This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാവ്

Tongue

ഒരു ജ്ഞാനേന്ദ്രിയം. കശേരുകികളുടെ വായയ്ക്കുള്ളില്‍ സ്ഥിതിചെയ്യുന്ന നാവ് ആഹാരത്തിന്റെ രുചിയറിയുന്നതിനും ആഹാരം വിഴുങ്ങുന്നതിനും രാസസംവേദക സിഗ്നലുകള്‍ സ്വീകരിക്കുന്നതിനും സഹായകമാകുന്നു. വിവിധതരം ജന്തുക്കളില്‍ നാവ് ആകൃതിയിലും പ്രവര്‍ത്തന രീതിയിലും വ്യത്യാസപ്പെട്ടിരിക്കുന്നു.

Image:naavu 1.png

മത്സ്യങ്ങളില്‍ നാവ് ഒരു സ്വതന്ത്ര അവയവമേയല്ല. ജലത്തില്‍ ഇര തേടുന്ന മുതലകളിലും ചിലയിനം ആമകളിലും നാവ് ഒരു രണ്ടാംതരം അവയവമായി ലോപിച്ചിരിക്കുന്നു. എന്നാല്‍ ഉഭയജീവികളായ തവള, സാലമാണ്ടര്‍ എന്നിവയില്‍ വികാസം പ്രാപിച്ച പേശീ നിര്‍മിത നാവാണുള്ളത്. തവളകളില്‍ വായയുടെ മുന്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന നാവിന്റെ പ്രധാനഭാഗം മിക്കപ്പോഴും ഉള്ളിലേക്ക് മടക്കി വച്ചിരിക്കും. ഇവയുടെ വായയ്ക്കുള്ളിലെ ചില ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന സ്രവത്താല്‍ നാവ് എല്ലായ്പ്പോഴും പശിമയുള്ളതായി കാണപ്പെടുന്നു. ഇര അരികിലെത്തുമ്പോള്‍, വളരെ പെട്ടെന്ന് നാവ് പുറത്തേക്കിട്ട് അവയെ പിടിച്ച് വായയ്ക്കുള്ളിലാക്കാനുള്ള പ്രത്യേക കഴിവും ഇവയ്ക്കുണ്ട്.

Image:navu.png

കരയില്‍ വസിക്കുന്ന കശേരുകികളില്‍, നാവിന്റെ ആകൃതിയിലും ചലനത്തിലും പ്രകടമായ വ്യത്യാസം കാണപ്പെടുന്നു. പക്ഷികളില്‍, പൊതുവേ വായയ്ക്കുള്ളിലെ ഹയോയിഡ് അസ്ഥിക്ക് മുകളിലുള്ള കട്ടിയുള്ള ഒരു എപ്പിത്തീലിയമാണ് നാവ്. പ്രധാനമായും ആഹാര സമ്പാദനത്തിനു വേണ്ടിയുള്ള ഒരു അവയവമായതിനാല്‍ പക്ഷികളില്‍ നാവ് പല വിധത്തില്‍ രൂപാന്തരപ്പെട്ടിരിക്കുന്നു. മത്സ്യഭോജികളായ പക്ഷികളില്‍, സാധാരണയായി നാവ് വേര്‍തിരിക്കപ്പെടാത്തതോ, അപഭ്രഷ്ടമായതോ ആയിരിക്കും. മരംകൊത്തികളുടെ 'അഗ്രത്തില്‍ മുള്ളോടു' കൂടിയ നാവ്, മരത്തിന്റെ തൊലിയിലെ ദ്വാരങ്ങളില്‍നിന്നും പൊത്തുകളില്‍നിന്നും പ്രാണികളെയും ലാര്‍വകളെയും കൊത്തിയെടുത്ത് ഭക്ഷിക്കുന്നതിനു സഹായിക്കുന്നു. തേന്‍ നുകരുന്ന പക്ഷികളില്‍ (ഉദാ. ഹമ്മിങ് ബേഡ്) നാവ് നീണ്ടതും ശാഖിതവും പലപ്പോഴും തേന്‍ വലിച്ചുകുടിക്കാന്‍ സഹായകമാംവിധം കുഴല്‍രൂപത്തില്‍ ചുരുട്ടാന്‍ കഴിയുന്നതുമാണ്. ഫലങ്ങള്‍ ഭക്ഷിക്കുന്ന പക്ഷികളില്‍ (ഉദാ. തത്ത) പൊതുവേ മാംസളമായ നാവാണ് കാണപ്പെടുന്നത്. ജലപക്ഷികളുടേതാകട്ടെ അതീവ മൃദുലവും ജലത്തില്‍നിന്നും ശേഖരിക്കുന്ന നേര്‍ത്തഭക്ഷണ പദാര്‍ഥങ്ങള്‍ വേര്‍തിരിച്ചെടുത്തു ഭക്ഷിക്കാന്‍ അനുയോജ്യവുമാണ്.

ഉരഗവര്‍ഗത്തില്‍പ്പെടുന്ന പല്ലി, പാമ്പ് മുതലായ ജീവികളില്‍ നാവ് മാംസപേശീനിര്‍മിതവും, ഹയോയിഡ് അസ്ഥിയില്‍നിന്നും സ്വതന്ത്രവുമാണ്. വളരെയേറെ പ്രത്യേകതകളുള്ളതാണ് ഓന്തുകളുടെ നാവ്. മിക്കവാറും ഉരഗവര്‍ഗ ജീവികളെപ്പോലെ ഇവയുടെ നാവ് വിഭജിക്കപ്പെട്ടിട്ടില്ല എന്നതാണ് മുഖ്യ സവിശേഷത. ഓന്തിന്റെ ശരീരത്തെക്കാള്‍ നീളം കൂടുതലാണ് അതിന്റെ നാവിന്. ഇവയുടെ പേശീനിര്‍മിത നാവിന്റെ അഗ്രം ചുരുണ്ടിരിക്കുന്നതിനാല്‍ വളരെ വേഗതയില്‍ നാവ് പുറത്തേക്കിട്ട് ഇരയെ അകത്താക്കാന്‍ ഇവയ്ക്ക് കഴിയുന്നു. ഇര നാവിന്റെ അഗ്രഭാഗത്ത് ഒട്ടിപ്പിടിക്കുന്ന മാത്രയില്‍ നാവ് അകത്തേക്ക് വലിക്കുവാനും ഇവയ്ക്കു കഴിയുന്നു. ഓന്തിന്റെ നാവ് ഉപയോഗിച്ചുള്ള ഇര പിടുത്തം, തെറ്റാലിയുടെ പ്രവര്‍ത്തനത്തിന് സമാനമാണ്. വളരെയധികം വികാസം പ്രാപിച്ച ഇവയുടെ നാവെല്ല് (tongue bone) ആണ് നാവിന്റെ അകത്തേക്കും പുറത്തേക്കുമുള്ള ചലനത്തെ നിയന്ത്രിക്കുന്നത്. ഓന്ത്, വിശ്രമിക്കുമ്പോള്‍ നാവ്, നാവെല്ലിനു ചുറ്റുമായി ചുരുട്ടി വയ്ക്കുന്നു. നാവിന്റെ പിന്‍ഭാഗത്തുള്ള വൃത്താകാര പേശികളുടെ ശക്തിയേറിയ സങ്കോച ഫലമായാണ് നാവ് പുറത്തേക്ക് തള്ളുന്നത്.

പാമ്പുകളില്‍, മാംസപേശീനിര്‍മിതമായ നാവ് രണ്ടായി പിളര്‍ന്നിരിക്കുന്നു. വിവിധതരം പാമ്പുകളില്‍ വ്യത്യസ്ത നിറങ്ങളിലുള്ള നാവുകളാണുള്ളത്. വായ അടച്ചിരിക്കുമ്പോഴും നാവ് പുറത്തേക്ക് നീട്ടാന്‍ പാമ്പുകള്‍ക്കു കഴിയും. താടിയെല്ലുകളെ യോജിപ്പിച്ചുകൊണ്ടുള്ള തരുണാസ്ഥിയുടെ മധ്യേയുള്ള പഴുതിലൂടെയാണ് ഇവ നാവ് പുറത്തേക്ക് നീട്ടുന്നത്. പാമ്പുകള്‍ക്ക് പൊതുവേ, ഇര വിഴുങ്ങാന്‍ നാവ് പ്രയോജനപ്പെടുന്നില്ല. എന്നാല്‍, ചുറ്റുപാടുമുള്ള സ്ഥിതിവിശേഷം മനസ്സിലാക്കാന്‍ നാവ് ഇവയെ സഹായിക്കുന്നു. കൂടാതെ, ഘ്രാണേന്ദ്രിയത്തിന്റെ പ്രവര്‍ത്തനത്തെയും നാവ് സഹായിക്കുന്നു. പാമ്പ്, നാവ് പുറത്തേക്കു നീട്ടുമ്പോള്‍ വായുവില്‍നിന്നും ഗന്ധവാഹിയായ ചെറുകണികകള്‍ നാവില്‍ പറ്റിപ്പിടിക്കുന്നു. നാവ് അകത്തേക്ക് വലിക്കുമ്പോള്‍ ഈ കണികകള്‍ 'ജേക്കബ് സണ്‍സ് ഓര്‍ഗന്‍' എന്ന അവയവത്തിലെത്തുന്നു. ഇവിടെ വച്ചാണ് ഗന്ധത്തെ തിരിച്ചറിയുന്നത്. ശത്രുക്കളെ തിരിച്ചറിയുന്നതിനു പുറമേ, ഇര തേടുന്നതിനും ഇണയെ കണ്ടെത്തുന്നതിനും നാവ് പാമ്പുകളെ സഹായിക്കുന്നു.

സസ്തനികളുടെ നാവ് പൂര്‍ണമായും പേശീ നിര്‍മിതമാണ്. ഈ പേശികള്‍ അസ്ഥീപേശികള്‍ (Skeletal muscle) എന്നറിയപ്പെടുന്നു. നായ, പൂച്ച തുടങ്ങിയ ജീവികള്‍ ആഹാരം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും നാവ് പ്രയോജനപ്പെടുത്തുന്നു. നാവ് ഉപയോഗിച്ചാണ് ഇവ ശരീരം നക്കി വൃത്തിയാക്കുന്നത്. നായയ്ക്ക്, അതിന്റെ നാവ് പുറത്തേക്കിട്ട് അതിലൂടെ ഈര്‍പ്പം ബഹിര്‍ഗമിപ്പിച്ച് ശരീരത്തിന്റെ താപനില നിയന്ത്രിക്കാന്‍ കഴിയും. കന്നുകാലികളുടെയും മറ്റും പരുപരുത്ത നാവ് ഉപയോഗിച്ച് അവയുടെ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പ്രാണികളെയും മറ്റു ക്ഷുദ്രജീവികളെയും ഒഴിവാക്കാന്‍ കഴിയുന്നു. ജിറാഫിന്റെ നാവിന് 40 സെന്റിമീറ്ററോളം നീളമുണ്ട്. ഉയര്‍ന്ന വൃക്ഷശാഖകളില്‍നിന്നുപോലും ഇലകള്‍ പറിച്ചെടുക്കാന്‍ ഈ നീളം കൂടിയ നാവ് ജിറാഫിനെ സഹായിക്കുന്നു.

മനുഷ്യരുടെ നാവില്‍ പ്രധാനമായും രണ്ടു തരത്തിലുള്ള അസ്ഥീപേശികളാണുള്ളത്; ബാഹ്യപേശികളും (Extrinsic muscles) ആന്തരപേശികളും (Intrinsic muscles). ബാഹ്യപേശികളില്‍ പ്രധാനമായും നാലു ജോടിയാണുള്ളത്. ഈ പേശികള്‍ നാവിനെ വായയ്ക്കുള്ളിലെ അസ്ഥികളുമായും മറ്റു ഭാഗങ്ങളുമായും ബന്ധിപ്പിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു. ഈ പേശികള്‍ പ്രധാനമായും വായയുടെ മറ്റു ഭാഗങ്ങളില്‍നിന്നും ആരംഭിക്കുന്നവയും നാവിനെ ചലിക്കാന്‍ സഹായിക്കുന്നവയുമാണ്. ആഹാരം ചവച്ചരയ്ക്കുന്നതിനും വിഴുങ്ങുന്നതിനും ഇവ സഹായിക്കുന്നു. ഇവ പൊതുവേ, ഹയോയിഡ് അസ്ഥിയില്‍നിന്നോ താടിയെല്ലിന്റെ ഉള്‍ഭാഗത്തുനിന്നോ ആണ് ആരംഭിക്കുന്നത്. ജെനിയോ ഗ്ലോസ്സസ് പേശി, ഹയോഗ്ലോസ്സസ് പേശി, സ്റ്റൈലോ ഗ്ലോസ്സസ് പേശി, പലേറ്റോഗ്ലോസ്സസ് പേശി എന്നിവയാണ് ബാഹ്യപേശികള്‍. [[Image: നാവിന്റെ വിവിധതരം ലഘു ചലനങ്ങളെ സഹായിക്കുന്നതില്‍ ആന്തര പേശികള്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ഇവ, നാവിന്റെ വിവിധ ഭാഗങ്ങളിലായാണ് കാണപ്പെടുന്നത്. നാവിന്റെ ഉപരിതലത്തില്‍ കാണുന്ന പേശികള്‍ സുപ്പീരിയര്‍ ലോന്‍ജിറ്റ്യൂഡിനല്‍ പേശികള്‍ എന്നറിയപ്പെടുന്നു. നാവിന്റെ പാര്‍ശ്വങ്ങളില്‍ കാണപ്പെടുന്ന പേശികളാണ് ഇന്‍ഫീരിയര്‍ ലോന്‍ജിറ്റ്യൂഡിനല്‍ പേശികള്‍. നാവിന്റെ മധ്യഭാഗത്തായി കാണപ്പെടുന്നതും, സുപ്പീരിയര്‍, ഇന്‍ഫീരിയര്‍, ലോന്‍ജിറ്റ്യൂഡിനല്‍ പേശികളെ തമ്മില്‍ ബന്ധിപ്പിക്കുന്നതുമായ പേശിയാണ് വെര്‍ട്ടികാലിസ്. നാവിലെ ശ്ലേഷ്മസ്തരവുമായി ബന്ധപ്പെട്ടതും, നാവിന്റെ മധ്യഭാഗത്തുള്ളതുമായ മറ്റൊരുതരം പേശിയാണ് ട്രാന്‍സ്വേഴ്സസ് (transversus) പേശി.

മനുഷ്യന്റെ നാവിനെ പ്രധാനമായും രണ്ടു ഭാഗങ്ങളായി വിഭജിക്കാം. നാവിന്റെ അഗ്രഭാഗത്തെ മൂന്നിലൊന്ന് ഭാഗം ഓറല്‍ഭാഗം എന്നും, തൊണ്ടയിലേക്ക് നീളുന്ന നാവിന്റെ പിന്‍ഭാഗത്തെ ഫാരിഞ്ചല്‍ഭാഗം എന്നും വിളിക്കുന്നു. നാവിലെ കപാല നാഡികള്‍ (cranial nerves) നാവിന്റെ വിവിധതരം സംവേദനങ്ങളെ മസ്തിഷ്കത്തില്‍ എത്തിക്കുവാന്‍ സഹായിക്കുന്നു. ഫാരിഞ്ചല്‍ ഭാഗത്തുള്ള രുചി, ചൂട്, സ്പര്‍ശം, വേദന തുടങ്ങിയ സംവേദനങ്ങള്‍ ഗ്ലോസ്സോഫാരിഞ്ചിയല്‍നാഡി അഥവാ ഒന്‍പതാം കപാലനാഡിയാണ് നിര്‍വഹിക്കുന്നത്. ഓറല്‍ ഭാഗത്തുള്ള രുചി സംവേദനങ്ങളെ വഹിക്കുന്നത് ലിന്‍ഗ്വല്‍നാഡി അഥവാ അഞ്ചാം കപാലനാഡിയും. ഫേഷ്യല്‍ നാഡി അഥവാ ഏഴാം കപാലനാഡിയാണ് പൊതു സംവേദനങ്ങളെ വഹിക്കുന്നത്.

ബാഹ്യകരോറ്റിഡ് ധമനിയുടെ ശാഖയായ ലിന്‍ഗ്വല്‍ ധമനി വഴിയാണ് നാവിന് ആവശ്യമായ രക്തം എത്തിക്കുന്നത്. വായയ്ക്കുള്ളില്‍, നാവ് ഒരു ശ്ലേഷ്മസ്തരം കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. നാവിന്റെ ഉപരിഭാഗത്തെ അപേക്ഷിച്ച് അടിഭാഗം വളരെ മൃദുലമാണ്. ഈ ഭാഗത്ത് ധാരാളം രക്തക്കുഴലുകളും, നാഡികളും, പേശികളും കാണപ്പെടുന്നു. നാവിന്റെ മുകള്‍ഭാഗം പാപ്പില്ലകള്‍ (Papillae) എന്നറിയപ്പെടുന്ന ചെറിയ, എഴുന്നു നില്‍ക്കുന്ന ഭാഗങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നു. ഇവ (പാപ്പില്ലകള്‍) നാവിന്റെ ഉപരിപ്രതലത്തെ പരുക്കന്‍ പ്രതലമാക്കി മാറ്റുന്നു. പാപ്പില്ലകളിലാണ് സ്വാദ് മുകുളങ്ങളും, ഉമിനീര്‍ ഗ്രന്ഥികളും സ്ഥിതി ചെയ്യുന്നത്. മനുഷ്യനില്‍ ശ.ശ. 5000 സ്വാദ് മുകുളങ്ങള്‍ കാണപ്പെടുന്നതായി കണക്കാക്കപ്പെടുന്നു. പ്രധാനമായും നാലുതരം പാപ്പില്ലകളാണുള്ളത്; ഫിലിഫോം, ഫഞ്ചിഫോം, സര്‍കംവെല്ലേറ്റ്, ഫോളിയേറ്റ് എന്നിവ. ഇവയില്‍ ഫിലിഫോം ഒഴികെയുള്ള എല്ലാ പാപ്പില്ലകളുടെയും ഉപരിതലത്തിലും സ്വാദ് മുകുളങ്ങള്‍ അടങ്ങിയിരിക്കുന്നു. താരതമ്യേന വലുപ്പമുള്ള സര്‍ക്കം വെല്ലേറ്റ് പാപ്പില്ലകള്‍ 'ഢ' ആകൃതിയില്‍ ക്രമീകരിച്ചിരിക്കുന്നു. പാപ്പില്ലകള്‍, കപാലനാഡികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവ കയ്പ്, പുളി, മധുരം, ഉപ്പ് എന്നീ രുചികളെ തിരിച്ചറിയാന്‍ സഹായിക്കുന്നു.

സ്വാദുമുകുളങ്ങള്‍, റിസപ്റ്റര്‍ കോശങ്ങള്‍ കൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. സ്വാദു മുകുളങ്ങളുടെ ചുറ്റിലുമുള്ള എപ്പിത്തീലിയല്‍ കോശങ്ങള്‍ക്ക് രൂപാന്തരം സംഭവിച്ചാണ് റിസപ്റ്റര്‍ കോശങ്ങള്‍ ഉണ്ടാകുന്നത്. ഓരോ 10 ദിവസം കഴിയുമ്പോഴും, പഴയ റിസപ്റ്റര്‍ കോശങ്ങള്‍ നശിക്കുകയും പുതിയവ രൂപം കൊള്ളുകയും ചെയ്യുന്നു. ഭക്ഷണം ചവച്ചരയ്ക്കുന്നതിനും വിഴുങ്ങുന്നതിനും പുറമേ, വിവിധതരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതിനും സംസാരിക്കുന്നതിനും രുചിഭേദങ്ങള്‍ തിരിച്ചറിയുന്നതിനും നാവ് മനുഷ്യരെ സഹായിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%B5%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍