This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ സ്മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഷണല്‍ സ്മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്

National Small Industries Corporation Ltd

ഒരു കേന്ദ്ര-പൊതുമേഖലാ സ്ഥാപനം. രാജ്യത്തെ ചെറുകിട വ്യവസായങ്ങളെ സഹായിക്കുന്നതിനും നിരീക്ഷിക്കുന്നതിനും സാമ്പത്തിക സഹായം നല്‍കുന്നതിനുമായി 1955-ല്‍ കേന്ദ്രവ്യവസായ മന്ത്രാലയത്തിനു കീഴില്‍ സ്ഥാപിക്കപ്പെട്ടതാണ് നാഷണല്‍ സ്മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്.

രാജ്യത്തെ മൊത്തം വ്യാവസായിക ഉത്പന്നങ്ങളില്‍ 40 ശ.മാ.-ത്തോളം ചെറുകിട വ്യവസായ യൂണിറ്റുകളുടെ സംഭാവനയാണ്. കയറ്റുമതിയുടെ 35 ശ.മാ.വും ചെറുകിട വ്യവസായ ഉത്പന്നങ്ങളാണ്. ചെറുകിട വ്യവസായ വളര്‍ച്ചയ്ക്കായി വിവിധതരം പദ്ധതികളിലൂടെ നാഷണല്‍ സ്മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ സഹായം നല്‍കി വരുന്നു. കോര്‍പ്പറേഷന്റെ പ്രധാന ഉപഭോക്താവ് ഗവണ്‍മെന്റാണ് എന്നതുകൊണ്ടുതന്നെ വിപണന സഹായ പരിപാടികളിലൂടെ നിരവധി ആനുകൂല്യങ്ങള്‍ ചെറുകിട കച്ചവട യൂണിറ്റുകള്‍ക്ക് നല്കി വരുന്നു. ദര്‍ഘാസ് സമര്‍പ്പിക്കുന്നത് സൗജന്യമാക്കുക, നിരതദ്രവ്യം കെട്ടിവയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കുക, വലുതും ഇടത്തരവുമായ യൂണിറ്റുകള്‍ക്ക് 15 ശ.മാ. വരെ സാമ്പത്തിക ഇളവ് നല്‍കുക തുടങ്ങിയവ നാഷണല്‍ സ്മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ സേവനങ്ങളില്‍പ്പെടുന്നു.

ചെറുകിട വ്യവസായത്തിന്റെ സമഗ്രവും സാങ്കേതികവുമായ ഉന്നമനത്തിനായി രാജ്യത്തെ വ്യവസായശാലകളെ 28 ക്ലസ്റ്ററുകള്‍ക്കു കീഴില്‍ തരംതിരിച്ചിരിക്കുന്നു. വ്യവസായശാലകള്‍ നവീകരിക്കുന്നതിനും സാങ്കേതിക നിലവാരം ഉയര്‍ത്തുന്നതിനുമായി ഇറക്കുമതി ചെയ്യപ്പെടുന്ന യന്ത്രങ്ങള്‍ക്കുമേല്‍ സാമ്പത്തികഭാരം ലഘൂകരിക്കാന്‍ കോര്‍പ്പറേഷന്‍ ഇടപെടുകയും വായ്പാ പണത്തിന്റെ തിരിച്ചടവിന്മേലുള്ള വ്യവസ്ഥകളില്‍ ഉദാരസമീപന നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിലേക്ക് ഭൂമിയും കെട്ടിടവും മറ്റ് യന്ത്രോപകരണങ്ങളും വാങ്ങുന്നതിനായി 25 ലക്ഷം വരെ വായ്പ കോര്‍പ്പറേഷന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ചെറുകിട വ്യവസായ സംരംഭകര്‍ക്ക് മാനേജ്മെന്റ് - വിപണന വിഷയങ്ങളില്‍ വിദഗ്ധോപദേശവും മാര്‍ഗനിര്‍ദേശവും നല്‍കുന്നതിന് ഓരോ ചെറുകിട വ്യവസായശാലയ്ക്കും വേണ്ടിവരുന്ന ചെലവിന്റെ പകുതിയോളം കോര്‍പ്പറേഷന്‍ വഹിച്ചുപോരുന്നു. ചെറുകിട ഉത്പാദനത്തിന്റെ വളര്‍ച്ചയ്ക്കും അന്താരാഷ്ട്ര വിപണനത്തിനുമായി രാജ്യാന്തര പങ്കാളിത്ത പദ്ധതികള്‍ക്ക് കോര്‍പ്പറേഷന്‍ അവസരമൊരുക്കിയിട്ടുണ്ട്. സൗത്ത്-സൗത്ത് കോര്‍പ്പറേഷന്‍ പോലുള്ള, വികസിതവും വികസ്വരവുമായ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാവസായിക പരിജ്ഞാനങ്ങളുടെ കൈമാറ്റത്തിനും കോര്‍പ്പറേഷന്‍ സാഹചര്യങ്ങളൊരുക്കുന്നു; പ്രത്യേകിച്ച് ഏഷ്യന്‍, ആഫ്രിക്കന്‍, പസിഫിക് മേഖലകളില്‍. ഇത്തരം കൈമാറ്റങ്ങളിലൂടെ ഇന്ത്യന്‍ വ്യവസായ സാങ്കേതികവിദ്യകള്‍ മറ്റ് വികസ്വര രാജ്യങ്ങളുമായി പങ്കുവയ്ക്കാനും സാധിക്കുന്നു.

സാങ്കേതിക വിദ്യകളുടെ സമൂലപരിവര്‍ത്തനത്തിനും സ്വാംശീകരണത്തിനുമായി കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ ന്യൂഡല്‍ഹി ആസ്ഥാനമായി ഒരു സാങ്കേതിക കൈമാറ്റകേന്ദ്രം (ടെക്നോളജി ട്രാന്‍സ്ഫര്‍ സെന്റര്‍) പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി കൂടാതെ ഒക്ള, ഹൗറ, രാജ്കോട്ട്, ചെന്നൈ, ഹൈദരാബാദ്, അലിഗഡ്, രാജ്പുര, ഗുവാഹത്തി എന്നിവിടങ്ങളിലും കോര്‍പ്പറേഷന്റെ സാങ്കേതിക സഹായകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ചെറുകിട ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ്, സൗത്ത് ആഫ്രിക്ക, ജൊഹന്നാസ്ബര്‍ഗ് എന്നിവിടങ്ങളില്‍ ഓരോ ആഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയ്ക്കും അതിന്റെ ഏജന്‍സികള്‍ക്കും ആവശ്യമായ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. വികസ്വര രാജ്യങ്ങളുടേതായ വ്യാവസായിക ശൃംഖലയില്‍ കണ്‍സല്‍ട്ടന്‍സി സേവനങ്ങള്‍ക്ക് നാഷണല്‍ സ്മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ നേതൃത്വം നല്‍കുന്നുണ്ട്. ചെറുകിട വ്യവസായങ്ങളുടെ ആഗോളപ്രചാരണാര്‍ഥം ഉത്പന്നങ്ങളെയും അവയുടെ മേന്മകളെയും കുറിച്ചുള്ള അറിവ് കോര്‍പ്പറേഷന്‍ വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍