‍ ആണ്. പക്ഷേ, അയാള്‍ ആ ഉത്പന്നം വാങ്ങുന്ന ഉപഭോക്താവിലേക്ക് വിലയോടൊപ്പം അതുകൈമാറുന്നു. വില്പനനികുതി അന്തിമ ഉപഭോക്തൃവിലയുടെ ഭാഗമായി മാറുന്നു.

പ്രധാനപ്പെട്ട പ്രത്യക്ഷനികുതികള്‍ ആദായനികുതി, സ്വത്ത് നികുതി എന്നിവയാണ്. പരോക്ഷനികുതികളാവട്ടെ, എക്സൈസ് ഡ്യൂട്ടി, വില്പനനികുതി, മൂല്യവര്‍ധിതനികുതി എന്നിവയാണ്. വികസിത രാജ്യങ്ങളിലെ നികുതിവ്യവസ്ഥയില്‍ പ്രത്യക്ഷ നികുതികള്‍ക്ക് പ്രാമുഖ്യമുള്ളപ്പോള്‍, വികസ്വര രാജ്യങ്ങളിലെ നികുതിവ്യവസ്ഥയില്‍ പരോക്ഷനികുതികളാണ് നികുതിവരുമാനത്തിന്റെ സിംഹഭാഗവും സംഭാവന ചെയ്യുന്നത്.

ഇന്ത്യയിലെ നികുതിവ്യവസ്ഥ. ഒരു ഫെഡറല്‍ രാജ്യമെന്ന നിലയില്‍ ഇന്ത്യയിലെ നികുതിവ്യവസ്ഥ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും പഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോര്‍പ്പറേഷന്‍ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും നികുതിവ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ്. കേന്ദ്രം പിരിച്ചെടുക്കുന്ന പ്രധാനപ്പെട്ട നികുതികള്‍ താഴെപ്പറയുന്നവയാണ്.

1. ആദായ നികുതി. വ്യക്തികളുടെ വാര്‍ഷിക ആദായത്തിന്മേല്‍ ചുമത്തുന്ന ഈ നികുതിയുടെ നിരക്ക് വരുമാനത്തിന് അനുസരിച്ച് വര്‍ധിക്കും. പരമാവധി നിരക്ക് 30 ശ.മാ. ആണ്.

2. എക്സൈസ് തീരുവ. ഉത്പാദനത്തിനുമേലുള്ള നികുതിയാണിത്. വ്യത്യസ്ത നിരക്കുകളിലാണ് ഉത്പന്നങ്ങള്‍ക്ക് എക്സൈസ് തീരുവ ചുമത്തുന്നത്.

3. ഇറക്കുമതി തീരുവ. മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുപ്പെടുന്ന ഉത്പന്നങ്ങളുടെ മേല്‍ ചുമത്തുന്ന നികുതിയാണിത്.

4. കോര്‍പ്പറേഷന്‍ ലാഭ നികുതി. കമ്പനികളുടെ ലാഭത്തിന്മേലുള്ള നികുതിയാണിത്.

5. സേവന നികുതി. സേവനനികുതിയുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന സേവനങ്ങള്‍ നല്കുന്ന വ്യക്തികളും സ്ഥാപനങ്ങളും അവരുടെ വിറ്റുവരവിന്മേല്‍ അടയ്ക്കേണ്ട നികുതിയാണിത്. നിലവില്‍ 12 ശ.മാ. ആണ് സേവനനികുതി നിരക്ക്.

കേന്ദ്രത്തിന്റെ എക്സൈസ് തീരുവയും ആദായനികുതിയും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടവയാണ്. ഭരണഘടനാപരമായി നിയമിക്കപ്പെടുന്ന ധനകാര്യകമ്മീഷന്‍ ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും ഇവയുടെ എത്രശതമാനം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണമെന്ന് ശുപാര്‍ശചെയ്യും. ഏറ്റവും അവസാനം ശുപാര്‍ശ സമര്‍പ്പിച്ചത് 13-ാം ധനകാര്യകമ്മീഷനാണ്. താഴെപ്പറയുന്നവയാണ് സംസ്ഥാനങ്ങളുടെ പ്രധാനപ്പെട്ട നികുതി സ്രോതസ്സുകള്‍.

1. മൂല്യവര്‍ധിത നികുതിയും വില്പന നികുതിയും. സംസ്ഥാനങ്ങളുടെ തനതു നികുതി വരുമാനത്തില്‍ 65-70 ശ.മാ. വരെ സംഭാവന ചെയ്യുന്നത് ഈ രണ്ടുനികുതികളുമാണ്. പെട്രോള്‍, പെട്രോളിയം ഉത്പന്നങ്ങള്‍, മദ്യം എന്നിവയിന്മേല്‍ വില്പന നികുതി ചുമത്തപ്പെടുമ്പോള്‍ ചുരുക്കം ചില സാധനങ്ങള്‍ ഒഴിച്ച് ബാക്കിയുള്ളവയുടെ മേല്‍ എല്ലാം മൂല്യവര്‍ധിത നികുതി ചുമത്തപ്പെടുന്നു. ഒരു ഉത്പന്നത്തിന്റെ ഉത്പാദനം മുതല്‍ അത് അന്തിമ ഉപഭോക്താവിന്റെ കൈകളില്‍ എത്തുന്നതുവരെയുള്ള ഓരോ ഘട്ടത്തിലും ഉത്പന്നത്തിന്റെ മൂല്യത്തില്‍ ഉണ്ടാകുന്ന വര്‍ധനവിന്മേല്‍ ചുമത്തുന്നതാണ് മൂല്യവര്‍ധിത നികുതി. ഇത് ഉത്പന്നങ്ങളുടെ സ്വഭാവം അനുസരിച്ച് 1 ശ.മാ., 4 ശ.മാ., 12.5 ശ.മാ. എന്നിങ്ങനെ മൂന്നു നിരക്കുകളിലാണ് നിലവില്‍ ചുമത്തപ്പെടുന്നത്.

2. കാര്‍ഷികാദായ നികുതി. കര്‍ഷകരുടെ വരുമാനത്തിന്മേലുള്ള നികുതിയാണിത്. കൃഷിച്ചെലവു കഴിച്ചുള്ള ആദായമാണ് ഇപ്രകാരം കാര്‍ഷികാദായ നികുതിക്ക് പരിഗണിക്കുന്നത്.

3. ഭൂനികുതി. വിസ്തീര്‍ണം അടിസ്ഥാനമാക്കിയാണ് ഭൂനികുതി ചുമത്തപ്പെടുന്നത്.

4. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ചാര്‍ജും. ഭൂമിയുടെയോ അതില്‍ ഉള്‍പ്പെട്ട കെട്ടിടങ്ങളുടെയോ കൈമാറ്റത്തിന്മേലുള്ള നികുതിയാണിത്. ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും വ്യത്യസ്തനിരക്കിലാണ് ഇത് ചുമത്തപ്പെടുന്നത്.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ പിരിച്ചെടുക്കുന്ന പ്രധാനപ്പെട്ട നികുതികള്‍ കെട്ടിടനികുതിയും തൊഴില്‍നികുതിയുമാണ്. കെട്ടിടങ്ങളുടെ വിസ്തീര്‍ണം, അതുപണിയാന്‍ ഉപയോഗിച്ചിരിക്കുന്ന നിര്‍മാണസാമഗ്രികള്‍ എന്നിവ കണക്കിലെടുത്താണ് കെട്ടിടനികുതി ചുമത്തുന്നത്. ഓരോ ശമ്പളവിഭാഗക്കാര്‍ക്കും വ്യത്യസ്ത നികുതിനിരക്കുകളിലാണ് തൊഴില്‍നികുതി ചുമത്തപ്പെടുന്നത്.

ഇന്ത്യയിലെ നികുതിരംഗത്തെ വരാനിരിക്കുന്ന മാറ്റങ്ങള്‍. ഇന്ത്യയിലെ നികുതിവ്യവസ്ഥ പലതരം നികുതികള്‍കൊണ്ട് കുറേയൊക്കെ സങ്കീര്‍ണമാണ്.ഈ സങ്കീര്‍ണത സര്‍ക്കാരിനും നികുതിദായകര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്.രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കും വന്‍തോതില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും ലളിതവും സുതാര്യവുമായ ഒരു നികുതി വ്യവസ്ഥയിലേക്ക് മാറേണ്ടതുണ്ട്.ഈ ആവശ്യം അംഗീകരിച്ചുകൊണ്ട് എല്ലാ വിധത്തിലുള്ള സാധനങ്ങളും സേവനങ്ങളും ഉള്‍ക്കൊള്ളുന്ന ചരക്കുസേവന നികുതി(Goods and service Tax)2011-ാമാണ്ടു മുതല്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.ഇതിന്റെ വിശദാശംങ്ങളും നിരക്കും സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സംസ്ഥാന ധനമന്ത്രിമാരുടെ ഒരു അധികാരപ്പെടുത്തിയ കമ്മിറ്റി രൂപീകൃതമായിട്ടുണ്ട്.ഈ നികുതി നിലവില്‍ വരുന്നതോടെ ഇന്ത്യയിലെ നികുതി വ്യവസ്ഥ കൂടുതല്‍ ലളിതവും യുക്തിസഹവുമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BF%E0%B4%95%E0%B5%81%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍