This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിംഫെയേസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിംഫെയേസി

Nymphaeaceae

ഒരു ആവൃതബീജി സസ്യകുടുംബം. ഓഷധികളായ ശുദ്ധജലസസ്യങ്ങളാണ് ഈ കുടുംബത്തിലെ പ്രധാന അംഗങ്ങള്‍. നിംഫയേസി കുടുംബത്തില്‍, എട്ട് ജീനസ്സുകളിലായി 90-ഓളം സ്പീഷിസുണ്ട്. താമര, ആമ്പല്‍ തുടങ്ങിയവയാണ് ഈ കുടുംബത്തിലെ പ്രധാന അംഗങ്ങള്‍.

നിംഫെയേസിയിലെ എട്ട് ജീനസ്സുകളില്‍, മൂന്നെണ്ണം (യൂറിയേല്‍, ബാര്‍ക്ളായ, വിക്ടോറിയ എന്നിവ) ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കണ്ടുവരുന്നു. ഇവയില്‍ ആദ്യത്തെ രണ്ടിനങ്ങള്‍ ഏഷ്യയിലും, മൂന്നാമത്തേത് തെക്കേ അമേരിക്കയിലും ധാരാളമായുണ്ട്. വിക്ടോറിയ റെജിയ (Victoria regia) എന്ന സസ്യത്തിന് 120-210 സെ.മീ. വ്യാസമുള്ള ഇലകളും, 15-45 സെ.മീ. വ്യാസമുള്ള പുഷ്പങ്ങളുമുണ്ട്. മീറ്ററുകളോളം ജലോപരിതലത്തെ മൂടിക്കൊണ്ട് പടര്‍ന്നു കിടക്കുന്ന ഇവ, ആമസോണില്‍ ധാരാളമായി കാണപ്പെടുന്നു. ബ്രസീനിയ ജീനസ്, യൂറോപ്പില്‍ ഒഴികെ എല്ലായിടത്തും കാണപ്പെടുന്നു. ബ്രസീനിയ ഷ്റീബെറി (Brasenia schreberi) എന്ന ഇനം ഇതില്‍ ഉള്‍പ്പെടുന്നു. നിംഫിയ, ന്യൂഫര്‍ എന്നീ ജീനസ്സുകള്‍ ഉത്തരാര്‍ധഗോളത്തില്‍ സുലഭമായി വളരുന്നു. കാനഡയില്‍ കാണപ്പെടുന്ന ന്യൂഫര്‍ അഡ്വീന(Nuphar advena)യും പസിഫിക് തീരത്തുള്ള ന്യൂ. പൊളിസെപാല(N.polysepalum)മും ന്യൂഫര്‍ ജീനസ്സിലെ അംഗങ്ങളാണ്. നിംഫിയ ഒഡോറേറ്റ (Nymphaea odorata) എന്ന ശാസ്ത്രനാമമുള്ള വെള്ളആമ്പലും നി റ്റ്യൂബറോസ (N.tuberosa) എന്നു പേരുള്ള ചുവന്ന ആമ്പലും നിംഫിയ ജീനസ്സിലെ അംഗങ്ങളാണ്. പുതുതായി ചേര്‍ക്കപ്പെട്ട ജീനസ്സാണ് കബംബ (Cabomba). വടക്കേ അമേരിക്കന്‍ ജീനസ്സായ ഇവയുടെ പുഷ്പങ്ങള്‍ താരതമ്യേന ചെറുതാണ്. മറ്റൊരു പ്രധാന ജീനസ്സായ നിലംബോ ഇന്ത്യയില്‍ സമൃദ്ധമായി വളരുന്നു. നിലംബോ ന്യൂസിഫെറ (Nelumbo nucifera) എന്നു പേരുള്ള താമര ഈ ജീനസ്സിലെ പ്രധാന അംഗമാണ്.

Image:Nymphaeaceae.png

നിംഫെയേസി കുടുംബത്തിലെ സസ്യങ്ങള്‍, ഏകവര്‍ഷിയോ ചിരസ്ഥായിയോ ആയിരിക്കും. പ്രകന്ദം പൊതുവേ ജലാശയത്തിന്റെ അടിത്തട്ടിലെ ചെളിയില്‍ ഉറച്ചുവളരുന്നു. മാംസളമായ കാണ്ഡം, നിവര്‍ന്നോ (ഉദാ. വിക്ടോറിയ) പടര്‍ന്നോ (ഉദാ. നിംഫിയ) വളരാറുണ്ട്. ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ചിലയിനങ്ങളില്‍ ഇലകള്‍ ജലത്തില്‍ മുങ്ങിക്കിടക്കുന്നതും വളരെച്ചെറുതായി വിഭജിക്കപ്പെട്ടതുമായിരിക്കും. (ഉദാ. കബംബ). മൃദുലമായ ഇലകളുടെ ഉപരിതലം മിനുസമുള്ളതും, മെഴുകുപോലുള്ള ഒരു പദാര്‍ഥം കൊണ്ട് ആവരണം ചെയ്യപ്പെട്ടതുമായിരിക്കും. ചിലയിനങ്ങളുടെ ഇലകളുടെ അടിവശത്ത് മുള്ളുകളുണ്ടായിരിക്കും (ഉദാ. വിക്ടോറിയ). വളരെ നീളം കൂടിയതും, പാല്‍പോലുള്ള കറയോട് കൂടിയതുമായ പത്രവൃന്തം ഈ കുടുംബത്തിന്റെ പ്രത്യേകതയാണ്. ഇലകളിലും പത്രവൃന്തത്തിലുമുള്ള വായു അറകളാണ് ഇലകളെ ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്നതിന് സഹായിക്കുന്നത്.

വെളുപ്പ്, നീല, ചുവപ്പ്, മഞ്ഞ, റോസ് എന്നീ നിറങ്ങളിലും ഇവ ഇടകലര്‍ന്ന നിറങ്ങളിലുമുള്ള പുഷ്പങ്ങളാണ് സാധാരണ കാണപ്പെടുന്നത്. ഭംഗിയും സുഗന്ധവുമുള്ള പുഷ്പങ്ങള്‍ ഏകാകികളാണ്. പുഷ്പങ്ങളുടെ ബാഹ്യദളപുടം, മൂന്നു മുതല്‍ നിരവധി ദളങ്ങളോട് കൂടിയതാണ്. സാധാരണയായി, പച്ച നിറമുള്ള ബാഹ്യദളങ്ങള്‍ക്ക് ദളങ്ങളോളം തന്നെ വലുപ്പമുണ്ടായിരിക്കും. എന്നാല്‍ ന്യൂഫര്‍ എന്ന ജീനസ്സില്‍ മഞ്ഞ നിറമുള്ള ബാഹ്യദളങ്ങള്‍ക്ക് ദളങ്ങളെക്കാള്‍ വലുപ്പം കൂടുതലാണ്. ദളങ്ങള്‍ മൂന്നു മുതല്‍ നിരവധി വരെയുണ്ട്. ദളങ്ങളുടെ ചുവട് ഭാഗത്തായി തേന്‍ ഗ്രന്ഥികളുണ്ട്. മഞ്ജരി ദണ്ഡ് (peduncle) വളരെ നീളം കൂടിയതാണ്. ചിലയിനങ്ങളില്‍ ഉള്‍വശത്തുള്ള ദളങ്ങള്‍ ചുരുങ്ങി, ദളാഭകേസരങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു (ഉദാ. താമര). കബംബയിലെപ്പോലെ 3-6 കേസരങ്ങളോ, ചിലപ്പോള്‍ അസംഖ്യം കേസരങ്ങളോ ഉണ്ടായിരിക്കും. കേസരങ്ങള്‍, വൃത്താകാരത്തില്‍ ക്രമീകരിച്ചിരിക്കുന്നു. മിക്കവാറും ഇനങ്ങളില്‍ തന്തുക്കള്‍ പരാഗി തുളച്ച് ഒരു അനുബന്ധംപോലെ മുകളിലേക്ക് വളര്‍ന്നു നില്‍ക്കുന്നു. രണ്ടു കോശങ്ങളുള്ള പരാഗിയുടെ സ്ഫുടനം, അനുദൈര്‍ഘ്യരീതിയിലാണ്.

നിംഫെയേസിയിലെ സസ്യങ്ങളുടെ ജനിപുടത്തിന്റെ ഘടന വളരെ സങ്കീര്‍ണമാണ്. പുഷ്പാസനത്തില്‍ (thalamus) നിമഗ്നമായിരിക്കുന്ന ഒന്നോ, അതിലധികമോ അണ്ഡപര്‍ണങ്ങള്‍ (Carpels) ഉള്‍പ്പെട്ടതാണ് ജനി. മിക്കവാറും ഇനങ്ങളില്‍ ഉത്തര അണ്ഡാശയമാണുള്ളത്; എന്നാല്‍ വിക്ടോറിയ, യൂറിയേല്‍ എന്നിവയില്‍ അധമഅണ്ഡാശയവും. ഇവയില്‍ കീലാഗ്രവും അണ്ഡാശയദണ്ഡവും ഓരോന്നു വീതമാണുള്ളത്. ഫലം വിപോട ഖരകമോ (indehiscent nutlet) മാര്‍ദവമുള്ള ബെറിയോ ആണ്. നിലംബോ സ്പീഷീസിന്റെ വിത്തില്‍ ബീജാന്നമില്ല.

അലങ്കാര സസ്യമായും, പുഷ്പങ്ങള്‍ക്കു വേണ്ടിയും നിംഫയേസിയിലെ സസ്യങ്ങളെ ധാരാളമായി വളര്‍ത്തുന്നു. പ്രകന്ദവും (ഉദാ. താമര) വിത്തും (താമര, ആമ്പല്‍, യൂറിയേല്‍) ഭക്ഷ്യയോഗ്യമാണ്. ഇലകള്‍, സാധനങ്ങള്‍ പൊതിഞ്ഞു നല്കാന്‍ ഉപയോഗിക്കുന്നു. താമര, ആമ്പല്‍ എന്നിവയ്ക്ക് ഔഷധഗുണങ്ങളുണ്ട്. നോ: ആമ്പല്‍, താമര

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍