This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ കേഡറ്റ് കോര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഷണല്‍ കേഡറ്റ് കോര്‍

National Cadet Corps(NCC)

സ്കൂള്‍/കോളജ് വിദ്യാര്‍ഥികള്‍ക്ക് സൈനികപരിശീലനം നല്കുന്ന, ഇന്ത്യന്‍ പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള സംഘടന. യുവതലമുറക്കാരില്‍ രാജ്യസ്നേഹം, നേതൃപാടവം എന്നിവ വളര്‍ത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കര, നാവിക, വ്യോമ സേനകളുടെ പ്രത്യേകം പ്രത്യേകം എന്‍.സി.സി. യൂണിറ്റുകള്‍ ഇന്ന് നിലവിലുണ്ട്. 13 ലക്ഷത്തോളം കേഡറ്റുകള്‍ ഇന്ന് ഇതില്‍ അംഗങ്ങളാണ്.

വിദ്യാര്‍ഥികളില്‍ സത്സ്വഭാവം, സൌഹൃദം, സേവന തത്പരത, നേതൃത്വഗുണങ്ങള്‍ എന്നിവ വളര്‍ത്തുക, രാജ്യരക്ഷയ്ക്കുള്ള താത്പര്യം ഉത്തേജിപ്പിക്കത്തക്കവിധം യുവതലമുറയ്ക്ക് സൈനിക പരിശീലനം നല്കുക, ഒരു ദേശീയാടിയന്തരാവസ്ഥയില്‍ സായുധസേനകളെ വളരെവേഗം വിപുലീകരിക്കാന്‍ കഴിയുമാറ് ജനശക്തിയെ സഞ്ചയിച്ചുനിര്‍ത്തുക എന്നിവയെല്ലാം എന്‍.സി.സി.യുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്. ദേശീയ കേഡറ്റുകളുടെ (യുവനേതാക്കളുടെ) സമൂഹം എന്നാണ് നാഷണല്‍ കേഡറ്റ് കോര്‍ എന്നതിന്റെ അര്‍ഥം. (സിംഗപ്പൂര്‍, ശ്രീലങ്ക, ഘാന എന്നീ രാജ്യങ്ങളിലും ഇതേ പേരില്‍ സമാന സ്വഭാവമുള്ള സംഘടനകളുണ്ട്.)

ചരിത്രം. 1925-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് സൈനികപരിശീലനം നല്കാന്‍ ഉദ്ദേശിച്ച് രൂപവത്കരിച്ച യൂണിവേഴ്സിറ്റി ട്രെയിനിങ് കോര്‍ (UTC) എന്ന സംഘടനയാണ് എന്‍.സി.സി.യുടെ ആദ്യരൂപം. 1942-ല്‍ ഇത് യൂണിവേഴ്സിറ്റി ഓഫീസേഴ്സ് ട്രെയിനിങ് കോര്‍ (UOTC) എന്നാക്കി മാറ്റി. യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ മാത്രം അംഗങ്ങളായുള്ള ഒരു സംഘടനയായിരുന്നു ഇത്. സ്വാതന്ത്ര്യത്തിനുശേഷം, 1948-ല്‍ ഡോ. ഹൃദയനാഥ ഖുന്‍സ്രു കമ്മിറ്റിയുടെ ശിപാര്‍ശപ്രകാരം 'നാഷണല്‍ കേഡറ്റ് കോര്‍ ആക്റ്റ്' പാസ്സാക്കി. എന്‍.സി.സി.യുടെ പ്രവര്‍ത്തനവും പരിശീലനവും മറ്റും ഈ ആക്റ്റ് വ്യവസ്ഥചെയ്തു. തുടക്കത്തില്‍ ആണ്‍കുട്ടികള്‍ മാത്രമായിരുന്നു അംഗങ്ങള്‍. 1949 ജൂലായില്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക ഡിവിഷന്‍ ആരംഭിച്ചു. 1950-ല്‍ എയര്‍ വിങ്ങും 1952-ല്‍ നേവല്‍ വിങ്ങും തുടങ്ങിയതോടെ എന്‍.സി.സി. കൂടുതല്‍ കാര്യക്ഷമമായി. 1960-ല്‍ അല്പം വ്യത്യസ്തമായി എന്‍.സി.സി. റൈഫിള്‍സ് എന്നൊരു വിഭാഗം തുടങ്ങിയെങ്കിലും ഇത് പിന്നീട് എന്‍.സി.സി.യോടു ചേര്‍ത്തു. 1963-ല്‍, ശരീരശേഷിയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും എന്‍.സി.സി. പരിശീലനം നിര്‍ബന്ധമാക്കിയതോടെ സംഘടന കൂടുതല്‍ വളര്‍ന്നു. 1966-ല്‍ നടന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ എന്‍.സി.സി. ഐച്ഛികമാക്കണമെന്ന അഭിപ്രായമുയര്‍ന്നു. തുടര്‍ന്ന് കോളജ് വിദ്യാര്‍ഥികള്‍ക്ക് അത് രണ്ടുവര്‍ഷത്തേക്ക് നിര്‍ബന്ധിതവും പിന്നെ ഐച്ഛികവുമാക്കി നിശ്ചയിച്ചു. ഇന്ത്യ-പാക് യുദ്ധരംഗത്ത് (1965, 1971) എന്‍.സി.സി. കേഡറ്റുകള്‍ മികച്ചസേവനം നല്കുകയുണ്ടായി. യുദ്ധസാമഗ്രികള്‍ വിതരണം ചെയ്യുക, ക്യാമ്പുകള്‍ ഒരുക്കുക എന്നിവയായിരുന്നു കേഡറ്റുകളുടെ പ്രധാന ജോലി. ഇന്ന് വിദ്യാര്‍ഥികള്‍ക്ക് ഐച്ഛികമായി ചേരാവുന്ന സംഘടനയാണ് എന്‍.സി.സി.

Image:ncc 1.png

എന്‍.സി.സി. പരിശീലനം ലഭിച്ചവര്‍ക്ക് സൈനികസേവനം നിര്‍ബന്ധമല്ല. എന്നാല്‍, സേനാവിഭാഗങ്ങളിലും മറ്റും നിയമനങ്ങളില്‍ എന്‍.സി.സി. കേഡറ്റുകള്‍ക്ക് പ്രത്യേകം ക്വാട്ടയുണ്ട്.

പരിശീലനം. സൈനികപരിശീലനത്തിന്റെ എല്ലാ അടിസ്ഥാന വശങ്ങളും എന്‍.സി.സി. പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നു. പരേഡുകളില്‍ പങ്കെടുക്കാനുള്ള പരിശീലനം, ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള പരിശീലനം എന്നിവയ്ക്കൊപ്പം പ്രഥമശുശ്രൂഷാ പരിശീലനം, മെസേജ് റൈറ്റിങ്, സിഗ്നലിങ് തുടങ്ങിയ സാങ്കേതിക രംഗങ്ങളിലും പ്രാഥമിക പരിശീലനം നല്‍കുന്നുണ്ട്. കോളജ്/പ്ളസ് ടു ആണ്‍കുട്ടികള്‍ സീനിയര്‍ ഡിവിഷന്‍ (SD) എന്നാണ് എന്‍.സി.സി.യില്‍ അറിയപ്പെടുന്നത്; പെണ്‍കുട്ടികള്‍ സീനിയര്‍ വിങ് (SW) എന്ന പേരിലും. 24 വയസ്സാണ് ഈ വിഭാഗങ്ങളിലെ അംഗങ്ങള്‍ക്കുള്ള ഉയര്‍ന്ന പ്രായപരിധി. സ്കൂള്‍ ആണ്‍കുട്ടികള്‍ ജൂനിയര്‍ ഡിവിഷന്‍ (SD) എന്ന പേരിലും സ്കൂള്‍ പെണ്‍കുട്ടികള്‍ ജൂനിയര്‍ വിങ് (SW) എന്ന പേരിലും അറിയപ്പെടുന്നു. 13-18.5 വയസ്സാണ് ജൂനിയര്‍ വിഭാഗത്തിന്റെ പ്രായപരിധി.

Image:page Ncc.png

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ സീനിയര്‍ വിഭാഗം കേഡറ്റുകള്‍ (സീനിയര്‍ ഡിവിഷന്‍, സീനിയര്‍ വിങ്) അടങ്ങിയ എന്‍.സി.സി. യൂണിറ്റ് 'എന്‍.സി.സി. കമ്പനി' എന്ന പേരിലും, ജൂനിയര്‍ വിഭാഗം (ജൂനിയര്‍ ഡിവിഷന്‍, ജൂനിയര്‍ വിങ്) 'എന്‍.സി.സി. ട്രൂപ്പ്' എന്ന പേരിലും അറിയപ്പെടുന്നു. അസോസിയേറ്റ് എന്‍.സി.സി. ഓഫീസര്‍ (ANO) എന്ന ഓഫീസര്‍ക്കായിരിക്കും ഒരു സ്ഥാപനത്തിലെ യൂണിറ്റിന്റെ ചുമതല. പ്രത്യേകം പരിശീലനം ലഭിച്ച ആളായിരിക്കും ഇത്. കേഡറ്റുകളെ ചേര്‍ക്കുന്നതും കേഡറ്റുകളുടെ പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും മറ്റും ആസൂത്രണം ചെയ്യുന്നതും ഈ ഓഫീസറാണ്. ഒരു കോളജിലെ/സ്കൂളിലെ എന്‍.സി.സി. യൂണിറ്റിന്റെ മുഖ്യ ചുമതല ആ സ്ഥാപനത്തിലെ പ്രധാനാധ്യാപകനുതന്നെ ആയിരിക്കും. പരേഡുകളില്‍ പങ്കെടുക്കുക, ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തുക, കേഡറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ പ്രധാനാധ്യാപകനുണ്ട്. അതത് കോളജ്/സ്കൂളുകളില്‍വച്ചു നടത്തുന്ന എന്‍.സി.സി. പരിശീലനം 'ഇന്‍സ്റ്റിറ്റ്യൂഷണല്‍ ട്രെയിനിങ്' എന്നാണറിയപ്പെടുന്നത്.

Image:NCC_logo.png

ജൂനിയര്‍ കേഡറ്റുകള്‍ക്ക് രണ്ടു വര്‍ഷവും സീനിയര്‍ വിഭാഗത്തിന് മൂന്നു വര്‍ഷവുമാണ് പരിശീലനം. ചെറിയ വ്യത്യാസങ്ങളൊഴിച്ചാല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ സിലബസ്സാണ് നിലവിലുള്ളത്. വിജയകരമായ പരിശീലനത്തിനുശേഷം ജൂനിയര്‍ കേഡറ്റുകള്‍ക്ക് 'A'സര്‍ട്ടിഫിക്കറ്റ് പരീക്ഷയ്ക്കും സീനിയര്‍ കേഡറ്റുകള്‍ക്ക് 'B', 'C' എന്നീ സര്‍ട്ടിഫിക്കറ്റ് പരീക്ഷകള്‍ക്കും യോഗ്യത നേടാം. 'A' സര്‍ട്ടിഫിക്കറ്റ് പരീക്ഷ നടത്തുന്നത് അതത് യൂണിറ്റുകളുടെ ചുമതലയിലാണ്. 'B' സര്‍ട്ടിഫിക്കറ്റ് പരീക്ഷ ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സും 'C' സര്‍ട്ടിഫിക്കറ്റ് പരീക്ഷ സ്റ്റേറ്റ് ഡയറക്ടറേറ്റും നടത്തുന്നു.

വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകളാണ് എന്‍.സി.സി. പരിശീലനത്തിന്റെ പ്രധാന സവിശേഷത. സ്വന്തം താമസസ്ഥലത്തുനിന്ന് അകന്നുള്ള ഈ ക്യാമ്പുകള്‍ കേഡറ്റുകളില്‍ സ്വാശ്രയശീലവും ആത്മവിശ്വാസവും വളര്‍ത്താന്‍ സഹായിക്കുന്നു. മറ്റു പ്രദേശങ്ങളില്‍നിന്നു വരുന്നവരുമായി കൂടിച്ചേരാനും വിവിധ ആചാരമര്യാദകളുമായി ഇടപഴകി കഴിയാനും ക്യാമ്പുകള്‍ അവസരമൊരുക്കുന്നു. ആന്വല്‍ ട്രെയിനിങ് ക്യാമ്പുകള്‍ (ATC), സെന്‍ട്രലി ഓര്‍ഗനൈസ്ഡ് ക്യാമ്പുകള്‍ (COC) എന്നിങ്ങനെ നിരവധി എന്‍.സി.സി. ക്യാമ്പുകളുമുണ്ട്. കര-നാവിക-വ്യോമ വിഭാഗങ്ങള്‍ക്കായുള്ള പ്രത്യേകം ക്യാമ്പുകള്‍ ഉണ്ട്. സൈനികരോടൊപ്പം മുന്നണിപ്രദേശങ്ങളിലും സൈനികസ്റ്റേഷനുകളിലും പ്രവര്‍ത്തിക്കാന്‍ കേഡറ്റുകള്‍ക്ക് അവസരം നല്കുന്ന ക്യാമ്പുകളാണ് അറ്റാച്ച്മെന്റ് ട്രെയിനിങ് ക്യാമ്പുകള്‍. സൈനിക ആശുപത്രികള്‍, വിവിധ സൈനിക പരിശീലന അക്കാദമികള്‍ എന്നിവിടങ്ങളിലാണ് അത്തരം അറ്റാച്ച്മെന്റ് ട്രെയിനിങ് ക്യാമ്പുകള്‍ സംഘടിപ്പിക്കാറുള്ളത്.

ഏറ്റവും കൂടുതല്‍ എന്‍.സി.സി. യൂണിറ്റുകള്‍ ഉള്ളത് കരസേനാവിഭാഗത്തിനാണ്. ആയുധപരിശീലനം, ഫയറിങ്, മാപ്പ് റീഡിങ്, ഫീല്‍ഡ് എഞ്ചിനീയറിങ്, കമ്യൂണിക്കേഷന്‍, ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍ എന്നിവയില്‍ കരസേനാവിഭാഗത്തിന് പരിശീലനം നല്കുന്നു. കേഡറ്റുകള്‍ക്ക് കുതിരസവാരി, കുതിരകളുടെ പരിപാലനം എന്നിവയില്‍ പരിശീലനം നല്കുന്ന ഒരു പ്രത്യേക വിഭാഗവും എന്‍.സി.സി.യുടെ കരസേനാവിഭാഗത്തിനു കീഴിലുണ്ട്. റീമൗണ്ട് ആന്‍ഡ് വെറ്ററിനറി (Remount and Veterinary) വിഭാഗം എന്നാണിതറിയപ്പെടുന്നത്. വെറ്ററിനറി കോളജുകളുമൊന്നിച്ചാണ് ഇതിന്റെ പ്രവര്‍ത്തനവും പരിശീലനവും. ഒരു R&V റെജിമെന്റും 11 R&V സ്ക്വാഡ്രണുകളും രാജ്യത്തുണ്ട്. ഡല്‍ഹിയില്‍വച്ചു നടക്കുന്ന താല്‍ സൈനിക ക്യാമ്പ് കരസേനാവിഭാഗത്തിന്റെ പ്രധാന ക്യാമ്പുകളിലൊന്നാണ്. സീനിയര്‍ വിഭാഗത്തിനും ജൂനിയര്‍ വിഭാഗത്തിനുമായി രണ്ട് ക്യാമ്പുകളാണ് ഓരോ വര്‍ഷവും നടക്കുന്നത്. 640 വീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇതില്‍ പങ്കെടുക്കുന്നു.

നാവികവിഭാഗത്തിന്റെ 59 എന്‍.സി.സി. യൂണിറ്റുകള്‍ ഇന്ത്യയിലുണ്ട്. സീട്രെയിനിങ്, സീമാന്‍ഷിപ്പ്, നാവിഗേഷന്‍, കമ്യൂണിക്കേഷന്‍, ഗണ്ണറി, ഡാമേജ് കണ്‍ട്രോള്‍, ഷിപ്പ് സേഫ്റ്റി എന്നീ വിഷയങ്ങളില്‍ ഈ വിഭാഗത്തിന് പ്രാഥമിക പരിശീലനം നല്കുന്നു. നാവികവിഭാഗത്തിന്റെ പ്രധാനപ്പെട്ട ക്യാമ്പാണ് വിശാഖപട്ടണത്തുവച്ചു നടക്കുന്ന 'നാവു സൈനിക്' (Nau Sainik) ക്യാമ്പ്. 12 ദിവസം നീണ്ടുനില്ക്കുന്ന ഈ ക്യാമ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട 400 സീനിയര്‍ ഡിവിഷന്‍ കേഡറ്റുകളും 160 സീനിയര്‍ വിങ് കേഡറ്റുകളുമാണ് പങ്കെടുക്കുന്നത്. നിരവധി കലാ-കായിക മത്സരങ്ങളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കാറുണ്ട്. ഇതുകൂടാതെ സീ അറ്റാച്ച്മെന്റ്, നേവല്‍ അറ്റാച്ച്മെന്റ് എന്നിങ്ങനെയുമുള്ള ക്യാമ്പുകളും നാവികവിഭാഗത്തിനുണ്ട്. യുദ്ധക്കപ്പലുകളില്‍ പരിശീലനം നേടാനും ക്യാമ്പുകള്‍ അവസരമൊരുക്കുന്നു. വിദേശ കപ്പലുകളില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാ വര്‍ഷവും 25 എന്‍.സി.സി. കേഡറ്റുകളെ തിരഞ്ഞെടുക്കാറുണ്ട്. സ്കൂബാ ഡൈവിങ്, സെയിലിങ്, കയാക്കിങ് മുതലായ സാഹസികവിനോദങ്ങളില്‍ പങ്കെടുക്കാനുള്ള അവസരവും നാവികവിഭാഗം കേഡറ്റുകള്‍ക്കു ലഭിക്കുന്നു.

Image:ncc 2.png

1950-ല്‍ തുടങ്ങിയ എന്‍.സി.സി. വ്യോമവിഭാഗത്തിന് 58 വ്യോമ സ്ക്വാഡ്രണുകള്‍ ഉണ്ട്. അതില്‍ 47 എണ്ണം ഫ്ളയിങ് സ്ക്വാഡ്രണുകളും 11 എണ്ണം ടെക്നിക്കല്‍ സ്ക്വാഡ്രണുകളുമാണ്. വ്യോമവിഭാഗത്തിന്റെ പ്രധാനപ്പെട്ട ഒരു ക്യാമ്പാണ് 'വായു സൈനിക ക്യാമ്പ്'. ഓരോ വര്‍ഷവും 420 സീനിയര്‍ ഡിവിഷന്‍ കേഡറ്റുകളും 180 സീനിയര്‍ വിങ് കേഡറ്റുകളും ഇതില്‍ പങ്കെടുക്കുന്നു. എയ്റോഡൈനാമിക്സ്, എയര്‍മാന്‍ഷിപ്പ്, മീറ്റിയെറോളജി, എയ്റോ എഞ്ചിന്‍, നാവിഗേഷന്‍ എന്നിവയില്‍ വ്യോമവിഭാഗത്തിന് പരിശീലനം നല്കുന്നു. വ്യോമസേനയോടൊന്നിച്ചു പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന നിരവധി അറ്റാച്ച്മെന്റ് ട്രെയിനിങ് ക്യാമ്പുകളുമുണ്ട്. ഓരോ വര്‍ഷവും 20 ഓഫീസര്‍മാരും 200 സീനിയര്‍ ഡിവിഷന്‍ കേഡറ്റുകളും അറ്റാച്ച്മെന്റ് ട്രെയിനിങ്ങുകളില്‍ പങ്കെടുക്കുന്നു. യുദ്ധവിമാനങ്ങളില്‍ പരിശീലനം നടത്താനും തിരഞ്ഞെടുക്കപ്പെട്ട കേഡറ്റുകള്‍ക്ക് അവസരമുണ്ട്. ഗ്ലൈഡിങ്, മൈക്രോ ലൈറ്റ് ഫ്ളയിങ് എന്നിവയിലും പരിശീലനം നല്കുന്ന കേഡറ്റുകളെ തിരഞ്ഞെടുക്കാറുണ്ട്.

Image:ncc 3.png

മറ്റു പ്രധാന എന്‍.സി.സി. ക്യാമ്പുകളാണ് ലീഡര്‍ഷിപ്പ് ക്യാമ്പ്, റോക്ക് ക്ളൈമ്പിങ് ക്യാമ്പ്, റിപ്പബ്ളിക് ഡേ ക്യാമ്പ്, നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പ് എന്നിവ. കേഡറ്റുകളില്‍ നേതൃപാടവം മെച്ചപ്പെടുത്തുന്നതിന് മുന്‍തൂക്കം നല്കുന്നതാണ് ലീഡര്‍ഷിപ്പ് ക്യാമ്പുകള്‍. അഡ്വാന്‍സ്ഡ് ലീഡര്‍ഷിപ്പ് ക്യാമ്പ്, ബേസിക് ലീഡര്‍ഷിപ്പ് ക്യാമ്പ് എന്നിവയിലായി മൊത്തം 1350 കേഡറ്റുകള്‍ ഓരോ വര്‍ഷവും പങ്കെടുക്കുന്നു. കേഡറ്ററുകള്‍ക്ക് മലകയറ്റത്തില്‍ പരിശീലനം നല്കുന്നതാണ് റോക്ക് ക്ളൈമ്പിങ് ക്യാമ്പ്. വര്‍ഷംതോറും എട്ട് ക്യാമ്പുകള്‍ നടത്തുന്നു. ഇതില്‍ നാലെണ്ണം ഗ്വാളിയറില്‍വച്ചും നാലെണ്ണം തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിലുമാണ് നടക്കാറ്. 1080 കേഡറ്റുകള്‍ ഓരോ വര്‍ഷവും ഈ ക്യാമ്പുകളില്‍ പങ്കെടുക്കുന്നു. സാംസ്കാരിക ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുക, അഖണ്ഡത കാത്തുസൂക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന ക്യാമ്പുകളാണ് നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പുകള്‍. ഒരു വര്‍ഷം രാജ്യത്തിന്റെ പല ഭാഗങ്ങളിലായി 37 ക്യാമ്പുകളാണ് നടക്കാറ്. ശ്രീനഗര്‍, വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍, ആന്‍ഡമാന്‍-നിക്കോബാറിലുള്ള പോര്‍ട്ട്-ബ്ളെയര്‍ എന്നിവിടങ്ങളിലാണ് ഈ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

എന്‍.സി.സി. ക്യാമ്പുകളില്‍വച്ച് ഏറ്റവും പ്രാധാന്യമുള്ളതാണ് റിപ്പബ്ലിക് ഡേ ക്യാമ്പ്. ഒരു കേഡറ്റിന്റെ ഏറ്റവും അഭിമാനപൂര്‍ണമായ നേട്ടമാണ് ഈ ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുക എന്നത്. ഉപരാഷ്ട്രപതി, ആഭ്യന്തരമന്ത്രി, ഡല്‍ഹി മുഖ്യമന്ത്രി, കര-വ്യോമ-നാവിക സേനാ തലവന്മാര്‍ തുടങ്ങിയ പ്രമുഖര്‍ ഈ ക്യാമ്പില്‍ പങ്കെടുക്കും. കേഡറ്റുകള്‍ പങ്കെടുക്കുന്ന പരേഡ്, സാംസ്കാരിക ദൃശ്യഘോഷയാത്ര എന്നിവ ഇതിന്റെ ഭാഗമാണ്. പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയോടെയാണ് ഈ ക്യാമ്പിന്റെ സമാപനം. അടുത്ത ദിവസങ്ങളില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്കൊപ്പമുള്ള ചായസത്കാരത്തിലും കേഡറ്റുകള്‍ പങ്കെടുക്കുന്നു.

Image:ncc 4.png

പര്‍വതാരോഹണ ക്യാമ്പുകള്‍, ട്രക്കിങ്, ദീര്‍ഘദൂര സൈക്കിള്‍/മോട്ടോര്‍ സൈക്കിള്‍ യാത്രകള്‍, പാരച്യൂട്ട് സെയിലിങ്, മരുഭൂമിയാത്രകള്‍ എന്നിവയും എന്‍.സി.സി. കേഡറ്റുകള്‍ക്കായി സംഘടിപ്പിക്കാറുണ്ട്.

രാജ്യത്തെ നിരവധി കായികമത്സരങ്ങളില്‍ എന്‍.സി.സി. ടീമുകള്‍ പങ്കെടുക്കുന്നു. ആള്‍ ഇന്ത്യാ ജി.വി. മാവലങ്കര്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്, സുബ്രതോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ്, ജവാഹര്‍ലാല്‍ നെഹ്റു ഹോക്കി ടൂര്‍ണമെന്റ്, നാഷണല്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് എന്നിവ ഉദാഹരണം.

Image:ncc 5.png

സാമൂഹ്യസേവന-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും എന്‍.സി.സി. കേഡറ്റുകള്‍ സജീവമായി ഏര്‍പ്പെടാറുണ്ട്. സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍, മരം വച്ചുപിടിപ്പിക്കല്‍, രക്തദാനം, ശുചീകരണം തുടങ്ങിയ രംഗങ്ങളില്‍ എന്‍.സി.സി. സജീവമാണ്. എയ്ഡ്സ്, കാന്‍സര്‍ തുടങ്ങിയവയ്ക്കെതിരെയുള്ള ബോധവത്കരണ ക്യാമ്പുകളും നടത്താറുണ്ട്. ഭൂകമ്പം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ സംഭവിച്ചാല്‍ നടപ്പിലാക്കേണ്ട പ്രത്യേക ആക്ഷന്‍ പ്ളാനുകള്‍ എന്‍.സി.സി. തയ്യാറാക്കുന്നു. കേന്ദ്ര ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി, സംസ്ഥാന റിലീഫ് മാനേജ്മെന്റ് കമ്മിറ്റി, ജില്ലാ റിലീഫ് കമ്മിറ്റി തുടങ്ങിയവയ്ക്കൊപ്പം എന്‍.സി.സി.യുടെ വിവിധ ഘടകങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കും.

Image:ncc 7.png

വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനും പരിശീലനം നേടാനും എന്‍.സി.സി. കേഡറ്റുകള്‍ക്ക് അവസരം നല്കുന്നതാണ് 'യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമുകള്‍'. സിംഗപ്പൂര്‍, വിയറ്റ്നാം, യു.കെ., റഷ്യ തുടങ്ങി നിരവധി രാജ്യങ്ങളുമൊന്നിച്ച് യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നു.

ഭരണം. പ്രതിരോധമന്ത്രാലയത്തിനു കീഴിലാണ് എന്‍.സി.സി.യുടെ പ്രവര്‍ത്തനം. ഓരോ സംസ്ഥാനത്തിലും വിദ്യാഭ്യാസ വകുപ്പിനാണ് മേല്‍നോട്ടച്ചുമതല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന ഫണ്ടുകള്‍ കൊണ്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ഡല്‍ഹിയിലാണ് എന്‍.സി.സി.യുടെ ആസ്ഥാനം. ഡയറക്ടര്‍ ജനറല്‍ ആണ് മേധാവി. കരസേനയിലെ ലഫ്. ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും ഇത്. ഡയറക്ടര്‍ ജനറല്‍ റാങ്കിനു താഴെ രണ്ട് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍മാര്‍ (ADG), അതിനു താഴെ അഞ്ച് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍മാര്‍ (DDG) എന്നിവരുണ്ടാകും. അഉഏ മാരില്‍ ഒരാള്‍ മേജര്‍ ജനറല്‍ റാങ്കിലുള്ള കരസേനാ ഉദ്യോഗസ്ഥനും അടുത്തയാള്‍ നാവികസേനയിലെ റിയര്‍ അഡ്മിറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനോ വ്യോമസേനയിലെ എയര്‍ വൈസ് മാര്‍ഷല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനോ ആകും. അഞ്ച് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍മാരില്‍ മൂന്ന് ബ്രിഗേഡിയര്‍മാര്‍ (കരസേന), ഒരു കോമഡോര്‍ (നാവികസേന) അല്ലെങ്കില്‍ ഒരു എയര്‍ കോമഡോര്‍ (വ്യോമസേന), ഒരു സിവിലിയന്‍ ഉദ്യോഗസ്ഥന്‍ എന്നിവരാണുണ്ടാവുക.

Image:ncc 6.png

ഹെഡ്ക്വാര്‍ട്ടേഴ്സിനു കീഴില്‍ 17 ഡയറക്ടറേറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഒന്നോ അതിലധികമോ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവയുടെ ചുമതല ഒരു ഡയറക്റ്ററേറ്റിനുണ്ടാകും. ട്രെയിനിങ് ഡയറക്റ്ററേറ്റുകള്‍ എന്നും ഇവ അറിയപ്പെടുന്നു. ബ്രിഗേഡിയര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനാകും ഒരു ഡയറക്റ്ററേറ്റിന്റെ മേധാവി. ഡയറക്റ്ററേറ്റിനു കീഴില്‍ വിവിധ ഗ്രൂപ്പുകള്‍ ഉണ്ടാകും. കേണല്‍ പദവിയിലുള്ള ഉദ്യോഗസ്ഥനാകും ഒരു ഗ്രൂപ്പിന്റെ തലവന്‍. ഇന്ന് 95 ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സുകള്‍ രാജ്യത്തുണ്ട്. ഗ്രൂപ്പില്‍ ബറ്റാലിയനുകള്‍, നാവികസേന-വ്യോമസേന യൂണിറ്റുകള്‍ എന്നിവയുണ്ടാകും. ഗ്രൂപ്പ് മേധാവിയെക്കൂടാതെ ഓരോ ഗ്രൂപ്പിനും ഒരു അഡ്മിനിസ്റ്റ്രേറ്റീവ് ഓഫീസറും ഒരു ട്രെയിനിങ് ഓഫീസറും ഉണ്ടാകും.

എന്‍.സി.സി. ക്രെസ്റ്റ്. മൂന്ന് നിറങ്ങളുള്ളതും ഷീല്‍ഡാകൃതിയിലുള്ളതുമാണ് എന്‍.സി.സി.യുടെ ക്രെസ്റ്റ് അഥവാ അടയാളമുദ്ര. ഇടത്ത് ചുവപ്പ്, മധ്യത്തില്‍ കടുംനീല, വലത്ത് ആകാശനീല എന്നിങ്ങനെയാണ് മൂന്ന് നിറങ്ങള്‍. ഇതില്‍ ചുവപ്പ് കരസേനയെയും കടുംനീല നാവികസേനയെയും ആകാശനീല വ്യോമസേനയെയും പ്രതിനിധാനം ചെയ്യുന്നു. ഷീല്‍ഡിനു നടുക്ക് സ്വര്‍ണവര്‍ണത്തിലുള്ള നൂലുകൊണ്ട് NCC എന്ന് തുന്നിച്ചേര്‍ത്തിട്ടുണ്ട്. ഈ അക്ഷരങ്ങള്‍ 17 സ്വര്‍ണ പുഷ്പങ്ങളുടെ ഒരു ചക്രത്താല്‍ വലയിതവുമാണ്. ഇത് രാജ്യത്തുള്ള 17 എന്‍.സി.സി. ഡയറക്റ്ററേറ്റുകളെ സൂചിപ്പിക്കുന്നു. ഷീല്‍ഡിനുതാഴെ മഞ്ഞനിറമുള്ള നാടയില്‍ എന്‍.സി.സി.യുടെ ആദര്‍ശവാക്യം 'ഏകത ഔര്‍ അനുശാസന്‍' (ഐക്യവും അച്ചടക്കവും) എന്ന് ഹിന്ദിയില്‍ എഴുതിയിട്ടുണ്ട്.

Image:ncc 9.png

ക്രെസ്റ്റിലേതുപോലെ ക്രമത്തില്‍ മൂന്ന് നിറങ്ങളും സുവര്‍ണചക്ര വലയിതമായ NCC എന്ന അക്ഷരങ്ങളും ഉള്ളതാണ് എന്‍.സി.സി. പതാക.

കേരളത്തില്‍. കേരളത്തില്‍ തിരുവനന്തപുരത്താണ് എന്‍.സി.സി. ഡയറക്റ്ററേറ്റ് സ്ഥിതി ചെയ്യുന്നത്. കേരളത്തില്‍ 33 കരസേന, അഞ്ച് നാവികസേന, ഒരു വ്യോമസേന എന്നിങ്ങനെയാണ് യൂണിറ്റുകളുടെ എണ്ണം. കരസേനയില്‍ ഒരു റീമൌണ്ട് ആന്‍ഡ് വെറ്ററിനറി സ്ക്വാഡ്രണും ഉണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി 5 ഗ്രൂപ്പ് ഹെഡ് ക്വാര്‍ട്ടേഴ്സുകള്‍ കേരളത്തിലുണ്ട്. 38 യൂണിറ്റുകള്‍ കൂടാതെ കഴക്കൂട്ടം സൈനിക സ്കൂള്‍ കമ്പനി എന്നൊരു പ്രത്യേക യൂണിറ്റും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. ലക്ഷദ്വീപും കേരളവും ഒരേ ഡയറക്റ്ററേറ്റിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍