This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരായവേര്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാരായവേര്

Tap root

ദ്വിപത്രക സസ്യങ്ങളില്‍ (Dicotylldous) മാത്രം കാണപ്പെടുന്ന പ്രധാനവേര്. മൂലവ്യൂഹത്തിലെ (Root system) ഏറ്റവും വലുതും പ്രധാനപ്പെട്ടതും കാണ്ഡത്തിന്റെ തുടര്‍ച്ചയായി മണ്ണില്‍താഴേക്കുവളരുന്നതുമായ വേരാണിത്.

Image:Carrot.png

ഒരു വിത്തു മുളയ്ക്കുമ്പോള്‍ ആദ്യം വളരുന്ന ഭാഗമാണ് റാഡിക്കിള്‍ (Radicle). ഇതുവളര്‍ന്നാണ് പ്രാഥമികവേര് (Primary Root) ഉണ്ടാകുന്നത്. ദ്വിപത്രക സസ്യങ്ങളിലാകട്ടെ പ്രാഥമിക വേരു വളര്‍ന്ന് നാരായവേരായി മാറുന്നു. ഇതിന്റെ അഗ്രഭാഗമായ മൂലാഗ്രം (Root Tip) തൊപ്പിപോലുള്ള കോശവ്യൂഹം കൊണ്ട് ആവൃതമായിരിക്കുന്നു. ഇതിനെ മൂലവൃതം (Root Cap) എന്നു പറയുന്നു. മണ്ണില്‍ തുളച്ചുകയറി വളരുന്ന മൃദുലമായ മൂലാഗ്രത്തെ സംരക്ഷിക്കുകയാണ് മൂലവൃതത്തിന്റെ ധര്‍മം. മൂലാഗ്രത്തിന്റെ മുകള്‍ഭാഗം ചെറിയ നാരുകള്‍പോലെയുള്ള വേരുകള്‍ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. ഇവ മൂലലോമങ്ങള്‍ (Root Hairs) എന്നറിയപ്പെടുന്നു. വേരിന്റെ പുറംനിരയിലെ കോശം വെളിയിലേക്ക് വികസിച്ചുണ്ടാകുന്ന ഏകകോശഭാഗമാണ് മൂലലോമം. ഇവയില്‍ക്കൂടിയാണ് സസ്യത്തിനാവശ്യമായ ജലവും മറ്റു ധാതുലവണങ്ങളും ആഗിരണം ചെയ്യപ്പെടുന്നത്. മൂലലോമങ്ങള്‍ ഏതാനും നാളുകള്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ. ഇവ നശിക്കുന്നതോടെ പുതിയവ രൂപംകൊണ്ടു വളരുന്നു.

നാരായവേരിന് ശാഖകളും (Lateral Roots) ഉപശാഖകളും (Tertiary Roots) കാണപ്പെടുന്നു. ശാഖാവേരുകള്‍ സ്ഥാനക്രമത്തിലാണ് (Aeropetal Succession) വളരുന്നത്. അതായത് ആദ്യമുണ്ടായ നീളംകൂടിയ മുറ്റിയ വേരുകള്‍ മൂലാഗ്രത്തില്‍ നിന്ന് ഏറ്റവും മുകളിലും ദൂരെയും നീളം കുറഞ്ഞ പുതിയവ മൂലാഗ്രത്തിനടുത്തും. നാരായവേരും മറ്റു വേരുകളും ചേര്‍ന്ന സമുച്ചയമാണ് മൂലവ്യൂഹം. സസ്യത്തെ മണ്ണില്‍ ഉറപ്പിച്ചുനിര്‍ത്തുകയും പോഷകങ്ങള്‍ വലിച്ചെടുക്കുകയുമാണ് ഇതിന്റെ മുഖ്യധര്‍മം.

മിക്ക സസ്യങ്ങളിലും ആവശ്യത്തിലധികം വരുന്ന ആഹാര പദാര്‍ഥത്തിന്റെ കുറച്ചുഭാഗം നാരായവേരില്‍ സംഭരിക്കുന്നു. എന്നാല്‍ ചില പ്രത്യേക ഇനങ്ങളില്‍ നാരായവേരിന്റെ മുഖ്യധര്‍മം തന്നെ ആഹാരസംഭരണമാണ്. അത് സസ്യത്തിന്റെ മുഖ്യഭാഗമായും മനുഷ്യനു പ്രയോജനപ്രദമായും തീരുന്നു. ബീറ്റ് റൂട്ട് (Beta vulgaris), കാരറ്റ് (Daucas carota), റാഡിഷ് (Raphanus sativaws) എന്നിവ ഇതിനുദാഹരണങ്ങളത്രെ.

(ഡോ. പി. ഗോപാലകൃഷ്ണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍