This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ്, ടെക്നോളജി ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസ് (NISTADS)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ്, ടെക്നോളജി ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസ് (NISTADS)

കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ദേശീയ ശാസ്ത്ര-സാമൂഹ്യ ഗവേഷണസ്ഥാപനം. 1980 സെപ്. 30-നാണ് ഇത് ഡല്‍ഹിയില്‍ സ്ഥാപിതമായത്. സി.എസ്.ഐ.ആറിന്റെ മറ്റു ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി, ശാസ്ത്രവും സമൂഹവും തമ്മിലുള്ള പരസ്പരബന്ധങ്ങളില്‍ രൂപംകൊള്ളുന്ന വിവിധപ്രശ്നങ്ങളുടെ വ്യത്യസ്ത തലങ്ങളിലുള്ള പഠനമാണ് നിസ്റ്റാഡ്സില്‍ നടക്കുന്നത്. ഇന്ത്യയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ ശാസ്ത്രസാങ്കേതിക പദ്ധതികള്‍ സമൂഹത്തിലും പരിസ്ഥിതിയിലും ഉളവാക്കാവുന്ന ഗുണദോഷങ്ങളെക്കുറിച്ച് ശാസ്ത്രീയമായ ഗവേഷണങ്ങള്‍ നടത്തി വിദഗ്ദോപദേശം ലഭ്യമാക്കുക എന്നഹശേറശരെശുഹശിമ്യൃതാണ് നിസ്റ്റാഡ്സിന്റെ പ്രഖ്യാപിത ലക്ഷ്യം. ശാസ്ത്രസാങ്കേതിക പഠനങ്ങള്‍ (Science Technology Studies) എന്ന പേരില്‍ അറിയപ്പെടുന്ന ഇത്തരം പഠനങ്ങളുടെ ഒരു 'ഡാറ്റാബാങ്ക്' ആയും നിസ്റ്റാഡ്സ് പ്രവര്‍ത്തിക്കുന്നു.

രാജ്യത്തിന്റെ ശാസ്ത്രസാങ്കേതിക നയരൂപീകരണത്തില്‍ പ്രമുഖ പങ്കു വഹിക്കുക, പ്രസ്തുത ലക്ഷ്യത്തിനായുള്ള ഗവേഷണങ്ങള്‍ നടത്തുക, മാറുന്ന സാമൂഹിക-സാമ്പത്തിക പരിതസ്ഥിതിയില്‍ ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ സി.എസ്.ഐ.ആറിന്റെയും ഇതര ദേശീയ സംഘടനകളുടെയും പ്രഭാവവും പ്രവര്‍ത്തനരീതിയും വിശകലനം ചെയ്യുക എന്നിവയെല്ലാം നിസ്റ്റാഡ്സിന്റെ ചുമതലകളാണ്. ശാസ്ത്രത്തിന്റെ വളര്‍ച്ച മൂലം വികസ്വര രാജ്യങ്ങളിലെ സാമൂഹിക ജീവിതത്തില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ നിസ്റ്റാഡ്സ് പഠനവിധേയമാക്കുന്നുണ്ട്. രാജ്യത്തിന്റെ പ്രാദേശിക വിഭവസമ്പത്തിനെക്കുറിച്ചുള്ള അന്വേഷണങ്ങളിലും അവയുടെ വിവരസമാഹരണത്തിലും നിസ്റ്റാഡ്സ് നിതാന്ത ജാഗ്രത പുലര്‍ത്തുന്നു. ഇന്ത്യയിലെ ജലസ്രോതസ്സുകളെക്കുറിച്ചും ഗ്രാമീണമേഖലയിലെ ഭൂവിഭാഗങ്ങളെക്കുറിച്ചുമുള്ള ആധികാരിക രേഖകള്‍ നിസ്റ്റാഡ്സിലുണ്ട്. അത്യന്താധുനിക വിദൂര സംവേദന സംവിധാനങ്ങളുടെ സഹായത്തോടെയാണ് നിസ്റ്റാഡ്സ് ഇത്തരം വിഭവസമാഹരണം സാധ്യമാക്കുന്നത്. സര്‍വേ ഒഫ് ഇന്ത്യ(SOI), സെന്‍സസ് ഒഫ് ഇന്ത്യ(COI) എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള 'ഡിജിറ്റല്‍ ഡാറ്റകള്‍' ഇവിടെ സൂക്ഷിച്ചിരിക്കുന്നു. പുതിയ ശാസ്ത്ര-വ്യവസായ സംരംഭങ്ങള്‍ക്ക് അനുയോജ്യമായ ഭൂവിഭാഗം, കാലാവസ്ഥ എന്നിവ കണ്ടെത്താനും ഇത്തരം സംരംഭങ്ങള്‍ അവിടുത്തെ മണ്ണ്, ജലം, കാലാവസ്ഥ, ആവാസവ്യവസ്ഥ എന്നിവയെ എപ്രകാരം ബാധിക്കുന്നു എന്നു പഠിക്കുവാനും നിസ്റ്റാഡ്സില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റകളുടെ സഹായത്താല്‍ സാധിക്കുന്നു. ചെറുതും വലുതുമായ വ്യവസായ സംരംഭങ്ങളുടെ വികാസത്തിന് നിസ്റ്റാഡ്സ് വഴിയൊരുക്കുന്നു.

രാജ്യത്തിന്റെ പ്രകൃതി സമ്പത്തിന്റെ അനുയോജ്യമായ ഉപയോഗവും കല്‍ക്കരി, ധാതുക്കള്‍, എണ്ണ തുടങ്ങിയവയുടെ നിക്ഷേപങ്ങള്‍ക്കായുള്ള പര്യവേഷണങ്ങളും മുന്‍നിര്‍ത്തിയുള്ള ഗവേഷണങ്ങള്‍ക്കായി നിസ്റ്റാഡ്സിന്റെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നു. പ്രകൃതിയുടെയും സമൂഹത്തിന്റെയും സന്തുലിതാവസ്ഥ സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിരമായ വികസനപദ്ധതികള്‍ക്കാണ് നിസ്റ്റാഡ്സ് പ്രാധാന്യം നല്കുന്നത്.

വിവരസാങ്കേതികവിദ്യയിലും ജൈവസാങ്കേതികവിദ്യയിലും രാജ്യത്തിന്റെ നയരൂപീകരണത്തില്‍ നിസ്റ്റാഡ്സ് നിര്‍ണായക സ്ഥാനം വഹിക്കുന്നു. ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ ജൈവസാങ്കേതികവിദ്യാ ഗവേഷണഫലങ്ങളുടെ താരതമ്യപഠനം, ഇന്ത്യയില്‍ വ്യവസായമേഖലയില്‍ ജൈവസാങ്കേതിക വിദ്യയുടെ പ്രായോഗികത എന്നീ വിഷയങ്ങളില്‍ ഇവിടെ ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. പരമ്പരാഗത മേഖലയെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉയര്‍ത്തിക്കൊണ്ടു വരുവാനുള്ള പദ്ധതികള്‍ നിസ്റ്റാഡ്സില്‍ രൂപകല്പന ചെയ്തിട്ടുണ്ട്. ശാസ്ത്രത്തിന്റെ ചരിത്രവും വളര്‍ച്ചയും പഠിക്കുവാനും പൊതുജനങ്ങളില്‍ ശാസ്ത്രാവബോധം വളര്‍ത്തിയെടുക്കുന്നതിനുമായി അന്തര്‍ദേശീയ നിലവാരത്തിലുള്ള ഗവേഷണങ്ങളും ചര്‍ച്ചകളും സംവാദങ്ങളും നിസ്റ്റാഡ്സ് സംഘടിപ്പിക്കുന്നു. 'പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിലും ഇന്ത്യയില്‍ ശാസ്ത്രത്തിന്റെ സാമൂഹികപശ്ചാത്തലപഠനം', 'ഇന്ത്യയിലെ ശാസ്ത്രവും സ്ത്രീകളും' എന്നീ വിഷയങ്ങളില്‍ നിസ്റ്റാഡ്സില്‍ ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്.

വിഷയാന്തര (Interdisciplinary), ബഹുവിഷയ (multidisciplinary) മേഖലകളില്‍ വൈദഗ്ധ്യം നേടിയിട്ടുള്ള ഗവേഷക, ശാസ്ത്രസമൂഹം, സ്വദേശികളും വിദേശികളുമടങ്ങുന്ന വിദ്യാര്‍ഥികള്‍, ആയിരത്തോളം ഗവേഷണപ്രബന്ധങ്ങളും ഡാറ്റകളും അടങ്ങിയ കംപ്യൂട്ടറൈസ്ഡ് ലൈബ്രറി, അന്തര്‍ദേശീയ നിലവാരത്തിലുള്ള വിവരസാങ്കേതിക വിദ്യാസൌകര്യങ്ങള്‍ എന്നിവയെല്ലാം നിസ്റ്റാഡ്സിനെ മികവുറ്റ ഒരു ഗവേഷണസ്ഥാപനമാക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍