This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാര്‍ലിക്കര്‍, ഡോ. ജയന്ത് വി.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാര്‍ലിക്കര്‍, ഡോ. ജയന്ത് വി.

Narlikar,Dr.Jayanth V(1938  )

വിഖ്യാത ഇന്ത്യന്‍ ജ്യോതിശ്ശാസ്ത്രജ്ഞനും പ്രപഞ്ചവിജ്ഞാനിയും ശാസ്ത്രസാഹിത്യകാരനും. ജയന്ത് വിഷ്ണു നാര്‍ലിക്കര്‍ എന്നാണ് പൂര്‍ണ നാമധേയം.

Image:narlikar.png

1938 ജൂല. 19-ന് മഹാരാഷ്ട്രയിലെ കോല്‍ഹാപ്പൂരില്‍ ജനിച്ചു. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗണിതശാസ്ത്ര വിഭാഗം പ്രൊഫസറായിരുന്ന വിഷ്ണു വാസുദേവ് നാര്‍ലിക്കറാണ് ഇദ്ദേഹത്തിന്റെ പിതാവ്. സംസ്കൃത പണ്ഡിതയായ സുമതി നാര്‍ലിക്കര്‍ മാതാവും. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് ബിരുദം കരസ്ഥമാക്കിയശേഷം (1957) ഉപരിപഠനത്തിനായി കേംബ്രിഡ്ജിലെത്തി. അവിടെ ഫ്രെഡ് ഹോയിലായിരുന്നു നാര്‍ലിക്കറുടെ ഗവേഷണ ഉപദേഷ്ടാവ്. ഫ്രെഡ് ഹോയില്‍, ഹെര്‍മന്‍ ബോണ്ടി, തോമസ് ഗോള്‍ഡ് എന്നിവരോടൊപ്പം പ്രപഞ്ചത്തിന്റെ സ്ഥിര-സ്ഥിതി-മാതൃക (Steady state model) വികസിപ്പിക്കുന്നതില്‍ നാര്‍ലിക്കര്‍ പങ്കെടുത്തു. ഗാലക്സികള്‍ അകന്നു പോകുന്നതിനോടൊപ്പം, പ്രപഞ്ചത്തില്‍ പദാര്‍ഥം നിരന്തരം സൃഷ്ടിക്കപ്പെടുന്നുവെന്നും തന്മൂലം, പ്രപഞ്ചത്തിന്റെ സാന്ദ്രത സ്ഥിരമായി നില്‍ക്കുന്നു എന്നുമാണ് ഈ സിദ്ധാന്തം മുന്നോട്ടു വയ്ക്കുന്ന ആശയം. മഹാവിസ്ഫോടന സിദ്ധാന്തത്തിന് ഒരു ബദല്‍ മാതൃക എന്ന നിലയിലാണ് 1940-കളില്‍ ഇവര്‍ സ്ഥിര-സ്ഥിതി മാതൃക അവതരിപ്പിക്കുന്നത്. ഈ രണ്ടു പ്രപഞ്ച മാതൃകകളെയും സംബന്ധിച്ച നിരവധി സംവാദങ്ങള്‍ അക്കാലത്ത് ശാസ്ത്രലോകത്ത് നടന്നിരുന്നു. എന്നാല്‍, 1964-ല്‍ അര്‍നോപെന്‍സിയാസും റോബര്‍ട്ട് വില്‍സനും പരഭാഗ വികിരണങ്ങളെ (cosmic microwave background radiation) തിരിച്ചറിഞ്ഞതോടെ അത് മഹാവിസ്ഫോടനത്തിനുള്ള തെളിവായി മാറി. പരഭാഗവികിരണത്തെ കൃത്യമായി നിര്‍വചിക്കാന്‍ സ്ഥിര-സ്ഥിതി മാതൃകയ്ക്ക് സാധിച്ചതുമില്ല. ഇതോടെ സ്ഥിര-സ്ഥിതി മാതൃക പിന്തള്ളപ്പെട്ടു. പില്ക്കാലത്ത്, ജ്യോഫ്രി ബര്‍ബിഡ്ജുമായി ചേര്‍ന്ന് ഇദ്ദേഹം ക്വാസി സ്റ്റെഡി-സ്റ്റേറ്റ് മോഡല്‍ (Quasi Steady State-Model) എന്ന പേരില്‍ ഒരു പുതിയ സിദ്ധാന്തം ആവിഷ്കരിച്ചു.

ഫ്രെഡ് ഹോയിലുമായിച്ചേര്‍ന്നു ഗുരുത്വാകര്‍ഷണത്തില്‍ കണ്‍ഫോമല്‍ ഗ്രാവിറ്റി (Conformal gravity) സിദ്ധാന്തം മുന്നോട്ടുവച്ചതോടെയാണ് നാര്‍ലിക്കര്‍ ലോകശ്രദ്ധ നേടിയത്. ഇത് ഹോയ്ല്‍-നാര്‍ലിക്കര്‍ സിദ്ധാന്തം എന്നറിയപ്പെടുന്നു. ഒരു വസ്തുവിന്റെ ജഡത്വപിണ്ഡം (Inertial mass) എന്നത് പ്രപഞ്ചത്തിലെ മൊത്തം പദാര്‍ഥത്തിന്റെ പിണ്ഡത്തെ ഒരു സ്ഥിരാങ്കം (Coupling constant) കൊണ്ട് ഗുണിച്ചുകിട്ടുന്നതിനു തുല്യമാണെന്ന് ഈ പരികല്പന പറയുന്നു. ഇതനുസരിച്ച് ഗുരുത്വസ്ഥിരാങ്കം-ഏ-സ്ഥിരമല്ല; അത് കുറഞ്ഞുകൊണ്ടിരിക്കും.

1966-ല്‍ ഫ്രെഡ് ഹോയ്ല്‍ കേംബ്രിഡ്ജില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് തിയററ്റിക്കല്‍ അസ്ട്രോണമി സ്ഥാപിച്ചപ്പോള്‍ നാര്‍ലിക്കര്‍ അതിന്റെ ഫൗണ്ടര്‍ സ്റ്റാഫ് മെമ്പറായി. 1969-ല്‍ കിംഗ്സ് കോളജിലെ സീനിയര്‍ റിസര്‍ച്ച് ഫെലോ ആയി. മൂന്നു വര്‍ഷത്തിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തി മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്‍ഡല്‍ റിസര്‍ച്ചില്‍ (റ്റി.ഐ.എഫ്.ആര്‍.) പ്രൊഫസറായി ച്ചേര്‍ന്നു. റ്റി.ഐ.എഫ്.ആര്‍.-നെ സൈദ്ധാന്തിക ജ്യോതിര്‍ഭൗതികത്തിന്റെ മികച്ച കേന്ദ്രമാക്കി മാറ്റുന്നതില്‍ ഇദ്ദേഹം വലിയ പങ്കു വഹിച്ചു. 1988-ല്‍ യു.ജി.സി. പൂണെയില്‍ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സ് (IUCAA) സ്ഥാപിച്ചപ്പോള്‍ നാര്‍ലിക്കര്‍ അതിന്റെ സ്ഥാപക ഡയറക്ടറായി.

ജ്യോതിര്‍ ജീവശ്ശാസ്ത്രത്തില്‍ നാര്‍ലിക്കറുടെ സംഭാവനകള്‍ നിസ്തുലമാണ്. ഭൂമിയില്‍ ജീവന്റെ ആദ്യവിത്തുകള്‍ വന്നുചേര്‍ന്നത് ബഹിരാകാശത്തു നിന്നായിരിക്കാം എന്ന ആശയം മുന്നോട്ടുവയ്ക്കുന്ന പാന്‍സ്പെര്‍മിയ സിദ്ധാന്തത്തെ അധികരിച്ച് ഇദ്ദേഹം നടത്തിയ പഠനങ്ങള്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. 2005-ല്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഒരു ബലൂണ്‍ പരീക്ഷണത്തില്‍ ഭൗമാന്തരീക്ഷത്തില്‍ 41 കി.മീ. ഉയരത്തില്‍, സ്റ്റ്രാറ്റോസ്ഫിയറില്‍, ജീവനുള്ള ബാക്റ്റീരിയകളെ കണ്ടെത്താനായി. ഗ്രഹാന്തരജീവനെത്തേടിയുള്ള അന്വേഷണത്തിന് ശക്തി പകരുന്നതായിരുന്നു ഈ പരീക്ഷണം. ചന്ദ്ര വിക്രമസിംഹയെപ്പോലുള്ള ജ്യോതിര്‍ ജീവശ്ശാസ്ത്രജ്ഞരുമായിച്ചേര്‍ന്ന് ഈ മേഖലയില്‍ കൂടുതല്‍ പഠനത്തിലേര്‍പ്പെട്ടിരിക്കുകയാണ് ഇപ്പോള്‍ ഇദ്ദേഹം.

1994 മുതല്‍ 97 വരെ ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ യൂണിയന്റെ (IAU) കോസ്മോളജി കമ്മിഷന്‍ പ്രസിഡന്റായിരുന്നു. ഗുരുത്വം, ക്വാണ്ടം പ്രപഞ്ചവിജ്ഞാനീയം തുടങ്ങിയ വിവിധ സൈദ്ധാന്തിക മേഖലകളില്‍ ഒരു വിദഗ്ധനായി ലോകം മുഴുവന്‍ ഇദ്ദേഹം ആദരിക്കപ്പെടുന്നു. 26-ാം വയസ്സില്‍ (1965) ഇദ്ദേഹം പദ്മഭൂഷന് അര്‍ഹനായി. ഭട്നഗര്‍ അവാര്‍ഡ്, എം. പി. ബിര്‍ളാ അവാര്‍ഡ്, ഫ്രഞ്ച് ജ്യോതിശ്ശാസ്ത്ര സംഘടനയുടെ ജാന്‍സെന്‍ പ്രൈസ്, ലണ്ടനിലെ റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ അസോസിയേറ്റ് സ്ഥാനം തുടങ്ങി നിരവധി ബഹുമതികള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നല്ലൊരു ശാസ്ത്ര പ്രഭാഷകനും ഗ്രന്ഥകര്‍ത്താവും റേഡിയോ-ടിവി അവതാരകനും കൂടിയാണ് നാര്‍ലിക്കര്‍. ഈ സേവനങ്ങളെ മുന്‍നിര്‍ത്തി യുണെസ്കോ 1996-ല്‍ കലിംഗാ അവാര്‍ഡ് നല്‍കി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 1990-ല്‍ ഇദ്ദേഹത്തിന് ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ ഇന്ദിരാഗാന്ധി അവാര്‍ഡും 2004-ല്‍ പദ്മവിഭൂഷണും ലഭിക്കുകയുണ്ടായി.

ശ്രദ്ധേയമായ നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളുടെയും സയന്‍സ് ഫിക്ഷനുകളുടെയും കര്‍ത്താവാണ് നാര്‍ലിക്കര്‍. മറാഠിയിലും ഇംഗ്ലീഷിലുമായി നിരവധി ശാസ്ത്ര രചനകള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്. അസ്ട്രോഫിസിക്സ് (1969), ആക്ഷന്‍ അറ്റ് ഡിസ്റ്റന്‍സ് ഇന്‍ ഫിസിക്സ് ആന്‍ഡ് കോസ്മോളജി (1974), ദ് സ്ട്രക്ചര്‍ ഒഫ് യൂണിവേഴ്സ് (1977), ജനറല്‍ റിലേറ്റിവിറ്റി ആന്‍ഡ് കോസ്മോളജി (1978), സയന്‍സ് ആന്‍ഡ് ഹ്യൂമെന്‍ സര്‍വൈവല്‍ (1979), ദ് ഗിഫ്റ്റ് ഒഫ് ദ് യക്ഷ (1979), ദ് ഫിസിക്സ് ആന്‍ഡ് അസ്ട്രോണമി ഫ്രോണ്ടിയര്‍ (1980), വയലന്റ് ഫിനോമിന ഇന്‍ ദി യൂണിവേഴ്സ് (1982), ദ് ലൈറ്റര്‍ സൈഡ് ഒഫ് ഗ്രാവിറ്റി (1982), ഇന്‍ട്രൊഡക്ഷന്‍ റ്റു കോസ്മോളജി (1983), സയന്‍സ്, മാന്‍ ആന്‍ഡ് കോസ്മോസ് (1985), ഫ്രം ബ്ളാക്ക് ക്ളൌഡ്സ് ടു ബ്ളാക്ക് ഹോള്‍ (1985), ബസ്മാസുര്‍ ഇന്‍ സ്പെയ്സ് (1985), എ ജേര്‍ണി ത്രൂ യൂണിവേഴ്സ് (1986), ദ് ഗസ്റ്റ് (1988), പ്രിമീവല്‍ യൂണിവേഴ്സ് (1988), ദ് ഫ്രോന്‍ഡിയര്‍ ബിറ്റ്വീന്‍ ഫിസിക്സ് ആന്‍ഡ് അസ്ട്രോണമി (1989), എ ഫ്യൂ ഗ്ളിംസസ് ഒഫ് യൂണിവേഴ്സ് (1990), സെവന്‍ വണ്ടേഴ്സ് ഒഫ് ദ് കോസ്മോസ് (1995), എ ഡിഫറന്റ അപ്രോച്ച് റ്റു കോസ്മോളജി : ഫ്രം എ സ്റ്റാറ്റിക്ക് യൂണിവേഴ്സ് ത്രൂ ബിഗ് ബാങ് റ്റുവാര്‍ഡ്സ് റിയാലിറ്റി (2005), കറന്റ് ഇഷ്യൂസ് ഇന്‍ കോസ്മോളജി (2006) തുടങ്ങിയ നൂറോളം ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍