This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാസ്തിക ദര്‍ശനങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാസ്തിക ദര്‍ശനങ്ങള്‍

വൈദിക പ്രമാണങ്ങള്‍ അംഗീകരിക്കാത്ത ദര്‍ശനങ്ങള്‍. വൈദിക ദര്‍ശനങ്ങളെ അനുകൂലിക്കുന്നവരെ ആസ്തികന്മാരെന്നു വിശേഷിപ്പിക്കുകയും അവയെ നിരാകരിക്കുന്നവരെ നാസ്തികരെന്ന് വിശേഷിപ്പിക്കുകയും ചെയ്തുവരുന്നു. വേദഗ്രന്ഥങ്ങളിലെ ആശയങ്ങളെ അംഗീകരിക്കുന്നതില്‍ മാത്രമേ, ഈ രണ്ട് വാക്കുകള്‍ക്കും വ്യക്തമായ അര്‍ഥകല്പനകള്‍ ഉണ്ടായിരുന്നുള്ളൂവെന്ന് ദേബീപ്രസാദ് വിശദീകരിക്കുന്നു. ഈശ്വരാസ്തിത്വത്തെ സമ്പൂര്‍ണമായി നിരാകരിച്ച പൂര്‍വ മീമാംസകര്‍ വൈദിക പ്രമാണങ്ങളോട് പൂര്‍ണമായി യോജിപ്പുള്ളവരായിരുന്നു. അതുപോലെ ശൈവരും, പാശുപതരും ഏറെ പ്രചാരം നേടിയ ശൈവഭക്തിയെ പ്രതിനിധാനം ചെയ്യുന്നവരാണ്. ദാര്‍ശനികാടിത്തറ പ്രചരിപ്പിക്കുന്ന ചിന്താപദ്ധതികളായിരുന്നില്ല ഇവരുടേത്. അവരാകട്ടെ വൈദിക വിധികളോട് ഉദാസീനരും അവയോട് ബഹുമാനം സൂക്ഷിക്കാത്ത നാസ്തികരുമായിരുന്നു. ശൈവരെയും പാശുപതരെയും തൊടുന്നതുപോലും പാപമാണെന്ന് ചില വൈഷ്ണവ വിശ്വാസികള്‍ കരുതിപ്പോന്നു.

ചാര്‍വാകദര്‍ശനം, ബൗദ്ധദര്‍ശനം, ജൈനദര്‍ശനം ഇവ മൂന്നും പ്രധാന നാസ്തികദര്‍ശനങ്ങളായി കരുതപ്പെടുന്നു.

ജഗന്നിയന്താവും ജഗത് സ്രഷ്ടാവുമായ ഈശ്വരന്റെയും പുനര്‍ജന്മമുള്ള ആത്മാവിന്റെയും അസ്തിത്വം നിഷേധിക്കുന്ന ഭൗതികവാദമാണ് ലോകായതം അഥവാ ചാര്‍വാകം എന്ന ദര്‍ശനം. ചാരുവായ/മധുരമായ വാക്കുകളോടുകൂടിയത് എന്നാണ് പദാര്‍ഥം. 'ചര്‍വ്' എന്ന ധാതുവില്‍ നിന്നും നിഷ്പന്നമായ ചാര്‍വാകത്തിന് 'ഭക്ഷിക്കുക' എന്നതില്‍മാത്രം കേന്ദ്രീകരിക്കുന്നത് എന്നും അര്‍ഥമുണ്ട്. 'ലോകായതം' എന്ന പേരിനാകട്ടെ ലോകത്തില്‍ ജനങ്ങളുടെയിടയില്‍ വ്യാപിച്ചുനില്‍ക്കുന്നതെന്നാണ് വിവക്ഷ. ബൃഹസ്പതിയാണ് ഈ ദര്‍ശനം ആവിഷ്കരിച്ചതെന്നതിനാല്‍ 'ബാര്‍ഹസ്പത്യം' എന്നും പേരുണ്ട്. പ്രാചീനകാലത്ത്ഋഗ്വേദത്തിന്റെ ആരംഭം മുതല്‍ ക്രിസ്ത്വബ്ദം 7, 8, 9 ശതകങ്ങള്‍വരെ ഭാരതത്തില്‍ ഈ ദര്‍ശനത്തിന് പ്രചാരമുണ്ടായിരുന്നു. 2000-ത്തിലധികം വര്‍ഷം ഈ നിലതുടര്‍ന്നു. വ്യാസരചിതമായ മഹാഭാരതത്തില്‍ ഈ ദര്‍ശനത്തെക്കുറിച്ച് പല ഘട്ടങ്ങളിലും പരാമര്‍ശിച്ചുകാണുന്നുണ്ട്. ഹര്‍ഷചരിതം (ബാണഭട്ടന്‍ 7-ാം ശ.) മണിമേഖല (3-ാം ശ.) നീലകേശി (5-9 ശ.) എന്നീ പ്രകൃഷ്ടകൃതികളിലും ലോകായതത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ കാണപ്പെടുന്നു.

ഈ ദര്‍ശനപ്രകാരം ഭൂമി, വെള്ളം, അഗ്നി, വായു എന്നിങ്ങനെ നാലുഭൂതഗണങ്ങള്‍ ആണ് അംഗീകൃതമായിട്ടുള്ളത്, ഈ നാലു ഭൂതങ്ങള്‍ ഒന്നാകുന്ന ധാന്യാദിദ്രവ്യങ്ങില്‍ ലഹരിശക്തിയെന്നപോലെ ജീവചൈതന്യം ഉണ്ടാകുന്നു.

ബൗദ്ധദര്‍ശനം. ധര്‍മത്തെക്കുറിച്ചുള്ള സങ്കല്പമാണ് ബൗദ്ധസിദ്ധാന്തത്തിന്റെ കേന്ദ്രബിന്ദു. ഓരോ ധര്‍മവും പ്രത്യേകമായ ശക്തിയോ സംസ്കാരമോ ആണ്. ഒരു ധര്‍മം മറ്റൊന്നില്‍ അന്തര്‍ലീനമാകുന്നില്ല. ഒരു പദാര്‍ഥവും പ്രത്യേകം ഇന്ദ്രിയ ഗ്രാഹ്യത്തില്‍ നിന്നപ്പുറമല്ല. ധര്‍മങ്ങള്‍ക്ക് കാലപരിധിയില്ല. ധര്‍മങ്ങള്‍ പരസ്പരം സഹകരിക്കുന്നു. ഈ സഹകരണം കാര്യകാരണനിയമങ്ങളാല്‍ (പ്രതീത്യസമുത്പാദം) നിയന്ത്രിക്കപ്പെടുന്നു. ഇത്തരത്തില്‍ സംസാരപ്രക്രിയ സൂക്ഷ്മവും ക്ഷണഭംഗുരവുമായ എഴുപത്തിരണ്ടുതരം ധര്‍മങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ പ്രക്രിയയാണെന്നാണ് ഈ ദര്‍ശനം അനുശാസിക്കുന്നത്. ഈ സംസാര ലൗകികബന്ധത്തില്‍ നിന്നുള്ള മോചനത്തിന് ഇവര്‍ നിര്‍വാണം എന്നാണ് പറയുന്നത്.

മഹായാനം, ഹീനയാനം എന്നിങ്ങനെ ബൗദ്ധദര്‍ശനത്തിന് ശാഖകളുണ്ട്. ഹീനായാനക്കാര്‍ ത്രിപിടകത്തിന് പ്രാധാന്യം കല്പിക്കുമ്പോള്‍ പരിഷ്കരണവാദികള്‍ വിജ്ഞാനത്തിനാണ് പ്രാധാന്യം കല്പിക്കുന്നത്. മഹായാനത്തിന് യോഗാചാരം, മാധ്യമികം എന്നു രണ്ടു വിഭാഗങ്ങളും ഹീനായാനത്തിന് വൈഭാഷികം, സൌത്രാന്തികം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുമുണ്ട്. ഇതില്‍ ഉപവിഭാഗങ്ങളും കാണുന്നുണ്ട്. നാല് ആര്യസത്യങ്ങളും (1. ദുഃഖമുണ്ട്, 2. അതിന് കാരണമുണ്ട്, 3. അതുതടയാന്‍ കഴിയും, 4. തടയാന്‍ മാര്‍ഗമുണ്ട്) അഷ്ടാംഗമാര്‍ഗങ്ങളും (1. സമ്യഗ് ദൃഷ്ടി, 2. സമ്യഗ് സങ്കല്പം, 3. സമ്യഗ് വാക്യം 4. സമ്യഗ് കര്‍മം, 5. സമ്യഗ് ആജീവം, 6. സമ്യക് വ്യായാമം, 7. സമ്യഗ് സ്മൃതി, 8. സമ്യഗ് സമാധി) ആണ് ബൗദ്ധദര്‍ശനമനുസരിച്ച് മഹാപരിനിര്‍വാണത്തിലേക്ക് നയിക്കുന്നതിനുള്ള ഉപാധികളായിട്ടുള്ളത്. നമുക്കു അനുഭൂതമാകുന്ന ദൃശ്യപ്രപഞ്ചം ഈശ്വരസൃഷ്ടിയായി അല്ല പ്രത്യുത നമ്മുടെ മനസ്സിന്റെ സൃഷ്ടിയായാണ് ബൗദ്ധദര്‍ശനം കാണുന്നത്. ജ്ഞേയം ആയവയെ ബൗദ്ധമതക്കാര്‍ രൂപം, വേദന, സംജ്ഞ, വിജ്ഞാനം, സംസ്കാരം എന്നിങ്ങനെ അഞ്ചു സ്കന്ദങ്ങളായി തിരിക്കുന്നു. ഇവയല്ലാതെ ദൃശ്യപ്രപഞ്ചത്തിനും ദൃഷ്ടാവിനും അസ്തിത്വമില്ലെന്ന സിദ്ധാന്തമാണ് ബുദ്ധന്‍ ആവിഷ്കരിച്ചത്.

ജൈനദര്‍ശനം. പരമാണുക്കളുടെ സംയോഗത്താലാണ് പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളുമെന്നാണ് ജൈനമതം അനുശാസിക്കുന്നത്. അനേകാന്തവാദത്തില്‍ വിശ്വസിക്കുന്ന ഇവര്‍ ഓരോ വസ്തുവിനും അനന്തമായ സ്വഭാവവിശേഷങ്ങളുണ്ടെന്നും ഓരോ വസ്തുവിനെയും കുറിച്ചുള്ള മനുഷ്യരുടെ ജ്ഞാനം ആപേക്ഷികമാണെന്നും സിദ്ധാന്തിക്കുന്നു. ഇതിനു സ്യാദ്വാദം എന്നാണ് ഇക്കൂട്ടര്‍ പേരു നല്കിയത്. മഹാവീരനാണ് (ക്രി.മു. 6-ാം ശ.) ജൈനധര്‍മസ്ഥാപകന്‍. ശാന്തിയിലും അഹിംസയിലും അധിഷ്ഠിതമായ ജീവിതചര്യയ്ക്കാണ് ഇവര്‍ പ്രാമുഖ്യം കല്പിച്ചിരുന്നത്. ജിനന്റെ (ജേതാവിന്റെ) അനുയായികളാണ് എന്ന അര്‍ഥത്തിലാണ് ജൈനമതമെന്ന പേരു സിദ്ധിച്ചത്.

ജൈനരില്‍ ശ്വേതാംബരന്മാരും (വെള്ള വസ്ത്രക്കാര്‍) ദിഗംബരരും (ദിക്ക് വസ്ത്രമായുള്ളവര്‍-വസ്ത്രം ഉപയോഗിക്കാത്തവര്‍) ഉണ്ട്. ധനത്തിന്റെ നിശ്ശേഷത്യാഗമാണ് കൈവല്യത്തിന് ആവശ്യമെന്നു വര്‍ധമാനതീര്‍ഥങ്കരന്‍ പറഞ്ഞിരുന്നു. വസ്ത്രവും ധനമാകയാല്‍ അതും ഉപേക്ഷിക്കുന്നു എന്നാണ് ദിഗംബരവിഭാഗം വ്യക്തമാക്കുന്നത്. പ്രത്യക്ഷം, അനുമാനം എന്നീ രണ്ടു പ്രമാണങ്ങള്‍ മാത്രമേ ഇവര്‍ക്കുള്ളൂ. ജ്ഞാനഭേദങ്ങളും (കേവലം, ശ്രുതം, അവധി, മനഃപര്യായം,- എന്നിങ്ങനെ 4 ഭേദങ്ങള്‍) വിഷയഗ്രഹണവുമാണ് ഇവരുടെ പ്രധാനതത്ത്വങ്ങള്‍. ജീവന്‍ ജൈനദര്‍ശനത്തിലും ചൈതന്യം തന്നെ.

ഈ ദര്‍ശനമനുസരിച്ച് ഓരോ അവസ്ഥയ്ക്കും രണ്ട് രൂപമുണ്ട്. ഭാവം, ദ്രവ്യം എന്നിവയാണവ. ഇവര്‍ പരിണാമവാദികളാണ്. ജീവന്റെ കര്‍മങ്ങള്‍ പൂര്‍വകര്‍മങ്ങളുടെ സംസ്കാരത്താല്‍ നിയന്ത്രിതമാണെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. അനാദിയായ അവിദ്യ ആത്മാവിന് കര്‍മം വഴി ബന്ധനം സൃഷ്ടിക്കുന്നു.

ഇവരുടെ സിദ്ധാന്തമനുസരിച്ച് ജീവന്‍ രണ്ടുതരത്തിലുണ്ട്. ബദ്ധനെന്നും മുക്തനെന്നും. ബദ്ധന്‍ (സംസാരിക ജീവന്‍) ത്രസമെന്നും സ്ഥാവരമെന്നും പുനര്‍വിഭജിച്ചിട്ടുണ്ട്. ത്രസം ജംഗമാദികളാണ്. ത്രസങ്ങള്‍ അനേകേന്ദ്രിയങ്ങളുമാണ്. സ്ഥാവരങ്ങളാകട്ടെ ഏകേന്ദ്രിയങ്ങളാണ്. ഭൂമി, ജലം, തേജസ്സ്, വായു, സസ്യാദികള്‍ എന്നിവ ത്വഗിന്ദ്രിയം മാത്രമുള്ള സ്ഥാവരങ്ങളും മനുഷ്യര്‍, പശുപക്ഷ്യാദികള്‍ തുടങ്ങിയവ ത്രസങ്ങളുമാകുന്നു.

പുനര്‍ജന്മം ജൈനര്‍ സ്വീകരിക്കുന്നു. പുനര്‍ജന്മത്തിലാണ് ശരീരം നിശ്ചയിക്കുന്നതെന്നും ജീവിച്ചിരിക്കുമ്പോള്‍ തന്നെ കര്‍മ പുദ്ഗലങ്ങള്‍ ആത്മാവിനോട് ചേര്‍ന്ന് രൂപം മാറ്റിക്കൊണ്ടിരിക്കുന്നുവെന്നുമാണ് ഇവര്‍ വിശ്വസിക്കുന്നത്. ജൈനദൃഷ്ടിയില്‍ അവിദ്യ മിഥ്യാദര്‍ശനവും മിഥ്യഅജ്ഞാനവുമാണ്. ഇത്തരത്തിലുള്ള മിഥ്യാദര്‍ശനത്തെ ഏകാന്തം (absolutistic), വിപരീതം (perverted), സംശയം (suspicion), വൈനയികം (indiscriminative faith), അജ്ഞാതം (Absence of indiscrimination) എന്നിങ്ങനെ അഞ്ചു തരത്തില്‍ വിഭജിച്ചിട്ടുണ്ട്. ഇതനുസരിച്ച് അവിദ്യ സൃഷ്ടിക്കുന്ന ബന്ധനത്തിനും അഞ്ച് അവസ്ഥയുണ്ട്. മിഥ്യാദര്‍ശനം, അവിരതി, പ്രമാദം (spiritual inertia), കാഷായം (passion), യോഗം (activity) എന്നിവയാണ് അവ.

ഇന്ത്യന്‍ ദാര്‍ശനിക മേഖലയിലെ കരുത്തുറ്റ ചിന്തകളാണ് അസ്തിത്വദര്‍ശനങ്ങളെപ്പോലെ നാസ്തികദര്‍ശനങ്ങളും മുന്നോട്ടുവച്ചിട്ടുള്ളത്. നോ: നിരീശ്വരവാദം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍