This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈന്‍

National Institute of Design (NID)

കേന്ദ്രഗവണ്‍മെന്റിന്റെ വാണിജ്യവ്യവസായ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു പഠനഗവേഷണ സ്ഥാപനം. 1961-ല്‍ അഹമ്മദാബാദിലാണ് എന്‍.ഐ.ഡി. സ്ഥാപിതമായത്. ഒരു വിവിധോദ്ദേശ്യ സ്ഥാപനമായ എന്‍.ഐ.ഡി.യില്‍ ഡിസൈന്‍ രംഗത്തെ വിദ്യാഭ്യാസപരിശീലനത്തിനു പുറമേ വ്യവസായം, വാര്‍ത്താവിനിമയം, തുണിവ്യവസായം തുടങ്ങിയ മേഖലകളില്‍ ഡിസൈനിനുള്ള പ്രാധാന്യത്തെ അടിസ്ഥാനമാക്കിയുള്ള പ്രായോഗിക പരിശീലനവും ഗവേഷണവും ഉപഭോക്തൃസേവനവും നല്കുന്നു. കൂടാതെ, ദൃശ്യവിനിമയരംഗത്തും ആനിമേഷന്‍ രംഗത്തും എന്‍.ഐ.ഡി.യില്‍ പഠനവിഭാഗങ്ങളുണ്ട്. ഏകീകൃത ഡിസൈന്‍ സേവനവകുപ്പിന്റെ (Integrated Design Department) മേല്‍നോട്ടത്തില്‍ വ്യവസായങ്ങള്‍, ഗവണ്‍മെന്റ്, ദേശീയ-അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ എന്നിവയ്ക്കായി എന്‍.ഐ.ഡി. വിവിധ ഡിസൈന്‍ പരിശീലനപരിപാടികള്‍ നടപ്പാക്കുന്നു. എന്‍.ഐ.ഡി.യുടെ ശാഖകള്‍ ഡല്‍ഹി, ബംഗ്ളൂരു എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Image:Nid.png

1953-ലെ വ്യവസായ നയപ്രഖ്യാപനമാണ് ഇത്തരമൊരു സ്ഥാപനത്തിന്റെ ആവശ്യകതയെക്കുറിച്ച് പ്രസ്താവിച്ചത്. ഡിസൈന്‍ മേഖലയിലെ പ്രശസ്തമായ ചാള്‍സ്-റേ ഈംസ് (Charles & Ra Eames) ടീമിനെ ഇന്ത്യയിലേക്കു ക്ഷണിക്കുകയും അവര്‍ നല്കിയ 'ദി ഇന്ത്യ റിപ്പോര്‍ട്ട്' എന്ന പദ്ധതിയുടെ അടിസ്ഥാനത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈന്‍ സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യയില്‍ ഡിസൈന്‍ രംഗത്ത് നിരവധി പഠനങ്ങള്‍ നടത്തുവാനും ഇന്ത്യയെ ആഗോള ഡിസൈന്‍ രംഗത്തെ പ്രമുഖശക്തിയാക്കുന്നതിനും എന്‍ഐഡി നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. ജര്‍മനിയിലെ ബഹ്വാസ് (Bauhaus), ഉല്മ് (Ulm) സര്‍വകലാശാലകള്‍ കഴിഞ്ഞാല്‍ ഡിസൈന്‍ വിദ്യാഭ്യാസ ഗവേഷണരംഗത്തെ ശ്രദ്ധേയമായ സ്ഥാപനം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈനാണ്. അമേരിക്കയിലെ 'ബിസിനസ് വീക്ക്' മാസിക നടത്തിയ സര്‍വേയില്‍ ഏഷ്യയിലെയും യൂറോപ്പിലെയും തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച ഇരുപത്തഞ്ച് സ്ഥാപനങ്ങളില്‍ ഒന്ന് എന്‍.ഐ.ഡി.യാണ്.

ഡിസൈന്‍ മേഖലയില്‍ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി ആഗോളനിലവാരത്തിലുള്ള ഡിസൈന്‍ പ്രൊഫഷണലുകളെ പരിശീലിപ്പിക്കുക, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയെ ഡിസൈന്‍ വിദ്യാഭ്യാസഗവേഷണരംഗത്തെ ആഗോളശക്തിയായി വളര്‍ത്തുക തുടങ്ങിയവയാണ് എന്‍.ഐ.ഡി.യുടെ അടിസ്ഥാന ലക്ഷ്യങ്ങള്‍.

ഡിസൈന്‍ വിദ്യാഭ്യാസരംഗത്തെ ശാസ്ത്രീയ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുവാനും ആരോഗ്യകരവും സര്‍ഗാത്മകവുമായ മത്സരത്തിലൂടെ ഈ രംഗത്തിന്റെ കാര്യക്ഷമത വികസിപ്പിക്കുവാനും എന്‍.ഐ.ഡി.ക്ക് കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രവും കലയും സംയോജിപ്പിച്ചുകൊണ്ടുള്ള 'ഇന്റര്‍ഡിസിപ്ളിനറി' ഡിസൈന്‍ വിദ്യാഭ്യാസം വിദ്യാര്‍ഥികളുടെ വിജ്ഞാനത്തിന്റെ അതിരുകള്‍ വികസിപ്പിക്കുവാനും സമകാലീന സംഭവങ്ങളെക്കുറിച്ച് പൊതു അവബോധം വളര്‍ത്തിയെടുക്കുവാനും സഹായിച്ചിട്ടുണ്ട്. ബിരുദ-ബിരുദാനന്തര തലത്തിലുള്ള ഡിസൈന്‍ വിദ്യാഭ്യാസമാണ് എന്‍.ഐ.ഡി.യിലുള്ളത്. ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബര്‍ഗ് സര്‍വകലാശാല ഉള്‍പ്പെടെ 29 വിദേശസ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് സംയുക്തഗവേഷണ പദ്ധതികള്‍ എന്‍.ഐ.ഡി. നടപ്പാക്കിവരുന്നുമുണ്ട്.

ഉപഭോക്തൃസേവനമാണ് എന്‍.ഐ.ഡി.യുടെ ഒരു പ്രധാന പ്രവര്‍ത്തനമേഖല. വിവിധ സ്ഥാപനങ്ങളുടെയും ഗവണ്‍മെന്റിന്റെയും ആവശ്യാനുസരണം വിവിധതരം ഡിസൈന്‍ പ്രൊജക്ടുകള്‍ എന്‍.ഐ.ഡി ഏറ്റെടുത്ത് നടത്തുന്നുണ്ട്. വിവിധോദ്ദേശ്യ വീല്‍ച്ചെയറിന്റെ രൂപകല്പന, ഗുജറാത്ത് ടൂറിസം വകുപ്പിനുവേണ്ടി നിര്‍മിച്ച അഹമ്മദാബാദ് നഗരഭൂപട രൂപകല്പന, അന്തര്‍ദേശീയ ധാരണ (International understanding) മുന്‍നിര്‍ത്തിയുള്ള ജവാഹര്‍ലാല്‍ നെഹ്രു പുരസ്കാരത്തിന്റെ രൂപകല്ന, മലയാള മനോരമ ഗ്രൂപ്പിനുവേണ്ടി മലയാളം ടൈപ്പ്ഫേസ് നിര്‍മാണം, കൊല്‍ക്കത്ത മെട്രോ എന്ന ഭൗമാന്തര റെയില്‍വേയുടെ രൂപകല്പന, അമേരിക്കയില്‍ നടന്ന 'ഫെസ്റ്റിവല്‍ ഒഫ് ഇന്ത്യ'യ്ക്കുവേണ്ടി 'ഇന്ത്യയുടെ സാംസ്കാരിക ഭൂപടം', രാഷ്ട്രപതിഭവന്‍ എന്ന പുസ്തകത്തിനുവേണ്ടിയുള്ള ചിത്രങ്ങളും രൂപകല്പനയും, ഗുജറാത്ത് ഊര്‍ജവികസന ഏജന്‍സിക്കുവേണ്ടി സോളാര്‍ കുക്കറിന്റെ രൂപകല്പന തുടങ്ങിയവയെല്ലാം എന്‍.ഐ.ഡി.യുടെ ഉപഭോക്തൃസേവനങ്ങളില്‍പ്പെടുന്നു.

വ്യാവസായിക സംരംഭങ്ങള്‍, ഗതാഗതം, ആരോഗ്യമേഖല, വിഭവസംരക്ഷണം, കുട്ടികളുടെ മാനസികോല്ലാസവും ബുദ്ധിവികാസവും ലക്ഷ്യമിടുന്ന കളിപ്പാട്ടങ്ങള്‍, ഗ്രാമീണമേഖലയിലെ കൈത്തൊഴിലുകള്‍, പുതിയ സാങ്കേതികവിദ്യകളുടെയും വസ്തുക്കളുടെയും പ്രായോഗികത, പരമ്പരാഗത മേഖലയില്‍ ശാസ്ത്രീയമായ രൂപകല്പനയുടെ ആവശ്യകത എന്നിവ എന്‍.ഐ.ഡി. വിശദമായി പഠിക്കുന്നു.

1985-ല്‍ വ്യവസായിക ഡിസൈന്‍രംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ച് 'വേള്‍ഡ് ഡിസൈന്‍ അവാര്‍ഡും', ഡിസൈന്‍ വിദ്യാഭ്യാസരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് അതേവര്‍ഷത്തെ 'സര്‍ മിഷബ്ളാക്ക് മെമ്മോറിയല്‍ അവാര്‍ഡും' എന്‍.ഐ.ഡി.ക്ക് ലഭിക്കുകയുണ്ടായി. വിവിധോദ്ദേശ്യ വീല്‍ച്ചെയറിന്റെ രൂപകല്പനയ്ക്ക് 1989-ല്‍ എന്‍.ഐ.ഡിക്ക് ദേശീയപുരസ്കാരം ലഭിച്ചു. ആനിമേഷന്‍ രംഗത്തും നിരവധി പുരസ്കാരങ്ങള്‍ എന്‍.ഐ.ഡിക്ക് ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍