This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരായണപ്പണിക്കര്‍, ആര്‍. (1889 - 1959)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാരായണപ്പണിക്കര്‍, ആര്‍. (1889 - 1959)

Image:Narayana Paniker.png

മലയാള സാഹിത്യകാരന്‍. ഭാഷാചരിത്ര കര്‍ത്താവ്, വിവര്‍ത്തകന്‍, നോവലിസ്റ്റ്, ഉപന്യാസകാരന്‍ എന്നീ നിലകളില്‍ പ്രസിദ്ധന്‍. അമ്പലപ്പുഴക്ഷേത്രത്തിനു സമീപമുള്ള വാഴേലത്തു തറവാട്ടില്‍ കുഞ്ചിയമ്മയുടെയും അയ്യപ്പന്‍പിള്ളയുടെയും മകനായി 1889 ജ. 25-ന് (കൊ.വ. 1064 മകരം 14) ജനിച്ചു. മെട്രിക്കുലേഷന്‍ പാസ്സായതിനുശേഷം എറണാകുളത്തുപോയി എഫ്.എ.യ്ക്കു പഠിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മഹാരാജാസ് കോളജില്‍ ചേര്‍ന്ന് ബി.എ.ക്കു പഠിച്ചെങ്കിലും ഒരു വര്‍ഷം കഴിഞ്ഞ് പഠനം നിര്‍ത്തേണ്ടിവന്നു. പിന്നീട് പ്രൈവറ്റായി പഠിച്ച് ചരിത്രത്തിലും മലയാളത്തിലും ഇംഗ്ളീഷിലും ബി.എ. ബിരുദം നേടി. ഒപ്പം തത്ത്വദര്‍ശനം, തര്‍ക്കശാസ്ത്രം, അഷ്ടാംഗവൈദ്യം എന്നിവയിലും വ്യാകരണാലങ്കാര-ജ്യോതിഷ വിഷയങ്ങളിലും പരിജ്ഞാനം നേടി. സംസ്കൃതം, ഹിന്ദി, ഉര്‍ദു, ബംഗാളി, കന്നഡ, തമിഴ് തുടങ്ങിയ ഭാഷാസാഹിത്യങ്ങള്‍ പഠിക്കുകയും ചെയ്തു. വിവിധ ഹൈസ്കൂളുകളില്‍ അധ്യാപകനായും ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചു. സര്‍വീസില്‍ നിന്ന് വിരമിച്ചതിനുശേഷം തിരുവനന്തപുരത്തു സ്ഥിരതാമസമാക്കി. ദക്ഷിണ ദീപം എന്ന മാസികയ്ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു. നല്ലൊരു പ്രഭാഷകനും മാതൃകാധ്യാപകനുമായിരുന്നു പണിക്കര്‍. മൂന്നു വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ട്. കെ.സി. കേശവപിള്ളയുടെ മകള്‍ തങ്കമ്മയാണ് മൂന്നാമത്തെ ഭാര്യ.

ചരിത്രം, ജീവചരിത്രം, നോവല്‍, നിഘണ്ടു, വിവര്‍ത്തനം, വ്യാഖ്യാനം, പരീക്ഷാസഹായികള്‍ എന്നിങ്ങനെ വിവിധ മേഖലകളിലായി എണ്‍പതു കൃതികള്‍ രചിച്ചു. ഇവയില്‍ കേരള ഭാഷാസാഹിത്യ ചരിത്രം (7 ഭാഗങ്ങള്‍); അമൃതവല്ലി, ചന്ദ്രനാഥന്‍, അന്നപൂര്‍ണാലയം (നോവല്‍); പ്രേമോത്കര്‍ഷം, സീത, ഭീഷ്മര്‍, (നാടകം); നവയുഗഭാഷാ നിഘണ്ടു, ആംഗലഭാഷാ, ബൃഹല്‍കോശം, സാങ്കേതിക ശബ്ദനിഘണ്ടു, ആയുര്‍വേദചരിത്രം, തിരുവിതാംകൂര്‍ ചരിത്രം, ഹൈന്ദവ നാട്യശാസ്ത്രം എന്നിവ ശ്രദ്ധേയങ്ങളാണ്. മൗലികമായ നോവല്‍ സൃഷ്ടികള്‍ക്കു പുറമേ ബംഗാളി, മറാഠി, ഹിന്ദി എന്നീ ഭാഷകളില്‍നിന്ന് ഇരുപതോളം കൃതികള്‍ പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. ചിലപ്പതികാരം, തുളസീദാസരാമായണം എന്നിവയും ഇദ്ദേഹത്തിന്റെ വിവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. ആട്ടക്കഥകള്‍ക്കും കിളിപ്പാട്ടുകള്‍ക്കും തുള്ളലുകള്‍ക്കും വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുള്ളതിനു പുറമേ അനംഗരംഗം എന്ന കാമശാസ്ത്രഗ്രന്ഥത്തിനും വ്യാഖ്യാനം നല്കിയിട്ടുണ്ട്.

സാഹിത്യചരിത്രരചനയാണ് പണിക്കരെ പ്രസിദ്ധനാക്കിയത്. അധ്യാപകനായിരുന്നപ്പോള്‍ മലയാളം സ്കൂളിലെ അധ്യാപകര്‍ക്കുവേണ്ടി തയ്യാറാക്കിയ നോട്ടുകളാണ് പില്ക്കാലത്ത് കേരള ഭാഷാസാഹിത്യ ചരിത്രമായി പരിണമിച്ചത്. ഒരു ചരിത്രകാരനാവശ്യമായ നിഷ്പക്ഷതയും സത്യസന്ധതയും പലപ്പോഴും ഇദ്ദേഹം പുലര്‍ത്തിയിട്ടില്ലെന്ന് നിരൂപകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 1958-ല്‍ കേരള ഭാഷാ സാഹിത്യചരിത്രത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ചു. 1959 ഒ. 29-ന് തിരുവനന്തപുരത്ത് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍