This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ പ്രൊഡക്റ്റിവിറ്റി കൗണ്‍സില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഷണല്‍ പ്രൊഡക്റ്റിവിറ്റി കൗണ്‍സില്‍

National Productivity Council

വ്യവസായിക ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനാവശ്യമായ ഗവേഷണപരിശീലനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സ്വയംഭരണസ്ഥാപനം. 1958-ലെ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്റ്റനുസരിച്ച് രൂപീകരിക്കപ്പെട്ട ഈ സ്ഥാപനത്തിന്റെ ഭരണം നടത്തുന്നത് 75 അംഗ മെമ്പര്‍ കൗണ്‍സിലും 25 അംഗ ഗവേണിങ് ബോഡിയുമാണ്. ഈ സമിതികളില്‍ ഗവണ്‍മെന്റ്, വ്യവസായം, തൊഴില്‍ എന്നീ മേഖലകള്‍ക്ക് തുല്യപങ്കാളിത്തമാണുള്ളത്. ഡല്‍ഹി ആസ്ഥാനമായിട്ടുള്ള നാഷണല്‍ പ്രൊഡക്റ്റിവിറ്റി കൌണ്‍സിലിന്റെ കീഴില്‍ 12 റീജിയണല്‍ ഡയറക്ടറേറ്റുകളും 2 റീജിയണല്‍ ഓഫീസുകളും 2 പരിശീലന സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഉത്പാദനക്ഷമത, വ്യവസായിക എഞ്ചിനീയറിങ്, മലിനീകരണ നിയന്ത്രണം, മനുഷ്യവിഭവവികസനം തുടങ്ങിയ മേഖലകള്‍ക്കാവശ്യമായ പരിശീലനം, കണ്‍സല്‍ട്ടന്‍സി, ഗവേഷണ വിവരങ്ങള്‍ എന്നിവ പ്രദാനം ചെയ്യുകയാണ് ഈ സ്ഥാപനത്തിന്റെ ഉത്തരവാദിത്വങ്ങള്‍. ഗുജറാത്ത് ഗവണ്‍മെന്റിന്റെ സഹായത്തോടെ ഗാന്ധിനഗറില്‍ ഒരു പരിശീലനകേന്ദ്രവും ഈ സ്ഥാപനം നടത്തുന്നുണ്ട്.

Image:pro 1.png

ഇന്ത്യ അംഗമായിട്ടുള്ളതും ടോക്യോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതുമായ 'ഏഷ്യന്‍ പ്രൊഡക്റ്റിവിറ്റി ഓര്‍ഗനൈസേഷ'ന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനുള്ള ചുമതല ഗവണ്‍മെന്റ് ഈ സ്ഥാപനത്തെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വര്‍ക്കുഷോപ്പുകള്‍, സര്‍വേകള്‍, സെമിനാറുകള്‍, പരിശീലന പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നു. നാഷണല്‍ പ്രൊഡക്റ്റിവിറ്റി കൗണ്‍സിലിന്റെ പ്രധാന ലക്ഷ്യങ്ങള്‍ താഴെപ്പറയുന്നവയാണ്.

1.വ്യവസായം ഉള്‍പ്പെടെ സമ്പദ്ഘടനയുടെ സമസ്തമേഖലകളിലും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക.

2.സമകാലീന ഉത്പാദനക്ഷമതാ സങ്കേതങ്ങളെയും പ്രക്രിയകളെയും കുറിച്ചുള്ള വിവരങ്ങള്‍ സമാഹരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

3.പ്രാദേശികാടിസ്ഥാനത്തിലും വ്യാവസായികാടിസ്ഥാനത്തിലും ഉത്പാദനക്ഷമതാ സംഘടനകളുടെ രൂപീകരണത്തിനാവശ്യമായ സഹായങ്ങള്‍ നല്കുക.

4.ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുക.

കേന്ദ്ര ഗവണ്‍മെന്റ് ആവിഷ്കരിച്ച നവസാമ്പത്തിക നയത്തിനനുസൃതമായി പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുകയും വ്യവസായങ്ങളുടെ ആഗോളമത്സരശേഷി ഉയര്‍ത്തുകയും ചെയ്യുന്നതിനുള്ള നിര്‍ണായക ഘടകം വിവരസാങ്കേതികവിദ്യയാണ്. മലിനീകരണനിയന്ത്രണം, വ്യവസായസ്ഥാപനങ്ങളുടെ താരതമ്യപഠനം, കാര്‍ഷിക ഉത്പാദനക്ഷമത, ഊര്‍ജസംരക്ഷണം, വ്യാവസായിക എഞ്ചിനീയറിങ്, പ്ലാന്റ് എഞ്ചിനീയറിങ്, തൊഴിലാളികളുടെ ഉത്പാദനക്ഷമത എന്നിങ്ങനെ വിവിധരംഗങ്ങളില്‍ കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചിട്ടുണ്ട്. ഉത്പാദനക്ഷമതാ വികാസപ്രവര്‍ത്തനങ്ങളെ ഒരു ബഹുജനപ്രസ്ഥാനമാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി എല്ലാ വര്‍ഷവും ഫെബ്രുവരി 12-ന് ഉത്പാദനക്ഷമതാദിനമായി ആചരിക്കുന്നു. കൂടാതെ ഉത്പാദനക്ഷമതാവാരാഘോഷവും സംഘടിപ്പിക്കുന്നുണ്ട്.

കൃഷി, വിപണനം, സേവനമേഖലകള്‍, ഭക്ഷ്യസംസ്കരണം എന്നീ മേഖലകളില്‍ ഉയര്‍ന്ന ഉത്പാദനക്ഷമതയാര്‍ജിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കൗണ്‍സില്‍ എല്ലാവര്‍ഷവും ദേശീയ ഉത്പാദനക്ഷമതാ പുരസ്കാരങ്ങള്‍ നല്കി വരുന്നു. നാഷണല്‍ പ്രൊഡക്റ്റിവിറ്റി കൌണ്‍സിലിന്റെ ഒരു ദീര്‍ഘകാല പരിശീലന കേന്ദ്രമെന്ന നിലയ്ക്ക് ഡോ. അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പ്രൊഡക്റ്റിവിറ്റി എന്ന സ്ഥാപനം രൂപീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ അമ്പത്തൂരിലാണ് ഇതിന്റെ ആസ്ഥാനം. ഭരണനിര്‍വഹണ-സാങ്കേതികരംഗങ്ങളില്‍ സമര്‍ഥരായ കണ്‍സള്‍ട്ടന്റുമാരെ പരിശീലിപ്പിച്ചെടുക്കുകയാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. വ്യവസായസ്ഥാപനങ്ങളുടെയും കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുടെയും ജീവനക്കാര്‍ക്കും ഇവിടെ പരിശീലനം നല്കുന്നുണ്ട്. പ്രൊഡക്റ്റിവിറ്റി കൌണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്രൊഡക്റ്റിവിറ്റി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിങ്-(റ്റി.ഐ.പി.ഐ.ഇ) എന്ന സ്ഥാപനത്തെയാണ്, പിന്നീട് ഡോ.അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഡക്റ്റിവിറ്റി എന്ന് പുനര്‍നാമകരണം ചെയ്തത്. ഈ സ്ഥാപനം ഏകവര്‍ഷ നാഷണല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നുണ്ട്. കേന്ദ്രഗവണ്‍മെന്റിന്റെ ഊര്‍ജമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ബ്യൂറോ ഒഫ് എനര്‍ജി എഫിഷ്യന്‍സി' എന്ന സ്ഥാപനത്തിനുവേണ്ടി ദേശീയതലത്തില്‍ സര്‍ട്ടിഫിക്കേഷന്‍ പരീക്ഷ നടത്തുന്നതിനുള്ള ചുമതലയും കൌണ്‍സിലിനെ ഏല്പിച്ചിട്ടുണ്ട്. പ്രധാനമായും എനര്‍ജിമാനേജര്‍മാരും ഓഡിറ്റര്‍മാരുമാണ് ഈ പരീക്ഷയില്‍ ചേരുന്നത്.

പ്രൊഡക്റ്റിവിറ്റി അവാര്‍ഡുകള്‍. 1982-ലാണ് നാഷണല്‍ പ്രൊഡക്റ്റിവിറ്റി അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. വ്യാവസായിക സംഘടനാരംഗത്തെ ഉത്പാദനക്ഷമതാശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം, 1985-86-ല്‍ വ്യാവസായിക ഉത്പാദനക്ഷമതാ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്ന സന്ദര്‍ഭത്തില്‍, കാര്‍ഷികമേഖലയില്‍ക്കൂടി ഇതേര്‍പ്പെടുത്തണമെന്ന് അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി നിര്‍ദേശിച്ചു. തുടര്‍ന്ന് കാര്‍ഷിക-സഹകരണമന്ത്രാലയവും ഭക്ഷ്യസംസ്കരണമന്ത്രാലയവും ചേര്‍ന്ന് കാര്‍ഷികമേഖലയില്‍ ഉത്പാദനക്ഷമതയ്ക്കുള്ള അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍