This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാലമ്പലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാലമ്പലം

മുഖ്യശ്രീകോവിലിന് നാലു ചുറ്റുമായി വാസ്തുശാസ്ത്രപ്രകാരം പണികഴിപ്പിച്ച ദേവസ്ഥാനങ്ങള്‍. 'ചുറ്റമ്പലം' എന്നും പറഞ്ഞുവരുന്നു. ദേവതയുടെ കൈകളായിട്ടാണ് നാലമ്പലത്തെ സങ്കല്പിച്ചുപോരുന്നത്. ക്ഷേത്രത്തിന്റെ വാസ്തുഘടന ഒരു മനുഷ്യശരീരത്തിന് തുല്യമായാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഗര്‍ഭഗൃഹം ശിരസ്സ്, അകത്തെ ബലിപീഠം-മുഖം, മണ്ഡപം-കണ്ഠം, നാലമ്പലം-കൈകള്‍, വലിയ ബലിക്കല്ല്-വയറ്, കൊടിമരം-നട്ടെല്ല്, പുറത്തെ ബലിവട്ടം-അരക്കെട്ട്, മതിലുകള്‍-കണങ്കാലുകള്‍, ഗോപുരം-പാദം എന്നിങ്ങനെയാണ് ക്ഷേത്രശരീരസങ്കല്പം.

നാലുദിക്കിലും ഓരോ വാതിലോടുകൂടിയ ഒരു പുറംമതില്‍ എല്ലാ പ്രധാന അമ്പലങ്ങള്‍ക്കും ഉണ്ടായിരിക്കും. കിഴക്കേ ഗോപുരവാതിലിലൂടെ അറ്റത്തേക്ക് കടന്ന് ആനക്കൊട്ടില്‍ താണ്ടി ക്ഷേത്രക്കൊടിമരം നില്ക്കുന്ന ധ്വജമണ്ഡപവും വലിയ ബലിക്കല്ലും കടന്നാല്‍ 'നാലമ്പല'ത്തിലേക്കുള്ള പ്രധാന വാതിലായി. നാലമ്പലത്തിന് ചുറ്റിലുമായാണ് പ്രദക്ഷിണവഴി. നാലമ്പലത്തിന്റെ ഭാഗമാണ് തിടപ്പള്ളി, കലവറപ്പുര എന്നിവ. നാലമ്പലത്തിന്റെ പുറം ചുവരിന് ചുറ്റിലുമായാണ് മിക്കമഹാക്ഷേത്രങ്ങളിലും 'വിളക്കുമാടം' അഥവാ 'വിളക്കുഴി' സ്ഥാപിക്കുന്നത്. ദീപാലങ്കാരത്തിനാണ് ഇത് ഉപയോഗിക്കുന്നത്. മരം, ലോഹം, ഓട് എന്നിവ കൊണ്ടുണ്ടാക്കുന്ന ഈ വിളക്കുകള്‍ വരിവരിയായി തറച്ചുവയ്ക്കുന്നത് നാലമ്പലത്തിന്റെ പുറംചുവരുകളിലാണ്. ശ്രീകോവിലിനും നാലമ്പലത്തിനും മധ്യേ, കിഴക്കുവശത്തായി സ്ഥാപിക്കപ്പെട്ടിട്ടുള്ള മണ്ഡപത്തില്‍ വച്ചാണ് ശുദ്ധികലശമടിയന്തിരം, കലശപൂജ എന്നിവ നടത്തുന്നത്. നാലമ്പലത്തിനു മുന്നിലുള്ള ഉള്‍പ്രദക്ഷിണവഴിയില്‍ പ്രത്യേകസ്ഥാനങ്ങളിലായി ചെറിയ ബലിക്കല്ലുകള്‍ സ്ഥാപിച്ചിരിക്കുന്നു. ചില ക്ഷേത്രങ്ങളില്‍ അതിനടുത്തായി പരിവാരദേവതകളെയും പ്രതിഷ്ഠിക്കാറുണ്ട്.

Image:Nalambalam.png

നാലമ്പലക്കെട്ടിനുള്ളിലെ ഒരു ഭാഗത്തു നിന്നാണ് മേളക്കാര്‍ പഞ്ചവാദ്യം മുഴക്കുന്നത്. മേളവാദ്യങ്ങള്‍ സൂക്ഷിക്കുന്നതും നാലമ്പലത്തില്‍ പ്രത്യേകം സജ്ജീകരിച്ച ഭാഗങ്ങളിലാണ്. ചില ക്ഷേത്രങ്ങളിലെ നാലമ്പലത്തില്‍ സവിശേഷമായി പണിതീര്‍ത്ത നിലവറകളുണ്ട്. പൂജാസാമഗ്രികളും തകിടുകളും താളിയോലകളും ആഭരണങ്ങളുമൊക്കെ അവിടെയാണ് രഹസ്യമായി സൂക്ഷിക്കുന്നത്. നാലമ്പലത്തില്‍ കാണുന്ന ബലിപീഠങ്ങള്‍ അഷ്ടദിക് പാലകരുടെയും ശബ്ദമാത്രകളുടെയും പ്രതിഷ്ഠാസ്ഥാനങ്ങളത്രെ. ദേവന്റെ മനോമയകോശമാണ് നാലമ്പലമെന്നും, അതിനുള്ളില്‍ കടക്കുന്നവര്‍ ശുദ്ധിയോടെ ദേവചൈതന്യം സ്വീകരിക്കുകയാണെന്നും വിശ്വസിക്കപ്പെടുന്നു. നാലമ്പലത്തിന്റെ ഉള്‍ഭാഗം മുതല്‍ പുറംമതില്‍ വരെയുള്ള ഭാഗത്തെ സ്ഥൂലശരീരത്തിന്റെ പ്രതിനിധാനമായും കരുതപ്പെടുന്നു.

വെളിച്ചവും വായുവും യഥേഷ്ടം കടന്നുവരത്തക്ക രീതിയിലാണ് നാലമ്പലത്തിന്റെ നിര്‍മിതി. ശരീരത്തിന്റെ സംരക്ഷണത്തിന് കൈകള്‍ ഉപകരിക്കുന്നതുപോലെ ശ്രീകോവിലിന്റെ രക്ഷയ്ക്ക് ഉതകുന്ന മട്ടിലാണ് നാലമ്പലങ്ങളുടെ സ്ഥിതി. ക്ഷേത്രവിഗ്രഹത്തെ ആവരണം ചെയ്തുനില്ക്കുന്ന ഏഴ് ആവരണങ്ങളില്‍. (മതില്‍ക്കെട്ട്, പുറത്തെ പ്രദക്ഷിണ വഴി, പുറബലിവട്ടം, നാലമ്പലം, അകത്തെ പ്രദക്ഷിണവഴി, അകബലിവട്ടം, ശ്രീകോവില്‍) ഒന്നാണ് നാലമ്പലം എന്നും വിശ്വാസമുണ്ട്.

ഇന്നു വിശ്വാസങ്ങള്‍ക്കപ്പുറം ക്ഷേത്രത്തിലെ ഭൌതികാവശ്യങ്ങള്‍ക്കായിട്ടാണ് നാലമ്പലങ്ങള്‍ ഉപയോഗിച്ചുവരുന്നത്. അര്‍ച്ചന, അഭിഷേകം, ചന്ദനം ചാര്‍ത്തല്‍, നൈവേദ്യം തുടങ്ങിയ വഴിപാടുകള്‍ ഒരുക്കുന്നതിനുള്ള പുരയായി നാലമ്പലത്തിന്റെ തെക്കേ ഭാഗം ഉപയോഗിച്ചുവരുന്നു.

കേരളത്തില്‍ കുടിയേറിയ ആര്യന്മാരുടെ സംഭാവനയായാണ് നാലമ്പലത്തിലധിഷ്ഠിതമായ ക്ഷേത്രസങ്കല്പം കരുതപ്പെട്ടു പോരുന്നത്. ദ്രാവിഡ സംസ്കൃതിയുടെ ആരാധനാസങ്കേതങ്ങളായിരുന്ന പല കാവുകളും മുടിപ്പുരകളും ഇന്ന് ഈ മട്ടിലേക്ക് മാറുന്നു.നോ: ക്ഷേത്രവാസ്തുവിദ്യ

(സുരേഷ് എം., സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍