This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാവികകലാപം (റോയല്‍ ഇന്ത്യന്‍ നേവി)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാവികകലാപം (റോയല്‍ ഇന്ത്യന്‍ നേവി)

1946-ല്‍ ബ്രിട്ടീഷ് മേലധികാരികള്‍ക്കെതിരെ റോയല്‍ ഇന്ത്യന്‍ നേവിയിലെ നാവികര്‍ നടത്തിയ കലാപം. 1857-ലെ ബ്രിട്ടീഷ് ഇന്ത്യന്‍ കലാപംപോലെ, സ്വാതന്ത്ര്യ സമരചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമായിരുന്ന നാവികകലാപം.

Image:royal nevi.png

1946 ഫെ. 18-ന് റോയല്‍ ഇന്ത്യന്‍ നേവിയുടെ 'എച്ച്.എം.എസ്. തല്‍വാര്‍' എന്ന പരിശീലനക്കപ്പലിലെ ഇന്ത്യന്‍ നാവികര്‍ പണിമുടക്കിയതിനെത്തുടര്‍ന്നുള്ള സാഹചര്യങ്ങളാണ് കലാപത്തിന് വഴിതെളിച്ചത്. വംശീയ വിവേചനം, വെള്ളക്കാരായ മേലധികാരികളുടെ ധാര്‍ഷ്ട്യം എന്നിവയ്ക്കു പുറമേ, ഭക്ഷണയോഗ്യമല്ലാത്ത ആഹാരവും നാവികരുടെ ഇടയില്‍ അസംതൃപ്തി ഉളവാക്കിയിരുന്നു. ആഹാരത്തെക്കുറിച്ച് പരാതി പറഞ്ഞ നാവികരോട് 'തെണ്ടികള്‍ക്ക് തിരഞ്ഞെടുക്കുവാന്‍ അവകാശമില്ല' എന്ന ബ്രിട്ടീഷ് മേലധികാരിയുടെ പ്രകോപനപരമായ മറുപടിയാണ് പണിമുടക്കിന് നാവികരെ പ്രേരിപ്പിച്ചത്. ഫെ. 19-ന് ബോംബെ തുറമുഖത്തെ 20 കപ്പലുകളിലെ 20,000 നാവികരും പണിമുടക്കില്‍ പങ്കുചേര്‍ന്നതോടെ ബ്രിട്ടീഷ് വിരുദ്ധ നീക്കങ്ങള്‍ ശക്തമായി. 'ബ്രിട്ടീഷ് സാമ്രാജ്യത്വം നശിക്കട്ടെ; വിപ്ളവം വിജയിക്കട്ടെ' എന്നീ മുദ്രാവാക്യങ്ങളുമായി ബോംബെ നഗരത്തില്‍ പ്രകടനം നടത്തിയ നാവികര്‍ ബ്രിട്ടീഷ് പതാകയ്ക്കു പകരം ത്രിവര്‍ണ പതാക നാട്ടുകയും ബ്രിട്ടീഷ് പട്ടാളക്കാരെ തിരഞ്ഞുപിടിച്ച് അക്രമിക്കുകയും ചെയ്തത് അധികാരികളില്‍ ആശങ്കയുളവാക്കിയിരുന്നു. സ്ഥിതിഗതികള്‍ ശാന്തമാക്കുവാന്‍ ഫെ. 21-ന് ബോംബെ നാവികകേന്ദ്രത്തില്‍ വിന്യസിക്കപ്പെട്ട പട്ടാളം ബാരക്കുകള്‍ക്കു ചുറ്റും കടുത്ത ബന്തവസ്സ് ഏര്‍പ്പെടുത്തിയത് നാവികരെ പ്രകോപിപ്പിച്ചു. ബാരക്കില്‍നിന്നും പുറത്തുകടന്ന ഒരു നാവികനെ പട്ടാളം വെടിവച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാലു നാവികര്‍ കൊല്ലപ്പെട്ടു. കറാച്ചി, വിശാഖപട്ടണം, കൊച്ചി എന്നിവിടങ്ങളിലെ നാവികരും പണിമുടക്കില്‍ പങ്കുചേര്‍ന്നതോടെ ബ്രിട്ടീഷുകാര്‍ നിസ്സാരമെന്ന് തള്ളിക്കളഞ്ഞ സമരം 1857-ലെ കലാപത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുകയും അവരെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തു. കലാപകാരികളോട് അനുഭാവം പ്രകടിപ്പിക്കുവാനായി ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഫെ. 21-ന് ബോംബെയില്‍ നടന്ന ഹര്‍ത്താല്‍ നഗരത്തെ നിശ്ചലമാക്കി. പാകിസ്താന്‍ വാദം ശക്തിപ്രാപിച്ച 1946-ല്‍ മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ക്കൊപ്പം ഹര്‍ത്താലില്‍ സജീവമായി പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു. പട്ടണത്തില്‍ റോന്തുചുറ്റിക്കൊണ്ടിരിക്കുന്ന ബ്രിട്ടീഷ് പട്ടാളക്കാരും ജനങ്ങളും തമ്മിലുണ്ടായ വിവിധ ഏറ്റുമുട്ടലുകളില്‍ 228 പേര്‍ കൊല്ലപ്പെടുകയും 1024 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യം നേരിട്ട കടുത്ത പ്രതിസന്ധിയായിട്ടാണ് നാവിക കലാപത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കണ്ടത്. കലാപത്തെ അടിച്ചമര്‍ത്താനുള്ള പ്രധാനമന്ത്രി ആറ്റ്ലിയുടെ നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്ന് അഡ്മിറല്‍ ഗോദ്ഫ്രെ 'ഒന്നുകില്‍ കീഴടങ്ങുക അല്ലെങ്കില്‍ നശിക്കുക' എന്ന അന്ത്യശാസനം നാവികര്‍ക്കു നല്കി. ജിന്നയുടെയും പട്ടേലിന്റെയും അഭ്യര്‍ഥന മാനിച്ച് ഒടുവില്‍ പണിമുടക്ക് അവസാനിപ്പിക്കുവാന്‍ നാവികര്‍ തീരുമാനിച്ചു (ഫെ. 23). ഇന്ത്യയ്ക്കാണ് കീഴടങ്ങുന്നത് ബ്രിട്ടനല്ല എന്ന പ്രഖ്യാപനത്തോടെയാണ് അവര്‍ പണിമുടക്ക് പിന്‍വലിച്ചത്. മൊത്തം 78 കപ്പലുകളും, 20 തീരസ്ഥാപനങ്ങളും 20,000 നാവികരും പണിമുടക്കില്‍ പങ്കെടുത്തിരുന്നു. പൂണെ, അംബാല, ജബല്‍പൂര്‍ യൂണിറ്റുകളിലും ആര്‍.ഐ.എ.എഫ്. അംഗങ്ങള്‍ പണിമുടക്കിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയുണ്ടായി. കേരളത്തില്‍ കണ്ണൂരിലെ മില്‍ത്തൊഴിലാളികള്‍ പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ 110 ദിവസങ്ങളോളം പണിമുടക്കില്‍ പങ്കുചേര്‍ന്നു. അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ 70,000-ത്തില്‍പ്പരം തൊഴിലാളികള്‍ അണിചേര്‍ന്ന കൂറ്റന്‍ പ്രതിരോധ പ്രകടനങ്ങള്‍ നടക്കുകയുണ്ടായി. ഒരു പൊതുകാര്യത്തിനായി സാധാരണക്കാരന്റെയും പട്ടാളക്കാരന്റെയും രക്തം ഒന്നിച്ചൊഴുകിയ ആദ്യത്തെ ചരിത്രസംഭവമായിരുന്ന നാവിക കലാപത്തെ കോണ്‍ഗ്രസ്സും ലീഗും പിന്തുണച്ചില്ല എന്നതും ശ്രദ്ധേയമാണ് (കലാപത്തെ നിശിതമായി വിമര്‍ശിച്ച ഗാന്ധിജി അത് ഇന്ത്യയ്ക്കും ലോകത്തിനും ഹാനികരമാണ് എന്നാണ് അഭിപ്രായപ്പെട്ടത്). പാര്‍ട്ടി താമസിയാതെ ഭരിക്കാന്‍ പോകുന്ന സ്വതന്ത്ര ഇന്ത്യയില്‍ അച്ചടക്കമുള്ള സൈന്യം ആവശ്യമാണ് എന്ന കാഴ്ചപ്പാടായിരുന്നു കോണ്‍ഗ്രസ്സിനെ നാവിക കലാപത്തില്‍ നിന്നും അകന്നു നില്ക്കാന്‍ പ്രേരിപ്പിച്ചത്.

ഐ.എന്‍.എ. പ്രസ്ഥാനവും നാവിക കലാപവുമായിരുന്നു പെട്ടെന്നുള്ള പിന്‍വാങ്ങലിന് ബ്രിട്ടീഷ് ഭരണകൂടത്തെ പ്രേരിപ്പിച്ചതെന്ന് ഒരു വിഭാഗം ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍