This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാല്‍ഗോണ്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാല്‍ഗോണ്ട

ആന്ധ്രപ്രദേശിലെ ഒരു ജില്ലയും ജില്ലാ ആസ്ഥാന നഗരവും. ഹൈദരാബാദിന് 88 കി.മീ. തെ. കിഴക്ക് സ്ഥിതിചെയ്യുന്ന ജില്ലയുടെ വിസ്തീര്‍ണം: 14,240 ച.കി.മീ.; ജനസംഖ്യ: 32,47,982 (2001); അതിരുകള്‍: വ. മേദക്, വാറങ്ഗല്‍ ജില്ലകള്‍, തെ. ഗുണ്ടൂര്‍, മെഹ്ബൂബ് നഗര്‍ ജില്ലകള്‍, കി. ഖമ്മം, കൃഷ്ണ ജില്ലകള്‍, പ.രങ്ഗറെഡി, മെഹ്ബൂബ് നഗര്‍ ജില്ലകള്‍.

പടിഞ്ഞാറു നിന്നും വ. പടിഞ്ഞാറുനിന്നും തെ. കിഴക്കോട്ടു ചരിഞ്ഞിറങ്ങുന്ന ഭൂപ്രകൃതിയാണ് ജില്ലയുടേത്. ധാരാളം കുന്നിന്‍ നിരകളും ഒറ്റപ്പെട്ട ചെറുകുന്നുകളും ജില്ലയിലുടനീളം കാണാം. കൃഷ്ണയാണ് പ്രധാന നദി. ജില്ലയിലെ മുഖ്യ ഉപജീവനമാര്‍ഗം കൃഷിയാണ്; നെല്ല് മുഖ്യവിളയും. ചോളം, നിലക്കടല, ആവണക്ക് തുടങ്ങിയവയും ഇവിടെ വിപുലമായി കൃഷിചെയ്യപ്പെടുന്നുണ്ട്. നാഗാര്‍ജുന സാഗര്‍, മൂസി, ഡിണ്ടി ജലസേചന പദ്ധതികളാണ് കൃഷിക്കാവശ്യമായ ജലം പ്രദാനം ചെയ്യുന്നത്. കന്നുകാലി വളര്‍ത്തലും, ക്ഷീര വ്യവസായവുമാണ് തദ്ദേശീയരുടെ മറ്റു ഉപജീവനമാര്‍ഗങ്ങള്‍. കയോലിന്‍ കളിമണ്ണാണ് ജില്ലയിലെ ഏക പ്രധാന ധാതു. സിമെന്റ്, ഇഷ്ടിക എന്നിവയുടെ നിര്‍മാണം ജില്ലയിലെ മുഖ്യവ്യവസായമായി വികസിച്ചിരിക്കുന്നു.

തെലുഗു, ഉറുദു, ഹിന്ദി, എന്നിവയാണ് ഈ ജില്ലയില്‍ വ്യാപകമായുപയോഗിക്കപ്പെടുന്ന ഭാഷകള്‍. ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെട്ടവരാകുന്നു. ശ്രീ. വെങ്കടേശ്വര കോളജ്, ശ്രീ. അരബിന്ദോ കോളജ്, നാല്‍ഗോണ്ട കോളജ്, നാഗാര്‍ജുന ഗവണ്‍മെന്റ് കോളജ് തുടങ്ങി ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

നാല്‍ഗോണ്ട ജില്ലയുടെ ഗതാഗത മേഖലയില്‍ റോഡുകള്‍ക്കാണ് മുന്‍ഗണന. ഹൈദരബാദ്-കാസിപേട്ട് റെയില്‍പ്പാത ഈ ജില്ലയിലൂടെ കടന്നുപേകുന്നു. അലെയ്ര്‍, ഭോങ്ഗിര്‍, കോലാന്‍പാക്, ഗുണ്ട്ലപള്ളി, മാട്ടപ്പള്ളി, മോത്കൂര്‍, വിജയപുരി, വടാപള്ളി തുടങ്ങിയവ ജില്ലയിലെ വിനോദ സഞ്ചാര പ്രധാന്യമുള്ള പ്രദേശങ്ങളാകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍