This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

=നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്= NCERT

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (സ്കൂള്‍ തലം) അക്കാദമിക കാര്യങ്ങള്‍ക്കായുള്ള ഉന്നതാധികാര സമിതി. 1961-ല്‍ സ്ഥാപിതമായ ഈ സ്ഥാപനം കേന്ദ്ര മാനവവിഭവശേഷിവികസന മന്ത്രാലയത്തിനു കീഴിലാണ് പ്രവര്‍ത്തിച്ചുവരുന്നത്; ആസ്ഥാനം ന്യൂഡല്‍ഹി.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സര്‍ക്കാരുകളുമായി നിരന്തരസമ്പര്‍ക്കത്തിലേര്‍പ്പെടാനായി 20-ലധികം ഫീല്‍ഡ് ഓഫീസുകളും ഈ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

ഇതിനു പുറമേ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷന്‍ (ന്യൂഡല്‍ഹി), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷന്‍ ടെക്നോളജി (ന്യൂഡല്‍ഹി), പണ്ഡിറ്റ് സുന്ദര്‍ലാല്‍ ശര്‍മ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൊക്കേഷണല്‍ എഡ്യൂക്കേഷന്‍ (ഭോപ്പാല്‍) തുടങ്ങിയ സ്ഥാപനങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി.ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഇതിനു പുറമേ, അജ്മീര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, മൈസൂര്‍, തിരുവനന്തപുരം, പൂണെ എന്നിവിടങ്ങളിലും ദേശീയ വിദ്യാഭ്യാസ ഗവേഷണ കൌണ്‍സിലിന് പ്രാദേശിക കേന്ദ്രങ്ങളുണ്ട്.

ആധുനിക കാലത്ത് സാങ്കേതിക രംഗത്തുണ്ടായ വളര്‍ച്ചയെ വിദ്യാഭ്യാസ കരിക്കുലത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്നതാണ് എന്‍.സി.ഇ.ആര്‍.ടി.യുടെ പ്രഖ്യാപിത നയം. മള്‍ട്ടിമീഡിയ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തിക്കൊണ്ട് നിരവധി ടി.വി/റേഡിയോ പരിപാടികളും സോഫ്റ്റ്വെയറുകളും ഇതിനകംതന്നെ ദേശീയ വിദ്യാഭ്യാസ ഗവേഷണ കൌണ്‍സില്‍ പുറത്തിറക്കിയിട്ടുണ്ട്. ആകാശവാണിയിലെ 'ഗ്യാന്‍ദര്‍ശന്‍', 'ഗ്യാന്‍വിജ്ഞാന്‍' തുടങ്ങിയ പരിപാടികള്‍ ഇതിനുദാഹരണങ്ങളാണ്. ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷന്‍ ടെക്നോളജി മുഖ്യമായും ഇത്തരം ഗവേഷണപ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 1970-കള്‍ക്കൊടുവില്‍, ഐ.എസ്.ആര്‍.ഒ.യുമായി സഹകരിച്ച് എന്‍.സി.ഇ.ആര്‍.ടി. നടപ്പാക്കിയ സാറ്റലൈറ്റ് ഇന്‍സ്ട്രക്ഷണല്‍ ടെലിവിഷന്‍ എക്സ്പിരിമെന്റ് (എസ്.ഐ.ടി.ഇ.) പദ്ധതി ഇന്ത്യയിലെ ഗ്രാമീണ വിദ്യാഭ്യാസ പുരോഗതിക്ക് വലിയ മുതല്‍ക്കൂട്ടായി. സമാനമായ മറ്റൊരു പ്രവര്‍ത്തനമായിരുന്നു 'എഡ്യൂസാറ്റ്'. 2004-ലാണ് ഈ കൃത്രിമോപഗ്രഹം വിക്ഷേപിക്കപ്പെട്ടത്. ഭോപ്പാലിലെ സുന്ദര്‍ലാല്‍ ശര്‍മ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൊക്കേഷണല്‍ എഡ്യൂക്കേഷന്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലാണ് മുഖ്യമായും ശ്രദ്ധയൂന്നുന്നത്.

വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സര്‍വകലാശാലകള്‍, മറ്റു വിദ്യാഭ്യാസസ്ഥാനങ്ങള്‍ എന്നിവയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സമിതിയുടെ പ്രധാന ചുമതലകള്‍ വിദ്യാഭ്യാസസംബന്ധമായ ഗവേഷണം നടത്തുക, നിലവിലുള്ള വിദ്യാഭ്യാസപദ്ധതികള്‍ വിലയിരുത്തുക, പുതിയ വിദ്യാഭ്യാസ പരിപാടികള്‍ ആവിഷ്കരിക്കുക, സമര്‍ഥരായ വിദ്യാര്‍ഥികളെ കണ്ടെത്തുകയും അവര്‍ക്കുവേണ്ട പ്രോത്സാഹനം നല്കുകയും ചെയ്യുക, പരിശീലനപരിപാടികള്‍ നടത്തുക, പുതിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നിവയാണ്.

നാഷണല്‍ കരിക്കുലം ഫ്രെയിം വര്‍ക്കിന്റെ നിര്‍ദേശാനുസരണം ഓരോ അഞ്ചു വര്‍ഷത്തിലും എന്‍.സി.ഇ.ആര്‍.ടി. സ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് സിലബസ് പരിഷ്കരണവും നടത്തിവരുന്നു.

അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ അത്യാധുനിക പഠനസഹായികള്‍ എന്‍.സി.ഇ.ആര്‍.ടി. തയ്യാറാക്കുന്നു. കളിക്കോപ്പ് നിര്‍മാണമത്സരംപോലുള്ളവയും നടത്തിവരുന്നു. കൂടാതെ വിദ്യാഭ്യാസവിഷയത്തില്‍ ഗവേഷണം നടത്തുകയും വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ബോധനപ്രക്രിയയുടെ നവീകരണത്തിനുള്ള പദ്ധതികള്‍ ഉണ്ടാക്കുകയും ചെയ്തുവരുന്നുണ്ട്. 10+2+3 പഠനപദ്ധതി നടപ്പിലാക്കിയതിനുവേണ്ട എല്ലാ സഹായവും എന്‍.സി.ഇ.ആര്‍.ടി.യുടേതായിരുന്നു. കുട്ടികളെ ലക്ഷ്യമാക്കിയുള്ള വിജ്ഞാനഗ്രന്ഥങ്ങള്‍ ഇവര്‍ പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. വസ്തുനിഷ്ഠമാത്ര രീതിയിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്ന പരീക്ഷാസമ്പ്രദായം ഭാരതത്തില്‍ ആദ്യമായി ആവിഷ്കരിച്ചു നടപ്പിലാക്കിയത് ഈ കേന്ദ്രമാണ്.

ഇംഗ്ലീഷ് ഇന്ത്യന്‍ എഡ്യൂക്കേഷണന്‍ റിവ്യൂ, സ്കൂള്‍ സയന്‍സസ്, പ്രൈമറി ടീച്ചര്‍ (ത്രൈമാസികകള്‍), ജേര്‍ണല്‍ ഒഫ് ഇന്ത്യന്‍ എഡ്യൂക്കേഷന്‍ (ദ്വൈവാരിക) എന്നീ പ്രസിദ്ധീകരണങ്ങളും ഹിന്ദിയില്‍ ഭാരതീയ ആധുനിക ശിക്ഷ, പ്രൈമറി ശിക്ഷക് (ത്രൈമാസികങ്ങള്‍) എന്നിവയും എന്‍.സി.ഇ.ആര്‍.ടി.യുടെ ആനുകാലിക പ്രസിദ്ധീകരണങ്ങളാണ്.

അനൗപചാരിക വിദ്യാഭ്യാസ രംഗത്തുള്ള എന്‍.സി.ഇ.ആര്‍.ടി.യുടെ സേവനങ്ങളും ശ്രദ്ധേയമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍