This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാലുകെട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാലുകെട്ട്

1. കേരളീയ തച്ചുശാസ്ത്ര പ്രകാരമുള്ള സവിശേഷ ഗൃഹം. നാലുവശത്തായി നാലു'കെട്ടു'കളും (തെക്കിനി, വടക്കിനി, പടിഞ്ഞാറ്റിനി, കിഴക്കിനി) നടുവില്‍ നടുമുറ്റവുമുള്ള മന്ദിരമാണിത്. ഒരുകാലത്ത് ആഢ്യത്വത്തിന്റെയും തറവാടിത്തത്തിന്റെയും പ്രതീകമായിരുന്നു നാലുകെട്ടുകള്‍. ഭൂപ്രഭുക്കളായിരുന്നു നാലുകെട്ടുകളുടെ അവകാശികള്‍. പൊതുവേ കൂട്ടുകുടുംബങ്ങള്‍ക്ക് താമസിക്കാനാണ് ഇവ നിര്‍മിച്ചിരുന്നത്. വടക്കുഭാഗത്ത് അടുക്കളയും പടിഞ്ഞാറുഭാഗത്ത് സാധനങ്ങള്‍ സൂക്ഷിക്കാനുള്ള കലവറയും കിടപ്പുമുറികളുമാണുണ്ടായിരിക്കുക. തെക്ക്, കിഴക്ക് ഭാഗങ്ങളില്‍ അതിഥികള്‍ക്കുള്ള വലിയ അറകളായിരിക്കും. നെല്ലു സൂക്ഷിക്കാനുള്ള വലിയ അറകളും പഴയ നാലുകെട്ടുകളില്‍ കാണാം. മുന്‍വശത്ത് ഒരു തുളസിത്തറയും ഉണ്ടാകും. നാലുകെട്ടിനകത്ത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സ്ഥാനങ്ങളുണ്ട്. നാലുകെട്ടുകളെ കൂടുതല്‍ വികസിപ്പിച്ച്, രണ്ട് മുറ്റങ്ങളുള്ള എട്ടുകെട്ടുകളും, നാലു മുറ്റങ്ങളുള്ള പതിനാറു കെട്ടുകളും കേരളത്തിലുണ്ടായിരുന്നു.

Image:naalukettu.png

നാലുകെട്ട് കേരളീയ ഗൃഹനിര്‍മാണ രീതിയുടെ ശാസ്ത്രീയ രൂപമായി കരുതപ്പെടുന്നുവെങ്കിലും, അത് തനികേരളീയം എന്നുവിശേഷിപ്പിക്കാന്‍ പറ്റില്ല. മധ്യേഷ്യയിലെ ഗൃഹനിര്‍മാണ രീതികളോട് ഇതിനു സാമ്യമുണ്ട്. ഭാരതീയ തച്ചുശാസ്ത്ര ഗ്രന്ഥങ്ങളില്‍ പറയുന്ന 'ശാല' (Sala) എന്നതിന്റെ വികസിതരൂപമാണ് നാലുകെട്ടുകള്‍ എന്നും അഭിപ്രായമുണ്ട്. സമചതുരമോ, ദീര്‍ഘചതുരാകൃതിയോ ഉള്ള മുറിയാണ് ശാല. ഏകശാല, ദ്വിശാല, ത്രിശാല എന്നിങ്ങനെ വിവിധ നിര്‍മാണ രീതികള്‍ നിലവിലുണ്ടായിരുന്നു. ഇത്തരത്തില്‍ ചതുശ്ശാല എന്നറിയപ്പെടുന്ന ഗൃഹങ്ങള്‍ നാലുകെട്ടുകള്‍ക്കു സമാനമാണ്.

കേരളത്തില്‍ ഒന്‍പതുതരം നാലുകെട്ടുകള്‍ ഉണ്ടെന്ന് കേരളീയ തച്ചുശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്നു. ഭിന്നം, സംശ്ലിഷ്ടം തുടങ്ങി പല പേരുകളിലും അവ അറിയപ്പെടുന്നു. നിര്‍മാണത്തിലെ വായുസഞ്ചാര ക്രമീകരണത്തിന് 'സൂത്രവിന്യാസം' എന്ന രീതി അവലംബിക്കുന്നു. ഗൃഹമധ്യത്തിലൂടെ കിഴക്കുപടിഞ്ഞാറ് ദ്വാരമിട്ടുള്ള കര്‍ണസൂത്രവിന്യാസം, വടക്കുപടിഞ്ഞാറുനിന്നും തെക്കുകിഴക്കുഭാഗത്തേക്കുള്ള മൃത്യുസൂത്രവിന്യാസം എന്നിവ അത്തരത്തിലുള്ള സൂത്രവിന്യാസങ്ങളാണ്.

Image:Nalukettu 11.png

ചെങ്കല്ലില്‍ പണിതു ചുണ്ണാമ്പുപൂശിയുണ്ടാക്കുന്നതാണ് നാലുകെട്ടുകള്‍. കല്ലിനുപകരം തടിമാത്രം ഉപയോഗിച്ചു നിര തയ്യാറാക്കുന്ന രീതിയുമുണ്ട്. മേല്‍ക്കൂര മേയാന്‍ ഓട്, തെങ്ങോല, പനയോല എന്നിവ ഉപയോഗിച്ചിരുന്നു. തേക്ക്, ഈട്ടി, മഹാഗണി എന്നിവയിലാണ് മരപ്പണികള്‍ ചെയ്യുന്നത്. ഇവയിലൊക്കെ കൊത്തുപണികള്‍ കാണാം. പണ്ട് തച്ചന്‍ കുടുംബാംഗങ്ങളായിരുന്നു നാലുകെട്ടുകളിലെ മരപ്പണികള്‍ ചെയ്തിരുന്നത്. ആധുനിക കാലത്ത് നാലുകെട്ടുകളുടെ മാതൃകയിലുള്ള കോണ്‍ക്രീറ്റ് വീടുകള്‍ നിര്‍മിക്കപ്പെടുന്നുണ്ട്.

ഉത്തമവും സുരക്ഷിതവുമായ കേരളീയ ഭവനമാതൃക എന്ന നിലയില്‍ പ്രസിദ്ധമാണ് നാലുകെട്ട് അഥവാ നാലുപുര. വീടിന്റെ മധ്യഭാഗത്തേക്കും കാറ്റ് കടക്കുന്നതിനായി അങ്കണം ഒരുക്കുന്നത് നാലുകെട്ടിന്റെ പ്രധാന പ്രത്യേകതയാണ്. ഇന്ത്യയില്‍ ആദ്യമായി ഇത്തരത്തിലുള്ള ഭവനനിര്‍മാണരീതി ആവിഷ്കരിച്ചത് നാഗന്മാരാണെന്ന് വിശ്വസിക്കപ്പെടുന്നു. ഭാവനയുടെയും യുക്തിയുടെയും ശാസ്ത്രീയസമീപനത്തിന്റെയും വിലാസരേഖകളാണ് നാലുകെട്ടുവീടുകള്‍.

നാലുകെട്ട് സംബന്ധമായ ധാരാളം തച്ചുശാസ്ത്രഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. വാസ്തുവിദ്യ, മാനവ വാസ്തുലക്ഷണം, മാര്‍ക്കണ്ഡേയം, കാശ്യപീയം, വാസ്തുകല, മനുഷ്യാലയ ചന്ദ്രിക, ശില്പരത്നം, തന്ത്രസമുച്ചയം തുടങ്ങിയ ഗ്രന്ഥങ്ങള്‍ അവയില്‍ ചിലതാണ്.

Image:Nalukettu 12.png

തീക്ഷ്ണമായ വിശ്വാസങ്ങളുടെയും ഉറച്ച ആചാരങ്ങളുടെയും ആധാരമണ്ഡപങ്ങള്‍ കൂടിയാണ് നാലുകെട്ടുകള്‍. സാംസ്കാരികവും ജാതീയവുമായ അളവുകോലുകള്‍ ഇവിടെയും ബാധകമായിരുന്നു. നമ്പൂതിരിക്കും നായര്‍ക്കും തീര്‍ക്കുന്ന നാലുകെട്ടുകള്‍ക്ക് വ്യത്യസ്തമായ അളവുമാതൃകകളാണ് ഉപയോഗിച്ചിരുന്നത്. 25 അംഗുലം നീളമുള്ള കോലുകൊണ്ട് ദേവസ്ഥാനവും 30 അംഗുലം കൊണ്ട് ക്ഷത്രിയഗൃഹവും 29 അംഗുലം നീളമുള്ള കോലുകൊണ്ട് നായര്‍ ഗൃഹവും അളക്കണമെന്നായിരുന്നു വിധി. ഓരോരുത്തരുടെയും ജാതിക്കനുസരിച്ചുള്ള നാലുപുരകള്‍ അന്നത്തെ ജാതിഘടനയുടെ സാംസ്കാരികചരിത്രം തന്നെയാണ് വെളിപ്പെടുത്തുന്നത്. തീണ്ടലില്ലാത്ത അതിഥികള്‍ക്കായി നാടശാല, സമശീര്‍ഷരായവര്‍ക്കുള്ള പടിഞ്ഞാറ്റിത്തറ, രോഗികള്‍ക്കുള്ള ദീനമുറി, നമ്പൂതിരിമാര്‍ക്ക് അത്താഴത്തിനുള്ള മേലടുക്കള, സ്ത്രീകള്‍ക്കുള്ള മുറി, അടുക്കള സാമഗ്രികള്‍ സൂക്ഷിക്കാനുള്ള കലവറ, ഉപ്പിലിട്ടവകകള്‍ സൂക്ഷിക്കുന്ന പുത്തനറ, പ്രസവമുറിയായ വടക്കേഅകം, ഉച്ചഭക്ഷണത്തിനുള്ള വടക്കേക്കെട്ട്, അന്തര്‍ജനങ്ങള്‍ അത്താഴമുണ്ണുന്ന തുണ്ടനടുക്കള, മോരും അനുബന്ധവകകളും വയ്ക്കുന്ന മോരകമുറി തുടങ്ങിയ സംവിധാനങ്ങള്‍ നമ്പൂതിരീനാലുകെട്ടിന്റെ സവിശേഷതകളാണ്.

പദവിയും പ്രഭുത്വവുമനുസരിച്ചായിരുന്നു നാലുകെട്ടിന്റെ വലുപ്പം നിര്‍ണയിച്ചിരുന്നത്. മഹാരാജാക്കന്മാരുടെയും രാജപ്രമുഖന്മാരുടെയും ഇല്ലങ്ങളും കോവിലകങ്ങളും എട്ടോ പത്തോ നാലുകെട്ടുകളോടുകൂടിയതായിരുന്നു. സാധാരണ രണ്ടുനിലകളായിരുന്നെങ്കിലും മഹാപ്രഭുക്കന്മാര്‍ മൂന്നു-നാലുനില മാളികകളും നിര്‍മിച്ചിരുന്നു. നാലുകെട്ടുവീടുകളുടെ പടിപ്പുര, സാംസ്കാരിക മാഹാത്മ്യം വിളിച്ചോതുന്നതായിരുന്നു. സാമ്പത്തികശേഷി കുറഞ്ഞവരുടേത് ഓലമേഞ്ഞ ചെറിയ പടിപ്പുരയായിരിക്കും. പ്രഭുക്കന്മാര്‍ പലതരം വിശേഷപ്പെട്ട ചിത്രപ്പണികളുള്ള പടിപ്പുര അലങ്കാരമായും അഭിമാനമായും കണ്ടു. പടിപ്പുരയും പാര്‍പ്പിടവും അക്കാലത്തെ വര്‍ണവിവേചനത്തിന്റെ പ്രകടനപത്രികകളായി വിലയിരുത്തപ്പെടുന്നു. പുര, മാടം, ചെറ്റ തുടങ്ങിയ പേരുകളിലാണ് താഴ്ന്ന ജാതിക്കാരുടെ താമസയിടങ്ങള്‍ അറിയപ്പെട്ടിരുന്നത്. വീടു വയ്ക്കാനുപയോഗിച്ച തടിയും അനുബന്ധസാമഗ്രികളും ജാതിവിവേചനദിശാസൂചകങ്ങളായി കണ്ടെടുക്കാവുന്നതാണ്. നമ്പൂതിരി-നായര്‍ ആഢ്യഭവനങ്ങള്‍ തേക്ക്, ഈട്ടി തടികള്‍ കൊണ്ടും വെള്ളിയിലും പിത്തളയിലും തീര്‍ത്ത വിചിത്രമായ ചിത്രപ്പണികള്‍ കൊണ്ടും അലംകൃതമായിരുന്നു. കഴുക്കോലുകളിലും വട്ടത്തൂണുകളിലും പ്രത്യക്ഷപ്പെട്ട ക്ളാസ്സിക് നിര്‍മാണശൈലി ഒരു 'പ്രഭുത്വയുഗ'ത്തിന്റെ വിളംബരമാണെന്നു പറയാം. മികച്ച തടിസാമാനങ്ങളുടെ സമൃദ്ധിയും അത് ലഭിക്കാനുള്ള ഉദാരമായ സൗകര്യങ്ങളും നമ്പൂതിരി സമുദായത്തിന് ലഭിച്ചിരുന്നതിനാല്‍ മിക്ക 'മന'കളും ചില 'ഇല്ല'ങ്ങളും ഇന്നും ഒരു കേടുംകൂടാതെ തലയുയര്‍ത്തി നില്‍ക്കുന്നു.

പണ്ടുകാലത്ത് ജീവിതത്തിലെ എല്ലാ കര്‍മമണ്ഡലങ്ങളിലും ഓരോരോ സമുദായത്തിന് പ്രത്യേക അവകാശം ഉണ്ടായിരുന്നതുപോലെ, പുരമേയലിനും പ്രത്യേക വ്യവസ്ഥകള്‍ നിലവിലുണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹ്യ സഹകരണത്തിന്റെ സുവ്യക്തമായൊരു കാഴ്ച ഇവിടെ ലഭിക്കുന്നു. ഓരോ സമുദായത്തിലെയും വീട്ടുകാര്‍ പരസ്പരം സഹായിച്ചാണ് പുരമേയല്‍ അരങ്ങേറിയിരുന്നത്. പുര മേയുന്നതിനുള്ള ഓല ശരിയായാല്‍ അടുത്ത വീട്ടുകാരെ ക്ഷണിക്കുകയും മേയ്ച്ചിലിനുശേഷം വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്, പുകയില, സംഭാരം, സദ്യ തുടങ്ങിയവ നല്കുകയും ചെയ്യുന്നു. പുരമേച്ചിലിന് പ്രതിഫലം സ്വീകരിക്കാറില്ലായിരുന്നു. നാലുകെട്ടുഗൃഹങ്ങളില്‍ ഓടുമേയാനും ജാതീയമായ വ്യവസ്ഥയുണ്ടായിരുന്നു. കോവിലകങ്ങള്‍ക്കും മനകള്‍ക്കും ദേവാലയങ്ങള്‍ക്കും മാത്രമാണ് ഓടുമേയാന്‍ അവകാശമുണ്ടായിരുന്നത്. "പടിപ്പുര, കുളപ്പുര, കൊണ്ടോമ്പടി ഉണ്ടാക്കുന്നതിനും ആറുകാലിന്മേല്‍പ്പുര കെട്ടുന്നതിനും കൊച്ചി വലിയ രാജാവ് പ്രഭുക്കന്മാര്‍ക്കും മാന്യന്മാര്‍ക്കും തിട്ടൂരം കൊടുത്തിരുന്നുവെന്നറിയുമ്പോള്‍ 'പാര്‍പ്പിട'ത്തിന്റെ സാംസ്കാരികമൂല്യവും പരിവേഷവും ഊഹിക്കാവുന്നതാണ്. നാട്ടുപ്രമാണിമാരുടെ അനുവാദമില്ലാതെ, സാധാരണ നാലുകെട്ടിന് പടിപ്പുരയുണ്ടാക്കുവാനോ ഓടുമേയാനോ കഴിയുമായിരുന്നില്ല. എന്നാല്‍ ഇന്ന് പുതിയ സാമ്പത്തിക സംസ്കാരത്തിന്റെ വികാസത്തോടെ നാലുകെട്ടും ഏവര്‍ക്കും പ്രാപ്യമായിക്കഴിഞ്ഞു.

വാസ്തുശാസ്ത്രപ്രകാരം നാലുകെട്ടിന്റെ മുന്‍ഭാഗം തെക്ക്, പടിഞ്ഞാറ് ദിശകളില്‍ വരാത്ത രീതിയിലാണ് പണിയുന്നത്. പാതയുടെയും വസ്തുവകകളുടെയും സ്ഥിതിയനുസരിച്ച് വീട്, തെക്ക്-പടിഞ്ഞാറ് ദിശകള്‍ക്ക് അഭിമുഖമായി നിര്‍മിക്കേണ്ടിവന്നാല്‍, വൃക്ഷങ്ങളുടെ സഹായത്തോടെ ദോഷങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് ആധുനിക വാസ്തുവിദഗ്ധര്‍ വാദിക്കുന്നു. കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ ദിക്കുകളില്‍ യഥാക്രമം ഇലഞ്ഞി, പുളി, ഏഴിലംപാല, നാഗമരം എന്നീ പൂമരങ്ങളും അവയ്ക്കൊപ്പം നാല്പാമരങ്ങളായ അരയാല്‍, അത്തി, പേരാല്‍, ഇത്തി എന്നിവയും നടേണ്ടതാണ് എന്നായിരുന്നു സങ്കല്പം. ഇവ നാലുകെട്ടിലേക്കുള്ള വായുസഞ്ചാരത്തെ സുഗമമാക്കുകയും ദോഷങ്ങളെ തടയുകയും ചെയ്യുമത്രെ.

ആകാരത്തിലും നിര്‍മാണശൈലിയിലും ഘടനയിലും വ്യത്യാസമുണ്ടെങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലും നാലുകെട്ട് മട്ടിലുള്ള 'ചതുശ്ശാല'കള്‍ നിര്‍മിക്കപ്പെടുന്നുണ്ട്. കിഴക്കിനി, തെക്കിനി, പടിഞ്ഞാറ്റിനി, വടക്കിനി എന്നീ ചതുശ്ശാലകളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് പടിഞ്ഞാറുഭാഗമാണെന്നാണ് വിദഗ്ധമതം. പടിഞ്ഞാറ്റിപ്പുര ഉയര്‍ത്തിപ്പണിയുമ്പോള്‍ തീക്ഷ്ണമായ സൂര്യപ്രകാശം നടുമുറ്റത്ത് പതിക്കുന്നില്ല. സൂര്യപ്രകാശത്തിന്റെ പതനത്തെ അടിസ്ഥാനമാക്കിയാണ് നാലുകെട്ടിന്റെ വാസ്തുശാസ്ത്രം പ്രധാനമായും മെനഞ്ഞെടുത്തിരിക്കുന്നതെന്ന് പറയാനാവും. നാലുകെട്ടിന്റെ ഓരോ ഭാഗത്തിനും പ്രത്യേക പ്രാധാന്യമാണ് നല്കിപ്പോരുന്നത്. നാലുകെട്ടിന്റെ അങ്കണം, ഉപപീഠം, കുഴിയങ്കണം (നടുമുറ്റം), മുല്ലത്തറ എന്നിവ സൌന്ദര്യപരവും സാംസ്കാരികവുമായ ജീവിതശൈലിയെ നിര്‍വചിക്കുന്നവയാണ്. അങ്കണം തയ്യാറാക്കുമ്പോള്‍ അതിന്റെ വലുപ്പവും ഘടനയും വീട്ടുടമയുടെ സൌന്ദര്യ-സാംസ്കാരിക ബോധത്തിന്റെ പ്രതിഫലനമാവുക സ്വാഭാവികമാണ്. ഉപപീഠം എന്ന ചുറ്റുതിണ്ണയും നടുമുറ്റവും പ്രൌഢിയുടെയും അലങ്കാരത്തിന്റെയും മിശ്രപ്രതീകമായി വര്‍ത്തിക്കുന്നു. നടുമുറ്റത്ത്, ഏറ്റവും കൂടുതല്‍ പ്രകാശം കിട്ടുന്ന ഭാഗത്താണ് മുല്ലത്തറ അഥവാ തുളസിത്തറ ഒരുക്കുന്നത്.

നാലുകെട്ട് മാതൃകകള്‍ പകര്‍ന്നു നല്‍കുന്ന പാരിസ്ഥിതികദര്‍ശനം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. നാലുകെട്ടിന് ചുറ്റിലും നടേണ്ട വൃക്ഷങ്ങളെക്കുറിച്ച് പ്രത്യേക വിധിനിയമങ്ങള്‍ വാസ്തുശാസ്ത്രഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. കൂവളം, കടുക്ക, നെല്ലി, ദേവദാരു, പ്ലാവ്, അശോകം, ചന്ദനം, പുന്ന, വേങ്ങ, ചമ്പകം, കരിങ്ങാലി, കുമിഴ് തുടങ്ങിയ വൃക്ഷങ്ങള്‍ ദിശയും സ്ഥാനവും നോക്കാതെ എവിടെയും നട്ടുപിടിപ്പിക്കാവുന്നതാണ്. ദക്ഷിണശാല, പശ്ചിമശാല, പൂര്‍വശാല തുടങ്ങിയ സങ്കല്പങ്ങള്‍ക്കും നാലുകെട്ടിനെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുണ്ട്. ഒറ്റവീടായോ രണ്ടുശാലകള്‍ ചേര്‍ത്തോ നിര്‍മിക്കുകയാണെങ്കില്‍ വടക്കോട്ടും നാലുകെട്ട് ഉണ്ടാക്കുമ്പോള്‍ പടിഞ്ഞാറോട്ടും മുഖമായിവേണം കെട്ടിടം തീര്‍ക്കേണ്ടത്. ശാസ്ത്രവിധിപ്രകാരം നാലുകെട്ട് പണിതാല്‍ സുഖകരമായ വാസവും വിരുദ്ധമെങ്കില്‍, മഹാവ്യാധികളും ദാരിദ്ര്യാവസ്ഥകളും അഗ്നിപീഡയും അകാലമരണവും ഉണ്ടാകുമെന്നാണ് പ്രാചീനവിശ്വാസം.

ആധുനിക നാലുകെട്ടുവീടുകള്‍ പ്രാചീനമായ മാതൃക പുറമേ നിലനിര്‍ത്തുകയും പുതിയ നിര്‍മാണസാമഗ്രികള്‍ ഉപയോഗിച്ച് വാസസ്ഥലത്തെ ആധുനികോത്തരമാക്കുകയും ചെയ്യുന്നു.

(എം. സുരേഷ്, സ.പ.)

2. എം.ടി. വാസുദേവന്‍ നായരുടെ പ്രഥമ നോവല്‍. മരുമക്കത്തായ സമ്പ്രദായത്തിന്റെ സാന്ധ്യശോഭ ഇതിവൃത്തമാക്കിയ ഈ കൃതി 1958-ലാണ് പ്രസിദ്ധീകരിച്ചത്. അതിന് അക്കൊല്ലത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 14 ഭാഷകളിലേറെ വിവര്‍ത്തനങ്ങളുണ്ടായിട്ടുണ്ട്. ലക്ഷക്കണക്കിന് പ്രതികള്‍ ഇതിനകം വിറ്റഴിഞ്ഞിട്ടുള്ള ഇത് മലയാളത്തിലെ പ്രധാന നോവലുകളിലൊന്നാണ്. നോ: വാസുദേവന്‍ നായര്‍, എം.ടി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍