This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റര്‍ഡിസിപ്ളിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (NIIST)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റര്‍ഡിസിപ്ളിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (NIIST)

കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിനു (CSIR) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ശാസ്ത്രഗവേഷണ സ്ഥാപനം. 1978-ല്‍ തിരുവനന്തപുരത്ത് റീജീയണല്‍ റിസര്‍ച്ച് ലബോറട്ടറി (RRL) എന്ന പേരിലാണ് നിസ്റ്റ് സ്ഥാപിതമായത്. പി.കെ.രോഹിത്ജി ആയിരുന്നു നിസ്റ്റിന്റെ ആദ്യകാല ഡയറക്ടര്‍. കേരളത്തിലെ ഒരേ ഒരു സി.എസ്.ഐ.ആര്‍. ശാസ്ത്ര ഗവേഷണ സ്ഥാപനമാണ് നിസ്റ്റ്.

അടിസ്ഥാന ശാസ്ത്ര ഗവേഷണങ്ങള്‍ക്കൊപ്പം സാങ്കേതികവിദ്യാ വികസനവും വ്യവസായികപ്രയോഗവും ഏകോപിപ്പിക്കുന്ന ഗവേഷണ സംരംഭങ്ങള്‍ക്കാണ് ഇവിടെ പ്രാധാന്യം നല്കി വരുന്നത്. പ്രാദേശിക പ്രകൃതിസമ്പത്തുകളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഗവേഷണങ്ങള്‍ കൂടാതെ ദേശീയ, അന്തര്‍ദേശീയ ശാസ്ത്ര ഏജന്‍സികളുമായുള്ള സംയുക്ത ഗവേഷണപദ്ധതികളും നിസ്റ്റിന്റെ പ്രധാന പ്രവര്‍ത്തനങ്ങളാണ്. അഗ്രോപ്രോസസ്സിങ്/പ്രകൃതിവിഭവങ്ങള്‍, ജൈവസാങ്കേതിക വിദ്യ, രസതന്ത്ര-സാങ്കേതികവിദ്യകള്‍, പദാര്‍ഥങ്ങളും ധാതുക്കളും, പ്രോസസ് എഞ്ചിനീയറിങ്ങും പരിസ്ഥിതി സാങ്കേതികവിദ്യയും എന്നീ വിഭാഗങ്ങളിലായാണ് നിസ്റ്റില്‍ ഗവേഷണപഠനങ്ങള്‍ നടക്കുന്നത്.

Image:NIIST.png

പ്രകൃതിവിഭവങ്ങളുടെയും വിവിധകാര്‍ഷികോത്പന്നങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും അഗ്രോപ്രോസസ്സിങ് വിഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു. കേരളത്തിന്റെ കയറ്റുമതി മേഖലയുടെ നട്ടെല്ലായ സുഗന്ധവ്യഞ്ജനങ്ങളില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ എണ്ണ, പിപ്പെറിന്‍, ഒലിയോറെസിന്‍, കാപ്സൈസിന്‍, കര്‍കുമിന്‍ എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി വികസിപ്പിച്ചെടുത്ത 'സ്വിങ് സാങ്കേതികവിദ്യ' ഒരു ഉദാഹരണമാണ്. 2004-ല്‍ സി.എസ്.ഐ.ആറിന്റെ 'പ്രൊസസ് ടെക്നോളജി' പുരസ്കാരം ലഭിച്ചത് പ്രസ്തുത സാങ്കേതിക വിദ്യയ്ക്കാണ്.

ഒരു വിവരശേഖരം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ ജൈവസാങ്കേതികവിദ്യയുടെ നൂതനമേഖലകളില്‍ ഉന്നതനിലവാരത്തിലുള്ള ഗവേഷണങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. ജൈവസാങ്കേതിക ഇടപെടലുകളിലൂടെ പ്രാദേശികപ്രകൃതി വിഭവങ്ങള്‍ കണ്ടെത്തി ഉപയോഗപ്പെടുത്തുക എന്നത് നിസ്റ്റിലെ ജൈവസാങ്കേതികവിദ്യാവിഭാഗത്തിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങളിലൊന്നാണ്.

വര്‍ധിച്ചുവരുന്ന ഊര്‍ജദൌര്‍ലഭ്യത്തിനുള്ള പരിഹാരമായ സൗരോര്‍ജസംഭരണത്തിനും സൗരോര്‍ജത്താല്‍ പ്രവര്‍ത്തിക്കുന്ന ഫോട്ടോണിക ഉപകരണങ്ങളുടെ വികാസത്തിനുമാണ് പ്രകാശരസതന്ത്രഗവേഷണങ്ങള്‍ മുഖ്യപ്രാധാന്യം നല്‍കുന്നത്. ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന ദ്രാവകക്രിസ്റ്റലുകളുടെ നിര്‍മാണവും ഒപ്റ്റിക്കല്‍ ഉപകരണങ്ങളുടെയും ഫോട്ടോമെഡിസിനുകളുടെയും വികാസം മുന്‍നിര്‍ത്തിയുള്ള പഠനങ്ങളും ഇവിടെ നടന്നു വരുന്നു. വ്യവസായങ്ങള്‍ക്കും സമൂഹത്തിനു പൊതുവെയും ഉപയോഗപ്രദമായ പരിസ്ഥിതി സൗഹൃദ പോളിമറുകള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള പഠനങ്ങള്‍ക്കാണ് പോളിമര്‍ വിഭാഗത്തില്‍ സമീപകാലത്തായി പ്രാധാന്യം കൈവന്നിട്ടുള്ളത്. കൂടാതെ ഉപയോഗശൂന്യമായ ചില ജൈവപദാര്‍ഥങ്ങളില്‍ നിന്നും വ്യവസായപ്രാധാന്യമുള്ള വസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ രസതന്ത്രവിഭാഗം പ്രത്യേകം ഊന്നല്‍ നല്‍കുന്നു. കശുവണ്ടിത്തൊണ്ടില്‍ നിന്നും ലഭിക്കുന്ന കാര്‍ഡനോള്‍ എന്ന എണ്ണയില്‍ നിന്നുള്ള അക്രിലിക് ആവരണങ്ങള്‍, ഇപോക്സിറെസിനുകള്‍ എന്നിവയുടെ നിര്‍മാണം ഒരു ഉദാഹരണമാണ്. നാനോസാങ്കേതികവിദ്യാ വികാസവും അതിലധിഷ്ഠിതമായ നാനോപദാര്‍ഥങ്ങളുടെ നിര്‍മാണവും രസതന്ത്രവിഭാഗത്തിന്റെ പ്രധാന നേട്ടങ്ങളില്‍പ്പെടുന്നു.

ധാതുസമ്പത്തില്‍നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം, ഇലക്ട്രോണിക, കാന്തികഉപകരണങ്ങളില്‍ ഉപയോഗപ്രദമായ സിറാമിക് പദാര്‍ഥങ്ങളുടെ വികസനം എന്നിവയെല്ലാം നിസ്റ്റിലെ 'പദാര്‍ഥങ്ങള്‍-ധാതുക്കള്‍' എന്ന വിഭാഗത്തിന്റെ ചില പ്രവര്‍ത്തനങ്ങളാണ്. കേരളത്തില്‍ ധാരാളമായി കണ്ടുവരുന്ന ധാതുനിക്ഷേപമായ ഇല്‍മനൈറ്റില്‍നിന്നും നിര്‍മിക്കാവുന്ന പദാര്‍ഥങ്ങളും അവയുടെ സംസ്കരണവും സംബന്ധിച്ച പഠനങ്ങള്‍ക്ക് പ്രസ്തുതവിഭാഗം പ്രാധാന്യം നല്‍കുന്നു.

സാമ്പത്തികമായി സാധ്യമാവുന്നതും പരിസ്ഥിതിക്കിണങ്ങുന്നതുമായ വ്യാവസായിക-ഗാര്‍ഹിക മലിനജലസംസ്കരണരീതികള്‍ വികസിപ്പിച്ചെടുക്കുന്നതിലും വിഷാംശമുള്ള മാലിന്യങ്ങള്‍ നിറഞ്ഞ വായുവിന്റെ ശുദ്ധീകരണപ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിലും പ്രൊസസ്എഞ്ചിനീയറിങ്-പരിസ്ഥിതിശാസ്ത്രവിഭാഗം ജാഗരൂകരാണ്. കൂടാതെ, ദീര്‍ഘസ്ഥായികളായ കാര്‍ബണിക മാലിന്യങ്ങളില്‍ വച്ച് ഏറ്റവും വിഷകാരിയായ ഡയോക്സിനെക്കുറിച്ചുള്ള ഗവേഷണങ്ങളും പ്രസ്തുത വിഭാഗത്തില്‍ നടക്കുന്നുണ്ട്.

ഓരോ വിഭാഗത്തിലും ആധുനിക ഉപകരണങ്ങളടങ്ങിയ പരീക്ഷണശാലകള്‍, ലൈബ്രറി, ദ്രവ നൈട്രജന്‍ പ്ളാന്റ്, പ്രകാശശാസ്ത്രഗവേഷണങ്ങള്‍ക്കു വേണ്ടിയുള്ള ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗം എന്നിവയെല്ലാം നിസ്റ്റിലുണ്ട്. ഇന്ത്യയിലെ ഏറ്റവും നല്ല ശാസ്ത്രജ്ഞര്‍ക്കുള്ള 'ശാന്തിസ്വരൂപ്ഭട്നഗര്‍' അവാര്‍ഡ് പലവര്‍ഷവും ഇവിടുത്തെ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ യുവശാസ്ത്രജ്ഞന്മാരെ ലക്ഷ്യം വയ്ക്കുന്ന സി.എസ്.ഐ.ആര്‍. 'യങ് സയന്റിസ്റ്റ് അവാര്‍ഡും' നിസ്റ്റിലെ ഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍