This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ എയ്ഡ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (NARI)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഷണല്‍ എയ്ഡ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (NARI)

ദേശീയ എയ്ഡ്സ് ഗവേഷണകേന്ദ്രം. തൊണ്ണൂറുകളുടെ ആദ്യവര്‍ഷങ്ങളില്‍ എയ്ഡ്സ് രോഗം ഇന്ത്യയിലാകമാനം വ്യാപിച്ച അവസരത്തില്‍, പ്രസ്തുത രോഗത്തെക്കുറിച്ച് പഠിക്കുവാനും നിയന്ത്രണവിധേയമാക്കുവാനുമുള്ള ശ്രമങ്ങള്‍ നടന്നു. എയ്ഡ്സ് ഒരു ബഹുവിധ ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന പകര്‍ച്ചവ്യാധിയാകയാല്‍ അതു സംബന്ധിയായ എല്ലാവിഷയങ്ങളിലും ഗവേഷണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ 1992-ല്‍ പൂണെയിലെ ഭോസാരി എന്ന സ്ഥലത്ത് ഇത് സ്ഥാപിതമായി. ഇന്ത്യന്‍ കൌണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെയും (ICMR) നിരവധി സന്നദ്ധസംഘടനകളുടെയും സഹായസഹകരണത്തോടെയാണ് എന്‍.എ.ആര്‍.ഐ. പ്രവര്‍ത്തിക്കുന്നത്. പല പ്രമുഖ ശാസ്ത്രജ്ഞരും ഉള്‍പ്പെടുന്ന ഒരു ശാസ്ത്ര ഉപദേശകസംഘമാണ് എന്‍.എ.ആര്‍.ഐ. ഗവേഷണങ്ങളെ നയിക്കുന്നത്.

എപ്പിഡെമോളജി ബയോസ്റ്റാറ്റിസ്റ്റിക്സ്, ക്ലിനിക്കല്‍സയന്‍സ്, വൈറോളജി, തന്മാത്രാവൈറോളജി, ഇമ്യുണോളജി, സീറോളജി, സൂക്ഷ്മാണു ജീവിശാസ്ത്രം, പതോളജി, പെരുമാറ്റശാസ്ത്രം എന്നീ വിഭാഗങ്ങളിലായാണ് എന്‍.എ.ആര്‍.ഐയില്‍ ഗവേഷണങ്ങള്‍ നടക്കുന്നത്. ഹ്യൂമന്‍ ഇമ്യൂണോ വൈറസ് എന്നറിയപ്പെടുന്ന എയ്ഡ്സ് വൈറസിന്റെ സംക്രമണ സാധ്യത കൂടുതലുള്ള ജനവിഭാഗങ്ങള്‍ക്കിടയില്‍ എച്ച്ഐവി ബാധിതരുടെ വ്യക്തിസാഹചര്യങ്ങളും ശാരീരികസവിശേഷതകളും വിലയിരുത്തുന്ന പഠനങ്ങള്‍, എച്ച്ഐവി ബാധിത സ്ത്രീകളില്‍ സെര്‍വിക്കല്‍ അര്‍ബുദ പഠനം എന്നിവ എപ്പിഡെമിയോളജി-ബയോസ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ നടക്കുന്ന ചില പഠനങ്ങളാണ്.

എച്ച്ഐവി ബാധിതരില്‍ ക്ഷയരോഗത്തിനുള്ള കീമോതെറാപ്പിയുടെ വികാസം, മറവിരോഗ സാധ്യതകളെക്കുറിച്ചുളള പഠനം തുടങ്ങിയവയാണ് ക്ളിനിക്കല്‍ സയന്‍സ് വിഭാഗത്തില്‍ നടക്കുന്നത്.

മാതാവില്‍ നിന്ന് കുഞ്ഞിലേക്ക് പകരുന്ന എച്ച്ഐവി അണുബാധാ പഠനങ്ങള്‍, എച്ച്ഐവിയുടെ ജനിതക പ്രകടരൂപ പഠനങ്ങള്‍ തുടങ്ങിയവ വൈറോളജി-തന്മാത്രാവൈറോളജി വിഭാഗത്തില്‍ നടക്കുന്നു.

എച്ച്ഐവി അണുബാധയുടെ പ്രാരംഭഘട്ടത്തില്‍ ശരീരത്തിലുണ്ടാകുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍, എച്ച്ഐവി ബാധിതരിലുണ്ടാകുന്ന നാഡീവൈകല്യങ്ങളുടെ കാരണം കണ്ടെത്തുന്നതിനായി എച്ച്ഐവി വൈറസ് ഡെന്‍ഡ്രൈറ്റിക് കോശങ്ങളിലുളവാക്കുന്ന പ്രഭാവം മനസ്സിലാക്കല്‍ തുടങ്ങിയവയെല്ലാം ഇമ്മ്യൂണോളജി വിഭാഗത്തില്‍ നടക്കുന്ന ഗവേഷണങ്ങളില്‍ ചിലതാണ്.

സെറോളജിവിഭാഗത്തില്‍ എച്ച്ഐവി ബാധിതരുടെ രക്തപരിശോധന, എച്ച്ഐവി രോഗബാധാസ്ഥിരീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

ഇന്ത്യയിലെ ലൈംഗികത്തൊഴിലാളികള്‍ക്കിടയില്‍ ലൈംഗികരോഗങ്ങളുടെ സംക്രമണം തടയുന്നതിനായി കൈക്കൊണ്ട നടപടികളെ മുന്‍ നിറുത്തിയുള്ള പ്രതിരോധ എയ്ഡ്സ് ഔഷധങ്ങളുടെ ക്ഷമതാനിര്‍ണയനം, എച്ച്ഐവി അണുവിന്റെ സാന്നിധ്യം നിര്‍ണയിക്കുന്നതിനായി വികസിപ്പിച്ചെടുക്കുന്ന കിറ്റുകളുടെ ഗുണനിലവാര പരിശോധന തുടങ്ങിയ പ്രവര്‍ത്തനങ്ങളിലാണ് മൈക്രോബയോളജി വിഭാഗം ഏര്‍പ്പെട്ടിട്ടുളളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍