This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ കൗണ്‍സില്‍ ഒഫ് അപ്ലൈയ്ഡ് ഇക്കണോമിക് റിസര്‍ച്ച്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഷണല്‍ കൗണ്‍സില്‍ ഒഫ് അപ്ലൈയ്ഡ് ഇക്കണോമിക് റിസര്‍ച്ച്

National Council of Applied Economic Research

ഒരു സ്വതന്ത്ര സാമ്പത്തിക ഗവേഷണസ്ഥാപനം. ഗവണ്‍മെന്റ്, പൗരസമൂഹം, സ്വകാര്യമേഖല എന്നിവയുടെ നയരൂപീകരണങ്ങള്‍ക്കാവശ്യമായ ഗവേഷണപ്രവര്‍ത്തനങ്ങളാണ് ഈ സ്ഥാപനം നടത്തുന്നത്. ഇന്ത്യന്‍ സമ്പദ്ഘടനയെ സംബന്ധിച്ച വിവരങ്ങളെ ആസ്പദമാക്കി ഇന്ത്യന്‍ സാമ്പത്തിക പ്രമേയങ്ങളെക്കുറിച്ചുള്ള ഗവേഷണത്തെയാണ് മുഖ്യമായും ഈ സ്ഥാപനം പ്രോത്സാഹിപ്പിക്കുന്നത്. വ്യവസായം, ആന്തരികഘടനാവികസനം, സ്ഥൂലസാമ്പത്തികാപഗ്രഥനം, മനുഷ്യവിഭവവികസനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണസ്ഥാപനങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നതിന് ഈ സ്ഥാപനം പ്രതിജ്ഞാബദ്ധമാണ്.

Image:NCAER.png

1956-ലാണ് നാഷണല്‍ കൗണ്‍സില്‍ ഒഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് രൂപീകരിച്ചത്. ഇന്ത്യന്‍ സമ്പദ്ഘടനയുടെ വിവിധമേഖലകളുടെ നയരൂപീകരണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കാവശ്യമായ ശാസ്ത്രീയവിവരങ്ങള്‍ സ്വന്തം ഗവേഷണത്തിലൂടെ കണ്ടെത്തി പ്രദാനം ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം. വിവിധ വിഷയങ്ങളില്‍ വിദഗ്ധരായ ഒരു സംഘം ഗവേഷകരാണ് വന്‍തോതിലുള്ള പ്രാഥമിക വിവരങ്ങള്‍ സൃഷ്ടിക്കുന്നത്. ഈ വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ദേശീയ-സംസ്ഥാനതലത്തിലും സാമ്പത്തികമേഖലാതലത്തിലുമുള്ള സ്വതന്ത്രവിശകലനങ്ങള്‍ നടത്തുന്നു. ഒരു ഡയറക്ടര്‍ ജനറലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍, പൊതുമേഖലാ കോര്‍പ്പറേഷനുകള്‍, കോര്‍പ്പറേറ്റ് ഹൗസുകള്‍, മറ്റു ഗവേഷണസ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികള്‍ക്കു പങ്കാളിത്തമുണ്ട്. ഗവണ്‍മെന്റ്, വ്യവസായ, അക്കാദമിക് രംഗങ്ങളിലെ വിദഗ്ധരാണ് ഈ സ്ഥാപനത്തിന്റെ ഭരണസമിതിയിലെ അംഗങ്ങള്‍. അംഗങ്ങളില്‍ നിന്ന് ഗവേണിങ് ബോഡിയെ തെരഞ്ഞെടുക്കുന്നു.

ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാരപദ്ധതികളുടെ പുരോഗതി വിലയിരുത്തുകയും കൃഷി, വ്യവസായം, മനുഷ്യവിഭവവികസനം എന്നീ രംഗങ്ങളില്‍ അവയുടെ ആഘാതത്തെക്കുറിച്ച് പഠിക്കുകയും ചെയ്യുന്ന വലിയൊരു പദ്ധതിയാണ് ഇപ്പോള്‍ ഈ സ്ഥാപനം ഏറ്റെടുത്തിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ പൊതുചെലവുകളെക്കുറിച്ചുള്ള അവലോകനവും ഈ സ്ഥാപനം നിര്‍വഹിക്കുന്നുണ്ട്. സാമൂഹിക സുരക്ഷ, ആരോഗ്യ സമ്പദ്ശാസ്ത്രം, നവസമ്പദ്ഘടനയുടെ സമ്പദ്ശാസ്ത്രം, വിവരസാങ്കേതികവിദ്യ, ജൈവസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെ ഗവേഷണപ്രവര്‍ത്തനങ്ങളും ഏറ്റെടുത്തിട്ടുണ്ട്. ലോകവ്യാപാരസംഘടനയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ കാര്‍ഷികോത്പന്നങ്ങളുടെ വാണിജ്യത്തെ എങ്ങനെ ഉദാരവത്കരിക്കാമെന്നതാണ് മറ്റൊരു പ്രധാന ഗവേഷണവിഷയം. ഈ ഗവേഷണപദ്ധതിയുടെ മുഖ്യലക്ഷ്യങ്ങള്‍ താഴെപ്പറയുന്നവയാണ്.

ഒന്ന്, ഈ മേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പ്രവചനപഠനങ്ങള്‍ നടത്തുക.

രണ്ട്, ആഭ്യന്തര കാര്‍ഷിക വിപണിയുടെ ഘടന, വിലനയം, കാര്‍ഷികവിലനയവും ദാരിദ്ര്യവും തമ്മിലുള്ള മുന്‍-പിന്‍ബന്ധങ്ങള്‍ (linkages), സുസ്ഥിരവികസനത്തില്‍ പഞ്ചായത്തുകള്‍ക്കുള്ള പങ്ക് എന്നിവയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുക.

പ്രധാന ഗവേഷണവിഷയങ്ങള്‍ 1. ലോകവ്യാപാരസംഘടനയ്ക്കുകീഴിലെ കാര്‍ഷിക ഉടമ്പടിയുടെ പശ്ചാത്തലത്തില്‍ കാര്‍ഷികമേഖലയില്‍ ആവശ്യമായ പരിഷ്കാരങ്ങള്‍

2.വിലനയവും പൊതുവിതരണ സമ്പ്രദായവും

3.ഭൂമിയുടെ പരമാവധി ഉപയോഗത്തിനുള്ള പദ്ധതികള്‍

4.ഗ്രാമീണ അടിസ്ഥാനഘടനയും കാര്‍ഷിക സംസ്കരണവും

5.ജലസേചനവും നീര്‍ത്തട സംരക്ഷണവും

6.ആഹാരരീതിയിലെ മാറ്റവും അത് ഉത്പാദനസമ്പ്രദായത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും.

ഈ ഗവേഷണ പദ്ധതികള്‍ക്ക് പ്രധാനമായും ദ്വിതീയവിവരങ്ങളാണുപയോഗിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍