This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാളന്ദ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാളന്ദ

1. പ്രാചീന ഭാരതത്തിലെ പ്രശസ്തമായ സര്‍വകലാശാല. ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്നയില്‍ നിന്ന് ഏകദേശം 85 കി.മീ. തെക്കുകിഴക്കായും രാജഗൃഹപട്ടണത്തില്‍ നിന്ന് 10 കി.മീ. പടിഞ്ഞാറായും ബഡ്ഗാമിലാണ് ഈ വിദ്യാകേന്ദ്രം സ്ഥിതിചെയ്യുന്നത്. പില്ക്കാല ഗുപ്തരാജവംശജനായ ശക്രാദിത്യനാണ് നാളന്ദ സ്ഥാപിച്ചതെന്ന് ചീനസഞ്ചാരിയായ ഹുയാങ്സാങ് വിവരിച്ചുകാണുന്നുണ്ട്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പുത്രനായ ബുദ്ധഗുപ്തന്റെ പിന്‍ഗാമിയായ നരസിംഹഗുപ്തന്‍, അദ്ദേഹത്തിന്റെ പുത്രനായ വജ്രഗുപ്തന്‍ തുടങ്ങിയവര്‍ പുതിയ മന്ദിരങ്ങള്‍ നിര്‍മിച്ച് ഇത് വിപുലമാക്കി. ഹര്‍ഷന്‍ തുടങ്ങിയ രാജാക്കന്മാര്‍ നാളന്ദയിലെ സൗകര്യങ്ങള്‍ വിപുലീകരിച്ചു.

[നാളന്ദ സര്‍വ്വകലാശാലയുടെ ശേഷിപ്പുകള്‍]

Image:Nalanda-sariputta.png

ആയിരത്തോളം അധ്യാപകര്‍ പതിനായിരം വിദ്യാര്‍ഥികള്‍ക്ക് തരുനിരകളുടെ വിശാലമായ തണലില്‍ നിരവധി വിഷയങ്ങളില്‍ അധ്യാപനം നടത്തിയിരുന്നു. ദര്‍ശനം, ഇതിഹാസങ്ങള്‍, ജ്യോതിശ്ശാസ്ത്രം, ന്യായം തുടങ്ങിയ വിവിധയിനം ശാസ്ത്രങ്ങളില്‍ ആഴത്തിലുള്ള പഠനമാണ് ഇവിടെ നടന്നുവന്നത്. ആയുര്‍വേദം, മറ്റു ചികിത്സാശാസ്ത്രങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളും പാഠ്യപദ്ധതിയിലുള്‍പ്പെട്ടിരുന്നു. ഹുയാംഗ്സാങ് നാളന്ദ സന്ദര്‍ശിക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്ന ഏറ്റവും വലിയ ആചാര്യന്‍ ശീലഭദ്രനായിരുന്നു. ശീലഭദ്രന്റെ നേതൃത്വത്തില്‍ 1500-ഓളം ഉപ അധ്യാപകരും ഉണ്ടായിരുന്നുവത്രെ. അധ്യാപകരെ മൂന്നുവിഭാഗമായി തിരിച്ചിരുന്നു. ആദ്യവിഭാഗത്തില്‍ 10 അധ്യാപകര്‍ ഉള്‍ക്കൊണ്ടിരുന്നു. ഇവര്‍ വിഭിന്ന ശാസ്ത്രങ്ങളിലും സൂത്രങ്ങളിലും നിഷ്ണാതരായിരുന്നു. രണ്ടാം വിഭാഗത്തില്‍ 500 അധ്യാപകരാണുണ്ടായിരുന്നത്. ഇവരും മുപ്പതോളം വിഷയങ്ങളില്‍ അഭിജ്ഞരായിരുന്നു. മൂന്നാം വിഭാഗത്തില്‍ ആയിരം അധ്യാപകര്‍, ഇരുപതിനം സൂത്രങ്ങളിലും വിവിധ ശാസ്ത്രങ്ങളിലും പാരംഗതരായിരുന്നവര്‍ അതില്‍ ഉള്‍പ്പെട്ടിരുന്നു. ഈ വിദ്യാകേന്ദ്രത്തിലെ ഉന്നതവിദ്യാഭ്യാസത്തിനായി തിബത്ത്, ചൈന, ജപ്പാന്‍, കൊറിയ, ശ്രീലങ്ക തുടങ്ങിയ വിദൂരദേശങ്ങളില്‍നിന്നും വിദ്യാര്‍ഥികള്‍ പഠനോത്സുകരായി എത്തിയിരുന്നു. ഇവിടെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുക അനായാസമായിരുന്നില്ല. ഈ വിദ്യാലയത്തിന്റെ പ്രധാന കവാടത്തിനുള്ളില്‍ പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ദ്വാരപണ്ഡിതന്റെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരങ്ങള്‍ നല്കി വിജയിക്കേണ്ടത് ആവശ്യമായിരുന്നു. തുടര്‍ന്ന് ഇവര്‍ ആചാര്യസമക്ഷം ആനയിക്കപ്പെടുകയും അവിടെ നടത്തുന്ന പ്രവേശനപ്പരീക്ഷയില്‍ വിജയിക്കുകയും വേണമായിരുന്നു. നാളന്ദയില്‍ പ്രവേശനം ലഭിക്കുക ഉന്നതയോഗ്യതയുടെ മാനദണ്ഡമായി അക്കാലത്ത് കണക്കാക്കിയിരുന്നു.

നാളന്ദയിലെ ആചാര്യന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വിസ്തൃതമായ വളപ്പില്‍ രത്നസാഗരം, രത്നോദധി, രത്നഭാജക എന്നീ പേരുകളില്‍ മൂന്ന് വിശാലമായ പുസ്തകാലയങ്ങള്‍ ഉണ്ടായിരുന്നു. രത്നസാഗര്‍ ഒന്‍പത് നിലകളുള്ള ഉന്നതമായ കെട്ടിട സമുച്ചയത്തോടുകൂടിയ അനേകായിരം മഹദ് ഗ്രന്ഥങ്ങളുള്ള ലൈബ്രറിയായിരുന്നു. നൂറിലേറെ പ്രഭാഷണഹാളുകളും ഈ സരസ്വതീമന്ദിരത്തിലുണ്ടായിരുന്നു. വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കിയിരുന്നില്ലെന്നുമാത്രമല്ല, ഭക്ഷണവും താമസസൗകര്യവും സൌജന്യവുമായിരുന്നു. 12-ാം ശ. വരെ പ്രശസ്തമായ നിലയില്‍ ഈ സര്‍വകലാശാല നടന്നിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ നാളന്ദയുടെ നഷ്ടാവശിഷ്ടങ്ങള്‍ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ. എ.ഡി. ഒന്‍പതാം ശതകത്തില്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന അഷ്ടധാതുവിഗ്രഹങ്ങള്‍, 18 കൈകളുള്ള താരാദേവീ വിഗ്രഹം, നാലുകൈകളുള്ള സിംഹത്തിന്മേലിരിക്കുന്ന വാഗീശ്വരി പ്രതിമ എന്നിവയും ഗുപ്ത സാമ്രാജ്യ കാലഘട്ടത്തിലെ ലിഖിതങ്ങളും മുദ്രകളും ലഭ്യമായിട്ടുള്ളവയില്‍പ്പെടുന്നു.

ജൈനമതസ്ഥാപകനായ 24-ാമതു തീര്‍ഥങ്കരന്‍ മഹാവീരന്‍ 14 വര്‍ഷക്കാലം നാളന്ദയില്‍ വസിച്ചിരുന്നു. അനേകം തവണ ഗൗതമബുദ്ധന്‍ തന്റെ ശിഷ്യനായ ആനന്ദനോടൊപ്പം നാളന്ദയിലെത്തിയിരുന്നു. ഗൗതമബുദ്ധന്റെ പ്രധാനശിഷ്യനായ സാരിപുത്തന്‍ ജനിച്ചതും നിര്‍വാണമടഞ്ഞതും നാളന്ദയുടെ സമീപപ്രദേശമായ നാളക ഗ്രാമത്തിലാണ്. ആ സ്ഥലത്ത് ബൗദ്ധഭിക്ഷുക്കള്‍ക്കും ഉപാസകര്‍ക്കുംവേണ്ടി സാരിപുത്തന്റെ സ്മാരകചൈത്യം നിര്‍മിക്കപ്പെട്ടിട്ടുണ്ട്. അശോകചക്രവര്‍ത്തി ഇവിടം സന്ദര്‍ശിക്കുകയും സാരിപുത്തന്റെ ചൈതന്യത്തെ പൂജിക്കുകയും ചെയ്തിരുന്നതായി തിബത്തന്‍ ചരിത്രകാരനായ ലാമാ താരാനാഥന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നും നാളന്ദയിലെ പ്രാചീനാവശിഷ്ടങ്ങള്‍ക്കിടയില്‍ സാരിപുത്തന്റെ ഓര്‍മകളവശേഷിപ്പിക്കുന്ന 'സാരിചകം' എന്ന ഒരു ഗ്രാമമുണ്ട്.

പഠനത്തിലും വിദ്യാഭ്യാസകാലജീവിതത്തിലും കര്‍ശനമായ അച്ചടക്കം പരിപാലിച്ചിരുന്ന നാളന്ദയിലെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്രനിലവാരത്തിലുള്ള അംഗീകാരം സിദ്ധിച്ചിരുന്നു. മഹാപണ്ഡിതന്മാരായ കാഞ്ചീപുരം ധര്‍മപാലന്‍, ദിങ്നാഗന്‍, വസുബന്ധു, ധര്‍മദാസന്‍, അസംഗന്‍ തുടങ്ങിയവര്‍ നാളന്ദയിലെ പ്രധാന ആചാര്യന്മാരില്‍പ്പെട്ടവരാണ്. അസംഗന്‍ 12 വര്‍ഷം നാളന്ദയില്‍ പഠിപ്പിച്ചിരുന്നുവത്രെ.

നാളന്ദയിലെ അധ്യാപകര്‍ വിദേശരാജ്യങ്ങളിലും വിജ്ഞാനം പ്രചരിപ്പിച്ചിരുന്നു. തിബത്തിലെ രാജാവായിരുന്ന സ്ത്രോങ്-ഛന്‍ഗമ്പോ (7-ാം ശ.) തന്റെ നാട്ടില്‍ ഭാരതീയലിപികളും ജ്ഞാനവും പ്രചരിപ്പിക്കുന്നതിനായി പ്രസിദ്ധ വിദ്വാനായിരുന്ന ഥോന്‍-സിംഭോട്ടിനെ നാളന്ദയിലയച്ച് പരിശീലനം സിദ്ധിപ്പിച്ചിരുന്നു. ദേവവിദസിംഹാചാര്യന്റെ കീഴില്‍ ഥോന്‍ ബൗദ്ധ,ബ്രാഹ്മണസാഹിത്യം വളരെക്കാലം അഭ്യസിച്ചിട്ടുണ്ടത്രെ. തിബത്തിലെ മറ്റൊരു രാജാവായിരുന്ന ഥിം സുംഗ്ത്സ നാളന്ദയിലെ കുലപതിയായിരുന്ന ആചാര്യ ശാന്തിരക്ഷിതന്‍, പദ്മസംഭവന്‍ എന്നിവരെ നാട്ടിലേക്ക് ക്ഷണിച്ച് അവിടുത്തെ പണ്ഡിതന്മാര്‍ക്ക് പരിശീലനം നല്കുവാന്‍ ഏര്‍പ്പാടുണ്ടാക്കി. ഈ ആചാര്യന്മാര്‍ തിബത്തില്‍ ബൗദ്ധവിഹാരം സ്ഥാപിച്ച് അധ്യാപനം നടത്തിയിരുന്നു.

ശതാബ്ദങ്ങള്‍ക്കുശേഷം നാളന്ദയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി 1951-ല്‍ 'നവനാളന്ദാമഹാവിഹാരം' എന്ന പേരില്‍ ഒരു സ്ഥാപനം തുടങ്ങി. ഇവിടെ പാലി ഭാഷയിലും ബൗദ്ധസാഹിത്യത്തിലും പഠനഗവേഷണങ്ങള്‍ നടന്നു വരുന്നുണ്ട്. ഇന്ന് പുരാവസ്തുവകുപ്പ് നാളന്ദയിലെ ഒരു ഉദ്യാനവും നഷ്ടാവശിഷ്ടങ്ങളും സംരക്ഷിച്ചുവരുന്നു.

2. ബിഹാറിലെ ഒരു ജില്ല. ചരിത്രപ്രസിദ്ധമായ നാളന്ദ ഇന്ന് ഇന്ത്യയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. 1972 ന. 9-ന് നിലവില്‍ വന്ന നാളന്ദ ജില്ലയ്ക്ക് 2355 ച.കി.മീ. വിസ്തീര്‍ണമുണ്ട്. ജനസംഖ്യ 2368,327 (2001), ജനസാന്ദ്രത 1006/ ച.കി.മീ.; അതിരുകള്‍ വ. പാട്ന ജില്ല, തെ. ഗയ, നവാദ ജില്ലകള്‍, കി.പ. പാട്ന, സായ്ഖ്പുര ജില്ലകള്‍, പ. പാട്ന, ജവിനദാബാദ് ജില്ലകള്‍, ആസ്ഥാനം: ബിഹാര്‍ ഷറിഫ്.

മഗധസാമ്രാജ്യത്തിന്റെ കേന്ദ്രം, വിശ്വപ്രസിദ്ധ സര്‍വകലാശാലയായ നാളന്ദയുടെ ആസ്ഥാനം എന്നീ നിലകളില്‍ പ്രശോഭിച്ചിരുന്ന നാളന്ദയ്ക്ക് ഉദ്ദേശം 2500 വര്‍ഷത്തെ ചരിത്രപാരമ്പര്യമുണ്ട്. ചൈനീസ് സഞ്ചാരിയായ ഹുയാന്‍സാങ്ങിന്റെ യാത്രാവിവരണങ്ങളില്‍ നിന്ന് ഈ പ്രദേശത്തു ഭരണം നടത്തിയിരുന്ന നാഗനന്ദ എന്ന രാജാവിന്റെ പേരില്‍നിന്നാണ് നാളന്ദ എന്ന സ്ഥലനാമം നിഷ്പന്നമായതെന്നു മനസ്സിലാക്കാം. അതിപുരാതനകാലം മുതല്‍ നാളന്ദ, ചരിത്രത്തില്‍ അറിയപ്പെട്ടിരുന്നു. ബി.സി 600 മുതലുള്ള നാളന്ദയുടെ ചരിത്രം ലഭ്യമാണ്. ബുദ്ധ-ജൈന മത ഗ്രന്ഥങ്ങളിലും നാളന്ദയെക്കുറിച്ചുള്ള സുദീര്‍ഘമായ വിവരങ്ങള്‍ കാണാം. ഹുയാന്‍സാങ്ങിനു പുറമേ ഇത്സിങും (എ.ഡി. 7-ാം ശ.) തിബത്തന്‍ സഞ്ചാരിയായ ധര്‍മസ്വാമിയും (എ.ഡി. 13-ാം ശ.) നാളന്ദയെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്.

ഭൂപ്രകൃതിയനുസരിച്ച് നാളന്ദ ജില്ലയെ രണ്ടു പ്രധാന നൈസര്‍ഗിക മേഖലകളായി വിഭജിച്ചിരിക്കുന്നു; രാജ്ഗീര്‍ കുന്നുകള്‍ ഉള്‍പ്പെടുന്ന തെക്ക് കിഴക്കന്‍ ഭാഗത്തെ ഉയര്‍ന്ന പ്രദേശവും ശേഷിക്കുന്ന നദീജന്യ എക്കല്‍തട പ്രദേശവും. രാജ്ഗീര്‍ കുന്നുകളാണ് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം. ബോധ്ഗയ മുതല്‍ ഗിരിയക്ക് വരെ വ്യാപിച്ചിരിക്കുന്ന മലനിരയുടെ ഭാഗമാണ് രാജ്ഗീര്‍ കുന്നുകള്‍. ഗിരിയക്കില്‍ നിന്നാരംഭിക്കുന്ന രണ്ടു സമാന്തര നിരകള്‍ രാജ്ഗീര്‍ പട്ടണത്തിന് തെക്ക് വച്ച് വിസ്തൃതമായൊരു താഴ്വരയെ വലയം ചെയ്യുന്നു. ഈ താഴ്വര പ്രദേശത്താണ് പുരാതന രാജ്ഗൃഹപട്ടണം നിലനിന്നിരുന്നത്.

വനങ്ങളും വനസമ്പത്തും വളരെ ശുഷ്കമാണ്. ജില്ലാ വിസ്തൃതിയുടെ 0.36 ശ.മാ. മാത്രമേ വനഭൂമിയുള്ളൂ. നദീതടങ്ങളോടടുത്ത പ്രദേശങ്ങളില്‍ ധാന്യവിളകളും മറ്റും കൃഷി ചെയ്യുന്നു. ജില്ലയുടെ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളില്‍ മാന്തോപ്പുകളും മുളങ്കാടുകളും സമൃദ്ധമായി വളരുന്നത് കാണാം. അരുവികളും പുഴകളുമാണ് മുഖ്യജലസ്രോതസ്സുകള്‍.

കാര്‍ഷികോത്പാദനത്തില്‍ കേന്ദ്രീകൃതമായൊരു സമ്പദ്ഘടനയാണ് നാളന്ദ ജില്ലയുടേത്, കൃഷിയും കന്നുകാലിവളര്‍ത്തലുമാണ് തദ്ദേശീയരുടെ മുഖ്യ ഉപജീവനമാര്‍ഗം. ജില്ലയിലുടനീളം കാണപ്പെടുന്ന കളിമണ്ണു കലര്‍ന്ന പ്രത്യേകയിനം മണ്ണ് നെല്‍ക്കൃഷിക്ക് അനുയോജ്യമാണ്. പ്രധാനവിളയായ നെല്ലിനു പുറമേ ഉരുളക്കിഴങ്ങ്, പച്ചക്കറികള്‍, ചോളം, ഗോതമ്പ് തുടങ്ങിയവയും ജില്ലയില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. വ്യാവസായികമായി വളരെയധികം പിന്നോക്കം നില്‍ക്കുന്ന ഈ ജില്ലയില്‍ സില്‍ക്ക് നെയ്ത്ത്, ബീഡി നിര്‍മാണം തുടങ്ങിയ ചില ചെറുകിട വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്ലാംപൂര്‍, ഹിത്സ, ബിഹാര്‍ഷറിഫ് എന്നിവയാണ് ജില്ലയിലെ മുഖ്യവാണിജ്യകേന്ദ്രങ്ങള്‍.

[പുരാവസ്തു മ്യൂസിയം]

Image:nalandamuseum1.png

വിപുലമായ റോഡ്-റെയില്‍ ഗതാഗതസൗകര്യങ്ങള്‍ ജില്ലയില്‍ ലഭ്യമാണ്. സംസ്ഥാനത്തിന്റെ ഉത്തര-ദക്ഷിണ ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാതയിലാണ് ജില്ലാ ആസ്ഥാനമായ ബിഹാര്‍ഷറിഫ് പട്ടണം സ്ഥിതി ചെയ്യുന്നത്. ഫത്വാ-ഇസ്ലാപൂര്‍ ലൈറ്റ് റെയില്‍വേ, ബക്തിയാര്‍പൂര്‍-രാജ്ഗീര്‍ ബ്രാഞ്ച് ലൈന്‍ എന്നീ റെയില്‍പ്പാതകള്‍ നാളന്ദയിലൂടെയാണ് കടന്നുപോകുന്നത്.

ജില്ലാജനസംഖ്യയില്‍ ഹിന്ദുക്കള്‍ക്കാണ് പ്രാമുഖ്യം; രണ്ടാംസ്ഥാനം മുസ്ലിങ്ങള്‍ക്കും. ക്രൈസ്തവ-സിക്ക്-ബുദ്ധ-ജൈനമതവിഭാഗങ്ങളും ജില്ലയില്‍ നിവസിക്കുന്നുണ്ട്. ഹിന്ദിയും ഉര്‍ദുവും മുഖ്യവ്യവഹാരഭാഷകളായി പ്രചാരത്തിലുള്ള ജില്ലയില്‍ 20 കോളജുകള്‍ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. സാക്ഷരത: 53.64 ശ.മാ. (2001).

ചരിത്ര-പുരാതനഗവേഷകരുടെയും വിനോദസഞ്ചാരികളുടെയും ഒരു പ്രധാനകേന്ദ്രമാണ് നാളന്ദ. ബിഗാംപൂര്‍, ഇസ്ലാംപൂര്‍, കാശ്മീരി ചൌക്ക്, നാളന്ദ ഗ്രാമം, പര്‍നവാന്‍, പവപുരി, സന്‍സസ്, ബിഹാര്‍ഷറിഫ്, രാജ്ഗീര്‍ എന്നിവ ജില്ലയിലെ ഇതര പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാകുന്നു. നാളന്ദ സര്‍വകലാശാലയുടെ അവശിഷ്ടങ്ങളാണ് ബിഗാംപൂറിലെ മുഖ്യ ആകര്‍ഷണം. ജില്ലാ ആസ്ഥാനമായ ബിഹാര്‍ഷറിഫില്‍ നിന്നു 13. കി.മീ. തെ. ആണ് വിശ്വപ്രസിദ്ധമായ നാളന്ദ സര്‍വകലാശാലയുടെ ചരിത്രാവശിഷ്ടങ്ങളും വിഗ്രഹങ്ങളും മറ്റും ഉള്ളത്. വീണ്ടെടുത്ത പുരാതന ചരിത്രാവശിഷ്ടങ്ങളുടെ ശേഖരമുള്ള ഒരു മ്യൂസിയവും പാലി പഠനകേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%B3%E0%B4%A8%E0%B5%8D%E0%B4%A6" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍