This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാറ്റാ, ഗിലിയോ (1903 - 79)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാറ്റാ, ഗിലിയോ (1903 - 79)

Natta,Giuilo

ഇറ്റാലിയന്‍ രസതന്ത്രജ്ഞന്‍. സ്റ്റീരിയോ സ്പെസിഫിക് പോളിമറീകരണത്തിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിന് കാള്‍ സീഗ്ലര്‍ എന്ന ജര്‍മന്‍ രസതന്ത്രജ്ഞനുമായി 1963-ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ടു.

ഇറ്റലിയിലെ ഇംപീരിയയില്‍ 1903 ഫെ. 26-ന് ജനിച്ചു. മിലാന്‍ പോളിടെക്നിക്കില്‍ നിന്ന് കെമിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയ (1924) ഇദ്ദേഹം 1927 മുതല്‍ അധ്യാപനത്തിലേര്‍പ്പെട്ടു. 1933-ല്‍ പാവിയ സര്‍വകലാശാലയിലെ പ്രൊഫസറായി സ്ഥിരം നിയമനം ലഭിച്ച നാറ്റ അക്കാലത്തു തന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ജനറല്‍ കെമിസ്ട്രിയുടെ ഡയറക്ടറായും നിയമിതനായി. 1935-ല്‍ റോം സര്‍വകലാശാലയില്‍ ഭൌതികരസതന്ത്ര പ്രൊഫസറായി. തുടര്‍ന്ന് 1936-38 കാലത്ത് ടൂറിന്‍ പോളിടെക്നിക്കിലെ വ്യാവസായിക രസതന്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായും 1938 മുതല്‍ മിലന്‍ പോളിടെക്നിക്കിലെ വ്യാവസായിക രസതന്ത്ര വിഭാഗം പ്രൊഫസറായും പ്രവര്‍ത്തിച്ചു.

Image:Natta-Giulio.png

എക്സ്റേ, ഇലക്ട്രോണ്‍ വിഭംഗനം തുടങ്ങിയ പ്രവിധികളുപയോഗപ്പെടുത്തി ഖരങ്ങളുടെ ഘടനാനിര്‍ണയ പഠനങ്ങളിലാണ് ആദ്യകാലത്ത് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പിന്നീട് ഇതേ പ്രവിധികളുപയോഗിച്ച് രാസത്വരകങ്ങളുടെയും കാര്‍ബണിക പോളിമറുകളുടെയും ഘടന നിര്‍ണയിക്കുവാനുള്ള ശ്രമങ്ങളിലും വിജയം കൈവരിച്ചു.

1938-ല്‍ സംശ്ളേഷിത റബ്ബറിന്റെ ഉത്പാദനത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ വ്യാപൃതനായ ഇദ്ദേഹത്തിന് ഒരു നൂതന നിഷ്കര്‍ഷ സ്വേദന (extractive distillation) പ്രക്രിയയുപയോഗിച്ച് 1-ബ്യൂട്ടാ ഡൈ ഈനില്‍ നിന്ന് ബ്യൂട്ടാ ഡൈ ഈന്‍ വേര്‍തിരിക്കുവാന്‍ സാധിച്ചു. ഇക്കാലത്തുതന്നെ ഒളിഫീനുകളുടെ പോളീമറീകരണ പ്രക്രിയകളെയും അവയുടെ കൈനറ്റിക്സിനെയും കുറിച്ചുള്ള പഠനങ്ങളിലും ഏര്‍പ്പെട്ടു.

1953-ലാണ് ഗിലിയോ തന്റെ ഏറ്റവും പ്രശസ്തമായ പഠനങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു തുടങ്ങിയത്. കാള്‍സീഗ്ളര്‍ എന്ന ജര്‍മന്‍ രസതന്ത്രജ്ഞന്‍ ജൈവ ലോഹ രാസത്വരകങ്ങളില്‍ നടത്തിയ പഠനങ്ങളുടെ തുടര്‍പഠനങ്ങള്‍ ഏറ്റെടുക്കുക വഴി വ്യവസ്ഥിതമായ സ്ഥലിക വിന്യാസമുള്ള (stereo regular) നൂതന വിഭാഗം പോളിമറുകള്‍ - ഐസോടാക്ടിക് (isotactic), സിന്‍ഡിയോടാക്ടിക് (syndiotactic), ഡൈ ഐസോടാക്ടിക് (di isotactic) തുടങ്ങിയവ - വികസിപ്പിച്ചെടുത്തു. സീഗ്ളര്‍-നാറ്റ രാസത്വരകങ്ങള്‍ (Ziegler-Natta-Catalysts) ഉപയോഗിച്ചുള്ള സ്റ്റീരിയോ സ്പെസിഫിക് പോളീമറീകരണം വഴി വികസിപ്പിച്ച ഐസോടാക്ടിത പോളിപ്രൊപ്പിലീന്‍ എന്ന തെര്‍മോപ്ലാസ്റ്റിക് (Moplen) സംശ്ലേഷിത ഫൈബറായും (Meraklon) ഫിലമെന്റായും (Merakrin) ഫിലിമായും (Moplefan) വ്യാവസായിക പ്രാധാന്യം നേടി. ഈ പുതിയ പോളിമറിന്റെ പരല്‍ ജാലികകളിലെ കൃത്യമായ ശൃംഖലാ വിന്യാസം കണ്ടെത്തുന്നതിലും നാറ്റാ വിജയിച്ചു. പില്ക്കാലത്തു നടത്തിയ പഠനങ്ങളും തുല്യ പ്രാധാന്യം അര്‍ഹിക്കുന്നതു തന്നെയാണ്. ഈ ഗവേഷണങ്ങളുടെ ഫലമായി തികച്ചും നൂതനമായ ഇലാസ്റ്റോമറുകളുടെയും അതുവഴി പൂരിത റബ്ബറുകളുടെയും ഉത്പാദനം നാറ്റയുടെ നേട്ടമാണ്.

പ്രകാശീയ ആക്ടീവതയില്ലാത്ത ഏകകങ്ങളില്‍ നിന്നും പ്രകാശീയ ആക്ടീവതയുള്ള പോളിമറുകള്‍ വികസിപ്പിച്ചെടുക്കുന്ന അസമമിത സംശ്ലേഷണം, ക്രിസ്റ്റലീകൃത ആള്‍ട്ടര്‍നേറ്റിങ് കോപോളിമറുകള്‍, ഹൈഡ്രോകാര്‍ബണേതര ഏകകങ്ങളില്‍ നിന്നും വികസിപ്പിച്ചെടുത്ത വ്യവസ്ഥിത ഘടനയുള്ള പോളിമറുകള്‍ തുടങ്ങിയവയും നാറ്റയുടെ നേട്ടങ്ങളാണ്.

ന്യൂയോര്‍ക്ക് അക്കാദമി ഒഫ് സയന്‍സിന്റെ ആജീവനാന്ത അംഗം, അക്കാദമിയ ദീ ലിന്‍സി (Accademia dei Lincei) യുടെ ദേശീയാംഗം, ലണ്ടന്‍, ബെല്‍ജിയം, ആസ്ട്രിയ, സ്വിറ്റ്സര്‍ലണ്ട് എന്നിവിടങ്ങളിലെ കെമിക്കല്‍ സൊസൈറ്റികളിലെ വിശിഷ്ടാംഗം എന്നീ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.

പാരിസിലെ ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍ സൊസൈറ്റിയുടെയും ഇറ്റലി, റഷ്യ, ജര്‍മനി തുടങ്ങിയ രാഷ്ട്രങ്ങളിലെ കെമിക്കല്‍ സംഘടനകളുടെയും സ്വര്‍ണമെഡലുകള്‍, ജനീവ സര്‍വകലാശാല, ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ട്, ബെല്‍ജിയം സര്‍വകലാശാല, പാരിസ് സര്‍വകലാശാല തുടങ്ങിയവയുടെ ഓണററി ബിരുദങ്ങള്‍ എന്നീ ബഹുമതികള്‍ നാറ്റയെ തേടി എത്തിയിട്ടുണ്ട്.

1979 മേയ് 2-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍