This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഒഫ് ഇന്ത്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഒഫ് ഇന്ത്യ

National Film Archives of India

ഇന്ത്യയിലെ ഒരു ദേശീയ ചലച്ചിത്രസ്ഥാപനം. ഇന്ത്യന്‍ സിനിമാ സംസ്കാരത്തിന്റെ ആരോഗ്യകരമായ പ്രചാരണത്തിനും അതിന്റെ പാരമ്പര്യസ്വത്ത് പരിരക്ഷിക്കുന്നതിനും ലോക സിനിമയുടെ കാതലായ വശങ്ങള്‍ ശേഖരിച്ചുവയ്ക്കാനും മറ്റുമായി ഏര്‍പ്പെടുത്തിയ സ്ഥാപനമാണിത്.

1964 ഫെബ്രുവരിയില്‍ പൂണെ ആസ്ഥാനമാക്കി കേന്ദ്ര വാര്‍ത്താവിതരണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഒഫ് ഫിലിം ആര്‍ക്കൈവ്സില്‍ അംഗത്വമുള്ള ഈ സ്ഥാപനം ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം ആര്‍ക്കൈവ്സ് ആണ്. ഇതിന്റെ പ്രാദേശിക കേന്ദ്രങ്ങള്‍ പില്ക്കാലത്ത് കൊല്‍ക്കത്ത, ബംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലും സ്ഥാപിച്ചു.

Image:archives 1.png

ചലച്ചിത്രത്തെ സംബന്ധിച്ച പഠനത്തിനും ഗവേഷണത്തിനും ഇവിടെ സജ്ജീകരണങ്ങള്‍ ഉണ്ട്. നിലവാരമുള്ള ഒരു ചലച്ചിത്ര സംസ്കാരം നിലനിര്‍ത്തുന്നതിന് ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സഹായിക്കുന്നുണ്ട്. 'യുണെസ്കൊ'യുമായി സഹകരിച്ച് ഏഷ്യന്‍ മേഖലയ്ക്കു വേണ്ടി സെമിനാറുകള്‍ സംഘടിപ്പിക്കുക, ചലച്ചിത്രങ്ങളെക്കുറിച്ച് മെച്ചപ്പെട്ട അവബോധം ജനങ്ങളില്‍ സൃഷ്ടിക്കുന്നതിന് ഉപയുക്തമായ ചലച്ചിത്രാസ്വാദന കോഴ്സുകള്‍ നടത്തുക, ഭാരതീയവും വൈദേശികവുമായ മികച്ച ചിത്രങ്ങള്‍ ചലച്ചിത്ര സൊസൈറ്റികള്‍ മുഖേന പ്രദര്‍ശിപ്പിക്കുക, ചലച്ചിത്രോത്സവങ്ങളും ഇന്ത്യന്‍ സിനിമയുടെ വികാസം ചിത്രീകരിക്കുന്ന ഫോട്ടോ പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുക തുടങ്ങിയവയാണ് നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഒഫ് ഇന്ത്യയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

രണ്ട് മാസം നീണ്ടുനില്‍ക്കുന്ന 'ചലച്ചിത്രാസ്വാദന കോഴ്സ്' ഇവിടെ നടത്തുന്നുണ്ട്. ലോകസിനിമകളുടെ ആഴത്തിലുള്ള വിശകലനവും സിനിമയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള പഠനങ്ങളുമാണ് ഈ കോഴ്സില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ചില സര്‍വകലാശാലകള്‍, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ നിര്‍ദേശപ്രകാരം, ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി ചലച്ചിത്രം ഒരു പഠനവിഷയമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

വിശാലമായ ലൈബ്രറി സൗകര്യമാണ് ഈ സ്ഥാപനത്തെ ഏറെ വ്യത്യസ്തമാക്കുന്നത്. 10,304 സിനിമകള്‍, 14,678 സിനിമാ സംബന്ധമായ പുസ്തകങ്ങള്‍, 214 സ്ഥിരം ആനുകാലികങ്ങള്‍, 14,264 സിനിമാ തിരക്കഥകള്‍, 5658 ലഘുലേഖകള്‍. 55,406 ഫോട്ടോകള്‍, 5131 പോസ്റ്ററുകള്‍, 1752 ഡിസ്കുകള്‍ തുടങ്ങി സിനിമയെ സംബന്ധിച്ച ഒരു വലിയ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ അതികായരായ ദാദാ സാഹേബ് ഫാല്‍ക്കെ, ദേബകി ബോസ്, പി.സി. ബറുവ, മെഹ്ബൂബ് ഖാന്‍, ഗുരുദത്ത്, സത്യജിത്റായ്, രാജ്കപൂര്‍ തുടങ്ങിയവരുടെ വ്യക്തിചിത്രങ്ങളും ഈ മേഖലയിലെ അവരുടെ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇവിടെ ലഭ്യമാണ്. സെര്‍ജി ഐസന്‍സ്റ്റീന്‍, യാന്‍ ലൂക്ക് ഗൊദാര്‍ദ്, ബര്‍ഗ്മാന്‍, റോബര്‍ട്ടോ റൊസ്സേലിനി, അകിറ കുറസോവ തുടങ്ങിയ ലോക സിനിമാരംഗത്തെ പ്രമുഖരെക്കുറിച്ചുള്ള പുസ്തകങ്ങളും സിനിമാ റെക്കോര്‍ഡുകളും ഈ ശേഖരത്തിലുള്‍പ്പെടും.

ഒരു മ്യൂസിയം എന്നതിലുപരി സാംസ്കാരിക നിലയം എന്ന നിലയിലാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്. നിരവധി ഗവേഷക വിദ്യാര്‍ഥികള്‍ ഇവിടത്തെ നിരന്തര സന്ദര്‍ശകരാണ്. 12-ഓളം ഗവേഷണ പ്രബന്ധങ്ങള്‍ ഇവിടെനിന്നും പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍