This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരുവിളകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാരുവിളകള്‍

Fiber Crops

വ്യാവസായിക പ്രാധാന്യമുള്ള കാര്‍ഷികവിള. വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന ഇവ ഇന്ത്യയ്ക്ക് വിദേശനാണ്യം നേടിത്തരുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നു.

ഏത് സസ്യഭാഗത്തു നിന്നാണ് നാരുകള്‍ വേര്‍തിരിച്ചെടുക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി നാരുവിളകളെ വിത്തുനാരുകള്‍ (ലെലറ ളശയൃല ഉദാ: പരുത്തി, തെങ്ങ്), തണ്ടുനാരുകള്‍ (seed fiber-ഉദാ: ചണം, ലിനന്‍, ഹെമ്പ്, റാമി, കാട്ടുചണം, കെനാഫ്) ഇലനാരുകള്‍ (ഉദാ: സിസാല്‍, വാഴ, പന) എന്നിങ്ങനെ മൂന്നുവിഭാഗമായി തിരിച്ചിരിക്കുന്നു. ചില പ്രധാനപ്പെട്ട നാരുവിളകള്‍ ചുവടെ ചേര്‍ക്കുന്നു.

1. പരുത്തി (Cotton). മനുഷ്യന്‍ പുരാതനകാലം മുതല്‍ ഉപയോഗിച്ചുവരുന്ന ഒഴിച്ചുകൂടാനാവാത്ത നാരുവിളയാണ് പരുത്തി. ഭക്ഷണം കഴിഞ്ഞാല്‍ മനുഷ്യന് ഏറ്റവും ആവശ്യമുള്ളത് വസ്ത്രമാണ്. വാണിജ്യവിളകളില്‍ ഏറ്റവും പഴക്കം ചെന്നത് എന്നവകാശപ്പെടാവുന്നതാണ് പരുത്തി. വസ്ത്രനിര്‍മാണത്തിന്റെയും നെയ്ത്തിന്റെയും കണ്ടുപിടിത്തം മുതല്‍ ലോകമെമ്പാടും പരുത്തിക്കൃഷി ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ പ്രാഥമികാവശ്യമായ വസ്ത്രത്തിന് ഉപയോഗിച്ചുവരുന്നത് പരുത്തിയില്‍ നിന്നെടുക്കുന്ന നൂലുപയോഗിച്ചു നെയ്യുന്ന പരുത്തിത്തുണിയാണ്. ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടിത്തത്തോടെ കൃത്രിമനാരുപയോഗിച്ചുണ്ടാക്കുന്ന വസ്ത്രങ്ങളും നിലവില്‍വന്നു.

ചരിത്രാതീത കാലം മുതലേ ലോകത്തിന്റെ എല്ലാഭാഗങ്ങളിലും പരുത്തികൊണ്ടുണ്ടാക്കിയ വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. ക്രിസ്തുവിന് 300 വര്‍ഷങ്ങള്‍ക്കു മുന്‍പു മുതല്‍ ഇന്ത്യയില്‍ പരുത്തി വസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നതിന് തെളിവുകളുണ്ട്. ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട പരുത്തിയിനങ്ങള്‍ ഇന്ത്യയിലുത്പാദിപ്പിക്കുന്നതായി മാര്‍ക്കോപോളോ അദ്ദേഹത്തിന്റെ യാത്രാക്കുറിപ്പില്‍ പ്രതിപാദിച്ചിട്ടുണ്ട്.

Image:bt paruthi.png

മാല്‍വേസി (Malvaceae) സസ്യകുടുംബത്തിലെ ഗോസിപ്പിയം (Gossypium) ജീനസ്സില്‍പ്പെടുന്ന നിരവധി സ്പീഷിസ് ഇന്ത്യയില്‍ കൃഷിചെയ്യുന്നു.

ഗോസിപ്പിയം ആര്‍ബോറിയം (G.aurborium), ഗോ. ഹെര്‍ബേഷ്യം (G.herbaceum), ഗോ ഹിര്‍സൂട്ടം (G.hirsutum), ഗോ. ബാര്‍ബഡന്‍സ് (G.barbedense) എന്നിവയാണ് ഇന്ത്യയില്‍ കൃഷി ചെയ്യുന്ന പ്രധാന സ്പീഷീസ്. ആദ്യത്തെ രണ്ട് സ്പീഷീസ് ഏഷ്യന്‍ പരുത്തി, 'ദേശി പരുത്തി' എന്നീ പേരുകളിലും, മറ്റ് രണ്ടെണ്ണം 'നവലോകപരുത്തി' (New world cotton) എന്ന പേരിലും അറിയപ്പെടുന്നു. ഗോ. ആര്‍ബോറിയത്തിന്റെ ജന്മദേശം ഇന്ത്യയാണ്. ഇതിന് നാര് കുറവാണ്. ഗോ. ഹെര്‍ബേഷ്യത്തിന്റെ നാരിന് താരതമ്യേന കൂടുതല്‍ നീളവും മിനുസവും ഉണ്ടായിരിക്കും. അമേരിക്കന്‍ പരുത്തി എന്നറിയപ്പെടുന്ന ഗോ. ഹിര്‍സൂട്ടത്തിന്റെ നാരുകള്‍ക്കാണ് നല്ല നീളവും കൂടുതല്‍ മിനുസവും ഉളളത്. ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും പരുത്തിക്കൃഷി ചെയ്യുന്നുണ്ട്.

ജനിതക എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്ത മറ്റൊരിനം പരുത്തിയാണ് ബി.ടി. പരുത്തി (Bt.cotton). ഈ ഇനത്തിന് വളരെയധികം കീടപ്രതിരോധശേഷി യുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥലത്ത് ബി.ടി. പരുത്തി കൃഷി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത് ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നത്.

പരുത്തിച്ചെടി ഒരിനം കുറ്റിച്ചെടിയാണ്. ഇതിന്റെ ശാഖകള്‍ താഴേക്ക് ചാഞ്ഞു കിടക്കുന്നു. ശാഖകളും ഇലകളും കടുംപച്ചനിറമാണ്. ചുവപ്പുനിറം കലര്‍ന്ന ചെറുലോമങ്ങളുമുണ്ട്. ഇലകള്‍ പാളികളുള്ളതും അനുപര്‍ണങ്ങളുള്ളതുമാണ്. ഇലകളുടെ കക്ഷ്യങ്ങളില്‍ നിന്ന് ഒറ്റയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പത്തിന്റെ ഞെട്ട് ചെറുതാണ്. ഇതിന് നന്നായി വികാസം പ്രാപിച്ച സഹപത്രങ്ങളാ(bracteoles)ണുള്ളത്. ബാഹ്യദളപുടം സംയോജിപ്പിച്ചിരിക്കുന്നു. കടും ചുവപ്പുനിറമുള്ള അഞ്ചു ദളങ്ങളുണ്ടായിരിക്കും. വെള്ളയും മഞ്ഞയും നിറമുള്ള ദളങ്ങളുണ്ട്. ദളങ്ങള്‍ ജനിപുടത്തിനോടു ചേരുന്ന കുറച്ചുഭാഗം കറുപ്പു നിറമുള്ളതായിരിക്കും. അണ്ഡാശയത്തിന് 3-5 അറകളുണ്ടായിരിക്കും. വിത്ത് കടുപ്പമുള്ള തോടിനുള്ളില്‍ കാണപ്പെടുന്നു. വിത്തിനെച്ചുറ്റി പരുത്തിനാരുകള്‍ (fuzz) ഉണ്ടായിരിക്കും.

ഇന്ത്യയില്‍ കൃഷിചെയ്യുന്ന പരുത്തി വിവിധ വാണിജ്യനാമങ്ങളിലറിയപ്പെടുന്നു. കോകനാദ (Cocanada) വെസ്റ്ററസ് (Westerus), നോര്‍തെറസ് (Northerus), ടിന്നീസ് (Tinnies), സേലംസ് (Salems) എന്നിങ്ങനെയാണിവ അറിയപ്പെടുന്നത്. ഇവ പ്രത്യേക ഒരിനമല്ല; സങ്കര ഇനങ്ങളാണ്.

ഇന്ത്യയില്‍ വളരുന്ന പരുത്തി ഇനങ്ങളധികവും ഏഷ്യാറ്റിക്, അമേരിക്കന്‍ ഇനങ്ങളാണ്. ഇന്ത്യന്‍ ഇനങ്ങള്‍ പച്ചകാണ്ഡവും ഇളംപച്ച ഇലകളും കുറഞ്ഞ വളര്‍ച്ചാനിരക്കും പ്രദര്‍ശിപ്പിക്കുന്നവയാണ്. പുഷ്പങ്ങള്‍ കടും മഞ്ഞയോ മഞ്ഞയില്‍ കടും കറുപ്പുനിറത്തിലുള്ള അടയാളങ്ങളോടുകൂടിയതോ ആയിരിക്കും. ദളങ്ങളുടെ ചുവടുഭാഗത്തില്‍ കറുപ്പു നിറമാണ്. ബീജസങ്കലനശേഷം ദളങ്ങള്‍ വാടിക്കൊഴിയുമ്പോഴും ദളങ്ങള്‍ക്ക് നല്ല മഞ്ഞ നിറമായിരിക്കും. പരുത്തിക്കായകള്‍ ചെറുതും ഉരുണ്ടതും പച്ചനിറത്തിലുള്ളതുമാണ്. കായകള്‍ ഉണങ്ങിയ ശേഷം 3-5 ഭാഗങ്ങളായി പൊട്ടുന്നു. പൊട്ടിയ കായ്കളാണ് ശേഖരിക്കുന്നത്. അധികം പരുത്തിയിനങ്ങളുടെയും കായ്കളിലെ നൂല് തൂവെള്ളനിറമായിരിക്കും. എന്നാല്‍ മങ്ങിയ വെള്ളനിറമുള്ളവയുമുണ്ട്. വളര്‍ച്ചയുടെ കാലദൈര്‍ഘ്യമനുസരിച്ച് പരുത്തിയെ എട്ടൊമ്പതുമാസം കാലയളവുള്ളവയെന്നും അഞ്ചാറുമാസം കാലയളവുള്ളതെന്നും രണ്ടായി തരം തിരിക്കാം. കാലദൈര്‍ഘ്യം കൂടുതലുള്ളവ ജലസേചനം നടത്തിയാണ് കൃഷിചെയ്യുന്നത്. എന്നാല്‍ മഴയെ ആശ്രയിച്ച് കൃഷിചെയ്യുന്ന സ്ഥലങ്ങളില്‍ കാലദൈര്‍ഘ്യം കുറഞ്ഞ പരുത്തിയാണ് കൃഷിചെയ്യാറുള്ളത്.

വിത്ത് വിതറി വിതച്ചാണ് പരുത്തി കൃഷിചെയ്യുക. വിത്ത് വരിവരിയായി വിതയ്ക്കുന്നതിന് സീഡ്ഡ്രില്‍ ഉപയോഗിക്കുന്നു. പരുത്തി, കരിമണ്ണിലും ചുവന്നമണ്ണിലുമാണ് കൃഷി ചെയ്യുന്നത്. സാധാരണയായി വരികളിലായാണ് വിതയ്ക്കുന്നത്. ജലസേചനം ചെയ്തു വളര്‍ത്തുന്ന തമിഴ്നാട്ടിലെ കമ്പോസിയപരുത്തിയായി തിണ്ടുകളില്‍ വിതക്കുകയാണു പതിവ്. കൂടുതല്‍ ശാഖകളുണ്ടാകുന്ന ഏകാക്ഷിരൂപപരുത്തിയിനങ്ങള്‍, കുറച്ചു ശിഖരങ്ങളുണ്ടാകുന്ന സന്ധിതാക്ഷരൂപ ഇനങ്ങളേക്കാള്‍ കൂടുതല്‍ അകലത്തില്‍ വിതയ്ക്കണം.

കൃത്യമായി വളം ചേര്‍ക്കലും മണ്ണിന്റെ ഈര്‍പ്പനിലയും പരുത്തിച്ചെടിയുടെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. മഴ കൂടുതല്‍ ലഭിക്കുന്ന പ്രദേശങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് ചെടികള്‍ക്ക് നാശം സംഭവിക്കാം. പുഷ്പിക്കുന്ന കാലമാണ് ജലസേചനത്തിന്റെ നിര്‍ണായകഘട്ടം. ജലാംശം കുറഞ്ഞാല്‍ പൂമൊട്ടും പുഷ്പങ്ങളും ഇളം കായ്കളും കൊഴിഞ്ഞുവീഴും. പഞ്ഞിക്കായ് പൊട്ടിവിടരുന്ന ഘട്ടത്തില്‍ ചെടിക്ക് കുറച്ചു ജലാംശം മതിയാകും.

വിളപരിക്രമം അനുവര്‍ത്തിക്കുന്നത് പരുത്തിയുടെ വിളവ് വര്‍ധിക്കാനിടയാക്കും. പരുത്തി-ഗോതമ്പ്, പരുത്തി, ചോളം, പരുത്തി-ഗോതമ്പ്, കടുകുവര്‍ഗങ്ങള്‍ എന്നിവയാണ് പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അനുവര്‍ത്തിക്കപ്പെടുന്ന വിളപരിക്രമം.

പരുത്തി-പയര്‍-ഗോതമ്പ്, പരുത്തി-നിലക്കടല, പരുത്തി-ചോളം-നിലക്കടല തുടങ്ങിയ വിളപരിക്രമരീതികളും നിലവിലുണ്ട്. പരുത്തി-നിലക്കടല എന്ന വിളപരിക്രമരീതി അനുവര്‍ത്തിക്കുന്നതാണ് ഉത്പന്നങ്ങള്‍ കൂടുതലും ലഭിക്കാനിടയാക്കുന്നത്.

ചുവന്ന മണ്ണില്‍ പരുത്തി-ചോളം, പരുത്തി-ബജറ, പരുത്തി-എള്ള്, പരുത്തി-ആവണക്ക്, പരുത്തി-കൂവരക് എന്നീ വിളപരിക്രമ രീതികളാണ് സാധാരണ അനുവര്‍ത്തിക്കാറുള്ളത്.

പരുത്തിയുടെ ഇനം, പാകമാകുന്ന കാലം, വര്‍ഷകാലദൈര്‍ഘ്യം, കൃഷിചെയ്യുന്ന സ്ഥലം, വിതയ്ക്കുന്ന കാലം എന്നിവയെ ആശ്രയിച്ച് വിളവെടുപ്പിന്റെ സമയവും കാലദൈര്‍ഘ്യവും മാറിക്കൊണ്ടിരിക്കും.

പഞ്ഞിക്കായകള്‍ കൈകള്‍കൊണ്ടു പറിച്ചെടുക്കുകയാണു പതിവ്. പറിച്ചെടുക്കുന്ന കായ്കളില്‍ നിന്നുള്ള ഉത്പന്നം 'കപ്പാസ്' എന്നറിയപ്പെടുന്നു പരുത്തിക്കുരുവില്‍ നിന്ന് പഞ്ഞിനാര് വേര്‍പെടുത്തുന്നതിനെ 'ജിന്നിങ്' എന്നു പറയും. മുന്‍കാലങ്ങളില്‍ ചര്‍ക്കജിന്‍ ഉപയോഗിച്ചാണ് ജിന്നിങ് നടത്തിയിരുന്നത്. അടുത്തകാലത്തായി റോളര്‍ജിന്‍ വ്യവസായികായിസ്ഥാനത്തില്‍ ഉപയോഗിച്ചാണ് ജിന്നിങ് നടത്തുന്നത്. കുരു മാറ്റിയ പഞ്ഞി 'ലിന്റ്' എന്നറിയപ്പെടുന്നു.

പഞ്ഞിക്കെട്ടുകള്‍ സൂക്ഷിക്കാനും നീക്കം ചെയ്യാനും കയറ്റി അയയ്ക്കാനും സൗകര്യത്തിനു വേണ്ടി 'പ്രസ്' ചെയ്ത് 90-135 കി.ഗ്രാം. ഭാരമുള്ള കെട്ടുകളാക്കുകയാണ് പതിവ്. ഇത് ഡോക്ര അഥവാ ബോറ എന്നാണറിയപ്പെടുന്നത്.

നിരവധി കൃമികീടങ്ങളും വാട്ടരോഗങ്ങളും പരുത്തിച്ചെടിയെ ബാധിക്കുന്നു. പാടലബോള്‍പ്പുഴു എന്ന പുഴു പരുത്തിയുടെ മുകുളം, പുഷ്പങ്ങള്‍, കായ, കുരു എന്നിവയില്‍ തുളച്ചുകയറി അവയെ നശിപ്പിക്കുന്നു. ഇലചുരുട്ടിപ്പുഴു, പരുത്തിയിലകളെ ചുരുട്ടി അതിനുള്ളില്‍ കഴിയുന്നു. ഈ സമയം ഇവ ഇല ഭക്ഷിക്കുകയും തത്ഫലമായി ചെടി നശിക്കുകയും ചെയ്യുന്നു. പരുത്തിയിലകളിലെ നീര് വലിച്ചുകുടിക്കുന്നവയാണ് പരുത്തിജാസ്സിഡുകള്‍.

വാട്ടരോഗമാണ് പരുത്തിയെ പ്രധാനമായി ബാധിക്കുന്ന ഒരു രോഗം. ചെടികള്‍ ക്രമേണ വാടി നശിക്കുന്നതാണ് രോഗലക്ഷണം. കോണിപ്പൊട്ട് എന്ന രോഗവും പരുത്തിയെ നശിപ്പിക്കാറുണ്ട്. കോണാകൃതിയിലുള്ള നീരു നിറഞ്ഞ പാടുകള്‍, ഇല, കാണ്ഡം എന്നിവയില്‍ കാണപ്പെടുന്നു.

വസ്ത്രനിര്‍മാണമാണ് പരുത്തിയുടെ ഏറ്റവും പ്രധാന ഉപയോഗം. മെത്ത, തലയിണ, കുഷ്യന്‍ തുടങ്ങിയവ നിറയ്ക്കാനും പഞ്ഞി ഉപയോഗിക്കുന്നുണ്ട്. ആശുപത്രികളിലും, ലബോറട്ടറികളിലും ടിഷ്യുകള്‍ച്ചര്‍ രംഗത്തും ഉപയോഗിക്കുന്നത് ശുദ്ധമായ പരുത്തിനാര് (പഞ്ഞി) ആണ്.

പരുത്തിക്കുരു കാലിത്തീറ്റയായി ഉപയോഗിക്കുന്നു. കുരുവിന്റെ തോട് തീ കത്തിക്കാനും, പരിപ്പ് ആട്ടി എണ്ണയെടുത്ത് ശുദ്ധീകരിച്ചാല്‍ പാചകത്തിനുമുപയോഗിക്കാം. പിണ്ണാക്ക് കാലിത്തീറ്റയായും ഉപയോഗിക്കാറുണ്ട്. മാര്‍ഗറിന്‍ എന്ന ശുദ്ധിചെയ്ത പരുത്തിക്കുരു എണ്ണ മെച്ചപ്പെട്ടതാണ്.

ചണം (Jute). പരുത്തികഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ള നാരുവിളയാണ് ചണം. പണ്ടുമുതല്ക്കേ ചണക്കൃഷി ഭാരതത്തിന്റെ കുത്തകയായിരുന്നു. ഇന്നും ഭാരതത്തിന്റെ വിദേശനാണ്യസമ്പാദനത്തില്‍ ചണത്തിന് സുപ്രധാന പങ്കാണുള്ളത്. എന്നാല്‍ ചണക്കൃഷിയുടെ ആരംഭത്തെക്കുറിച്ച് ഇന്നും അവ്യക്തത നിലനില്‍ക്കുന്നു. വേദങ്ങളിലും മഹാഭാരതത്തിലും ചണക്കൃഷിയെപ്പറ്റി പ്രതിപാദിച്ചിട്ടുള്ളതില്‍ നിന്നും അന്നും ചണനാരിന് നാരുവിളയെന്ന പ്രചാരം ലഭിച്ചിരുന്നതായി മനസ്സിലാക്കാം. പതിനാറാം ശ.-ത്തില്‍ വന്‍തോതില്‍ ചണനാര് വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നതായി ചില ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. 1590-ല്‍ അബുല്‍ ഫാസല്‍ എഴുതിയ എയിന്‍-ഇ അക്ക്ബാരി എന്ന ഗ്രന്ഥത്തില്‍ ചണനാരുകൊണ്ടു നിര്‍മിച്ച തുണിയെപ്പറ്റിയുള്ള വിവരണമുണ്ട്.

ഒറിയ ഭാഷയിലെ ജെട്, ജൂട് എന്നീ പദങ്ങളില്‍ നിന്നായിരിക്കാം ജൂട്ട് എന്ന ചണത്തിന്റെ ആംഗലേയനാമം ഉദ്ഭവിച്ചതെന്ന് അനുമാനിക്കുന്നു. ശാ.നാ. കോര്‍ക്കോറസ് കാപ്സുലാരിസ് (Corchorus capsularis). കോര്‍ക്കോറസ് എന്ന പദം ഈജിപ്ഷ്യന്‍ പദമായ കോര്‍ക്കോറസില്‍ നിന്ന് ഉണ്ടായതാണെന്നും അതിനാല്‍ ചണത്തിന്റെ ഉദ്ഭവസ്ഥാനം ഈജിപ്റ്റാണെന്നും അതല്ല ഇന്തോ-ബര്‍മീസ് പ്രദേശങ്ങളോ ചൈനയോ ആയിരിക്കാം ചണത്തിന്റെ ജന്മദേശം എന്നും വാദഗതികളുണ്ട്. ഒളിറ്റാരിയസ് എന്ന ഇനം ചണത്തിന്റെ ജന്മദേശം ആഫ്രിക്കയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ടിലിയേസി സസ്യകുടുംബത്തില്‍പ്പെടുന്ന കോര്‍ക്കോറസിന് നാല്പതിലധികം സ്പീഷിസുണ്ടെങ്കിലും കോ. കാപ്സുലാരിസ്, കോ. ഒളിറ്റാരിയസ് എന്നീ രണ്ടിനങ്ങളെ കൃഷിചെയ്യുന്നുള്ളൂ. ഈ രണ്ടിനങ്ങളും കാഴ്ചയില്‍ ഏതാണ്ടൊരുപോലെയാണെങ്കിലും സൂക്ഷ്നിരീക്ഷണത്തില്‍ ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാം.

വടക്കേ ഇന്ത്യയിലാണ് ചണം പ്രധാനമായും കൃഷിചെയ്യുന്നത്. അസം, ബിഹാര്‍, ഒറീസ്സ, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലാണ് വ്യാപകമായി ചണക്കൃഷി ഉള്ളത്. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയും ഫലഭൂയിഷ്ഠതയുള്ള പശിമരാശിമണ്ണും ഇതിന് അനിവാര്യമാണ്. വിളപരിക്രമത്തില്‍ ഉള്‍പ്പെടുത്തിയും ഇത് കൃഷി ചെയ്യുന്നുണ്ട്. ബംഗാളില്‍ ഒരു ഇലക്കറിവിള എന്ന നിലയിലാണ് ചണക്കൃഷി പ്രസിദ്ധമായിട്ടുള്ളത്.

ചണച്ചെടി പുഷ്പിച്ച് കായ്കള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ വിളവെടുപ്പ് നടത്തിയാലേ ഗുണമേന്മയുള്ള ചണനാര് ലഭിക്കുകയുള്ളൂ. ചണനാര് ചെടിയുടെ തൂക്കത്തിന്റെ 4.5 ശ.മാ. മുതല്‍ 7.5 ശ.മാ. വരെ വരും. ചണം വെട്ടിയെടുത്തും പറിച്ചെടുത്തും ചെറിയ കെട്ടുകളാക്കി ഇല കൊഴിഞ്ഞുപോകുന്നതുവരെ സൂക്ഷിക്കുന്നു. അതിനുശേഷം നാരുവേര്‍തിരിക്കാനായി തണ്ട് അഴുകല്‍ പ്രക്രിയയ്ക്കു വിധേയമാക്കണം. അഴുകാനായി ഒഴുക്കില്ലാത്ത തെളിഞ്ഞ വെള്ളത്തില്‍ ഒരു മീറ്ററോളം ആഴത്തില്‍ ചണക്കെട്ടുകള്‍ താഴ്ത്തി വയ്ക്കുകയാണ് പതിവ്. അഴുകലിനു ശേഷം നാരുകള്‍ വേര്‍പെടുത്തി ഉണക്കുന്നു. തുടര്‍ന്ന് തണ്ടുചീയല്‍, മൃദുചീയല്‍, ആന്ത്രക്നോസ് തുടങ്ങിയ രോഗങ്ങള്‍ വരാതെയും നോക്കണം. ചണച്ചെല്ലി, ഇലതീനിപ്പുഴു എന്നിവയുടെ കീടബാധയും ചണത്തിനുണ്ടാകാറുണ്ട്.

ചണനാര്, ചാക്കുകള്‍ നിര്‍മിക്കാനാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. പരുത്തിയോടൊപ്പം ചേര്‍ത്ത് പരവതാനി ഉണ്ടാക്കാനും ഇത് ഉപയോഗിക്കാറുണ്ട്. ചണനാരു കൊണ്ട് നിര്‍മിക്കുന്ന കട്ടിയുള്ള തുണി കാറ്റുമറയായും, ചെടികള്‍ക്ക് വെയില്‍ മറയായും ഉപയോഗിക്കുന്നു. ചണനാരുകൊണ്ടുള്ള കൂടകള്‍, സഞ്ചികള്‍, ചെരുപ്പുകള്‍, മറ്റു കരകൌശല വസ്തുക്കള്‍ മുതലായവ വ്യാപകമായി ഉപയോഗിച്ചുവരുന്നു. വളരെവേഗം ജീര്‍ണിച്ച് മണ്ണില്‍ അലിഞ്ഞുചേരുന്നതിനാല്‍ ചണം കൊണ്ടുള്ള വസ്തുക്കള്‍ക്ക് ഇന്ന് വളരെയേറെ പാരിസ്ഥിതിക പ്രാധാന്യമുണ്ട്.

കാട്ടുചണം (Sunn hemp). സണ്‍ഹെമ്പ് (Sunhemp) എന്ന് പൊതുവേ അറിയപ്പെടുന്ന കാട്ടുചണത്തിന് വക്ക് (Wuckoo), ബോംബെ ചണം, ദേവഗുഡി ചണം, വാറംഗല്‍ ചണം, ബനാറസ് ചണം എന്നീ പേരുകളുണ്ട്. ശാ.നാ. ക്രോട്ടലേറിയ ജന്‍സിയ (Crotalaria juncea). ഇന്ത്യയില്‍ കൃഷി ചെയ്യുന്ന നാരുവിളകളില്‍ പ്രധാനപ്പെട്ട ഒന്നാണിത്. പച്ചിലവളമായും കാലിത്തീറ്റയായും കാട്ടുചണം ഉപയോഗിച്ചുവരുന്നു. ഇത് ഉണക്കാതെയും ഉണക്കി വയ്ക്കോലായും കാലിത്തീറ്റയായും ഉപയോഗിക്കുന്നു.

Image:kattuchanom.png

ലെഗുമിനോസീ (Leguminosae) സസ്യകുടുംബത്തിന്റെ ഉപകുടുംബമായ പാപ്പിലിയോണേസി(Papolionaeeae)യില്‍പ്പെടുന്ന കാട്ടുചണം മൂന്നു മീറ്ററോളം ഉയരത്തില്‍ വളരുന്നു. അര സെ.മീ. വ്യാസമുള്ള നീണ്ടുകനം കുറഞ്ഞ കാണ്ഡമാണ് കാട്ടുചണത്തിന്റേത്. കാണ്ഡത്തിന്റെ തൊലിയിലാണ് നാര് പിത്ത് നിറഞ്ഞിരിക്കുന്നത്. വേരുകളില്‍ മൂലാര്‍ബുദ (root nodules) ങ്ങള്‍ ഉണ്ടായിരിക്കും. ഇലകള്‍ വീതി കുറഞ്ഞ് നീളം കൂടിയതാണ്. ഇലഞെട്ട് വളരെ ചെറുതും ശാഖകളുണ്ടാകാറില്ല എന്നതാണ് കാട്ടുചണത്തിന്റെ മുഖ്യസവിശേഷത. എന്നാല്‍ അഗ്രമുകുളം നഷ്ടമാകുന്ന അവസ്ഥയില്‍ ശാഖകളുണ്ടാകാറുണ്ട്. കാണ്ഡാഗ്രത്തില്‍ കടും മഞ്ഞനിറത്തിലുള്ള പുഷ്പങ്ങള്‍ പൂങ്കുലകളായുണ്ടാകുന്നു. സ്വപരാഗണം മൂലം കായ്കളുണ്ടാകാറില്ല. പ്രാണികള്‍ വഴിയാണ് പരപരാഗണം നടക്കുന്നത്. കായ്കള്‍ക്ക് 5 സെ.മീറ്ററോളം നീളവും 0.7 സെ.മീ. വ്യാസവുമുണ്ടായിരിക്കും. ഉണങ്ങിയ വിത്തുകള്‍ കായ്കള്‍ക്കുള്ളില്‍ക്കിടന്ന് ചലിക്കുമ്പോള്‍ ഒരു പ്രത്യേക ശബ്ദം ഉണ്ടാകുന്നു.

ഇന്ത്യയില്‍ മിക്കവാറും എല്ലാ ഭാഗങ്ങളിലും കുറഞ്ഞതോതിലെങ്കിലും കാട്ടുചണം കൃഷിചെയ്തുവരുന്നു. ഉഷ്ണമേഖലയിലും സമശീതോഷ്ണമേഖലയിലും ഇവ നന്നായി വളരും. ബിഹാര്‍, തമിഴ്നാട്, മധ്യപ്രദേശ്, കര്‍ണാടകം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ കാട്ടുചണം വിപുലമായി കൃഷിചെയ്യുന്നു. കാട്ടുചണം, സമതലങ്ങളിലും പീഠഭൂമികളിലും സമൃദ്ധമായി വളരുന്നു. ചെമ്മണ്ണും ചെളിക്കൂടുതലുള്ള കറുത്ത പശിമരാശി മണ്ണും ഇതിന്റെ കൃഷിക്ക് ഏറെ അനുയോജ്യമാണ്. മണ്ണില്‍ നല്ല ഈര്‍പ്പമുണ്ടായിരിക്കേണ്ടത് കാട്ടുചണത്തിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. വിതയന്ത്രങ്ങളുപയോഗിച്ചും വിത്തു വിതയ്ക്കാറുണ്ട്.

4-4 1/2 മാസം വളര്‍ച്ചയെത്തിയ കാട്ടുചണത്തില്‍ നിന്നാണ് വിളവെടുക്കുക. പച്ചില വളത്തിനായി കൃഷിചെയ്യുമ്പോള്‍ രണ്ടു മാസംകഴിയുമ്പോഴേക്കും വെട്ടിയെടുക്കാം. നാരിനുവേണ്ടി കൃഷിചെയ്യുമ്പോള്‍ മൂന്നു നാലുമാസക്കാലമാകുമ്പോഴേക്കും വിളവെടുക്കാം.

പുഷ്പകാലം കഴിഞ്ഞ് കായ്കള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ചെടികള്‍ പറിച്ചെടുക്കുകയോ മണ്ണിന്റെ നിരപ്പില്‍ വച്ച് വെട്ടിയെടുക്കുകയോ ചെയ്യുന്നു. നാരിന്റെ നിറം, ബലം, മൃദുത്വം എന്നീ മേന്മകളുള്ള നാരുലഭിക്കുന്നതിന് കായ്കളുണ്ടായിക്കൊണ്ടിരിക്കുന്ന സമയത്ത് വിളവെടുക്കുന്നതാണു നല്ലത്. പിഴുതെടുത്ത ചെടികള്‍ തറയിലിട്ട് നന്നായി ഉണക്കിയശേഷം അഴുകാനായി കെട്ടുകളാക്കി വെള്ളത്തില്‍ മുക്കിയിടുന്നു. കെട്ടുകള്‍ വെള്ളത്തില്‍ പൂര്‍ണ്ണമായും മുങ്ങിയിരിക്കാനായി കെട്ടുകള്‍ക്കു മുകളില്‍ ഭാരം കയറ്റിവയ്ക്കുന്നു. ഒരാഴ്ചയ്ക്കുശേഷം അഴുകിയ കെട്ടുകള്‍ പുറത്തെടുത്ത് നാരുകളടങ്ങിയ പുറന്തൊലി വേരിന്റെ ഭാഗത്തുനിന്ന് മുകളിലേക്ക് നീളത്തില്‍ വേര്‍പെടുത്തിയെടുക്കുന്നു. നന്നായി അഴുകിയ ചെടികളില്‍ ഇത് നിഷ്പ്രയാസം ചെയ്യാനാകും. നാരുകള്‍ക്കിടയിലും പുറമേയുമുള്ള സസ്യഭാഗങ്ങള്‍ നീക്കംചെയ്യാന്‍ കല്ലില്‍ അടിക്കുകയും വെള്ളത്തില്‍ കഴുകുകയും ചെയ്യുന്നു. ഇതുമൂലം അഴുക്കുകളും മാലിന്യങ്ങളും നീങ്ങിയ നീളമുളള പാളികളായി നാരുകള്‍ ലഭിക്കുന്നു.

ചെടികള്‍ അഴുകലിനിടാന്‍ പ്രയാസമുള്ള സ്ഥലങ്ങളില്‍ ശുഷ്കപ്രക്രിയ (Dry process) യാണു പതിവ്. പിഴുതെടുത്ത ചണം റോളറുകള്‍ക്കുള്ളില്‍ കടത്തി ചതച്ചെടുത്ത് ചീകല്‍ യന്ത്രങ്ങളുടെ സഹായത്തോടെ ചീകി തടിയുടെ അംശവും മാലിന്യങ്ങളും മാറ്റി നാരുകള്‍ വേര്‍തിരിച്ചെടുക്കുന്നു.

വിവിധതരത്തിലുള്ള കയറുകള്‍, പരുക്കന്‍തുണി, ധാന്യസഞ്ചികള്‍, മീന്‍ പിടിക്കുന്ന വല, പരവതാനികള്‍, കട്ടിയേറിയ തുണിത്തരങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനാണ് കാട്ടുചണം വന്‍തോതില്‍ ഉപയോഗിക്കുന്നത്. കൃത്രിമപട്ടുനിര്‍മാണത്തിനും ബലമുള്ള കടലാസ്സുനിര്‍മാണത്തിനും ഇത് ഉപയോഗിച്ചുവരുന്നു.

കെനാഫ് (Kenaf). മാല്‍വേസി സസ്യകുടുംബത്തില്‍പ്പെടുന്ന ഈ സസ്യത്തിന്റെ ശാ.നാ. ഹിബിസ്കസ് കന്നാബിനസ് (Hibiscus cannabinuss) എന്നാണ്. മെസ്താ ഹെമ്പ്, ഡെക്കാന്‍ ഹെമ്പ്, ബോംബെ ഹെമ്പ് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. രണ്ടിനം ഗോഗുക്കളുണ്ട്; പച്ച ഇലയും തണ്ടുമുള്ളവയും, ചുവന്നയിലയും തണ്ടുമുള്ളവയും. ശാഖകളില്ലാതെ നീളത്തില്‍ വളരുന്ന എന്‍.വി-3 വേഗത്തില്‍ വിളയുന്നു. ഗുണത്തിലും അളവിനും നല്ല വിളവു നല്‍കുന്ന മറ്റൊരിനമാണ് എന്‍.വി.-6.

പരുത്തിക്കരിമണ്ണാണ് കെനാഫിന്റെ വളര്‍ച്ചയ്ക്ക് അത്യുത്തമം. നേരിട്ട് വിത്തു വിതയ്ക്കുകയാണു പതിവ്. മേയ്-ജൂണ്‍ മാസങ്ങളിലാണ് വിത്തുവിതയ്ക്കുക. ചോളവും കൂവരകും വളരുന്നതിനിടെ ഇടവിളയായി ഇതും കൃഷി ചെയ്യുന്നു. നാലരമാസംകൊണ്ട് കെനാഫ് 2.5-3 മീ. ഉയരത്തില്‍ വളരുന്നു. ചെടികള്‍ പുഷ്പിക്കുന്ന സമയത്താണ് വിളവെടുക്കുന്നത്. ഒ. ന. മാസത്തോടെ പാകമായ ചെടികള്‍ പിഴുതെടുക്കുകയോ മണ്‍നിരപ്പില്‍ വച്ച് മുറിച്ചെടുക്കുകയോ ചെയ്യുന്നു. പിഴുതെടുക്കുന്നതാണ് ഉത്തമം. പിഴുതെടുക്കുന്ന ചെടികള്‍ ചെറിയ കെട്ടുകളാക്കി ചെടിയുടെ ചുവടുഭാഗം മാത്രം വെള്ളത്തില്‍ മുങ്ങിയിരിക്കത്തക്കവിധം രണ്ടോ നാലോ ദിവസം വെള്ളത്തില്‍ മുക്കിവയ്ക്കുന്നു. നാലുദിവസത്തിനുശേഷം കെട്ടുകള്‍ മുഴുവനായും ജലത്തില്‍ മുക്കിത്താഴ്ത്തി വയ്ക്കുന്നു 10-15 ദിവസം കൊണ്ട് ചെടികള്‍ അഴുകുന്നു. കൂടുതല്‍ ദിവസം വെള്ളത്തില്‍ മുക്കിയിടുന്നത് നാരുകളുടെ ബലക്ഷയത്തിന് കാരണമാകുന്നു. അഴുകിയ ശേഷം നാരുകളുള്ള ഭാഗം പാളികളാക്കി അവയിലെ മാലിന്യവും കാണ്ഡഭാഗങ്ങളും വെള്ളമുപയോഗിച്ച് കഴുകിമാറ്റുന്നു. നന്നായി കഴുകിയശേഷം നാരുകള്‍ ഉണക്കി കെട്ടുകളാക്കി മാറ്റുന്നു. അഴുകാനാവശ്യമായ സൌകര്യം ഇല്ലാത്ത അവസരങ്ങളില്‍ പറിച്ചെടുത്ത ചെടികള്‍ ഉണക്കിവച്ചശേഷം പിന്നീട് അത് അഴുക്കിയെടുക്കാനാകും.

വിവിധയിനം കയറുകള്‍, ചാക്കുകള്‍, സഞ്ചികള്‍, കാന്‍വാസ്, മീന്‍പിടിക്കുന്ന വല തുടങ്ങിയവ നിര്‍മിക്കുന്നതിന് കെനാഫ്നാര് ഉപയോഗിച്ചുവരുന്നു.

സിസാല്‍. അമേരിക്കന്‍ കൈത, ബിലാത്തി കൈത എന്നീ പേരുകളില്‍ അറിയപ്പെടുന്നു. സിസാലിന്റെ ശാ.നാ. അഗേവ് സിസലാന (Agave sisalana) എന്നാണ്. ഇതിന്റെ ഇലയില്‍ നിന്നാണ് വാണിജ്യപ്രാധാന്യമുള്ള നാര് ലഭിക്കുന്നത്. കിഴക്കനാഫ്രിക്ക, മധ്യ ആഫ്രിക്ക, മധ്യ അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് ഇതു വ്യാപകമായി കൃഷിചെയ്യുന്നത്. ഇന്ത്യയില്‍ തമിഴ്നാട്, കര്‍ണാടകം, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സിസാല്‍ കൃഷിചെയ്യുന്നു. അമേരിക്കയില്‍ നിന്നാണ് സിസാല്‍ ഇന്ത്യയില്‍ എത്തിയതെന്നു കരുതപ്പെടുന്നു.

ഒരു മരുരൂഹസസ്യമാണ് സിസാല്‍. സാധാരണ വിളകള്‍ കൃഷിചെയ്യാന്‍ കഴിയാത്ത തരിശുഭൂമികളിലും വേലി, കയ്യാല , റെയില്‍വേപാതയുടെ പാര്‍ശ്വങ്ങള്‍ തുടങ്ങിയ പാഴ്സ്ഥലങ്ങളിലുമാണ് ഇവ ധാരാളമായി വളര്‍ത്തുന്നത്. വയലുകള്‍ ഉള്‍പ്പെടെയുള്ള കൃഷിയിടങ്ങളില്‍ വേലിപോലെയാണ് സിസാല്‍ നട്ടുവളര്‍ത്തുന്നത്. കന്നുകാലികളുടെ ഉപദ്രവങ്ങളില്‍ നിന്നും വിളയെ സംരക്ഷിക്കുന്നതിന് ഉപയുക്തമാണ്.

വേരില്‍ നിന്നുണ്ടാകുന്ന മുകുള(കന്നുകള്‍)ങ്ങള്‍ നട്ടാണ് സിസാലിന്റെ പ്രജനനം സാധ്യകുന്നത്. പുഷ്പവൃന്തത്തില്‍ (Flower stalk) നിന്നുണ്ടാകുന്ന ബള്‍ബിലുകളും നടാനുപയോഗിക്കാറുണ്ട്. തൈകള്‍ നട്ട് മൂന്നു വര്‍ഷം കഴിയുമ്പോള്‍ കന്നുകളുണ്ടാകുന്നു. 20 കന്നുകള്‍ വരെ ഒരേസമയം ഉണ്ടാകാറുണ്ട്. ചെടി 15 വര്‍ഷം വളര്‍ച്ചയെത്തുമ്പോള്‍ പുഷ്പിക്കുന്നു. പുഷ്പവൃന്തം തടിച്ചതും ദൃഢവും ബലമുള്ളതുമാണ്. പാര്‍ശ്വഭാഗങ്ങളില്‍ ചെറിയ മുകുളങ്ങളുണ്ടായി ബള്‍ബിലുകളായിത്തീരുന്നത് സിസാലിന്റെ സവിശേഷതയാണ്.

Image:apaeb-sisal.png

കന്നുകള്‍ നട്ട് മൂന്നുവര്‍ഷം കഴിയുമ്പോഴേക്കും ഇലകള്‍ മുറിച്ചെടുക്കാം. മൂപ്പെത്താത്ത ഇലകള്‍ മാത്രം നിര്‍ത്തി ചുവട്ടില്‍നിന്നുള്ള ഇലകള്‍ മുറിച്ചുമാറ്റുകയാണ് പതിവ്. ഒരു ചെടിയില്‍നിന്ന് വര്‍ഷംതോറും ശ.ശ. 20-40 വരെ ഇലകള്‍ ലഭിക്കും. ജനു. മുതല്‍ മാ.-ഏ. വരെയാണ് വിളവെടുപ്പുകാലം. 15 വര്‍ഷകാലത്തിനുശേഷം പുഷ്പിക്കുന്ന സിസാല്‍ ചെടികള്‍ പുഷ്പിക്കുന്നതോടെ നശിച്ചുപോകുകയാണ് പതിവ്. കന്നുകളുപയോഗിച്ചുണ്ടായ ചെടികളെക്കാള്‍ വേഗത്തില്‍ പുഷ്പിക്കുന്നത് ബള്‍ബിലുകള്‍ നട്ട് ഉണ്ടായ ചെടികളാണ്.

മുറിച്ചെടുത്ത ഇലകളില്‍നിന്ന് ശുഷ്കപ്രക്രിയയും ആര്‍ദ്രപ്രക്രിയയും നടത്തി നാര് വേര്‍തിരിച്ചെടുക്കുന്നു. ഇലയുടെ കൂര്‍ത്ത അഗ്രവും മുള്ളോടുകൂടിയ അരികുകളും മുറിച്ചുമാറ്റിയശേഷം ബലമായി ഉറപ്പിച്ചിട്ടുള്ള ഒരു പലകയ്ക്കും അധികം മൂര്‍ച്ചയില്ലാത്ത മുനയുള്ള ഒരു കത്തിക്കും ഇടയ്ക്കുകൂടി കടത്തിവിടുന്നു. കത്തിയുടെ വായ്ത്തല ഇലയോടടുപ്പിച്ച് ഇല നിരവധി തവണ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്നു. ഓരോ പ്രാവശ്യം ചലിപ്പിക്കുമ്പോഴും നാരിനോടു പറ്റിപ്പിടിച്ചിരിക്കുന്ന സസ്യഭാഗങ്ങള്‍ (മാംസളഭാഗങ്ങള്‍) കത്തികൊണ്ട് ചീകിനീക്കം ചെയ്യുന്നു. ഇത്തരത്തില്‍ നാരുകള്‍ വേര്‍തിരിച്ചെടുക്കാനാകുന്നു. ഇലകളെ നീളത്തില്‍ കൊട്ടുവടികൊണ്ട് അടിച്ചു ചതച്ച് അതിലുള്ള മാലിന്യങ്ങളും സസ്യഭാഗങ്ങളും നീക്കിയശേഷം ഉണക്കിയെടുക്കുന്നു.

ആര്‍ദ്രപ്രക്രിയയിലൂടെയും സിസാലിന്റെ ഇലകളില്‍നിന്ന് നാരെടുക്കാറുണ്ട്. 15-20 ദിവസം വരെ ഇലകള്‍ അഴുകുന്നതിന് ആവശ്യമാണ്. അഴുകിയ ഇലകളില്‍നിന്ന് മാലിന്യങ്ങള്‍ കഴുകിയ ശേഷമാണ് നാരെടുക്കുന്നത്. വെളുത്തനിറവും തിളക്കമുള്ള ഇതിന്റെ നാരുകള്‍ നീളം കൂടിയതാണ്. വിവിധതരത്തിലുള്ള കയറുകളും ചരടുകളും ഉണ്ടാക്കാന്‍ ഇത് ഉപയോഗിച്ചുവരുന്നു.

തെങ്ങ്. പൊതുവേ ഒരു എണ്ണക്കുരുവിളയായും ധാന്യവിളയായും അറിയപ്പെടുന്ന തെങ്ങ് ഒരു സുപ്രധാന നാരുവിളകൂടിയാണ്. ചിരസ്ഥായി വൃക്ഷമായ തെങ്ങിന് സാധാരണ ശാഖകളുണ്ടാകാറില്ല. ഏകബീജപത്രികളിലെ പാമേ സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ. കോക്കസ് ന്യൂസിഫെറ (Cocos nucifera). തേങ്ങയുടെ പുറന്തോടായ ചകിരിയില്‍നിന്നു ലഭിക്കുന്ന നാര് (Coconut fiber) കയര്‍നിര്‍മാണത്തിനും കാര്‍പ്പെറ്റ് നിര്‍മാണത്തിനും ഉപയോഗിക്കുന്നു. ഇന്ത്യയ്ക്ക് വന്‍തോതില്‍ വിദേശ നാണ്യം നേടിത്തരുന്നതില്‍ ചകിരിനാര് നിര്‍ണായകപങ്കുവഹിക്കുന്നു.

ഉഷ്ണമേഖലാ വിളയായ തെങ്ങ് ഉഷ്ണമേഖലാ കാലാവസ്ഥയുള്ള പ്രദേശങ്ങളിലെല്ലായിടങ്ങളിലും വന്‍തോതില്‍ കൃഷി ചെയ്യുന്നുണ്ട്. മണല്‍ കലര്‍ന്ന മണ്ണാണ് തെങ്ങുകൃഷിക്ക് അനുയോജ്യം. കേരളത്തിലെ ഏറ്റവും പ്രധാന പരമ്പരാഗത വ്യവസായങ്ങളില്‍ ഒന്നാണ് കയര്‍വ്യവസായം. തേങ്ങയുടെ തൊണ്ടില്‍നിന്നും വേര്‍തിരിച്ചെടുത്തുന്ന ചകിരിയാണ് ഈ വ്യവസായത്തിലെ പ്രധാന അസംസ്കൃത വസ്തു.

ചകിരിനാരുകള്‍ വേര്‍തിരിച്ചെടുക്കുന്നതിനായി തൊണ്ട് വെള്ളത്തിലിട്ട് അഴുകിച്ചെടുക്കുന്നു. ഇതിനായി ചകിരി അഥവാ തൊണ്ട് വെള്ളത്തില്‍ മുക്കി താഴ്ത്തിയിടുകയാണ് പതിവ്. ഇക്കാരണത്താലാണ് വെള്ളക്കെട്ടുള്ള കായലോരപ്രദേശങ്ങളില്‍ കയര്‍വ്യവസായം കേന്ദ്രീകരിച്ചിരിക്കുന്നത്. ചില പ്രദേശങ്ങളില്‍ കയര്‍ വലകള്‍ ഉപയോഗിച്ച് തൊണ്ടുമൂടി വെള്ളത്തിലിടുന്ന പതിവുമുണ്ട്. മറ്റു ചിലയിടങ്ങളില്‍ തൊണ്ടിനുമുകളില്‍ ഓലയും മണ്ണും കല്ലും മറ്റുംകയറ്റിവച്ച് തൊണ്ട് മുങ്ങിയിരിക്കത്തക്കവണ്ണം വെള്ളത്തില്‍ താഴ്ത്തിയിടുന്നു.

ചകിരിനാരുകള്‍ക്കിടയ്ക്കുള്ള ചകിരിച്ചോറുനീക്കി നാരുകള്‍ വേഗത്തില്‍ വേര്‍തിരിച്ചെടുക്കുന്നതിനാണ് തൊണ്ട് അഴുകിക്കുന്നത്. ബാക്റ്റീരിയകളാണ് തൊണ്ട് അഴുകാന്‍ സഹായകമാകുന്നത്. ഇത്തരം ബാക്റ്റീരയകള്‍ക്ക് ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും ഒരുപോലെ പ്രവൃത്തിക്കാനാവും. എന്നാല്‍ ഉപ്പുവെള്ളത്തില്‍ ഇതിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായിരിക്കും.

ഉപ്പുവെള്ളത്തില്‍ ചീയിച്ച് എടുക്കുമ്പോഴാണ് നിറമുള്ളതും ബലം കൂടുതലുള്ളതുമായ നാരു ലഭിക്കുക. ശുദ്ധജലത്തില്‍ അഴുകിച്ചെടുക്കുന്ന നാരുകളില്‍നിന്ന് ചകിരിച്ചോറ് മുഴുവന്‍ വേര്‍തിരിച്ചെടുക്കുക സാധ്യമല്ല. ചകിരി ശരിയായ രീതിയില്‍ ചീയാത്തതാണ് ഇതിനു കാരണം.

പച്ചത്തൊണ്ടാണ് അഴുക്കിയെടുക്കുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. ഉണങ്ങിയ തൊണ്ടില്‍ നിന്നുള്ള നാരില്‍നിന്ന് ചകിരിച്ചോറ് വേര്‍പെടുത്തിയെടുക്കുക ശ്രമകരമായ ജോലിയാണ്. ഇത്തരത്തില്‍ ലഭിക്കുന്ന നാരിന് ബലം കുറവായിരിക്കും.

തൊണ്ട് ചീഞ്ഞുതുടങ്ങുമ്പോള്‍ ഒരു പ്രത്യേക ഗന്ധം ഉണ്ടാകുന്നു. തൊണ്ട് അഴുക്കാന്‍ തുടങ്ങുമ്പോള്‍ ഉദ്ഭവിക്കുന്ന ഹൈഡ്രജന്‍ സള്‍ഫൈഡ് വാതകമാണ് ഇതിനു നിദാനം. തൊണ്ട് അഴുകിത്തുടങ്ങാന്‍ 30 ദിവസം വേണം. അഞ്ചുമാസം കൊണ്ട് ചീയല്‍ പ്രക്രിയ ത്വരിതഗതിയിലാവുകയും കൂടുതല്‍ വാതകം വമിക്കുകയും ചെയ്യുന്നു. ആറുമാസമാകുമ്പോഴേക്കും ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ അളവ് ഗണ്യമായി കുറയുകയും വെള്ളത്തിന്റെ കറുപ്പുനിറം ഇല്ലാതാവുകയും ചെയ്യും.

അഴുകിയ തൊണ്ട് വെള്ളത്തില്‍ കഴുകിയെടുത്തശേഷം ചകിരിയുടെ പുറത്തെത്തൊലി ഉരിഞ്ഞുമാറ്റി തല്ലി ചകിരിനാര് വേര്‍പെടുത്തിയെടുക്കുന്നു. മരംകൊണ്ടുള്ള കൊട്ടുവടികളും വടികളും ഉപയോഗിച്ച് ചകിരി തല്ലിയാണ് ചകിരിച്ചോര്‍ മുഴുവന്‍ വേര്‍പെടുത്തിയെടുക്കുന്നത്. മുന്‍ കാലങ്ങളിലെന്നപോലെ ഇപ്പോഴും ചകിരിതല്ലിയാണ് നാരുകള്‍ വേര്‍തിരിച്ചെടുക്കുന്നതെങ്കിലും യന്ത്രസഹായത്താല്‍ നാര് വേര്‍തിരിച്ചെടുക്കുന്ന രീതിയും നിലവിലുണ്ട്. രാസ പദാര്‍ഥങ്ങളും നീരാവിയുമുപയോഗിച്ചും നാരുകള്‍ വേര്‍പെടുത്തിയെടുക്കാറുണ്ട്. രാസപദാര്‍ഥങ്ങളുപയോഗിക്കുമ്പോള്‍ സമയം ലാഭിക്കാമെന്നതും കൂടുതല്‍ നാരുലഭിക്കുമെന്നതും ഒരു നേട്ടം തന്നെയാണ്. ഗുണനിലവാരമനുസരിച്ച് നാരുതരം തിരിച്ചശേഷമാണ് കയറ്റുപായയും ചകിരിമെത്തയും മറ്റു കയറുത്പന്നങ്ങളുമുണ്ടാക്കുന്നത്. കയറും കയറുത്പന്നങ്ങളുമുണ്ടാക്കാന്‍ ചകിരിനാരുകൊണ്ട് കയറുകള്‍ പിരിച്ചെടുക്കുന്നു. നോ: തെങ്ങ്, കയര്‍, കാട്ടുചണം, ഗോഗു, ചണം, പരുത്തി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍