This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരായണ്‍, ആര്‍.കെ. (1906 - 2001)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാരായണ്‍, ആര്‍.കെ. (1906 - 2001)

ഇന്ത്യന്‍ ഇംഗ്ലീഷ് നോവലിസ്റ്റ്. രാശിപുരം കൃഷ്ണസ്വാമി നാരായണ്‍ എന്നാണ് യഥാര്‍ഥ നാമം. 1906-ല്‍ ചെന്നൈയില്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസം ചെന്നൈയിലും കോളജ് വിദ്യാഭ്യാസം കര്‍ണാടകയിലുമായിരുന്നു. മൈസൂര്‍ സര്‍വകലാശാലയില്‍ നിന്നു ബി.എ. ബിരുദം നേടി. 1956-ല്‍ റോക്ഫെല്ലര്‍ ഫൗണ്ടേഷന്റെ ക്ഷണപ്രകാരം അമേരിക്ക സന്ദര്‍ശിക്കുകയുണ്ടായി.

വിദ്യാഭ്യാസത്തിനുശേഷം കുറച്ചുകാലം നാരായണ്‍ മൈസൂറിലെ ജസ്റ്റിസ് എന്ന മാസികയുടെ ലേഖകനായി പ്രവര്‍ത്തിക്കുകയുണ്ടായി. ദ് ഹിന്ദു ദിനപത്രത്തില്‍ ചെറുകഥകള്‍ പ്രസിദ്ധീകരിച്ചാണ് നാരായണ്‍ സാഹിത്യരംഗത്തു പ്രവേശിച്ചത്. സാധാരണക്കാരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും ബലഹീനതകളെ നര്‍മരസത്തോടെ അവതരിപ്പിക്കുന്നതില്‍ നാരായണിനുള്ള വൈദഗ്ധ്യം അനന്യസാധാരണമാണ്. മല്‍ഗുഡി എന്ന സങ്കല്പ നഗരത്തിലെ (തൃശ്ശിനാപ്പിള്ളി ജില്ലയില്‍ കാവേരി നദീതീരത്തുള്ള ലാല്‍ഗുഡിയാവാം മാല്‍ഗുഡിയുടെ സൃഷ്ടിയുടെ പിന്നിലെന്നു വിചാരിക്കുന്നവരുണ്ട്) കഥാപാത്രങ്ങളെയാണ് ഇദ്ദേഹം തന്റെ രചനകളിലൂടെ അവതരിപ്പിക്കുന്നത്. മിക്ക രചനകളുടെയും പശ്ചാത്തലം മല്‍ഗുഡി തന്നെയാണ്. 1958-ല്‍ പ്രസിദ്ധീകരിച്ച ഗൈഡ് എന്ന കൃതി ഇതിനൊരപവാദമായി കാണാം. ഈ കഥയിലെ നായകനായ രാജു ജയില്‍വാസത്തിനുശേഷം മല്‍ഗുഡിയില്‍ നിന്നകന്ന് മംഗള എന്ന ഗ്രാമത്തിലാണ് വസിക്കുന്നത്. നാരായണിന്റെ മിക്ക നോവലുകളിലും പുരുഷകഥാപാത്രങ്ങള്‍ക്കാണ് പ്രാമുഖ്യം. ദ് ഡാര്‍ക് റൂം (1938) എന്ന നോവലിലെ സാവിത്രിയും ദ് ഗൈഡ് എന്ന നോവലിലെ റോസിയും ദ് പെയ്ന്റര്‍ ഒഫ് സൈന്‍സ് (1976) എന്ന നോവലിലെ ഡെയ്സിയുമാണ് ഇതിനപവാദങ്ങള്‍. നാരായണിന്റെ മറ്റു കഥാപാത്രങ്ങളില്‍ നിന്ന് വേറിട്ടു നില്ക്കുന്ന ഒരു സൃഷ്ടിയാണ് ഡെയ്സി. വീടുപേക്ഷിച്ചുപോകുന്ന ഡെയ്സി സ്വന്തം ജാതിയും നാമവുമെല്ലാം ഉപേക്ഷിക്കുന്നു. ഒറ്റയ്ക്കു താമസിച്ച് ഒരു കുടുംബാസൂത്രണ പ്രവര്‍ത്തകയായി സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. അവസാനം ജോലി സംബന്ധമായ കാരണങ്ങളാല്‍ മല്‍ഗുഡി ഉപേക്ഷിച്ചുപോകുന്ന ഡെയ്സി സ്വതന്ത്രരായ വനിതകളുടെ ഒരു പ്രതിനിധിയാണ്.

Image:narayan_R.png

സാമൂഹിക വ്യവസ്ഥിതിയെ ചോദ്യം ചെയ്യാതെ അംഗീകരിക്കുന്ന നാരായണ്‍, സാമൂഹികാനീതികളെ വിമര്‍ശിക്കുകയോ നിന്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുകയോ ചെയ്യുന്നില്ല. ഏറ്റവുമടുത്തറിയാവുന്ന മധ്യവര്‍ഗക്കാരെ മാത്രമാണ് ഇദ്ദേഹം കഥാപാത്രങ്ങളായി സ്വീകരിക്കുന്നത്. പ്രമേയങ്ങള്‍ക്കനുയോജ്യമായി ലളിതമായ ഭാഷയില്‍ നോവല്‍ രചന നടത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് വായനക്കാര്‍ക്കുവേണ്ടി ഇന്ത്യയെ പര്‍വതീകരിച്ചുകാണിക്കാനുള്ള ഉദ്യമങ്ങളൊന്നും ഇദ്ദേഹം നടത്തുന്നില്ല.

നോവലുകള്‍ക്കു പുറമേ മൈ ഡെയ്സ് (1974) എന്ന പേരില്‍ ഒരു മികച്ച ആത്മകഥയും നാരായണ്‍ രചിച്ചിട്ടുണ്ട്. അമേരിക്കയിലെ അനുഭവങ്ങളെ ആസ്പദമാക്കി രചിച്ച മൈ ഡേറ്റ്ലസ് ഡയറി 1960-ല്‍ പ്രസിദ്ധീകരിച്ചു. അമേരിക്കയില്‍ വച്ചാണ് ദ് ഗൈഡ് എന്ന നോവലിന്റെ രചന നിര്‍വഹിച്ചത്. മഹാഭാരതത്തിലെയും മറ്റു പുരാണങ്ങളിലെയും ഐതിഹ്യങ്ങള്‍ സമാഹരിച്ച് ഗോഡ്സ്, ഡീമണ്‍സ് ആന്‍ഡ് അദേഴ്സ് എന്ന പേരില്‍ ഒരു കൃതി 1964-ല്‍ പ്രസിദ്ധീകരിച്ചു. കമ്പരാമായണത്തെ ആസ്പദമാക്കി രാമായണത്തിന്റെ ഒരു ഇംഗ്ളീഷ് വ്യാഖ്യാനവും തയ്യാറാക്കിയിട്ടുണ്ട്. കര്‍ണാടക സംസ്ഥാനത്ത് നടത്തിയ പര്യടനങ്ങളെക്കുറിച്ച് ദി എമറാള്‍ഡ് കട്ട് എന്ന പേരില്‍ ഒരു സഞ്ചാരസാഹി ത്യകൃതി 1978-ല്‍ പ്രസിദ്ധീകരിച്ചു. പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റും നാരായണിന്റെ സഹോദരനുമായ ആര്‍.കെ. ലക്ഷ്മണിന്റെ രേഖാചിത്രങ്ങള്‍ ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

നാരായണിന്റെ പ്രസിദ്ധ നോവലായ ദ് ഗൈഡ് 1961-ലെ സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി. ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ഇംഗ്ളീഷ് കൃതിയാണിത്. ദ് മാന്‍ ഈറ്റര്‍ ഒഫ് മല്‍ഗുഡി (1961), ദ് വെന്‍ഡര്‍ ഒഫ് സ്വീറ്റ്സ് (1967), എ ഹോഴ്സ് ആന്‍ഡ് റ്റു ഗോട്ട്സ് (1970) എന്നിവയും പ്രധാന രചനകളില്‍പ്പെടുന്നു. 2001-ല്‍ നാരായണ്‍ അന്തരിച്ചു.

(കെ. പ്രകാശ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍