This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാര്‍സിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാര്‍സിസം

Narcissism

തീവ്രമായ ആത്മപ്രണയം. 1898-ല്‍ ഒരുതരം ലൈംഗിക വൈകൃതത്തെ സൂചിപ്പിക്കുന്നതിനായി ഹാവ്ലോക് എല്ലിസ് എന്ന മനഃശാസ്ത്രജ്ഞനാണ് 'നാര്‍സിസം' എന്ന പദം ആദ്യമായി ഉപയോഗിച്ചത്. സിഗ്മണ്ട് ഫ്രോയ്ഡ് തന്റെ 'ഓണ്‍ നാര്‍സിസം' എന്ന ലേഖനത്തില്‍ ഈ പദത്തിന് കൂടുതല്‍ വിശാലമായ അര്‍ഥം നല്കി. അവനവന് പരമപ്രാധാന്യം കല്പിക്കുന്ന ചിന്തകളെയും വികാരങ്ങളെയും സൂചിപ്പിക്കുവാനാണ് ഫ്രോയ്ഡ് നാര്‍സിസം എന്ന പദം ഉപയോഗിച്ചത്. ആത്മസങ്കല്പത്തെ ആസ്പദമാക്കി പങ്കാളിയെ കണ്ടെത്തുന്ന ബന്ധങ്ങള്‍ നാര്‍സിസാത്മക സ്വഭാവമുള്ളവയാണെന്ന് ഇദ്ദേഹം പറഞ്ഞു. നാര്‍സിസാത്മക സ്വഭാവമുള്ള വ്യക്തികള്‍ പൊതുവേ അഹങ്കാരികളും നേരിയ അപമാനം പോലും സഹിക്കാന്‍ പ്രയാസമുള്ളവരുമായിരിക്കും.

ആന്തരിക ഊര്‍ജമായ ലിബിഡോയില്‍ നിന്നാണ് ആത്മപ്രണയം ഉളവാകുന്നതെന്ന് ഫ്രോയ്ഡ് അഭിപ്രായപ്പെട്ടു. സ്കിസൊഫ്രീനിയ, ഹൈപ്പൊകോണ്‍ഡ്രിയ തുടങ്ങിയ രോഗങ്ങളിലും സ്വപ്നങ്ങളിലും പ്രകടമാകുന്ന സ്വാര്‍ഥതയ്ക്ക് കാരണമാകുന്നത് ഈ ആത്മപ്രണയമാണ്. ശിശുവിന്റെ വളര്‍ച്ചയുടെ ആദ്യഘട്ടങ്ങള്‍ നാര്‍സിസാത്മകമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ഘട്ടങ്ങളില്‍ ശിശുവിന് മറ്റുള്ളവരില്‍ നിന്ന് സ്വയം വേര്‍തിരിക്കുക സാധ്യമല്ല.

പില്ക്കാലത്ത് നാര്‍സിസം എന്ന പദം ആത്മാഭിമാനം അഥവാ ആത്മാവിന്റെ പര്യായമായി മാറി. ആത്മാദരവിന്റെ നല്ലതും ചീത്തയുമായ വശങ്ങളെ സൂചിപ്പിക്കുവാന്‍ ഈ പദം ഉപയോഗിക്കപ്പെട്ടു. ആരോഗ്യകരമായ ആത്മാഭിമാനം യഥാര്‍ഥ നേട്ടങ്ങളെയും അറിവിനെയും ആസ്പദമാക്കിയാണ് വികസിക്കുന്നത്. അനാരോഗ്യകരമായ ആത്മാഭിമാനം മറ്റുള്ളവരെ വിലയിടിച്ച് ചിത്രീകരിക്കുന്നതിലൂടെയും അമിതമായ ആഡംബരങ്ങളിലൂടെയുമാണ് വികസിക്കുന്നത്. അഹംബോധത്തെ സംരക്ഷിക്കുവാനുള്ള പ്രതിരോധതന്ത്രമെന്ന നിലയിലാണ് ഇത്തരം ആത്മാഭിമാനം വികസിക്കുന്നത്. 1930-കളില്‍ നാര്‍സിസത്തിന്റെ ക്ലിനിക്കല്‍ വശങ്ങളിലേക്ക് പണ്ഡിതശ്രദ്ധ തിരിഞ്ഞു. സ്വന്തം അപകര്‍ഷതാബോധം പരിഹരിക്കുവാനാണ് സ്ത്രീകള്‍ കരുത്തരായ ജീവിതപങ്കാളികളെത്തേടുന്നത് എന്ന് വില്‍ഹെം റൈഷ് തന്റെ കാരക്റ്റര്‍ അനാലിസിസ് (1933) എന്ന കൃതിയിലൂടെ അഭിപ്രായപ്പെട്ടു. നാര്‍സിസാത്മക വ്യക്തിത്വ അവ്യവസ്ഥയുടെ വികാസത്തെക്കുറിച്ചും നല്കേണ്ട ചികിത്സയെക്കുറിച്ചും ഒരു സിദ്ധാന്തം ഇദ്ദേഹം അവതരിപ്പിച്ചു. കുഞ്ഞിന്റെ മഹത്ത്വവത്കരിക്കപ്പെട്ട ആത്മപ്രതിനിധീകരണങ്ങളും, മാതാപിതാക്കളെക്കുറിച്ചുള്ള ആദര്‍ശ സങ്കല്പങ്ങളും (അവ യാഥാര്‍ഥ്യമോ മിഥ്യയോ ആകാം) ഒത്തുചേരുമ്പോഴാണ് നാര്‍സിസം ഉളവാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവ രണ്ടും ചേര്‍ന്നാണ് ഒരു വ്യക്തിയുടെ ആദര്‍ശങ്ങളും ആഗ്രഹങ്ങളും നിര്‍ണയിക്കുന്നത്. ആരോഗ്യകരമായ വ്യക്തിത്വവികാസത്തില്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്ന രീതിയില്‍ ആഗ്രഹങ്ങളും ആദര്‍ശങ്ങളും മാറുകയും ആത്മാഭിമാനം യഥാര്‍ഥ നേട്ടങ്ങളെ ആസ്പദമാക്കി വികസിക്കുകയും ചെയ്യുന്നു. എന്നാല്‍ നാര്‍സിസാത്മക അവ്യവസ്ഥയില്‍ ഇത് സംഭവിക്കുന്നില്ല. മിഥ്യാധാരണകളിലധിഷ്ഠിതവും ദുര്‍ബലവുമായ ആത്മാഭിമാനമാണ് ഇവിടെ വികസിക്കുന്നത്.

പൂര്‍ണവികാസം പ്രാപിച്ചാലും ആത്മാഭിമാനത്തിന്റെ നിലനില്പിന് മറ്റു വ്യക്തികളുടെ പിന്തുണ ആവശ്യമാണ്. ഓരോ വ്യക്തിയുടെ ജീവിതത്തിലും അടുത്തിടപഴകുന്ന വ്യക്തികള്‍ നല്കുന്ന പിന്തുണയും പ്രോത്സാഹനവും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു. നാര്‍സിസാത്മക വ്യക്തിത്വമുള്ളവര്‍ പല രീതികളില്‍ മറ്റുള്ളവരെ തങ്ങളുടെ ആത്മാഭിമാനം നിലനിര്‍ത്തുന്നതിനായി ഉപയോഗിക്കുന്നു. അപൂര്‍വം ചിലര്‍ പങ്കാളികളെ മഹത്ത്വവത്കരിക്കുകയും അവരുടെ ഉത്കൃഷ്ടതയില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. പങ്കാളിയുടെ വ്യക്തിത്വം തനിക്ക് ഏതു രീതിയില്‍ പ്രയോജനപ്പെടും എന്നതിനു മാത്രം പ്രാധാന്യം നല്കുന്ന ബന്ധങ്ങളെ നാര്‍സിസാത്മക ബന്ധങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്നതാണ്. നാര്‍സിസാത്മക വ്യക്തിത്വ അവ്യവസ്ഥയില്‍, വ്യക്തികള്‍ തങ്ങളുടെ ഉത്കൃഷ്ടതയിലും വൈദഗ്ധ്യത്തിലും പൂര്‍ണമായി വിശ്വസിക്കുന്നു. മറ്റുള്ളവര്‍ തങ്ങളെ ബഹുമാനിക്കണമെന്നും തങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അറിഞ്ഞ് പെരുമാറണമെന്നും ഇവര്‍ കരുതുന്നു. മറ്റുള്ളവര്‍ക്ക് തങ്ങളോട് അസൂയയാണെന്ന മിഥ്യാധാരണയും ഇവര്‍ പുലര്‍ത്തുന്നു. പൊതുവേ മറ്റുള്ളവരുടെ നേട്ടങ്ങളില്‍ ഇവര്‍ അസൂയാലുക്കളാകാറുണ്ട്. മറ്റുള്ളവരെക്കാള്‍ അംഗീകാരങ്ങള്‍ക്കുള്ള അര്‍ഹത തങ്ങള്‍ക്കാണെന്ന വിശ്വാസം മൂലമാകാം ഇവര്‍ അസൂയാലുക്കളാകുന്നത്.

നാര്‍സിസാത്മക വ്യക്തിത്വ അവ്യവസ്ഥ മനോരോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് 1980-ലാണ്. അമേരിക്കന്‍ സൈക്യാട്രിക് അസ്സോസിയേഷന്റെ 'ഡയഗ്നോസ്റ്റിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ മാന്വല്‍ ഒഫ് മെന്റല്‍ ഡിസ്ഓഡേര്‍സ്' (Diagnostic and statistical manual of mental disorders-DSM III) ല്‍ ആണ് ഈ അവ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പട്ടികയില്‍ ഇത് ഇപ്പോഴും ഉള്‍പ്പെടുത്തിയിട്ടില്ല.

നാര്‍സിസാത്മക വ്യക്തിത്വ അവ്യവസ്ഥ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത്. നാര്‍സിസാത്മക വ്യക്തിത്വമുള്ളവര്‍ കൌമാരപ്രായം മുതല്‍ തന്നെ സ്വാര്‍ഥമതികളും ആധിപത്യം ചെലുത്തുന്നവരുമായിരിക്കും. നേട്ടങ്ങള്‍ കൊയ്യാനുള്ള വാഞ്ഛ ഇവര്‍ക്ക് വളരെ കൂടുതലാണ്. തൊഴില്‍ രംഗത്ത് ഇവര്‍ പലപ്പോഴും ഉന്നതസ്ഥാനങ്ങളില്‍ എത്താറുണ്ട്. എങ്കിലും മറ്റുള്ളവരെ ചൂഷണം ചെയ്യുന്ന പ്രവണത ഇവരില്‍ അന്തര്‍ലീനമായതിനാല്‍, സഹപ്രവര്‍ത്തകരുമായുള്ള ബന്ധങ്ങള്‍ സംഘര്‍ഷഭരിതമായിരിക്കും. ഇവര്‍ വളരെ വേഗം മറ്റുള്ളവരുമായി സൌഹൃദം സ്ഥാപിക്കുമെങ്കിലും സൌഹൃദങ്ങള്‍ ദീര്‍ഘകാലം നിലനില്ക്കുകയില്ല. വിമര്‍ശനങ്ങളോട് ആരോഗ്യകരമായ രീതിയില്‍ പ്രതികരിക്കുവാന്‍ നാര്‍സിസാത്മക വ്യക്തിത്വമുള്ളവര്‍ക്ക് സാധിക്കുകയില്ല. വിമര്‍ശനങ്ങളോട് പൊതുവേ പ്രതികാരബുദ്ധിയോടെയാണ് ഇവര്‍ പ്രതികരിക്കുക. മാതാപിതാക്കളെന്ന നിലയിലും ഇവര്‍ പരാജയപ്പെടുവാനുള്ള സാധ്യത കൂടുതലാണ്. കുട്ടികളിലൂടെ തങ്ങളുടെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ ഇവര്‍ ശ്രമിക്കും. വിജയിക്കുകയോ, വിജയപ്രതീക്ഷ പുലര്‍ത്തുകയോ ചെയ്യുന്ന അവസരങ്ങളില്‍ ഇവരുടെ ആത്മാഭിമാനം സുരക്ഷിതമായി നിലകൊള്ളുന്നു. എന്നാല്‍ പരാജയഭീതി ഉളവാകുമ്പോള്‍ത്തന്നെ ഇവര്‍ക്ക് ഉത്കണ്ഠ, വിഷാദരോഗം തുടങ്ങിയവ അനുഭവപ്പെട്ടേക്കാം.

നാര്‍സിസാത്മക വ്യക്തിത്വ അവ്യവസ്ഥയ്ക്ക് കാരണമാകുന്ന ഘടകങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമായി ചൂണ്ടിക്കാണിക്കുവാന്‍ മനഃശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല. ആധുനിക സമൂഹത്തില്‍ കുടുംബബന്ധങ്ങള്‍ക്ക് സംഭവിച്ച ശൈഥില്യം നാര്‍സിസത്തിന് വഴിയൊരുക്കും എന്ന് ചില മനഃശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. ചെറുപ്പത്തില്‍ നേട്ടങ്ങളിലൂടെ മാത്രമാണ് മാതാപിതാക്കളുടെ ശ്രദ്ധ ആകര്‍ഷിക്കുവാനും സ്നേഹം സമ്പാദിക്കുവാനും കഴിയുന്നത് എന്നനുഭവപ്പെടുന്ന കുട്ടികളില്‍ നാര്‍സിസാത്മക വ്യക്തിത്വ അവ്യവസ്ഥ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. മാതാപിതാക്കള്‍ പരിധിയിലേറെ ലാളിക്കുകയും പ്രാധാന്യം നല്കുകയും ചെയ്ത കുട്ടികളിലും പില്ക്കാലത്ത് നാര്‍സിസാത്മക വ്യക്തിത്വ അവ്യവസ്ഥ ദൃശ്യമാകും.

ഓരോ രോഗിയുടെയും ചരിത്രം അപഗ്രഥിച്ചതിനുശേഷം അനുയോജ്യമായ ചികിത്സ നിശ്ചയിക്കേണ്ടതാണ്. മാനസികാപഗ്രഥന സിദ്ധാന്തങ്ങളിലധിഷ്ഠിതമായ ചികിത്സയാണ് സാധാരണയായി നല്കുന്നത്. അടുത്തകാലത്തായി ധൈഷണിക-വ്യവഹാര സിദ്ധാന്തങ്ങളിലധിഷ്ഠിതമായ ചികിത്സാരീതികളും ഉപയോഗിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍